പുതിയ നിയമംMOV
1ആഴ്ചവട്ടത്തില്‍ ഒന്നാം നാള് മഗ്ദലക്കാരത്തി മറിയ രാവിലെ ഇരുട്ടുള്ളപ്പോള്‍തന്നെ കല്ലറയ്ക്കല്‍ ചെന്നു കല്ലറവായ്ക്കല്‍നിന്നു കല്ലു നീങ്ങിയിരിക്കുന്നത് കണ്ടു.
2അവള് ഓടി ശിമോന് പത്രൊസിന്റെയും യേശുവിനു പ്രിയനായ മറ്റേ ശിഷ്യന്റെയും അടുക്കല്‍ ചെന്നു: കര്‍ത്താവിനെ കല്ലറയില്‍നിന്ന് എടുത്തു കൊണ്ടുപോയി; അവനെ എവിടെ വച്ചു എന്ന് ഞങ്ങള്‍ അറിയുന്നില്ല എന്ന് അവരോട് പറഞ്ഞു.
3അതുകൊണ്ട് പത്രൊസും മറ്റേ ശിഷ്യനും പുറപ്പെട്ടു കല്ലറയ്ക്കല്‍ ചെന്നു.
4ഇരുവരും ഒന്നിച്ച് ഓടി; മറ്റേ ശിഷ്യന് പത്രൊസിനെക്കാള്‍ വേഗത്തില്‍ ഓടി ആദ്യം കല്ലറയ്ക്കല്‍ എത്തി;
5കുനിഞ്ഞു നോക്കി ശീലകള്‍ കിടക്കുന്നത് കണ്ടു; അകത്തു കടന്നില്ലതാനും.
6അവന്റെ പിന്നാലെ ശിമോന് പത്രൊസും വന്നു കല്ലറയില്‍ കടന്നു.
7ശീലകള്‍ കിടക്കുന്നതും അവന്റെ തലയില്‍ ചുറ്റിയിരുന്ന റൂമാല്‍ ശീലകളോടുകൂടെ കിടക്കാതെ വേറിട്ട് ഒരിടത്തു ചുരുട്ടിവച്ചിരിക്കുന്നതുംകണ്ടു.
8ആദ്യം കല്ലറയ്ക്കല്‍ എത്തിയ മറ്റേ ശിഷ്യനും അപ്പോള്‍ അകത്തു ചെന്നു കണ്ടു വിശ്വസിച്ചു.
9അവന് മരിച്ചവരില്‍നിന്ന് ഉയിര്ത്തെഴുന്നേല്ക്കേണ്ടതാകുന്നു എന്നുള്ള തിരുവെഴുത്ത് അവര്‍ അതുവരെ അറിഞ്ഞില്ല.
10അങ്ങനെ ശിഷ്യന്മാര് വീട്ടിലേക്കു മടങ്ങിപ്പോയി.
11എന്നാല്‍ മറിയ കല്ലറയ്ക്കല്‍ പുറത്തു കരഞ്ഞുകൊണ്ടു നിന്നു. കരയുന്നതിനിടയില്‍ അവള് കല്ലറയില്‍ കുനിഞ്ഞുനോക്കി.
12യേശുവിന്റെ ശരീരം കിടന്നിരുന്ന ഇടത്ത് വെള്ളവസ്ത്രം ധരിച്ച രണ്ടു ദൂതന്മാര് ഒരുത്തന് തലയ്ക്കലും ഒരുത്തന് കാല്ക്കലും ഇരിക്കുന്നത് കണ്ടു.
13അവര്‍ അവളോട്: സ്ത്രീയേ, നീ കരയുന്നത് എന്ത് എന്നു ചോദിച്ചു. എന്റെ കര്‍ത്താവിനെ എടുത്തു കൊണ്ടുപോയി; അവനെ എവിടെവച്ചു എന്ന് ഞാന്‍ അറിയുന്നില്ല എന്ന് അവള് അവരോട് പറഞ്ഞു.
14ഇതു പറഞ്ഞിട്ട് അവള് പിന്നോക്കം തിരിഞ്ഞ്, യേശു നില്‍ക്കുന്നത് കണ്ടു; യേശു എന്ന് അറിഞ്ഞില്ലതാനും.
15യേശു അവളോട്: സ്ത്രീയേ, നീ കരയുന്നത് എന്ത്? ആരെ തിരയുന്നു എന്നു ചോദിച്ചു. അവന് തോട്ടക്കാരന് എന്ന് നിരൂപിച്ചിട്ട് അവള്: യജമാനനേ, നീ അവനെ എടുത്തു കൊണ്ടുപോയി എങ്കില്‍ അവനെ എവിടെ വച്ചു എന്ന് പറഞ്ഞുതരിക; ഞാന്‍ അവനെ എടുത്തുകൊണ്ടു പൊയ്ക്കൊള്ളാം എന്ന് അവനോടു പറഞ്ഞു.
16യേശു അവളോട്: മറിയയേ, എന്നു പറഞ്ഞു. അവള് തിരിഞ്ഞ് എബ്രായഭാഷയില്‍: റബ്ബൂനി എന്നു പറഞ്ഞു; അതിനു ഗുരു എന്നര്‍ഥം.
