പഴയ നിയമംMOV

ഇയ്യോബ് 26

1അതിന് ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാൽ:

2നീ ശക്തിയില്ലാത്തവന് എന്തു സഹായം ചെയ്തു? ബലമില്ലാത്ത ഭുജത്തെ എങ്ങനെ താങ്ങി?

3ജ്ഞാനമില്ലാത്തവന് എന്താലോചന പറഞ്ഞു കൊടുത്തു? ജ്ഞാനം എത്ര ധാരാളം ഉപദേശിച്ചു?

4ആരെയാകുന്നു നീ വാക്യം കേള്‍പ്പിച്ചത്? ആരുടെ ശ്വാസം നിന്നിൽനിന്നു പുറപ്പെട്ടു;

5വെള്ളത്തിനും അതിലെ നിവാസികള്‍ക്കും കീഴെ പ്രേതങ്ങള്‍ നൊന്തു നടുങ്ങുന്നു.

6പാതാളം അവന്‍റെ മുമ്പിൽ തുറന്നു കിടക്കുന്നു; നരകം മറയില്ലാതെയിരിക്കുന്നു.

7ഉത്തരദിക്കിനെ അവന്‍ ശൂന്യത്തിന്മേൽ വിരിക്കുന്നു; ഭൂമിയെ നാസ്തിത്വത്തിന്മേൽ തൂക്കുന്നു.

8അവന്‍ വെള്ളത്തെ മേഘങ്ങളിൽ കെട്ടിവയ്ക്കുന്നു; അതു വഹിച്ചിട്ട് കാര്‍മുകിൽ കീറിപ്പോകുന്നതുമില്ല.

9തന്‍റെ സിംഹാസനത്തിന്‍റെ ദര്‍ശനം അവന്‍ മറച്ചുവയ്ക്കുന്നു; അതിന്മേൽ തന്‍റെ മേഘം വിരിക്കുന്നു.

10അവന്‍ വെളിച്ചത്തിന്‍റെയും ഇരുട്ടിന്‍റെയും അറ്റത്തോളം വെള്ളത്തിന്മേൽ ഒരു അതിര്‍ വരച്ചിരിക്കുന്നു.

11ആകാശത്തിന്‍റെ തൂണുകള്‍ കുലുങ്ങുന്നു; അവന്‍റെ തര്‍ജനത്താൽ അവ ഭ്രമിച്ചുപോകുന്നു.

12അവന്‍ തന്‍റെ ശക്തികൊണ്ട് സമുദ്രത്തെ ഇളക്കുന്നു; തന്‍റെ വിവേകംകൊണ്ട് രഹബിനെ തകര്‍ക്കുന്നു.

13അവന്‍റെ ശ്വാസത്താൽ ആകാശം ശോഭിച്ചിരിക്കുന്നു; അവന്‍റെ കൈ വിദ്രുതസര്‍പ്പത്തെ കുത്തിത്തുളച്ചിരിക്കുന്നു.

14എന്നാൽ ഇവ അവന്‍റെ വഴികളുടെ അറ്റങ്ങളത്രേ; നാം അവനെക്കുറിച്ച് ഒരു മന്ദസ്വരമേ കേട്ടിട്ടുള്ളൂ. അവന്‍റെ ബലത്തിന്‍റെ ഇടിമുഴക്കമോ ആര്‍ ഗ്രഹിക്കും?