പഴയ നിയമംMOV

ഇയ്യോബ് 2

1പിന്നെയും ഒരു ദിവസം ദൈവപുത്രന്മാര്‍ യഹോവയുടെ സന്നിധിയിൽ നില്പാന്‍ ചെന്നു; സാത്താനും അവരുടെ കൂട്ടത്തിൽ യഹോവയുടെ സന്നിധിയിൽ നില്പാന്‍ ചെന്നു.

2യഹോവ സാത്താനോട്: നീ എവിടെനിന്നു വരുന്നു എന്നു ചോദിച്ചതിനു സാത്താന്‍ യഹോവയോട്: ഞാന്‍ ഭൂമിയിൽ ഊടാടി സഞ്ചരിച്ചിട്ടു വരുന്നു എന്നുത്തരം പറഞ്ഞു.

3യഹോവ സാത്താനോട്: എന്‍റെ ദാസനായ ഇയ്യോബിന്‍റെമേൽ നീ ദൃഷ്‍ടിവച്ചുവോ? അവനെപ്പോലെ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ഭൂമിയിൽ ആരും ഇല്ലല്ലോ; അവന്‍ തന്‍റെ ഭക്തി മുറുകെ പിടിച്ചുകൊണ്ടിരിക്കുന്നു; വെറുതേ അവനെ നശിപ്പിക്കേണ്ടതിനു നീ എന്നെ സമ്മതിപ്പിച്ചു എന്ന് അരുളിച്ചെയ്തു.

4സാത്താന്‍ യഹോവയോട്: ത്വക്കിനു പകരം ത്വക്ക്; മനുഷ്യന്‍ തനിക്കുള്ളതൊക്കെയും തന്‍റെ ജീവനു പകരം കൊടുത്തുകളയും.

5നിന്‍റെ കൈ നീട്ടി അവന്‍റെ അസ്ഥിയും മാംസവും ഒന്നു തൊടുക; അവന്‍ നിന്നെ മുഖത്തു നോക്കി ത്യജിച്ചുപറയും എന്നുത്തരം പറഞ്ഞു.

6യഹോവ സാത്താനോട്: ഇതാ, അവന്‍ നിന്‍റെ കൈയിൽ ഇരിക്കുന്നു; അവന്‍റെ പ്രാണനെ മാത്രം തൊടരുത് എന്നു കല്പിച്ചു.

7അങ്ങനെ സാത്താന്‍ യഹോവയുടെ സന്നിധി വിട്ടു പുറപ്പെട്ട് ഇയ്യോബിനെ ഉള്ളംകാൽമുതൽ നെറുകവരെ വല്ലാത്ത പരുക്കളാൽ ബാധിച്ചു.

8അവന്‍ ഒരു ഓട്ടിന്‍കഷണം എടുത്തു തന്നെത്താന്‍ ചുരണ്ടിക്കൊണ്ടു ചാരത്തിൽ ഇരുന്നു.

9അവന്‍റെ ഭാര്യ അവനോട്: നീ ഇനിയും നിന്‍റെ ഭക്തി മുറുകെ പിടിച്ചുകൊണ്ടിരിക്കുന്നുവോ? ദൈവത്തെ ത്യജിച്ചുപറഞ്ഞു മരിച്ചുകളക എന്നു പറഞ്ഞു.

10അവന്‍ അവളോട്: ഒരു പൊട്ടി സംസാരിക്കുന്നതുപോലെ നീ സംസാരിക്കുന്നു; നാം ദൈവത്തിന്‍റെ കൈയിൽനിന്നു നന്മ കൈക്കൊള്ളുന്നു; തിന്മയും കൈക്കൊള്ളരുതോ എന്നു പറഞ്ഞു. ഇതിൽ ഒന്നിലും ഇയ്യോബ് അധരങ്ങളാൽ പാപം ചെയ്തില്ല.

11അനന്തരം തേമാന്യനായ എലീഫസ്, ശൂഹ്യനായ ബിൽദാദ്, നയമാത്യനായ സോഫര്‍ എന്നിങ്ങനെ ഇയ്യോബിന്‍റെ മൂന്നു സ്നേഹിതന്മാര്‍ ഈ അനര്‍ഥമൊക്കെയും അവനു ഭവിച്ചതു കേട്ടപ്പോള്‍ അവര്‍ ഓരോരുത്തന്‍ താന്താന്‍റെ സ്ഥലത്തുനിന്നു പുറപ്പെട്ട് അവനോടു സഹതപിപ്പാനും അവനെ ആശ്വസിപ്പിപ്പാനും പോകേണമെന്നു തമ്മിൽ പറഞ്ഞൊത്തു.

12അവര്‍ അകലെവച്ചു നോക്കിയാറെ അവനെ തിരിച്ചറിഞ്ഞില്ല; അവര്‍ ഉറക്കെ കരഞ്ഞു വസ്ത്രം കീറി പൊടി വാരി മേലോട്ടു തലയിൽ വിതറി.

13അവന്‍റെ വ്യസനം അതികഠിനമെന്നു കണ്ടിട്ട് അവര്‍ ആരും ഒരുവാക്കും മിണ്ടാതെ ഏഴു രാപ്പകൽ അവനോടുകൂടെ നിലത്തിരുന്നു.