പുതിയ നിയമംMOV

യോഹന്നാന്‍ 16

1നിങ്ങള്‍ ഇടറിപ്പോകാതിരിപ്പാന്‍ ഞാന്‍ ഇത് നിങ്ങളോടു സംസാരിച്ചിരിക്കുന്നു.

2അവര്‍ നിങ്ങളെ പള്ളിഭ്രഷ്ടര്‍ ആക്കും; അത്രയുമല്ല നിങ്ങളെ കൊല്ലുന്നവന്‍ എല്ലാം ദൈവത്തിന് വഴിപാടു കഴിക്കുന്നു എന്ന് വിചാരിക്കുന്ന നാഴിക വരുന്നു.

3അവര്‍ പിതാവിനെയും എന്നെയും അറിയായ്കകൊണ്ട് ഇങ്ങനെ ചെയ്യും.

4അതിന്‍റെ നാഴിക വരുമ്പോള്‍ ഞാന്‍ അത് നിങ്ങളോടു പറഞ്ഞിട്ടുണ്ടെന്നു നിങ്ങള്‍ ഓര്‍ക്കേണ്ടതിന് ഇത് നിങ്ങളോടു സംസാരിച്ചിരിക്കുന്നു; ആദിയില്‍ ഇതു നിങ്ങളോടു പറയാഞ്ഞതു ഞാന്‍ നിങ്ങളോടുകൂടെ ഇരിക്കകൊണ്ടത്രേ.

5ഇപ്പോഴോ ഞാന്‍ എന്നെ അയച്ചവന്‍റെ അടുക്കല്‍ പോകുന്നു: നീ എവിടെ പോകുന്നു എന്ന് നിങ്ങള്‍ ആരും എന്നോടു ചോദിക്കുന്നില്ല.

6എങ്കിലും ഇത് നിങ്ങളോടു സംസാരിക്കകൊണ്ട് നിങ്ങളുടെ ഹൃദയത്തില്‍ ദുഃഖം നിറഞ്ഞിരിക്കുന്നു.

7എന്നാല്‍ ഞാന്‍ നിങ്ങളോടു സത്യം പറയുന്നു; ഞാന്‍ പോകുന്നത് നിങ്ങള്‍ക്കു പ്രയോജനം; ഞാന്‍ പോകാഞ്ഞാല്‍ കാര്യസ്ഥന്‍ നിങ്ങളുടെ അടുക്കല്‍ വരികയില്ല; ഞാന്‍ പോയാല്‍ അവനെ നിങ്ങളുടെ അടുക്കല്‍ അയയ്ക്കും.

8അവന്‍ വന്നു പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തിനു ബോധം വരുത്തും.

9അവര്‍ എന്നില്‍ വിശ്വസിക്കായ്കകൊണ്ട് പാപത്തെക്കുറിച്ചും

10ഞാന്‍ പിതാവിന്‍റെ അടുക്കല്‍ പോകയും നിങ്ങള്‍ ഇനി എന്നെ കാണാതിരിക്കയും ചെയ്യുന്നതുകൊണ്ട് നീതിയെക്കുറിച്ചും

11ഈ ലോകത്തിന്‍റെ പ്രഭു വിധിക്കപ്പെട്ടിരിക്കകൊണ്ടു ന്യായവിധിയെക്കുറിച്ചുംതന്നെ.

12ഇനിയും വളരെ നിങ്ങളോടു പറവാന്‍ ഉണ്ട്; എന്നാല്‍ നിങ്ങള്‍ക്ക് ഇപ്പോള്‍ വഹിപ്പാന്‍ കഴിവില്ല.

13സത്യത്തിന്‍റെ ആത്മാവ് വരുമ്പോഴോ അവന്‍ നിങ്ങളെ സകല സത്യത്തിലും വഴിനടത്തും; അവന്‍ സ്വയമായി സംസാരിക്കാതെ താന്‍ കേള്‍ക്കുന്നത് സംസാരിക്കയും വരുവാനുള്ളത് നിങ്ങള്‍ക്ക് അറിയിച്ചുതരികയും ചെയ്യും.

