പുതിയ നിയമംMOV

യോഹന്നാന്‍ 5

1അതിന്‍റെശേഷം യെഹൂദന്മാരുടെ ഒരു ഉത്സവം ഉണ്ടായിട്ട് യേശു യെരൂശലേമിലേക്കു പോയി.

2യെരൂശലേമില്‍ ആട്ടുവാതില്‍ക്കല്‍ ബേഥെസ്ദാ എന്ന് എബ്രായപേരുള്ള ഒരു കുളം ഉണ്ട്; അതിന് അഞ്ചു മണ്ഡപം ഉണ്ട്.

3അവയില്‍ വ്യാധിക്കാര്‍, കുരുടര്‍, മുടന്തര്‍, ക്ഷയരോഗികള്‍ ഇങ്ങനെ വലിയൊരു കൂട്ടം [വെള്ളത്തിന്‍റെ ഇളക്കം കാത്തുകൊണ്ടു] കിടന്നിരുന്നു.

4[അതതു സമയത്ത് ഒരു ദൂതന്‍ കുളത്തില്‍ ഇറങ്ങി വെള്ളം കലക്കും; വെള്ളം കലങ്ങിയ ശേഷം ആദ്യം ഇറങ്ങുന്നവന്‍ ഏതു വ്യാധിപിടിച്ചവനായിരുന്നാലും അവനു സൗഖ്യം വരും.]

5എന്നാല്‍ മുപ്പത്തെട്ട് ആണ്ട് രോഗം പിടിച്ചു കിടന്നൊരു മനുഷ്യന്‍ അവിടെ ഉണ്ടായിരുന്നു.

6അവന്‍ കിടക്കുന്നതു യേശു കണ്ടു, ഇങ്ങനെ ഏറിയ കാലമായിരിക്കുന്നു എന്നറിഞ്ഞു: നിനക്കു സൗഖ്യമാകുവാന്‍ മനസ്സുണ്ടോ എന്ന് അവനോടു ചോദിച്ചു.

7രോഗി അവനോട്: യജമാനനേ, വെള്ളം കലങ്ങുമ്പോള്‍ എന്നെ കുളത്തില്‍ ആക്കുവാന്‍ എനിക്ക് ആരും ഇല്ല; ഞാന്‍ തന്നെ ചെല്ലുമ്പോള്‍ മറ്റൊരുത്തന്‍ എനിക്കു മുമ്പായി ഇറങ്ങുന്നു എന്ന് ഉത്തരം പറഞ്ഞു.

8യേശു അവനോട്: എഴുന്നേറ്റു നിന്‍റെ കിടക്ക എടുത്തു നടക്ക എന്നു പറഞ്ഞു.

9ഉടനെ ആ മനുഷ്യന്‍ സൗഖ്യമായി കിടക്ക എടുത്തു നടന്നു.

10എന്നാല്‍ അന്ന് ശബ്ബത്ത് ആയിരുന്നു. ആകയാല്‍ യെഹൂദന്മാര്‍ സൗഖ്യം പ്രാപിച്ചവനോട്: ഇന്നു ശബ്ബത്ത് ആകുന്നു; കിടക്ക എടുക്കുന്നതു വിഹിതമല്ല എന്നു പറഞ്ഞു.

11അവന്‍ അവരോട്: എന്നെ സൗഖ്യമാക്കിയവന്‍: കിടക്ക എടുത്തു നടക്ക എന്ന് എന്നോടു പറഞ്ഞു എന്ന് ഉത്തരം പറഞ്ഞു.

12അവര്‍ അവനോട്: കിടക്ക എടുത്തു നടക്ക എന്നു നിന്നോടു പറഞ്ഞ മനുഷ്യന്‍ ആര്‍ എന്നു ചോദിച്ചു.

