പഴയ നിയമംMOV
1അതിന് ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാൽ:
2അത് അങ്ങനെതന്നെ എന്ന് എനിക്കും അറിയാം നിശ്ചയം; ദൈവസന്നിധിയിൽ മര്ത്യന് നീതിമാനാകുന്നതെങ്ങനെ?
3അവന് അവനോടു വ്യവഹരിപ്പാന് ഇഷ്ടം തോന്നിയാൽ ആയിരത്തിൽ ഒന്നിന് ഉത്തരം പറവാന്‍ കഴികയില്ല.
4അവന് ജ്ഞാനിയും മഹാശക്തനുമാകുന്നു; അവനോട്, ശഠിച്ചിട്ടു ഹാനി വരാത്തവന് ആര്?
5അവന് പര്‍വതങ്ങളെ അവ അറിയാതെ നീക്കിക്കളയുന്നു; തന്റെ കോപത്തിൽ അവയെ മറിച്ചുകളയുന്നു.
6അവന് ഭൂമിയെ സ്വസ്ഥാനത്തുനിന്ന് ഇളക്കുന്നു; അതിന്റെ തൂണുകള്‍ കുലുങ്ങിപ്പോകുന്നു.
7അവന് സൂര്യനോടു കല്പിക്കുന്നു; അത് ഉദിക്കാതിരിക്കുന്നു; അവന് നക്ഷത്രങ്ങളെ പൊതിഞ്ഞു മുദ്രയിടുന്നു.
8അവന് തനിച്ച് ആകാശത്തെ വിരിക്കുന്നു; സമുദ്രത്തിലെ തിരമാലകളിന്മേൽ അവന് നടക്കുന്നു.
9അവന് സപ്തര്‍ഷി, മകയിരം, കാര്‍ത്തിക ഇവയെയും തെക്കേ നക്ഷത്രമണ്ഡലത്തെയും ഉണ്ടാക്കുന്നു.
10അവന് ആരാഞ്ഞുകൂടാത്ത വന്കാര്യങ്ങളെയും എണ്ണമില്ലാത്ത അദ്ഭുതങ്ങളെയും ചെയ്യുന്നു.
11അവന് എന്റെ അരികെകൂടി കടക്കുന്നു; ഞാന്‍ അവനെ കാണുന്നില്ല; അവന് കടന്നുപോകുന്നു; ഞാന്‍ അവനെ അറിയുന്നതുമില്ല.
12അവന് പറിച്ചെടുക്കുന്നു; ആര് അവനെ തടുക്കും? നീ എന്തു ചെയ്യുന്നു എന്ന് ആര് ചോദിക്കും?
13ദൈവം തന്റെ കോപത്തെ പിന്‍വലിക്കുന്നില്ല; രഹബിന്റെ തുണയാളികള് അവനു വഴങ്ങുന്നു.
14പിന്നെ ഞാന്‍ അവനോട് ഉത്തരം പറയുന്നതും അവനോടു വാദിപ്പാന് വാക്കു തിരഞ്ഞെടുക്കുന്നതും എങ്ങനെ?
15ഞാന്‍ നീതിമാനായിരുന്നാലും അവനോട് ഉത്തരം പറഞ്ഞുകൂടാ; എന്റെ പ്രതിയോഗിയോടു ഞാന്‍ യാചിക്കേണ്ടിവരും.
16ഞാന്‍ വിളിച്ചിട്ട് അവന് ഉത്തരം അരുളിയാലും എന്റെ അപേക്ഷ കേള്‍ക്കും എന്നു ഞാന്‍ വിശ്വസിക്കയില്ല.
17കൊടുങ്കാറ്റുകൊണ്ട് അവന് എന്നെ തകര്‍ക്കുന്നുവല്ലോ; കാരണംകൂടാതെ എന്റെ മുറിവുകളെ പെരുക്കുന്നു.
18ശ്വാസംകഴിപ്പാന് എന്നെ സമ്മതിക്കുന്നില്ല; കയ്പുകൊണ്ട് എന്റെ വയറു നിറയ്ക്കുന്നു.
