പുതിയ നിയമംMOV

യോഹന്നാന്‍ 13

1പെസഹാപെരുന്നാളിനു മുമ്പേ താന്‍ ഈ ലോകം വിട്ടു പിതാവിന്‍റെ അടുക്കല്‍ പോകുവാനുള്ള നാഴിക വന്നു എന്ന് യേശു അറിഞ്ഞിട്ടു, ലോകത്തില്‍ തനിക്കുള്ളവരെ സ്നേഹിച്ചതുപോലെ അവസാനത്തോളം അവരെ സ്നേഹിച്ചു.

2അത്താഴം ആയപ്പോള്‍ പിശാച്, ശിമോന്‍റെ മകനായ യൂദാ ഈസ്കര്യോത്താവിന്‍റെ ഹൃദയത്തില്‍ അവനെ കാണിച്ചുകൊടുപ്പാന്‍ തോന്നിച്ചിരുന്നു;

3പിതാവു സകലവും തന്‍റെ കൈയില്‍ തന്നിരിക്കുന്നു എന്നും താന്‍ ദൈവത്തിന്‍റെ അടുക്കല്‍നിന്നു വന്ന് ദൈവത്തിന്‍റെ അടുക്കല്‍ പോകുന്നു എന്നും യേശു അറിഞ്ഞിരിക്കെ

4അത്താഴത്തില്‍നിന്ന് എഴുന്നേറ്റു വസ്ത്രം ഊരിവച്ച്

5ഒരു തുവര്‍ത്ത് എടുത്ത് അരയില്‍ ചുറ്റി ഒരു പാത്രത്തില്‍ വെള്ളം പകര്‍ന്നു ശിഷ്യന്മാരുടെ കാല്‍ കഴുകുവാനും അരയില്‍ ചുറ്റിയിരുന്ന തുണികൊണ്ടു തുവര്‍ത്തുവാനും തുടങ്ങി.

6അവന്‍ ശിമോന്‍ പത്രൊസിന്‍റെ അടുക്കല്‍ വന്നപ്പോള്‍ അവന്‍ അവനോട്: കര്‍ത്താവേ, നീ എന്‍റെ കാല്‍ കഴുകുന്നുവോ എന്നു പറഞ്ഞു.

7യേശു അവനോട്: ഞാന്‍ ചെയ്യുന്നത് നീ ഇപ്പോള്‍ അറിയുന്നില്ല; പിന്നെ അറിയും എന്ന് ഉത്തരം പറഞ്ഞു.

8നീ ഒരുനാളും എന്‍റെ കാല്‍ കഴുകുകയില്ല എന്ന് പത്രൊസ് പറഞ്ഞു. അതിന് യേശു: ഞാന്‍ നിന്നെ കഴുകാഞ്ഞാല്‍ നിനക്ക് എന്നോടുകൂടെ പങ്കില്ല എന്ന് ഉത്തരം പറഞ്ഞു.

9അപ്പോള്‍ ശിമോന്‍പത്രൊസ്: കര്‍ത്താവേ, എന്‍റെ കാല്‍ മാത്രമല്ല കൈയും തലയുംകൂടെ കഴുകേണമേ എന്നു പറഞ്ഞു.

10യേശു അവനോട്: കുളിച്ചിരിക്കുന്നവനു കാല്‍ അല്ലാതെ കഴുകുവാന്‍ ആവശ്യമില്ല; അവന്‍ മുഴുവനും ശുദ്ധിയുള്ളവന്‍; നിങ്ങള്‍ ശുദ്ധിയുള്ളവര്‍ ആകുന്നു; എല്ലാവരും അല്ലതാനും എന്നു പറഞ്ഞു.

11തന്നെ കാണിച്ചുകൊടുക്കുന്നവനെ അറിഞ്ഞിരിക്കകൊണ്ടത്രേ എല്ലാവരും ശുദ്ധിയുള്ളവരല്ല എന്നു പറഞ്ഞത്.

12അവന്‍ അവരുടെ കാല്‍ കഴുകീട്ടു വസ്ത്രം ധരിച്ച് വീണ്ടും ഇരുന്ന് അവരോട് പറഞ്ഞത്: ഞാന്‍ നിങ്ങള്‍ക്കു ചെയ്തത് ഇന്നത് എന്ന് അറിയുന്നുവോ?