13എന്നാല്‍ അവിടെ പുരുഷാരം ഉണ്ടായിരിക്കയാല്‍ യേശു മാറിക്കളഞ്ഞതുകൊണ്ട് അവന്‍ ആരെന്നു സൗഖ്യം പ്രാപിച്ചവന്‍ അറിഞ്ഞില്ല.

14അനന്തരം യേശു അവനെ ദൈവാലയത്തില്‍വച്ചു കണ്ട് അവനോട്: നോക്കൂ, നിനക്കു സൗഖ്യമായല്ലോ; അധികം തിന്മയായതു ഭവിക്കാതിരിപ്പാന്‍ ഇനി പാപം ചെയ്യരുത് എന്നു പറഞ്ഞു.

15ആ മനുഷ്യന്‍ പോയി തന്നെ സൗഖ്യമാക്കിയത് യേശു എന്നു യെഹൂദന്മാരോട് അറിയിച്ചു.

16യേശു ശബ്ബത്തില്‍ അതു ചെയ്കകൊണ്ടു യെഹൂദന്മാര്‍ അവനെ ഉപദ്രവിച്ചു.

17യേശു അവരോട്: എന്‍റെ പിതാവ് ഇന്നുവരെയും പ്രവര്‍ത്തിക്കുന്നു; ഞാനും പ്രവര്‍ത്തിക്കുന്നു എന്ന് ഉത്തരം പറഞ്ഞു.

18അങ്ങനെ അവന്‍ ശബ്ബത്തിനെ ലംഘിച്ചതുകൊണ്ടു മാത്രമല്ല, ദൈവം സ്വന്തപിതാവ് എന്നു പറഞ്ഞു തന്നെത്താന്‍ ദൈവത്തോടു സമമാക്കിയതുകൊണ്ടും യെഹൂദന്മാര്‍ അവനെ കൊല്ലുവാന്‍ അധികമായി ശ്രമിച്ചുപോന്നു.

19ആകയാല്‍ യേശു അവരോട് ഉത്തരം പറഞ്ഞത്: ആമേന്‍, ആമേന്‍, ഞാന്‍ നിങ്ങളോടു പറയുന്നു: പിതാവു ചെയ്തു കാണുന്നത് അല്ലാതെ പുത്രനു സ്വതേ ഒന്നും ചെയ്‍വാന്‍ കഴികയില്ല; അവന്‍ ചെയ്യുന്നത് എല്ലാം പുത്രനും അവ്വണ്ണംതന്നെ ചെയ്യുന്നു.

20പിതാവ് പുത്രനെ സ്നേഹിക്കയും താന്‍ ചെയ്യുന്നതൊക്കെയും അവനു കാണിച്ചുകൊടുക്കയും ചെയ്യുന്നു; നിങ്ങള്‍ ആശ്ചര്യപ്പെടുമാറ് ഇവയില്‍ വലിയ പ്രവൃത്തികളും അവനു കാണിച്ചുകൊടുക്കും.

21പിതാവു മരിച്ചവരെ ഉണര്‍ത്തി ജീവിപ്പിക്കുന്നതുപോലെ പുത്രനുംതാന്‍ ഇച്ഛിക്കുന്നവരെ ജീവിപ്പിക്കുന്നു.

22എല്ലാവരും പിതാവിനെ ബഹുമാനിക്കുന്നതുപോലെ പുത്രനെയും ബഹുമാനിക്കേണ്ടതിനു പിതാവ് ആരെയും ന്യായം വിധിക്കാതെ ന്യായവിധി എല്ലാം പുത്രനു കൊടുത്തിരിക്കുന്നു.

23പുത്രനെ ബഹുമാനിക്കാത്തവന്‍ അവനെ അയച്ച പിതാവിനെയും ബഹുമാനിക്കുന്നില്ല.

24ആമേന്‍, ആമേന്‍, ഞാന്‍ നിങ്ങളോടു പറയുന്നു: എന്‍റെ വചനം കേട്ട് എന്നെ അയച്ചവനെ വിശ്വസിക്കുന്നവനു നിത്യജീവന്‍ ഉണ്ട്; അവന്‍ ന്യായവിധിയില്‍ ആകാതെ മരണത്തില്‍നിന്നു ജീവങ്കലേക്കു കടന്നിരിക്കുന്നു.

