പുതിയ നിയമംMOV

യോഹന്നാന്‍ 15

1ഞാന്‍ സാക്ഷാല്‍ മുന്തിരിവള്ളിയും എന്‍റെ പിതാവ് തോട്ടക്കാരനും ആകുന്നു.

2എന്നില്‍ കായ്ക്കാത്ത കൊമ്പൊക്കെയും അവന്‍ നീക്കിക്കളയുന്നു; കായ്ക്കുന്നതൊക്കെയും അധികം ഫലം കായ്ക്കേണ്ടതിനു ചെത്തി വെടിപ്പാക്കുന്നു.

3ഞാന്‍ നിങ്ങളോടു സംസാരിച്ച വചനം നിമിത്തം നിങ്ങള്‍ ഇപ്പോള്‍ ശുദ്ധിയുള്ളവരാകുന്നു.

4എന്നില്‍ വസിപ്പിന്‍; ഞാന്‍ നിങ്ങളിലും വസിക്കും; കൊമ്പിനു മുന്തിരിവള്ളിയില്‍ വസിച്ചിട്ടല്ലാതെ സ്വയമായി കായ്പ്പാന്‍ കഴിയാത്തതുപോലെ എന്നില്‍ വസിച്ചിട്ടല്ലാതെ നിങ്ങള്‍ക്കു കഴികയില്ല.

5ഞാന്‍ മുന്തിരിവള്ളിയും നിങ്ങള്‍ കൊമ്പുകളും ആകുന്നു; ഒരുത്തന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു എങ്കില്‍ അവന്‍ വളരെ ഫലം കായ്ക്കും; എന്നെ പിരിഞ്ഞു നിങ്ങള്‍ക്ക് ഒന്നും ചെയ്‍വാന്‍ കഴികയില്ല.

6എന്നില്‍ വസിക്കാത്തവനെ ഒരു കൊമ്പുപോലെ പുറത്തു കളഞ്ഞിട്ട് അവന്‍ ഉണങ്ങിപ്പോകുന്നു; ആ വക ചേര്‍ത്തു തീയില്‍ ഇടുന്നു; അത് വെന്തുപോകും.

7നിങ്ങള്‍ എന്നിലും എന്‍റെ വചനം നിങ്ങളിലും വസിച്ചാല്‍ നിങ്ങള്‍ ഇച്ഛിക്കുന്നത് എന്തെങ്കിലും അപേക്ഷിപ്പിന്‍; അത് നിങ്ങള്‍ക്കു കിട്ടും.

8നിങ്ങള്‍ വളരെ ഫലം കായ്ക്കുന്നതിനാല്‍ എന്‍റെ പിതാവ് മഹത്ത്വപ്പെടുന്നു; അങ്ങനെ നിങ്ങള്‍ എന്‍റെ ശിഷ്യന്മാര്‍ ആകും.

9പിതാവ് എന്നെ സ്നേഹിക്കുന്നതുപോലെ ഞാനും നിങ്ങളെ സ്നേഹിക്കുന്നു; എന്‍റെ സ്നേഹത്തില്‍ വസിപ്പിന്‍.

10ഞാന്‍ എന്‍റെ പിതാവിന്‍റെ കല്പനകള്‍ പ്രമാണിച്ച് അവന്‍റെ സ്നേഹത്തില്‍ വസിക്കുന്നതുപോലെ നിങ്ങള്‍ എന്‍റെ കല്പനകള്‍ പ്രമാണിച്ചാല്‍ എന്‍റെ സ്നേഹത്തില്‍ വസിക്കും.

11എന്‍റെ സന്തോഷം നിങ്ങളില്‍ ഇരിപ്പാനും നിങ്ങളുടെ സന്തോഷം പൂര്‍ണമാകുവാനും ഞാന്‍ ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു.

12ഞാന്‍ നിങ്ങളെ സ്നേഹിച്ചിരിക്കുന്നതുപോലെ നിങ്ങളും തമ്മില്‍ തമ്മില്‍ സ്നേഹിക്കേണം എന്നാകുന്നു എന്‍റെ കല്പന.

13സ്നേഹിതന്മാര്‍ക്കുവേണ്ടി ജീവനെ കൊടുക്കുന്നതിലും അധികമുള്ള സ്നേഹം ആര്‍ക്കും ഇല്ല.

14ഞാന്‍ നിങ്ങളോടു കല്പിക്കുന്നത് ചെയ്താല്‍ നിങ്ങള്‍ എന്‍റെ സ്നേഹിതന്മാര്‍തന്നെ.