14അവന്‍ എനിക്കുള്ളതില്‍നിന്ന് എടുത്ത് നിങ്ങള്‍ക്ക് അറിയിച്ചു തരുന്നതുകൊണ്ട് എന്നെ മഹത്ത്വപ്പെടുത്തും.

15പിതാവിനുള്ളതൊക്കെയും എനിക്കുള്ളത്; അതുകൊണ്ടത്രേ അവന്‍ എനിക്കുള്ളതില്‍നിന്ന് എടുത്തു നിങ്ങള്‍ക്ക് അറിയിച്ചുതരും എന്ന് ഞാന്‍ പറഞ്ഞത്.

16കുറഞ്ഞോന്നു കഴിഞ്ഞിട്ടു നിങ്ങള്‍ എന്നെ കാണുകയില്ല; പിന്നെയും കുറഞ്ഞോന്നു കഴിഞ്ഞിട്ടു നിങ്ങള്‍ എന്നെ കാണും.

17അവന്‍റെ ശിഷ്യന്മാരില്‍ ചിലര്‍ കുറഞ്ഞോന്നു കഴിഞ്ഞിട്ടു നിങ്ങള്‍ എന്നെ കാണുകയില്ല; പിന്നെയും കുറഞ്ഞോന്നു കഴിഞ്ഞിട്ടു നിങ്ങള്‍ എന്നെ കാണും എന്നും പിതാവിന്‍റെ അടുക്കല്‍പോകുന്നു എന്നും അവന്‍ നമ്മോട് ഈ പറയുന്നത് എന്ത് എന്നു തമ്മില്‍ ചോദിച്ചു.

18കുറഞ്ഞോന്ന് എന്ന് ഈ പറയുന്നത് എന്താകുന്നു? അവന്‍ എന്തു സംസാരിക്കുന്നു എന്ന് നാം അറിയുന്നില്ല എന്നും അവര്‍ പറഞ്ഞു.

19അവര്‍ തന്നോടു ചോദിപ്പാന്‍ ആഗ്രഹിക്കുന്നു എന്ന് അറിഞ്ഞു യേശു അവരോട് പറഞ്ഞത്: കുറഞ്ഞോന്നു കഴിഞ്ഞിട്ട് എന്നെ കാണുകയില്ല; പിന്നെയും കുറഞ്ഞോന്നു കഴിഞ്ഞിട്ട് എന്നെ കാണും എന്ന് ഞാന്‍ പറകയാല്‍ നിങ്ങള്‍ തമ്മില്‍ തമ്മില്‍ ചോദിക്കുന്നുവോ?

20ആമേന്‍, ആമേന്‍, ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ കരഞ്ഞു വിലപിക്കും; ലോകമോ സന്തോഷിക്കും; നിങ്ങള്‍ ദുഃഖിക്കും; എന്നാല്‍ നിങ്ങളുടെ ദുഃഖം സന്തോഷമായിത്തീരും.

21സ്ത്രീ പ്രസവിക്കുമ്പോള്‍ തന്‍റെ നാഴിക വന്നതുകൊണ്ട് അവള്‍ക്കു ദുഃഖം ഉണ്ട്; കുഞ്ഞിനെ പ്രസവിച്ച ശേഷമോ ഒരു മനുഷ്യന്‍ ലോകത്തിലേക്കു പിറന്നിരിക്കുന്ന സന്തോഷം നിമിത്തം അവള്‍ തന്‍റെ കഷ്ടം പിന്നെ ഓര്‍ക്കുന്നില്ല.

22അങ്ങനെ നിങ്ങള്‍ക്കും ഇപ്പോള്‍ ദുഃഖം ഉണ്ട് എങ്കിലും ഞാന്‍ പിന്നെയും നിങ്ങളെ കാണും; നിങ്ങളുടെ ഹൃദയം സന്തോഷിക്കും; നിങ്ങളുടെ സന്തോഷം ആരും നിങ്ങളില്‍നിന്ന് എടുത്തുകളകയില്ല.

23അന്നു നിങ്ങള്‍ എന്നോട് ഒന്നും ചോദിക്കയില്ല. ആമേന്‍, ആമേന്‍, ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ പിതാവിനോട് അപേക്ഷിക്കുന്നതൊക്കെയും അവന്‍ എന്‍റെ നാമത്തില്‍ നിങ്ങള്‍ക്കു തരും.