25ആമേന്‍, ആമേന്‍, ഞാന്‍ നിങ്ങളോടു പറയുന്നു: മരിച്ചവര്‍ ദൈവപുത്രന്‍റെ ശബ്ദം കേള്‍ക്കയും കേള്‍ക്കുന്നവര്‍ ജീവിക്കയും ചെയ്യുന്ന നാഴിക വരുന്നു; ഇപ്പോള്‍ വന്നുമിരിക്കുന്നു.

26പിതാവിനു തന്നില്‍തന്നെ ജീവനുള്ളതുപോലെ അവന്‍ പുത്രനും തന്നില്‍തന്നെ ജീവനുള്ളവന്‍ ആകുമാറ് വരം നല്കിയിരിക്കുന്നു.

27അവന്‍ മനുഷ്യപുത്രന്‍ ആകയാല്‍ ന്യായവിധി നടത്തുവാന്‍ അവന് അധികാരവും നല്കിയിരിക്കുന്നു.

28ഇതിങ്കല്‍ ആശ്ചര്യപ്പെടരുത്; കല്ലറകളില്‍ ഉള്ളവര്‍ എല്ലാവരും അവന്‍റെ ശബ്ദം കേട്ടു,

29നന്മ ചെയ്തവര്‍ ജീവനായും തിന്മ ചെയ്തവര്‍ ന്യായവിധിക്കായും, പുനരുത്ഥാനം ചെയ്‍വാനുള്ള നാഴിക വരുന്നു.

30എനിക്കു സ്വതേ ഒന്നും ചെയ്‍വാന്‍ കഴിയുന്നതല്ല; ഞാന്‍ കേള്‍ക്കുന്നതുപോലെ ന്യായം വിധിക്കുന്നു; ഞാന്‍ എന്‍റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്‍റെ ഇഷ്ടമത്രേ ചെയ്‍വാന്‍ ഇച്ഛിക്കുന്നതുകൊണ്ട് എന്‍റെ വിധി നീതിയുള്ളത് ആകുന്നു.

31ഞാന്‍ എന്നെക്കുറിച്ചുതന്നെ സാക്ഷ്യം പറഞ്ഞാല്‍ എന്‍റെ സാക്ഷ്യം സത്യമല്ല.

32എന്നെക്കുറിച്ചു സാക്ഷ്യം പറയുന്നതു മറ്റൊരുത്തന്‍ ആകുന്നു; അവന്‍ എന്നെക്കുറിച്ചു പറയുന്ന സാക്ഷ്യം സത്യം എന്നു ഞാന്‍ അറിയുന്നു.

33നിങ്ങള്‍ യോഹന്നാന്‍റെ അടുക്കല്‍ ആളയച്ചു; അവന്‍ സത്യത്തിനു സാക്ഷ്യം പറഞ്ഞിരിക്കുന്നു.

34എനിക്കോ മനുഷ്യന്‍റെ സാക്ഷ്യംകൊണ്ട് ആവശ്യമില്ല; നിങ്ങള്‍ രക്ഷിക്കപ്പെടുവാനത്രേ ഇതു പറയുന്നത്.

35അവന്‍ ജ്വലിച്ചു പ്രകാശിക്കുന്ന വിളക്ക് ആയിരുന്നു; നിങ്ങള്‍ അല്പസമയത്തേക്ക് അവന്‍റെ വെളിച്ചത്തില്‍ ഉല്ലസിപ്പാന്‍ ഇച്ഛിച്ചു.