13നിങ്ങള്‍ എന്നെ ഗുരുവെന്നും കര്‍ത്താവെന്നും വിളിക്കുന്നു; ഞാന്‍ അങ്ങനെ ആകകൊണ്ട് നിങ്ങള്‍ പറയുന്നതു ശരി.

14കര്‍ത്താവും ഗുരുവുമായ ഞാന്‍ നിങ്ങളുടെ കാല്‍ കഴുകി എങ്കില്‍ നിങ്ങളും തമ്മില്‍ തമ്മില്‍ കാല്‍ കഴുകേണ്ടതാകുന്നു.

15ഞാന്‍ നിങ്ങള്‍ക്കു ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിനു ഞാന്‍ നിങ്ങള്‍ക്കു ദൃഷ്ടാന്തം തന്നിരിക്കുന്നു.

16ആമേന്‍, ആമേന്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ദാസന്‍ യജമാനനെക്കാള്‍ വലിയവന്‍ അല്ല; ദൂതന്‍ തന്നെ അയച്ചവനെക്കാള്‍ വലിയവനുമല്ല.

17ഇതു നിങ്ങള്‍ അറിയുന്നു എങ്കില്‍ ചെയ്താല്‍ ഭാഗ്യവാന്മാര്‍.

18നിങ്ങളെ എല്ലാവരെയുംകുറിച്ചു പറയുന്നില്ല; ഞാന്‍ തിരഞ്ഞെടുത്തവരെ ഞാന്‍ അറിയുന്നു; എന്നാല്‍ “എന്‍റെ അപ്പം തിന്നുന്നവന്‍ എന്‍റെ നേരേ കുതികാല്‍ ഉയര്‍ത്തിയിരിക്കുന്നു” എന്നുള്ള തിരുവെഴുത്തിനു നിവൃത്തി വരേണ്ടതാകുന്നു.

19അതു സംഭവിക്കുമ്പോള്‍ ഞാന്‍ തന്നെ മശീഹാ എന്നു നിങ്ങള്‍ വിശ്വസിക്കേണ്ടതിനു ഞാന്‍ ഇപ്പോള്‍ അത് സംഭവിക്കുംമുമ്പേ നിങ്ങളോടു പറയുന്നു.

20ആമേന്‍, ആമേന്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ഞാന്‍ അയയ്ക്കുന്നവനെ കൈക്കൊള്ളുന്നവന്‍ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവന്‍ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു.

21ഇതു പറഞ്ഞിട്ട് യേശു ഉള്ളം കലങ്ങി: ആമേന്‍, ആമേന്‍, ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങളില്‍ ഒരുത്തന്‍ എന്നെ കാണിച്ചുകൊടുക്കും എന്നു സാക്ഷീകരിച്ചു പറഞ്ഞു.

22ഇത് ആരെക്കുറിച്ചു പറയുന്നു എന്ന് ശിഷ്യന്മാര്‍ സംശയിച്ചു തമ്മില്‍ തമ്മില്‍ നോക്കി.

23ശിഷ്യന്മാരില്‍ വച്ചു യേശു സ്നേഹിച്ച ഒരുത്തന്‍ യേശുവിന്‍റെ മാര്‍വിടത്തു ചാരിക്കൊണ്ടിരുന്നു.

24ശിമോന്‍ പത്രൊസ് അവനോട് ആംഗ്യം കാട്ടി, അവന്‍ പറഞ്ഞത് ആരെക്കൊണ്ട് എന്ന് ചോദിപ്പാന്‍ പറഞ്ഞു.

25അവന്‍ യേശുവിന്‍റെ നെഞ്ചോടു ചാഞ്ഞു: കര്‍ത്താവേ, അത് ആര്‍ എന്നു ചോദിച്ചു.

26ഞാന്‍ അപ്പഖണ്ഡം മുക്കി കൊടുക്കുന്നവന്‍തന്നെ എന്നു യേശു ഉത്തരം പറഞ്ഞു; ഖണ്ഡം മുക്കി ശിമോന്‍ ഈസ്കര്യോത്താവിന്‍റെ മകനായ യൂദായ്ക്കു കൊടുത്തു.

27ഖണ്ഡം വാങ്ങിയ ഉടനെ സാത്താന്‍ അവനില്‍ കടന്നു. യേശു അവനോട്: നീ ചെയ്യുന്നത് വേഗത്തില്‍ ചെയ്ക എന്നു പറഞ്ഞു.