19ബലം വിചാരിച്ചാൽ: അവന് തന്നെ ബലവാന്; ന്യായവിധി വിചാരിച്ചാൽ: ആര് എനിക്ക് അവധി നിശ്ചയിക്കും?
20ഞാന്‍ നീതിമാനായാലും എന്റെ സ്വന്തവായ് എന്നെ കുറ്റം വിധിക്കും; ഞാന്‍ നിഷ്കളങ്കനായാലും അവന് എനിക്കു വക്രത ആരോപിക്കും.
21ഞാന്‍ നിഷ്കളങ്കന്; ഞാന്‍ എന്റെ പ്രാണനെ കരുതുന്നില്ല; എന്റെ ജീവനെ ഞാന്‍ നിരസിക്കുന്നു.
22അതെല്ലാം ഒരുപോലെ; അതുകൊണ്ട് ഞാന്‍ പറയുന്നത്: അവന് നിഷ്കളങ്കനെയും ദുഷ്ടനെയും നശിപ്പിക്കുന്നു.
23ബാധ പെട്ടെന്നു കൊല്ലുന്നുവെങ്കിൽ നിര്‍ദോഷികളുടെ നിരാശ കണ്ട് അവന് ചിരിക്കുന്നു.
24ഭൂമി ദുഷ്ടന്മാരുടെ കൈയിൽ ഏല്പിച്ചിരിക്കുന്നു; അതിലെ ന്യായാധിപന്മാരുടെ മുഖം അവന് മൂടിക്കളയുന്നു; അത് അവനല്ലങ്കിൽ പിന്നെ ആര്?
25എന്റെ ആയുഷ്കാലം ഓട്ടാളനെക്കാള്‍ വേഗം പോകുന്നു; അതു നന്മ കാണാതെ ഓടിപ്പോകുന്നു.
26അത് ഓടകൊണ്ടുള്ള വള്ളം പോലെയും ഇരയെ റാഞ്ചുന്ന കഴുകനെപ്പോലെയും കടന്നുപോകുന്നു.
27ഞാന്‍ എന്റെ സങ്കടം മറന്നു മുഖവിഷാദം കളഞ്ഞു പ്രസന്നതയോടെ ഇരിക്കുമെന്നു പറഞ്ഞാൽ,
28ഞാന്‍ എന്റെ വ്യസനമൊക്കെയും ഓര്‍ത്തു ഭയപ്പെടുന്നു നീ എന്നെ നിര്‍ദോഷിയായി എണ്ണുകയില്ലന്നു ഞാന്‍ അറിയുന്നു.
29എന്നെ കുറ്റം വിധിക്കുകയേയുള്ളൂ; പിന്നെ ഞാന്‍ വൃഥാ പ്രയത്നിക്കുന്നതെന്തിന്?
30ഞാന്‍ ഹിമംകൊണ്ട് എന്നെ കഴുകിയാലും ക്ഷാരജലംകൊണ്ട് എന്റെ കൈ വെടിപ്പാക്കിയാലും
31നീ എന്നെ ചേറ്റുകുഴിയിൽ മുക്കിക്കളയും; എന്റെ വസ്ത്രംപോലും എന്നെ വെറുക്കും.
32ഞാന്‍ അവനോടു പ്രതിവാദിക്കേണ്ടതിനും ഞങ്ങളൊരുമിച്ചു ന്യായവിസ്താരത്തിനു ചെല്ലേണ്ടതിനും അവന് എന്നെപ്പോലെ മനുഷ്യനല്ലല്ലോ.
33ഞങ്ങളെ ഇരുവരെയും പറഞ്ഞു നിര്‍ത്തേണ്ടതിന് ഞങ്ങളുടെ നടുവിൽ ഒരു മധ്യസ്ഥനുമില്ല.
34അവന് തന്റെ വടി എങ്കൽനിന്നു നീക്കട്ടെ; അവന്റെ ഘോരത്വം എന്നെ പേടിപ്പിക്കാതിരിക്കട്ടെ;
35അപ്പോള്‍ ഞാന്‍ അവനെ പേടിക്കാതെ സംസാരിക്കും; ഇപ്പോള്‍ എന്റെ സ്ഥിതി അങ്ങനെയല്ലല്ലോ.