36എനിക്കോ യോഹന്നാന്‍റെ സാക്ഷ്യത്തിലും വലിയ സാക്ഷ്യം ഉണ്ട്; പിതാവ് എനിക്ക് അനുഷ്ഠിപ്പാന്‍ തന്നിരിക്കുന്ന പ്രവൃത്തികള്‍, ഞാന്‍ ചെയ്യുന്ന പ്രവൃത്തികള്‍ തന്നെ, പിതാവ് എന്നെ അയച്ചു എന്ന് എന്നെക്കുറിച്ചു സാക്ഷീകരിക്കുന്നു.

37എന്നെ അയച്ച പിതാവുതാനും എന്നെക്കുറിച്ചു സാക്ഷ്യം പറഞ്ഞിരിക്കുന്നു; നിങ്ങള്‍ അവന്‍റെ ശബ്ദം ഒരുനാളും കേട്ടിട്ടില്ല, അവന്‍റെ രൂപം കണ്ടിട്ടില്ല;

38അവന്‍റെ വചനം നിങ്ങളുടെ ഉള്ളില്‍ വസിക്കുന്നതുമില്ല; അവന്‍ അയച്ചവനെ നിങ്ങള്‍ വിശ്വസിക്കുന്നില്ലല്ലോ.

39നിങ്ങള്‍ തിരുവെഴുത്തുകളെ ശോധന ചെയ്യുന്നു; അവയില്‍ നിങ്ങള്‍ക്കു നിത്യജീവന്‍ ഉണ്ട് എന്നു നിങ്ങള്‍ നിരൂപിക്കുന്നുവല്ലോ; അവ എനിക്കു സാക്ഷ്യം പറയുന്നു.

40എങ്കിലും ജീവന്‍ പ്രാപിക്കേണ്ടതിന് എന്‍റെ അടുക്കല്‍ വരുവാന്‍ നിങ്ങള്‍ക്കു മനസ്സില്ല.

41ഞാന്‍ മനുഷ്യരോടു ബഹുമാനം വാങ്ങുന്നില്ല.

42എന്നാല്‍ നിങ്ങള്‍ക്ക് ഉള്ളില്‍ ദൈവസ്നേഹം ഇല്ല എന്നു ഞാന്‍ അറിഞ്ഞിരിക്കുന്നു.

43ഞാന്‍ എന്‍റെ പിതാവിന്‍റെ നാമത്തില്‍ വന്നിരിക്കുന്നു; എന്നെ നിങ്ങള്‍ കൈക്കൊള്ളുന്നില്ല; മറ്റൊരുത്തന്‍ സ്വന്തനാമത്തില്‍ വന്നാല്‍ അവനെ നിങ്ങള്‍ കൈക്കൊള്ളും.

44തമ്മില്‍ തമ്മില്‍ ബഹുമാനം വാങ്ങിക്കൊണ്ട് ഏകദൈവത്തിന്‍റെ പക്കല്‍നിന്നുള്ള ബഹുമാനം അന്വേഷിക്കാത്ത നിങ്ങള്‍ക്ക്, എങ്ങനെ വിശ്വസിപ്പാന്‍ കഴിയും?

45ഞാന്‍ പിതാവിന്‍റെ മുമ്പില്‍ നിങ്ങളെ കുറ്റം ചുമത്തും എന്നു നിങ്ങള്‍ക്കു തോന്നരുത്. നിങ്ങളെ കുറ്റം ചുമത്തുന്നവന്‍ ഉണ്ട്; നിങ്ങള്‍ പ്രത്യാശവച്ചിരിക്കുന്ന മോശെ തന്നെ.

46നിങ്ങള്‍ മോശെയെ വിശ്വസിച്ചു എങ്കില്‍ എന്നെയും വിശ്വസിക്കുമായിരുന്നു; അവന്‍ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നു.

47എന്നാല്‍ അവന്‍റെ എഴുത്ത് നിങ്ങള്‍ വിശ്വസിക്കുന്നില്ല എങ്കില്‍ എന്‍റെ വാക്ക് എങ്ങനെ വിശ്വസിക്കും?