പഴയ നിയമംMOV

ഇയ്യോബ് 36

1എലീഹൂ പിന്നെയും പറഞ്ഞതെന്തെന്നാൽ:

2അല്പം ക്ഷമിക്ക, ഞാന്‍ അറിയിച്ചുതരാം; ദൈവത്തിനുവേണ്ടി ഇനിയും ചില വാക്ക് പറവാനുണ്ട്.

3ഞാന്‍ ദൂരത്തുനിന്ന് അറിവു കൊണ്ടുവരും; എന്‍റെ സ്രഷ്ടാവിനു നീതിയെ ആരോപിക്കും.

4എന്‍റെ വാക്ക് ഭോഷ്കല്ല നിശ്ചയം; അറിവു തികഞ്ഞവന്‍ നിന്‍റെ അടുക്കൽ നില്ക്കുന്നു.

5ദൈവം ബലവാനെങ്കിലും ആരെയും നിരസിക്കുന്നില്ല; അവന്‍ വിവേകശക്തിയിലും ബലവാന്‍ തന്നെ.

6അവന്‍ ദുഷ്ടന്‍റെ ജീവനെ രക്ഷിക്കുന്നില്ല; ദുഃഖിതന്മാര്‍ക്കോ അവന്‍ ന്യായം നടത്തിക്കൊടുക്കുന്നു.

7അവന്‍ നീതിമാന്മാരിൽനിന്നു തന്‍റെ കടാക്ഷം മാറ്റുന്നില്ല; രാജാക്കന്മാരോടുകൂടെ അവരെ സിംഹാസനത്തിൽ ഇരുത്തുന്നു; അവര്‍ എന്നേക്കും ഉയര്‍ന്നിരിക്കുന്നു.

8അവര്‍ ചങ്ങലകളാൽ ബന്ധിക്കപ്പെട്ട് കഷ്ടതയുടെ പാശങ്ങളാൽ പിടിക്കപ്പെട്ടാൽ

9അവന്‍ അവര്‍ക്ക് അവരുടെ പ്രവൃത്തിയും അഹങ്കരിച്ചുപോയ ലംഘനങ്ങളും കാണിച്ചുകൊടുക്കും.

10അവന്‍ അവരുടെ ചെവി പ്രബോധനത്തിനു തുറക്കുന്നു; അവര്‍ നീതികേടു വിട്ടുതിരിവാന്‍ കല്പിക്കുന്നു.

11അവര്‍ കേട്ടനുസരിച്ച് അവനെ സേവിച്ചാൽ തങ്ങളുടെ നാളുകളെ ഭാഗ്യത്തിലും ആണ്ടുകളെ ആനന്ദത്തിലും കഴിച്ചുകൂട്ടും.

12കേള്‍ക്കുന്നില്ലങ്കിലോ അവര്‍ വാളാൽ നശിക്കും; ബുദ്ധിമോശത്താൽ മരിച്ചുപോകും.

13ദുഷ്ടമാനസന്മാര്‍ കോപം സംഗ്രഹിച്ചുവയ്ക്കുന്നു; അവന്‍ അവരെ ബന്ധിക്കുമ്പോള്‍ അവര്‍ രക്ഷയ്ക്കായി വിളിക്കുന്നില്ല.

14അവര്‍ യൗവനത്തിൽതന്നെ മരിച്ചുപോകുന്നു; അവരുടെ ജീവന്‍ ദുര്‍ന്നടപ്പുകാരുടേതുപോലെ നശിക്കുന്നു.

15അവന്‍ അരിഷ്ടനെ അവന്‍റെ അരിഷ്ടതയാൽ വിടുവിക്കുന്നു; പീഡയിൽതന്നെ അവരുടെ ചെവി തുറക്കുന്നു.

16നിന്നെയും അവന്‍ കഷ്ടതയുടെ വായിൽനിന്ന് ഇടുക്കമില്ലാത്ത വിശാലതയിലേക്കു നടത്തുമായിരുന്നു. നിന്‍റെ മേശമേൽ സ്വാദുഭോജനം വയ്ക്കുമായിരുന്നു.