24ഇന്നുവരെ നിങ്ങള്‍ എന്‍റെ നാമത്തില്‍ ഒന്നും അപേക്ഷിച്ചിട്ടില്ല; അപേക്ഷിപ്പിന്‍; എന്നാല്‍ നിങ്ങളുടെ സന്തോഷം പൂര്‍ണമാകുംവണ്ണം നിങ്ങള്‍ക്കു ലഭിക്കും.

25ഇതു ഞാന്‍ സദൃശമായി നിങ്ങളോടു സംസാരിച്ചിരിക്കുന്നു; എങ്കിലും ഞാന്‍ ഇനി സദൃശമായി നിങ്ങളോടു സംസാരിക്കാതെ പിതാവിനെ സംബന്ധിച്ചു സ്പഷ്ടമായി നിങ്ങളോട് അറിയിക്കുന്ന നാഴിക വരുന്നു.

26അന്നു നിങ്ങള്‍ എന്‍റെ നാമത്തില്‍ അപേക്ഷിക്കും; ഞാന്‍ നിങ്ങള്‍ക്കുവേണ്ടി പിതാവിനോട് അപേക്ഷിക്കും എന്നു ഞാന്‍ പറയുന്നില്ല.

27നിങ്ങള്‍ എന്നെ സ്നേഹിച്ചു, ഞാന്‍ പിതാവിന്‍റെ അടുക്കല്‍നിന്നു വന്നിരിക്കുന്നു എന്ന് വിശ്വസിച്ചിരിക്കകൊണ്ട് പിതാവ് താനും നിങ്ങളെ സ്നേഹിക്കുന്നു.

28ഞാന്‍ പിതാവിന്‍റെ അടുക്കല്‍നിന്നു പുറപ്പെട്ടു ലോകത്തില്‍ വന്നിരിക്കുന്നു; പിന്നെയും ലോകത്തെ വിട്ടു പിതാവിന്‍റെ അടുക്കല്‍ പോകുന്നു.

29അതിന് അവന്‍റെ ശിഷ്യന്മാര്‍: ഇപ്പോള്‍ നീ സാദൃശ്യം ഒന്നും പറയാതെ സ്പഷ്ടമായി സംസാരിക്കുന്നു.

30നീ സകലവും അറിയുന്നു എന്നും ആരും നിന്നോടു ചോദിപ്പാന്‍ നിനക്ക് ആവശ്യം ഇല്ല എന്നും ഞങ്ങള്‍ ഇപ്പോള്‍ അറിയുന്നു; ഇതിനാല്‍ നീ ദൈവത്തിന്‍റെ അടുക്കല്‍നിന്നു വന്നിരിക്കുന്നു എന്നു ഞങ്ങള്‍ വിശ്വസിക്കുന്നു എന്നു പറഞ്ഞു.

31യേശു അവരോട്: ഇപ്പോള്‍ നിങ്ങള്‍ വിശ്വസിക്കുന്നുവോ?

32നിങ്ങള്‍ ഓരോരുത്തന്‍ താന്താന്‍റെ സ്വന്തത്തിലേക്കു ചിതറിപ്പോകയും എന്നെ ഏകനായി വിടുകയും ചെയ്യുന്ന നാഴിക വരുന്നു; വന്നുമിരിക്കുന്നു; പിതാവ് എന്നോടുകൂടെ ഉള്ളതുകൊണ്ടു ഞാന്‍ ഏകനല്ലതാനും.

33നിങ്ങള്‍ക്ക് എന്നില്‍ സമാധാനം ഉണ്ടാകേണ്ടതിന് ഇത് നിങ്ങളോടു സംസാരിച്ചിരിക്കുന്നു; ലോകത്തില്‍ നിങ്ങള്‍ക്കു കഷ്ടം ഉണ്ട്; എങ്കിലും ധൈര്യപ്പെടുവിന്‍; ഞാന്‍ ലോകത്തെ ജയിച്ചിരിക്കുന്നു എന്നു പറഞ്ഞു.