പഴയ നിയമംMOV

ഇയ്യോബ് 6

1അതിന് ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാൽ:

2അയ്യോ എന്‍റെ വ്യസനം ഒന്നു തൂക്കിനോക്കിയെങ്കിൽ! എന്‍റെ വിപത്തു സ്വരൂപിച്ചു തുലാസിൽ വച്ചെങ്കിൽ!

3അതു കടല്പുറത്തെ മണലിനെക്കാള്‍ ഭാരമേറുന്നത്. അതുകൊണ്ട് എന്‍റെ വാക്ക് തെറ്റിപ്പോകുന്നു.

4സര്‍വശക്തന്‍റെ അസ്ത്രങ്ങള്‍ എന്നിൽ തറച്ചിരിക്കുന്നു; അവയുടെ വിഷം എന്‍റെ ആത്മാവ് കുടിക്കുന്നു; ദൈവത്തിന്‍റെ ഘോരത്വങ്ങള്‍ എന്‍റെ നേരേ അണിനിരന്നിരിക്കുന്നു.

5പുല്ലുള്ളേടത്തു കാട്ടുകഴുത ചിനയ്ക്കുമോ? തീറ്റി തിന്നുമ്പോള്‍ കാള മുക്കുറയിടുമോ?

6രുചിയില്ലാത്തത് ഉപ്പു കൂടാതെ തിന്നാമോ? മുട്ടയുടെ വെള്ളയ്ക്കു രുചിയുണ്ടോ?

7തൊടുവാന്‍ എനിക്കു വെറുപ്പു തോന്നുന്നത് എനിക്ക് അറപ്പുള്ള ഭക്ഷണമായിരിക്കുന്നു.

8അയ്യോ, എന്‍റെ അപേക്ഷ സാധിച്ചെങ്കിൽ! എന്‍റെ വാഞ്ഛ ദൈവം എനിക്കു നല്കിയെങ്കിൽ!

9എന്നെ തകര്‍ക്കുവാന്‍ ദൈവം പ്രസാദിച്ചെങ്കിൽ! തൃക്കൈ നീട്ടി എന്നെ ഖണ്ഡിച്ചുകളഞ്ഞെങ്കിൽ!

10അങ്ങനെ എനിക്ക് ആശ്വാസം ലഭിക്കുമായിരുന്നു; കനിവറ്റ വേദനയിൽ ഞാന്‍ ഉല്ലസിക്കുമായിരുന്നു. പരിശുദ്ധന്‍റെ വചനങ്ങളെ ഞാന്‍ നിഷേധിച്ചിട്ടില്ലല്ലോ;

11ഞാന്‍ കാത്തിരിക്കേണ്ടതിന് എന്‍റെ ശക്തി എന്തുള്ളൂ? ദീര്‍ഘക്ഷമ കാണിക്കേണ്ടതിന് എന്‍റെ അന്തം എന്ത്?

12എന്‍റെ ബലം കല്ലിന്‍റെ ബലമോ? എന്‍റെ മാംസം താമ്രമാകുന്നുവോ?

13ഞാന്‍ കേവലം തുണയില്ലാത്തവനല്ലയോ? രക്ഷ എന്നെ വിട്ടുപോയില്ലയോ?

14ദുഃഖിതനോടു സ്നേഹിതന്‍ ദയ കാണിക്കേണ്ടതാകുന്നു; അല്ലാഞ്ഞാൽ അവന്‍ സര്‍വശക്തന്‍റെ ഭയം ത്യജിക്കും.

15എന്‍റെ സഹോദരന്മാര്‍ ഒരു തോടുപോലെ എന്നെ ചതിച്ചു; വറ്റിപ്പോകുന്ന തോടുകളുടെ ചാൽപോലെ തന്നെ.

16നീര്‍ക്കട്ടകൊണ്ട് അവ കലങ്ങിപ്പോകുന്നു; ഹിമം അവയിൽ ഉരുകി കാണാതെ പോകുന്നു.

17ചൂടുപിടിക്കുന്നേരം അവ വറ്റിപ്പോകുന്നു; ഉഷ്ണം ആകുമ്പോള്‍ അവ അവിടെനിന്നു പൊയ്പോകുന്നു.

18സാര്‍ഥങ്ങള്‍ വഴി വിട്ടുതിരിഞ്ഞു ചെല്ലുന്നു; അവ മരുഭൂമിയിൽ ചെന്നു നശിച്ചുപോകുന്നു.

19തേമയുടെ സാര്‍ഥങ്ങള്‍ തിരിഞ്ഞുനോക്കുന്നു; ശെബയുടെ യാത്രാഗണം അവയ്ക്കായി പ്രതീക്ഷിക്കുന്നു.

20പ്രതീക്ഷിച്ചതുകൊണ്ട് അവര്‍ ലജ്ജിക്കുന്നു; അവിടത്തോളം ചെന്നു നാണിച്ചുപോകുന്നു.

21നിങ്ങളും ഇപ്പോള്‍ അതുപോലെ ആയി വിപത്തു കണ്ടിട്ടു നിങ്ങള്‍ പേടിക്കുന്നു.

22എനിക്കു കൊണ്ടുവന്നു തരുവിന്‍; നിങ്ങളുടെ സമ്പത്തിൽനിന്ന് എനിക്കുവേണ്ടി കൈക്കൂലി കൊടുപ്പിന്‍;

23വൈരിയുടെ കൈയിൽനിന്ന് എന്നെ വിടുവിപ്പിന്‍; നിഷ്ഠുരന്മാരുടെ കൈയിൽനിന്ന് എന്നെ വീണ്ടെടുപ്പിന്‍ എന്നിങ്ങനെ ഞാന്‍ പറഞ്ഞിട്ടുണ്ടോ?

24എന്നെ ഉപദേശിപ്പിന്‍; ഞാന്‍ മിണ്ടാതെയിരിക്കാം; ഏതിൽ തെറ്റിപ്പോയെന്ന് എനിക്കു ബോധം വരുത്തുവിന്‍.

25നേരുള്ള വാക്കുകള്‍ക്ക് എത്ര ബലം! നിങ്ങളുടെ ശാസനയ്ക്കോ എന്തു ഫലം?

26വാക്കുകളെ ആക്ഷേപിപ്പാന്‍ വിചാരിക്കുന്നുവോ? ആശയറ്റവന്‍റെ വാക്കുകള്‍ കാറ്റിനു തുല്യമത്രേ.

27അനാഥനു നിങ്ങള്‍ ചീട്ടിടുന്നു; സ്നേഹിതനെക്കൊണ്ടു കച്ചവടം ചെയ്യുന്നു.

28ഇപ്പോള്‍ ദയ ചെയ്ത് എന്നെ ഒന്നു നോക്കുവിന്‍; ഞാന്‍ നിങ്ങളുടെ മുഖത്തു നോക്കി ഭോഷ്കു പറയുമോ? ഒന്നുകൂടെ നോക്കുവിന്‍; നീതികേടു ഭവിക്കരുത്.

29ഒന്നുകൂടെ നോക്കുവിന്‍; എന്‍റെ കാര്യം നീതിയുള്ളതുതന്നെ.

30എന്‍റെ നാവിൽ അനീതിയുണ്ടോ? എന്‍റെ വായ് അനര്‍ഥം തിരിച്ചറികയില്ലയോ?