പഴയ നിയമംMOV

ഇയ്യോബ് 28

1വെള്ളിക്ക് ഒരു ഉദ്ഭവസ്ഥാനവും പൊന്ന് ഊതിക്കഴിപ്പാന്‍ ഒരു സ്ഥലവും ഉണ്ട്.

2ഇരുമ്പു മണ്ണിൽനിന്നെടുക്കുന്നു; കല്ലുരുക്കി ചെമ്പെടുക്കുന്നു.

3മനുഷ്യന്‍ അന്ധകാരത്തിന് ഒരതിര്‍ വയ്ക്കുന്നു; കൂരിരുളിലെയും അന്ധതമസ്സിലെയും കല്ലിനെ അങ്ങേയറ്റംവരെ ശോധനചെയ്യുന്നു.

4പാര്‍പ്പുള്ളേടത്തുനിന്നു ദൂരെ അവര്‍ കുഴി കുത്തുന്നു; കടന്നുപോകുന്ന കാലിന് അവര്‍ മറന്നുപോയവര്‍ തന്നെ; മനുഷ്യര്‍ക്ക് അകലെ അവര്‍ തൂങ്ങി ആടുന്നു.

5ഭൂമിയിൽനിന്ന് ആഹാരം ഉണ്ടാകുന്നു; അതിന്‍റെ അധോഭാഗം തീകൊണ്ടെന്നപോലെ മറിയുന്നു.

6അതിലെ പാറകള്‍ നീലരത്നത്തിന്‍റെ ഉൽപത്തിസ്ഥാനം; കനകപ്പൊടിയും അതിൽ ഉണ്ട്.

7അതിന്‍റെ പാത കഴുകന്‍ അറിയുന്നില്ല; പരുന്തിന്‍റെ കണ്ണ് അതിനെ കണ്ടിട്ടില്ല.

8പുളച്ച കാട്ടുമൃഗങ്ങള്‍ അതിൽ ചവിട്ടിയിട്ടില്ല; ഘോരസിംഹം അതിലെ നടന്നിട്ടുമില്ല.

9അവര്‍ തീക്കൽപാറയിലേക്കു കൈനീട്ടുന്നു; പര്‍വതങ്ങളെ അവര്‍ വേരോടെ മറിച്ചുകളയുന്നു.

10അവര്‍ പാറകളുടെ ഇടയിൽക്കൂടി നടകളെ വെട്ടുന്നു; അവരുടെ കണ്ണ് വിലയേറിയ വസ്തുക്കളെയൊക്കെയും കാണുന്നു.

11അവര്‍ നീരൊഴുക്കുകളെ ചോരാതവണ്ണം അടച്ചുനിര്‍ത്തുന്നു; ഗുപ്തമായിരിക്കുന്നത് അവര്‍ വെളിച്ചത്തു കൊണ്ടുവരുന്നു.

12എന്നാൽ ജ്ഞാനം എവിടെ കണ്ടുകിട്ടും? വിവേകത്തിന്‍റെ ഉദ്ഭവസ്ഥാനം എവിടെ?

13അതിന്‍റെ വില മനുഷ്യന്‍ അറിയുന്നില്ല; ജീവനുള്ളവരുടെ ദേശത്ത് അതിനെ കണ്ടെത്തുന്നില്ല.

14അത് എന്നിൽ ഇല്ല എന്ന് ആഴി പറയുന്നു; അത് എന്‍റെ പക്കൽ ഇല്ല എന്നു സമുദ്രവും പറയുന്നു.

15തങ്കം കൊടുത്താൽ അതു കിട്ടുന്നതല്ല; അതിന്‍റെ വിലയായി വെള്ളി തൂക്കിക്കൊടുക്കാറുമില്ല.

16ഓഫീര്‍പൊന്നോ വിലയേറിയ ഗോമേദകമോ നീലരത്നമോ ഒന്നും അതിന് ഈടാകുന്നതല്ല;

17സ്വര്‍ണവും സ്ഫടികവും അതിനോട് ഒക്കുന്നില്ല; തങ്കംകൊണ്ടുള്ള പണ്ടങ്ങള്‍ക്ക് അതിനെ മാറിക്കൊടുപ്പാറില്ല.

18പവിഴത്തിന്‍റെയും പളുങ്കിന്‍റെയും പേര്‍ മിണ്ടുകേ വേണ്ടാ; ജ്ഞാനത്തിന്‍റെ വില മുത്തുകളിലും കവിഞ്ഞതല്ലോ.

19കൂശിലെ പുഷ്പരാഗം അതിനോട് ഒക്കുന്നില്ല; തങ്കംകൊണ്ട് അതിന്‍റെ വില മതിക്കാവുന്നതുമല്ല.

20പിന്നെ ജ്ഞാനം എവിടെനിന്നു വരുന്നു? വിവേകത്തിന്‍റെ ഉദ്ഭവസ്ഥാനം എവിടെ?

21അതു സകല ജീവികളുടെയും കണ്ണുകള്‍ക്കു മറഞ്ഞിരിക്കുന്നു; ആകാശത്തിലെ പക്ഷികള്‍ക്ക് അതു ഗുപ്തമായിരിക്കുന്നു.

22ഞങ്ങളുടെ ചെവികൊണ്ട് അതിന്‍റെ കേള്‍വി കേട്ടിട്ടുണ്ട് എന്നു നരകവും മരണവും പറയുന്നു.

23ദൈവം അതിന്‍റെ വഴി അറിയുന്നു; അതിന്‍റെ ഉദ്ഭവസ്ഥാനം അവനു നിശ്ചയമുണ്ട്.

24അവന്‍ ഭൂമിയുടെ അറ്റങ്ങളോളവും നോക്കുന്നു; ആകാശത്തിന്‍റെ കീഴിലൊക്കെയും കാണുന്നു.

25അവന്‍ കാറ്റിനെ തൂക്കിനോക്കുകയും വെള്ളത്തിന്‍റെ അളവ് നിശ്ചയിക്കയും ചെയ്യുന്നു.

26അവന്‍ മഴയ്ക്ക് ഒരു നിയമവും ഇടിമിന്നലിന് ഒരു വഴിയും ഉണ്ടാക്കിയപ്പോള്‍

27അവന്‍ അതു കണ്ടു വര്‍ണിക്കയും അതു സ്ഥാപിച്ചു പരിശോധിക്കയും ചെയ്തു.

28കര്‍ത്താവിനോടുള്ള ഭക്തി തന്നെ ജ്ഞാനം; ദോഷം അകന്നു നടക്കുന്നതുതന്നെ വിവേകം എന്ന് അവന്‍ മനുഷ്യനോട് അരുളിച്ചെയ്തു.