പഴയ നിയമംMOV
1അനന്തരം ഇയ്യോബ് വായ് തുറന്നു തന്‍റെ ജന്മദിവസത്തെ ശപിച്ചു.
2ഇയ്യോബ് പറഞ്ഞതെന്തെന്നാൽ:
3ഞാന്‍ ജനിച്ച ദിവസവും ഒരു ആണ്‍ ഉല്പാദിച്ചു എന്നു പറഞ്ഞ രാത്രിയും നശിച്ചുപോകട്ടെ.
4ആ നാള്‍ ഇരുണ്ടുപോകട്ടെ; മേലിൽനിന്നു ദൈവം അതിനെ കടാക്ഷിക്കരുതേ; പ്രകാശം അതിന്മേൽ ശോഭിക്കയുമരുതേ.
5ഇരുളും അന്ധതമസ്സും അതിനെ സ്വാധീനമാക്കട്ടെ; ഒരു മേഘം അതിന്മേൽ അമരട്ടെ; പകലിനെ ഇരുട്ടുന്നതൊക്കെയും അതിനെ പേടിപ്പിക്കട്ടെ.
6ആ രാത്രിയെ കൂരിരുള്‍ പിടിക്കട്ടെ; അത് ആണ്ടിന്‍റെ നാളുകളുടെ കൂട്ടത്തിൽ സന്തോഷിക്കരുത്; മാസങ്ങളുടെ എണ്ണത്തിൽ വരികയും അരുത്.
7അതേ, ആ രാത്രി മച്ചിയായിരിക്കട്ടെ; ഉല്ലാസഘോഷം അതിലുണ്ടാകരുത്.
8മഹാസര്‍പ്പത്തെ ഇളക്കുവാന്‍ സമര്‍ഥരായി ദിവസത്തെ ശപിക്കുന്നവര്‍ അതിനെ ശപിക്കട്ടെ.
9അതിന്‍റെ സന്ധ്യാനക്ഷത്രങ്ങള്‍ ഇരുണ്ടുപോകട്ടെ. അതു വെളിച്ചത്തിനു കാത്തിരുന്നു കിട്ടാതെ പോകട്ടെ; അത് ഉഷസ്സിന്‍റെ കണ്ണിമ ഒരിക്കലും കാണരുത്.
10അത് എനിക്കു ഗര്‍ഭദ്വാരം അടച്ചില്ലല്ലോ; എന്‍റെ കണ്ണിനു കഷ്ടം മറച്ചില്ലല്ലോ.
11ഞാന്‍ ഗര്‍ഭപാത്രത്തിൽവച്ചു മരിക്കാഞ്ഞതെന്ത്? ഉദരത്തിൽനിന്നു പുറപ്പെട്ടപ്പോള്‍ത്തന്നെ പ്രാണന്‍ പോകാതിരുന്നതെന്ത്?
12മുഴങ്കാൽ എന്നെ ഏറ്റുകൊണ്ടത് എന്തിന്? എനിക്കു കുടിപ്പാന്‍ മുല ഉണ്ടായിരുന്നതെന്തിന്?
13ഞാന്‍ ഇപ്പോള്‍ കിടന്നു വിശ്രമിക്കുമായിരുന്നു; ഞാന്‍ ഉറങ്ങി വിശ്രാന്തി പ്രാപിക്കുമായിരുന്നു.
14തങ്ങള്‍ക്ക് ഏകാന്തനിവാസങ്ങള്‍ പണിത ഭൂരാജാക്കന്മാരോടും മന്ത്രിമാരോടും
15അഥവാ, കനകസമ്പന്നരായി സ്വഭവനങ്ങള്‍ വെള്ളികൊണ്ടു നിറച്ചുവച്ച പ്രഭുക്കന്മാരോടുംകൂടെ തന്നെ.
16അല്ലെങ്കിൽ, ഗര്‍ഭം അലസിപ്പോയിട്ടു കുഴിച്ചിട്ടുകളഞ്ഞ പിണ്ഡംപോലെയും വെളിച്ചം കണ്ടിട്ടില്ലാത്ത പിള്ളകളെപ്പോലെയും ഞാന്‍ ഇല്ലാതെ പോകുമായിരുന്നു.
17അവിടെ ദുര്‍ജനം ഉപദ്രവിക്കാതെയിരിക്കുന്നു; അവിടെ ക്ഷീണിച്ചുപോയവര്‍ വിശ്രമിക്കുന്നു.
18അവിടെ ബദ്ധന്മാര്‍ ഒരുപോലെ സുഖമായിരിക്കുന്നു; പീഡകന്‍റെ ശബ്ദം അവര്‍ കേള്‍ക്കാതിരിക്കുന്നു.
19ചെറിയവനും വലിയവനും അവിടെ ഒരുപോലെ; ദാസനു യജമാനന്‍റെ കീഴിൽനിന്നു വിടുതൽ കിട്ടിയിരിക്കുന്നു.
20അരിഷ്ടനു പ്രകാശവും ദുഃഖിതന്മാര്‍ക്കു ജീവനും കൊടുക്കുന്നതെന്തിന്?
21അവര്‍ മരണത്തിനായി കാത്തിരിക്കുന്നു, അതു വരുന്നില്ലതാനും; നിധിക്കായി ചെയ്യുന്നതിലുമധികം അവര്‍ അതിനായി കുഴിക്കുന്നു.
22അവര്‍ ശവക്കുഴി കണ്ടാൽ സന്തോഷിച്ചു ഘോഷിച്ചുല്ലസിക്കും.
23വഴി മറഞ്ഞിരിക്കുന്ന പുരുഷനും ദൈവം നിരോധിച്ചിരിക്കുന്നവനും ജീവനെ കൊടുക്കുന്നതെന്തിന്?
24ഭക്ഷണത്തിനു മുമ്പേ എനിക്കു നെടുവീര്‍പ്പുവരുന്നു; എന്‍റെ ഞരക്കം വെള്ളംപോലെ ഒഴുകുന്നു.
25ഞാന്‍ പേടിച്ചതു തന്നേ എനിക്കു നേരിട്ടു; ഞാന്‍ ഭയപ്പെട്ടിരുന്നത് എനിക്കു ഭവിച്ചു.
26ഞാന്‍ സ്വസ്ഥനായില്ല, വിശ്രമിച്ചില്ല, ആശ്വസിച്ചതുമില്ല; പിന്നെയും അതിവേദന എടുക്കുന്നു.