15യജമാനന്‍ ചെയ്യുന്നത് ദാസന്‍ അറിയായ്കകൊണ്ട് ഞാന്‍ നിങ്ങളെ ദാസന്മാര്‍ എന്ന് ഇനി പറയുന്നില്ല; ഞാന്‍ എന്‍റെ പിതാവിനോട് കേട്ടത് എല്ലാം നിങ്ങളോട് അറിയിച്ചതുകൊണ്ട് നിങ്ങളെ സ്നേഹിതന്മാര്‍ എന്നു പറഞ്ഞിരിക്കുന്നു.

16നിങ്ങള്‍ എന്നെ തിരഞ്ഞെടുത്തു എന്നല്ല, ഞാന്‍ നിങ്ങളെ തിരഞ്ഞെടുത്തു, നിങ്ങള്‍ പോയി ഫലം കായ്ക്കേണ്ടതിനും നിങ്ങളുടെ ഫലം നിലനില്ക്കേണ്ടതിനും നിങ്ങളെ ആക്കിവച്ചുമിരിക്കുന്നു; നിങ്ങള്‍ എന്‍റെ നാമത്തില്‍ പിതാവിനോട് അപേക്ഷിക്കുന്നതൊക്കെയും അവന്‍ നിങ്ങള്‍ക്കു തരുവാനായിട്ടുതന്നെ.

17നിങ്ങള്‍ തമ്മില്‍ തമ്മില്‍ സ്നേഹിക്കേണ്ടതിനു ഞാന്‍ ഇതു നിങ്ങളോടു കല്പിക്കുന്നു.

18ലോകം നിങ്ങളെ പകയ്ക്കുന്നു എങ്കില്‍ അത് നിങ്ങള്‍ക്കുമുമ്പേ എന്നെ പകച്ചിരിക്കുന്നു എന്ന് അറിവിന്‍.

19നിങ്ങള്‍ ലോകക്കാര്‍ ആയിരുന്നു എങ്കില്‍ ലോകം തനിക്കു സ്വന്തമായതിനെ സ്നേഹിക്കുമായിരുന്നു; എന്നാല്‍ നിങ്ങള്‍ ലോകക്കാരായിരിക്കാതെ ഞാന്‍ നിങ്ങളെ ലോകത്തില്‍നിന്നു തിരഞ്ഞെടുത്തതുകൊണ്ടു ലോകം നിങ്ങളെ പകയ്ക്കുന്നു.

20ദാസന്‍ യജമാനനെക്കാള്‍ വലിയവനല്ല എന്ന് ഞാന്‍ നിങ്ങളോടു പറഞ്ഞ വാക്ക് ഓര്‍പ്പിന്‍. അവര്‍ എന്നെ ഉപദ്രവിച്ചു എങ്കില്‍ നിങ്ങളെയും ഉപദ്രവിക്കും; എന്‍റെ വചനം പ്രമാണിച്ചു എങ്കില്‍ നിങ്ങളുടേതും പ്രമാണിക്കും.

21എങ്കിലും എന്നെ അയച്ചവനെ അവര്‍ അറിയായ്കകൊണ്ട് എന്‍റെ നാമം നിമിത്തം ഇതൊക്കെയും നിങ്ങളോടു ചെയ്യും.

22ഞാന്‍ വന്ന് അവരോട് സംസാരിക്കാതിരുന്നെങ്കില്‍ അവര്‍ക്കു പാപം ഇല്ലായിരുന്നു; ഇപ്പോഴോ അവരുടെ പാപത്തിന് ഒഴികഴിവില്ല.

23എന്നെ പകയ്ക്കുന്നവന്‍ എന്‍റെ പിതാവിനെയും പകയ്ക്കുന്നു.

24മറ്റാരും ചെയ്തിട്ടില്ലാത്ത പ്രവൃത്തികളെ ഞാന്‍ അവരുടെ ഇടയില്‍ ചെയ്തിരുന്നില്ല എങ്കില്‍ അവര്‍ക്കു പാപം ഇല്ലായിരുന്നു; ഇപ്പോഴോ അവര്‍ എന്നെയും എന്‍റെ പിതാവിനെയും കാണ്‍കയും പകയ്ക്കുകയും ചെയ്തിരിക്കുന്നു.

25“അവര്‍ വെറുതേ എന്നെ പകച്ചു” എന്ന് അവരുടെ ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്ന വചനം നിവൃത്തിയാകേണ്ടതിനുതന്നെ.

26ഞാന്‍ പിതാവിന്‍റെ അടുക്കല്‍നിന്നു നിങ്ങള്‍ക്ക് അയപ്പാനുള്ള കാര്യസ്ഥനായി പിതാവിന്‍റെ അടുക്കല്‍നിന്നു പുറപ്പെടുന്ന സത്യാത്മാവ് വരുമ്പോള്‍ അവന്‍ എന്നെക്കുറിച്ചു സാക്ഷ്യം പറയും.

27നിങ്ങളും ആദിമുതല്‍ എന്നോടുകൂടെ ഇരിക്കകൊണ്ടു സാക്ഷ്യം പറവിന്‍.