17നീയോ ദുഷ്ടവിധികൊണ്ട് നിറഞ്ഞിരിക്കുന്നു; വിധിയും നീതിയും നിന്നെ പിടിക്കും.

18കോപം നിന്നെ പരിഹാസത്തിനായി വശീകരിക്കരുത്; മറുവിലയുടെ വലിപ്പം ഓര്‍ത്തു നീ തെറ്റിപ്പോകയുമരുത്.

19കഷ്ടത്തിൽ അകപ്പെടാതിരിപ്പാന്‍ നിന്‍റെ നിലവിളിയും ശക്തിയേറിയ പരിശ്രമങ്ങളൊക്കെയും മതിയാകുമോ?

20ജാതികള്‍ തങ്ങളുടെ സ്ഥലത്തുവച്ചു മുടിഞ്ഞുപോകുന്ന രാത്രിയെ നീ കാംക്ഷിക്കരുത്.

21സൂക്ഷിച്ചുകൊള്‍ക; നീതികേടിലേക്കു തിരിയരുത്; അതല്ലോ നീ അരിഷ്ടതയെക്കാള്‍ ഇച്ഛിക്കുന്നത്.

22ദൈവം തന്‍റെ ശക്തിയാൽ ഉന്നതമായി പ്രവര്‍ത്തിക്കുന്നു; അവനു തുല്യനായ ഉപദേശകന്‍ ആരുള്ളൂ?

23അവനോട് അവന്‍റെ വഴിയെ കല്പിച്ചതാര്‍? നീ നീതികേടു ചെയ്തു എന്ന് അവനോട് ആര്‍ക്കു പറയാം?

24അവന്‍റെ പ്രവൃത്തിയെ മഹിമപ്പെടുത്തുവാന്‍ നീ ഓര്‍ത്തുകൊള്‍ക; അതിനെക്കുറിച്ചല്ലോ മനുഷ്യര്‍ പാടിയിരിക്കുന്നത്.

25മനുഷ്യരൊക്കെയും അതു കണ്ടു രസിക്കുന്നു; ദൂരത്തുനിന്നു മര്‍ത്യന്‍ അതിനെ സൂക്ഷിച്ചുനോക്കുന്നു.

26നമുക്ക് അറിഞ്ഞുകൂടാതവണ്ണം ദൈവം അത്യുന്നതന്‍; അവന്‍റെ ആണ്ടുകളുടെ സംഖ്യ ആരാഞ്ഞുകൂടാത്തത്.

27അവന്‍ നീര്‍ത്തുള്ളികളെ ആകര്‍ഷിക്കുന്നു; അവന്‍റെ ആവിയാൽ അവ മഴയായി പെയ്യുന്നു.

28മേഘങ്ങള്‍ അവയെ ചൊരിയുന്നു; മനുഷ്യരുടെമേൽ ധാരാളമായി പൊഴിക്കുന്നു.

29ആര്‍ക്കെങ്കിലും മേഘങ്ങളുടെ വിരിവുകളെയും അവന്‍റെ കൂടാരത്തിന്‍റെ മുഴക്കത്തെയും ഗ്രഹിക്കാമോ?

30അവന്‍ തന്‍റെ ചുറ്റും പ്രകാശം വിരിക്കുന്നു; സമുദ്രത്തിന്‍റെ അടിയെ മൂടുന്നു.

31ഇവയാൽ അവന്‍ ജാതികളെ ന്യായം വിധിക്കുന്നു; ആഹാരവും ധാരാളമായി കൊടുക്കുന്നു.

32അവന്‍ മിന്നൽകൊണ്ടു തൃക്കൈ നിറയ്ക്കുന്നു; പ്രതിയോഗിയുടെ നേരേ അതിനെ നിയോഗിക്കുന്നു.

33അതിന്‍റെ മുഴക്കം അവനെയും കന്നുകാലികള്‍ എഴുന്നള്ളുന്നവനെയുംകുറിച്ച് അറിവു തരുന്നു.