പഴയ നിയമംMOV

ഇയ്യോബ് 27

1ഇയ്യോബ് തന്‍റെ സുഭാഷിതം തുടര്‍ന്നു ചൊല്ലിയതെന്തെന്നാൽ:

2എന്‍റെ ന്യായം നീക്കിക്കളഞ്ഞ ദൈവത്താണ, എനിക്കു മനോവ്യസനം വരുത്തിയ സര്‍വശക്തനാണ-

3എന്‍റെ പ്രാണന്‍ മുഴുവനും എന്നിലും ദൈവത്തിന്‍റെ ശ്വാസം എന്‍റെ മൂക്കിലും ഉണ്ടല്ലോ-

4എന്‍റെ അധരം നീതികേടു സംസാരിക്കയില്ല; എന്‍റെ നാവ് വ്യാജം ഉച്ചരിക്കയുമില്ല.

5നിങ്ങളുടെ വാദം ഞാന്‍ ഒരുനാളും സമ്മതിക്കയില്ല; മരിക്കുവോളം എന്‍റെ നിഷ്കളങ്കത്വം ഉപേക്ഷിക്കയുമില്ല.

6എന്‍റെ നീതി ഞാന്‍ വിടാതെ മുറുകെ പിടിക്കുന്നു; എന്‍റെ ഹൃദയം എന്‍റെ നാളുകളിൽ ഒന്നിനെയും ആക്ഷേപിക്കുന്നില്ല.

7എന്‍റെ ശത്രു ദുഷ്ടനെപ്പോലെയും എന്‍റെ എതിരാളി നീതികെട്ടവനെപ്പോലെയും ആകട്ടെ.

8ദൈവം വഷളനെ ഛേദിച്ച് അവന്‍റെ പ്രാണനെ എടുത്തുകളഞ്ഞാൽ അവന് എന്തു പ്രത്യാശ ശേഷിപ്പുള്ളൂ?

9അവനു കഷ്ടത വരുമ്പോള്‍ ദൈവം അവന്‍റെ നിലവിളി കേള്‍ക്കുമോ?

10അവന്‍ സര്‍വശക്തനിൽ ആനന്ദിക്കുമോ? എല്ലാക്കാലത്തും ദൈവത്തെ വിളിച്ചപേക്ഷിക്കുമോ?

11ദൈവത്തിന്‍റെ കൈയെക്കുറിച്ചു ഞാന്‍ നിങ്ങളെ ഉപദേശിക്കും; സര്‍വശക്തന്‍റെ ആന്തരം ഞാന്‍ മറച്ചുവയ്ക്കയില്ല.

12നിങ്ങള്‍ എല്ലാവരും അതു കണ്ടിരിക്കുന്നു; നിങ്ങള്‍ വ്യര്‍ഥബുദ്ധികളായിരിക്കുന്നതെന്ത്?

13ഇതു ദുര്‍ജനത്തിനു ദൈവത്തിന്‍റെ പക്കലുള്ള ഓഹരിയും നിഷ്ഠുരന്മാര്‍ സര്‍വശക്തങ്കൽനിന്നു പ്രാപിക്കുന്ന അവകാശവും തന്നെ.

14അവന്‍റെ മക്കള്‍ പെരുകിയാൽ അതു വാളിനായിട്ടത്രേ; അവന്‍റെ സന്തതി അപ്പം തിന്നു തൃപ്തരാകയില്ല.

15അവനു ശേഷിച്ചവര്‍ മഹാമാരിയാൽ കുഴിയിൽ ആകും; അവന്‍റെ വിധവമാര്‍ വിലപിക്കയുമില്ല.

16അവന്‍ പൊടിപോലെ വെള്ളി സ്വരൂപിച്ചാലും മണ്ണുപോലെ വസ്ത്രം സമ്പാദിച്ചാലും

17അവന്‍ സമ്പാദിച്ചു എന്നേയുള്ളൂ; നീതിമാന്‍ അത് ഉടുക്കും; കുറ്റമില്ലാത്തവന്‍ വെള്ളി പങ്കിടും.

18ചിലന്തിയെപ്പോലെ അവന്‍ വീടുപണിയുന്നു; കാവല്ക്കാരന്‍ മാടം കെട്ടുന്നതുപോലെ തന്നെ.

19അവന്‍ ധനവാനായി കിടക്കുന്നു; പിന്നെ അങ്ങനെ ചെയ്കയില്ല; അവന്‍ കണ്ണു തുറക്കുന്നു; ഇല്ലാതെയാകുന്നു.

20വെള്ളംപോലെ ഭയം അവനെ പിടിക്കുന്നു; രാത്രിയിൽ കൊടുങ്കാറ്റ് അവനെ കവര്‍ന്നു കൊണ്ടുപോകുന്നു.

21കിഴക്കന്‍കാറ്റ് അവനെ പിടിച്ചിട്ട് അവന്‍ പൊയ്പോകുന്നു. അവന്‍റെ സ്ഥലത്തുനിന്ന് അത് അവനെ പാറ്റിക്കളയുന്നു.

22ദൈവം ആദരിയാതെ അവനെ എയ്യുന്നു; തൃക്കൈയിൽനിന്നു ചാടിപ്പോകുവാന്‍ അവന്‍ നോക്കുന്നു.

23മനുഷ്യര്‍ അവന്‍റെ നേരേ കൈകൊട്ടും; അവന്‍റെ സ്ഥലത്തുനിന്ന് അവനെ വിരട്ടി പുറത്താക്കും.