17യേശു അവളോട്: എന്നെ തൊടരുത്; ഞാന്‍ ഇതുവരെ പിതാവിന്റെ അടുക്കല്‍ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കല്‍ ചെന്ന്: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കല്‍ ഞാന്‍ കയറിപ്പോകുന്നു എന്ന് അവരോട് പറക എന്നു പറഞ്ഞു.
18മഗ്ദലക്കാരത്തി മറിയ വന്നു താന്‍ കര്‍ത്താവിനെ കണ്ടു എന്നും അവന് ഇങ്ങനെ തന്നോടു പറഞ്ഞു എന്നും ശിഷ്യന്മാരോട് അറിയിച്ചു.
19ആഴ്ചവട്ടത്തിന്റെ ഒന്നാം നാള് ആയ ആ ദിവസം, നേരം വൈകിയപ്പോള്‍ ശിഷ്യന്മാര് ഇരുന്ന സ്ഥലത്തു യെഹൂദന്മാരെ പേടിച്ചു വാതില്‍ അടച്ചിരിക്കെ യേശു വന്നു നടുവില്‍ നിന്നുകൊണ്ട്: നിങ്ങള്‍ക്കു സമാധാനം എന്ന് അവരോട് പറഞ്ഞു.
20ഇതു പറഞ്ഞിട്ട് അവന് കൈയും വിലാപ്പുറവും അവരെ കാണിച്ചു; കര്‍ത്താവിനെ കണ്ടിട്ടു ശിഷ്യന്മാര് സന്തോഷിച്ചു.
21യേശു പിന്നെയും അവരോട്: നിങ്ങള്‍ക്കു സമാധാനം; പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്ക്കുന്നു എന്നു പറഞ്ഞു.
22ഇങ്ങനെ പറഞ്ഞശേഷം അവന് അവരുടെമേല്‍ ഊതി അവരോട്: പരിശുദ്ധാത്മാവിനെ കൈക്കൊള്ളുവിന്‍.
23ആരുടെ പാപങ്ങള്‍ നിങ്ങള്‍ മോചിക്കുന്നുവോ അവര്‍ക്കു മോചിക്കപ്പെട്ടിരിക്കുന്നു; ആരുടെ പാപങ്ങള്‍ നിര്‍ത്തുന്നുവോ അവര്‍ക്കു നിര്‍ത്തിയിരിക്കുന്നു എന്നു പറഞ്ഞു.
24എന്നാല്‍ യേശു വന്നപ്പോള്‍ പന്തിരുവരില്‍ ഒരുവനായ ദിദിമൊസ് എന്ന തോമാസ് അവരോടുകൂടെ ഉണ്ടായിരുന്നില്ല.
25മറ്റേ ശിഷ്യന്മാര് അവനോട്: ഞങ്ങള്‍ കര്‍ത്താവിനെ കണ്ടു എന്ന് പറഞ്ഞാറെ: ഞാന്‍ അവന്റെ കൈകളില്‍ ആണിപ്പഴുതു കാണുകയും ആണിപ്പഴുതില്‍ വിരല്‍ ഇടുകയും അവന്റെ വിലാപ്പുറത്തു കൈ ഇടുകയും ചെയ്തിട്ടല്ലാതെ വിശ്വസിക്കയില്ല എന്ന് അവന് അവരോട് പറഞ്ഞു.
26എട്ടു ദിവസം കഴിഞ്ഞിട്ടു ശിഷ്യന്മാര് പിന്നെയും അകത്തു കൂടിയിരിക്കുമ്പോള്‍ തോമാസും ഉണ്ടായിരുന്നു. വാതില്‍ അടച്ചിരിക്കെ യേശു വന്നു നടുവില്‍ നിന്നുകൊണ്ട്: നിങ്ങള്‍ക്കു സമാധാനം എന്നു പറഞ്ഞു.
27പിന്നെ തോമാസിനോട്: നിന്റെ വിരല്‍ ഇങ്ങോട്ടു നീട്ടി എന്റെ കൈകളെ കാണ്ക; നിന്റെ കൈ നീട്ടി എന്റെ വിലാപ്പുറത്ത് ഇടുക; അവിശ്വാസി ആകാതെ വിശ്വാസിയായിരിക്ക എന്നു പറഞ്ഞു.
28തോമാസ് അവനോട്: എന്റെ കര്‍ത്താവും എന്റെ ദൈവവും ആയുള്ളോവേ എന്ന് ഉത്തരം പറഞ്ഞു.
29യേശു അവനോട്: നീ എന്നെ കണ്ടതുകൊണ്ടു വിശ്വസിച്ചു; കാണാതെ വിശ്വസിച്ചവര്‍ ഭാഗ്യവാന്മാര് എന്നു പറഞ്ഞു.
30ഈ പുസ്തകത്തില്‍ എഴുതിയിരിക്കുന്നതല്ലാതെ മറ്റ് അനേകം അടയാളങ്ങളും യേശു തന്റെ ശിഷ്യന്മാര് കാണ്‍കെ ചെയ്തു.
31എന്നാല്‍ യേശു ദൈവപുത്രനായ ക്രിസ്തു എന്നു നിങ്ങള്‍ വിശ്വസിക്കേണ്ടതിനും വിശ്വസിച്ചിട്ട് അവന്റെ നാമത്തില്‍ നിങ്ങള്‍ക്കു ജീവന് ഉണ്ടാകേണ്ടതിനും ഇത് എഴുതിയിരിക്കുന്നു.