പഴയ നിയമംMOV

ഇയ്യോബ് 32

1അങ്ങനെ ഇയ്യോബ് തനിക്കുതന്നെ നീതിമാനായിത്തോന്നിയതുകൊണ്ട് ഈ മൂന്നു പുരുഷന്മാര്‍ അവനോടു വാദിക്കുന്നതു മതിയാക്കി.

2അപ്പോള്‍ രാംവംശത്തിൽ ബൂസ്യനായ ബറഖേലിന്‍റെ മകന്‍ എലീഹൂവിന്‍റെ കോപം ജ്വലിച്ചു; ദൈവത്തെക്കാള്‍ തന്നെത്താന്‍ നീതീകരിച്ചതുകൊണ്ട് ഇയ്യോബിന്‍റെ നേരേ അവന്‍റെ കോപം ജ്വലിച്ചു.

3അവന്‍റെ മൂന്നു സ്നേഹിതന്മാര്‍ ഇയ്യോബിന്‍റെ കുറ്റം തെളിയിപ്പാന്‍ തക്ക ഉത്തരം കാണായ്കകൊണ്ട് അവരുടെ നേരേയും അവന്‍റെ കോപം ജ്വലിച്ചു.

4എന്നാൽ അവര്‍ തന്നെക്കാള്‍ പ്രായമുള്ളവരാകകൊണ്ട് എലീഹൂ ഇയ്യോബിനോടു സംസാരിപ്പാന്‍ താമസിച്ചു.

5ആ മൂന്നു പുരുഷന്മാര്‍ക്കും ഉത്തരം മുട്ടിപ്പോയി എന്നു കണ്ടിട്ട് എലീഹൂവിന്‍റെ കോപം ജ്വലിച്ചു.

6അങ്ങനെ ബൂസ്യനായ ബറഖേലിന്‍റെ മകന്‍ എലീഹൂ പറഞ്ഞതെന്തെന്നാൽ: ഞാന്‍ പ്രായം കുറഞ്ഞവനും നിങ്ങള്‍ വൃദ്ധന്മാരും ആകുന്നു; അതുകൊണ്ടു ഞാന്‍ ശങ്കിച്ചു, അഭിപ്രായം പറവാന്‍ തുനിഞ്ഞില്ല.

7പ്രായം സംസാരിക്കയും വയോധിക്യം ജ്ഞാനം ഉപദേശിക്കയും ചെയ്യട്ടെ എന്നിങ്ങനെ ഞാന്‍ വിചാരിച്ചു.

8എന്നാൽ മനുഷ്യരിൽ ആത്മാവുണ്ടല്ലോ; സര്‍വശക്തന്‍റെ ശ്വാസം അവര്‍ക്കു വിവേകം നല്കുന്നു.

9പ്രായം ചെന്നവരത്രേ ജ്ഞാനികള്‍ എന്നില്ല; വൃദ്ധന്മാരത്രേ ന്യായബോധമുള്ളവര്‍ എന്നുമില്ല.

10അതുകൊണ്ട് ഞാന്‍ പറയുന്നത്: എന്‍റെ വാക്കു കേട്ടുകൊള്‍വിന്‍; ഞാനും എന്‍റെ അഭിപ്രായം പ്രസ്താവിക്കാം.

11ഞാന്‍ നിങ്ങളുടെ വാക്ക് ശ്രദ്ധിച്ചുകൊണ്ടിരുന്നു; നിങ്ങള്‍ തക്ക മൊഴികള്‍ ആരാഞ്ഞു കണ്ടെത്തുമോ എന്നു നിങ്ങളുടെ ഉപദേശങ്ങള്‍ക്കു ഞാന്‍ ചെവികൊടുത്തു.

12നിങ്ങള്‍ പറഞ്ഞതിനു ഞാന്‍ ശ്രദ്ധകൊടുത്തു; ഇയ്യോബിനു ബോധം വരുത്തുവാനോ അവന്‍റെ മൊഴികള്‍ക്കുത്തരം പറവാനോ നിങ്ങളിൽ ആരുമില്ല.

13ഞങ്ങള്‍ ജ്ഞാനം കണ്ടുപിടിച്ചിരിക്കുന്നു: മനുഷ്യനല്ല, ദൈവമത്രേ അവനെ ജയിക്കും എന്നു നിങ്ങള്‍ പറയരുത്.

14എന്‍റെ നേരേയല്ലല്ലോ അവന്‍ തന്‍റെ മൊഴികളെ പ്രയോഗിച്ചത്; നിങ്ങളുടെ വചനങ്ങള്‍കൊണ്ടു ഞാന്‍ അവനോട് ഉത്തരം പറകയുമില്ല.

15അവര്‍ പരിഭ്രമിച്ചിരിക്കുന്നു; ഉത്തരം പറയുന്നില്ല; അവര്‍ക്ക് വാക്കു മുട്ടിപ്പോയി.

16അവര്‍ ഉത്തരം പറയാതെ വെറുതെ നില്ക്കുന്നു; അവര്‍ സംസാരിക്കായ്കയാൽ ഞാന്‍ കാത്തിരിക്കേണമോ?

17എനിക്കു പറവാനുള്ളതു ഞാനും പറയും; എന്‍റെ അഭിപ്രായം ഞാന്‍ പ്രസ്താവിക്കും.

18ഞാന്‍ മൊഴികള്‍കൊണ്ടു തിങ്ങിയിരിക്കുന്നു; എന്‍റെ ഉള്ളിലെ ആത്മാവ് എന്നെ നിര്‍ബന്ധിക്കുന്നു.

19എന്‍റെ ഉള്ളം അടച്ചുവച്ച വീഞ്ഞുപോലെ ഇരിക്കുന്നു; അതു പുതിയ തുരുത്തികള്‍പോലെ പൊട്ടുമാറായിരിക്കുന്നു.

20എന്‍റെ വിമ്മിട്ടം തീരേണ്ടതിനു ഞാന്‍ സംസാരിക്കും; എന്‍റെ അധരം തുറന്ന് ഉത്തരം പറയും.

21ഞാന്‍ ഒരുത്തന്‍റെയും പക്ഷം പിടിക്കയില്ല; ആരോടും മുഖസ്തുതി പറകയുമില്ല.

22മുഖസ്തുതി പറവാന്‍ എനിക്ക് അറിഞ്ഞുകൂടാ; അങ്ങനെ ചെയ്താൽ എന്‍റെ സ്രഷ്ടാവ് ക്ഷണത്തിൽ എന്നെ നീക്കിക്കളയും.