28എന്നാല്‍ ഇത് ഇന്നതിനെക്കുറിച്ചു പറഞ്ഞുവെന്നു പന്തിയില്‍ ഇരുന്നവരില്‍ ആരും അറിഞ്ഞില്ല.

29പണസ്സഞ്ചി യൂദായുടെ പക്കല്‍ ആകയാല്‍ പെരുന്നാളില്‍ വേണ്ടുന്നതു മേടിപ്പാനോ ദരിദ്രര്‍ക്ക് വല്ലതും കൊടുപ്പാനോ യേശു അവനോട് കല്പിക്കുന്നു എന്നു ചിലര്‍ക്കു തോന്നി.

30ഖണ്ഡം വാങ്ങിയ ഉടനെ അവന്‍ എഴുന്നേറ്റ് പോയി, അപ്പോള്‍ രാത്രി ആയിരുന്നു.

31അവന്‍ പോയശേഷം യേശു പറഞ്ഞത്: ഇപ്പോള്‍ മനുഷ്യപുത്രന്‍ മഹത്ത്വപ്പെട്ടിരിക്കുന്നു;

32ദൈവവും അവനില്‍ മഹത്ത്വപ്പെട്ടിരിക്കുന്നു; ദൈവം അവനില്‍ മഹത്ത്വപ്പെട്ടിരിക്കുന്നു എങ്കില്‍ ദൈവം അവനെ തന്നില്‍തന്നെ മഹത്ത്വപ്പെടുത്തും; ക്ഷണത്തില്‍ അവനെ മഹത്ത്വപ്പെടുത്തും.

33കുഞ്ഞുങ്ങളേ, ഞാന്‍ ഇനി കുറഞ്ഞോന്നു മാത്രം നിങ്ങളോടുകൂടെ ഇരിക്കും; നിങ്ങള്‍ എന്നെ അന്വേഷിക്കും; ഞാന്‍ പോകുന്ന ഇടത്തു നിങ്ങള്‍ക്കു വരുവാന്‍ കഴികയില്ല എന്ന് ഞാന്‍ യെഹൂദന്മാരോടു പറഞ്ഞതുപോലെ ഇന്നു നിങ്ങളോടും പറയുന്നു.

34നിങ്ങള്‍ തമ്മില്‍ തമ്മില്‍ സ്നേഹിക്കേണം എന്ന് പുതിയൊരു കല്പന ഞാന്‍ നിങ്ങള്‍ക്കു തരുന്നു; ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും തമ്മില്‍ തമ്മില്‍ സ്നേഹിക്കേണം എന്നുതന്നെ.

35നിങ്ങള്‍ക്കു തമ്മില്‍ തമ്മില്‍ സ്നേഹം ഉണ്ടെങ്കില്‍ നിങ്ങള്‍ എന്‍റെ ശിഷ്യന്മാര്‍ എന്ന് എല്ലാവരും അറിയും.

36ശിമോന്‍പത്രൊസ് അവനോട്: കര്‍ത്താവേ, നീ എവിടെ പോകുന്നു എന്നു ചോദിച്ചതിന്: ഞാന്‍ പോകുന്ന ഇടത്തേക്കു നിനക്ക് ഇപ്പോള്‍ എന്നെ അനുഗമിപ്പാന്‍ കഴികയില്ല; പിന്നത്തേതില്‍ നീ എന്നെ അനുഗമിക്കും എന്ന് യേശു അവനോട് ഉത്തരം പറഞ്ഞു.

37പത്രൊസ് അവനോട്: കര്‍ത്താവേ, ഇപ്പോള്‍ എനിക്കു നിന്നെ അനുഗമിപ്പാന്‍ കഴിയാത്തത് എന്ത്? ഞാന്‍ എന്‍റെ ജീവനെ നിനക്കുവേണ്ടി വച്ചുകളയും എന്നു പറഞ്ഞു.

38അതിന് യേശു: നിന്‍റെ ജീവനെ എനിക്കുവേണ്ടി വച്ചുകളയുമോ? ആമേന്‍, ആമേന്‍, ഞാന്‍ നിന്നോടു പറയുന്നു: നീ മൂന്നു പ്രാവശ്യം എന്നെ തള്ളിപ്പറയുവോളം കോഴി കൂകുകയില്ല എന്ന് ഉത്തരം പറഞ്ഞു.