പഴയ നിയമംMOV

ഇയ്യോബ് 5

1വിളിച്ചുനോക്കുക; ഉത്തരം പറയുന്നവനുണ്ടോ? നീ വിശുദ്ധന്മാരിൽ ആരെ ശരണം പ്രാപിക്കും?

2നീരസം ഭോഷനെ കൊല്ലുന്നു; ഈര്‍ഷ്യ മൂഢനെ ഹിംസിക്കുന്നു.

3മൂഢന്‍ വേരൂന്നുന്നതു ഞാന്‍ കണ്ടു ക്ഷണത്തിൽ അവന്‍റെ പാര്‍പ്പിടത്തെ ശപിച്ചു.

4അവന്‍റെ മക്കള്‍ രക്ഷയോടകന്നിരിക്കുന്നു; അവര്‍ രക്ഷകനില്ലാതെ വാതിൽക്കൽവച്ചു തകര്‍ന്നുപോകുന്നു.

5അവന്‍റെ വിളവു വിശപ്പുള്ളവന്‍ തിന്നുകളയും; മുള്ളുകളിൽനിന്നും അതിനെ പറിച്ചെടുക്കും; അവരുടെ സമ്പത്ത് ദാഹമുള്ളവര്‍ കപ്പിക്കളയും.

6അനര്‍ഥം ഉദ്ഭവിക്കുന്നതു പൂഴിയിൽ നിന്നല്ല; കഷ്ടത മുളയ്ക്കുന്നതു നിലത്തുനിന്നുമല്ല;

7തീപ്പൊരി ഉയരെ പറക്കുംപോലെ മനുഷ്യന്‍ കഷ്ടതയ്ക്കായി ജനിച്ചിരിക്കുന്നു.

8ഞാനോ ദൈവത്തിങ്കലേക്കു നോക്കുമായിരുന്നു; എന്‍റെ കാര്യം ദൈവത്തിങ്കൽ ഏല്പിക്കുമായിരുന്നു;

9അവന്‍, ആരാഞ്ഞുകൂടാത്ത വന്‍കാര്യങ്ങളും അസംഖ്യമായ അദ്ഭുതങ്ങളും ചെയ്യുന്നു.

10അവന്‍ ഭൂതലത്തിൽ മഴ പെയ്യിക്കുന്നു; വയലുകളിലേക്കു വെള്ളം വിടുന്നു.

11അവന്‍ താണവരെ ഉയര്‍ത്തുന്നു; ദുഃഖിക്കുന്നവരെ രക്ഷയിലേക്കു കയറ്റുന്നു.

12അവന്‍ ഉപായികളുടെ സൂത്രങ്ങളെ അബദ്ധമാക്കുന്നു; അവരുടെ കൈകള്‍ കാര്യം സാധിപ്പിക്കയുമില്ല.

13അവന്‍ ജ്ഞാനികളെ അവരുടെ കൗശലത്തിൽ പിടിക്കുന്നു; വക്രബുദ്ധികളുടെ ആലോചന മറിഞ്ഞുപോകുന്നു.

14പകൽസമയത്ത് അവര്‍ക്ക് ഇരുള്‍ നേരിടുന്നു; ഉച്ചസമയത്ത് അവര്‍ രാത്രിയിലെന്നപോലെ തപ്പിനടക്കുന്നു.

15അവന്‍ ദരിദ്രനെ അവരുടെ വായെന്ന വാളിങ്കൽനിന്നും ബലവാന്‍റെ കൈയിൽനിന്നും രക്ഷിക്കുന്നു.

16അങ്ങനെ എളിയവനു പ്രത്യാശയുണ്ട്; നീതികെട്ടവനോ വായ് പൊത്തുന്നു.

17ദൈവം ശാസിക്കുന്ന മനുഷ്യന്‍ ഭാഗ്യവാന്‍; സര്‍വശക്തന്‍റെ ശിക്ഷ നീ നിരസിക്കരുത്.

18അവന്‍ മുറിവേല്പിക്കയും മുറി കെട്ടുകയും ചെയ്യുന്നു. അവന്‍ ചതയ്ക്കയും തൃക്കൈ പൊറുപ്പിക്കയും ചെയ്യുന്നു.

19ആറു കഷ്ടത്തിൽനിന്ന് അവന്‍ നിന്നെ വിടുവിക്കും; ഏഴാമത്തേതിലും തിന്മ നിന്നെ തൊടുകയില്ല.

20ക്ഷാമകാലത്ത് അവന്‍ നിന്നെ മരണത്തിൽ നിന്നും യുദ്ധത്തിൽ വാളിന്‍റെ വെട്ടിൽ നിന്നും വിടുവിക്കും.

21നാവെന്ന ചമ്മട്ടിക്കു നീ ഗുപ്തനാകും; നാശം വരുമ്പോള്‍ നീ ഭയപ്പെടുകയില്ല.

22നാശവും ക്ഷാമവും കണ്ടു നീ ചിരിക്കും; കാട്ടുമൃഗങ്ങളെ നീ പേടിക്കയില്ല.

23വയലിലെ കല്ലുകളോടു നിനക്കു സഖ്യത ഉണ്ടാകും; കാട്ടിലെ മൃഗങ്ങള്‍ നിന്നോട് ഇണങ്ങിയിരിക്കും.

24നിന്‍റെ കൂടാരം നിര്‍ഭയം എന്നു നീ അറിയും; നിന്‍റെ പാര്‍പ്പിടം നീ പരിശോധിക്കും, ഒന്നും കാണാതെയിരിക്കയില്ല.

25നിന്‍റെ സന്താനം അസംഖ്യമെന്നും നിന്‍റെ പ്രജ നിലത്തെ പുല്ലുപോലെയെന്നും നീ അറിയും.

26തക്കസമയത്തു കറ്റക്കൂമ്പാരം അടുക്കിവയ്ക്കുന്നതുപോലെ നീ പൂര്‍ണ വാര്‍ധക്യത്തിൽ കല്ലറയിൽ കടക്കും.

27ഞങ്ങള്‍ അത് ആരാഞ്ഞുനോക്കി, അത് അങ്ങനെതന്നെ ആകുന്നു; നീ അതു കേട്ടു ഗ്രഹിച്ചുകൊള്‍ക.