പഴയ നിയമംMOV

ഇയ്യോബ് 23

1അതിന് ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാൽ:

2ഇന്നും എന്‍റെ സങ്കടം കൊടിയതാകുന്നു; അവന്‍റെ കൈ എന്‍റെ ഞരക്കത്തിന്മേൽ ഭാരമാകുന്നു.

3അവനെ എവിടെ കാണുമെന്നറിഞ്ഞെങ്കിൽ കൊള്ളായിരുന്നു; അവന്‍റെ ന്യായാസനത്തിങ്കൽ ഞാന്‍ ചെല്ലുമായിരുന്നു.

4ഞാന്‍ അവന്‍റെ മുമ്പിൽ എന്‍റെ ന്യായം വിവരിക്കുമായിരുന്നു; ന്യായവാദം കോരിച്ചൊരിയുമായിരുന്നു.

5അവന്‍റെ ഉത്തരം അറിയാമായിരുന്നു; അവന്‍ എന്തു പറയുമെന്നും ഗ്രഹിക്കാമായിരുന്നു.

6അവന്‍ ബലാധിക്യത്തോടെ എന്നോടു വ്യവഹരിക്കുമോ? ഇല്ല; അവന്‍ എന്നെ ആദരിക്കേയുള്ളൂ.

7അവിടെ നേരുള്ളവന്‍ അവനോടു വാദിക്കുമായിരുന്നു; ഞാന്‍ സദാകാലത്തേക്കും എന്‍റെ ന്യായാധിപന്‍റെ കൈയിൽനിന്നു രക്ഷപെടുമായിരുന്നു.

8ഞാന്‍ കിഴക്കോട്ടു ചെന്നാൽ അവന്‍ അവിടെ ഇല്ല; പടിഞ്ഞാറോട്ടു ചെന്നാൽ അവനെ കാണുകയില്ല.

9വടക്ക് അവന്‍ പ്രവര്‍ത്തിക്കയിൽ നോക്കിയിട്ട് അവനെ കാണുന്നില്ല; തെക്കോട്ട് അവന്‍ തിരിയുന്നു; അവനെ കാണുന്നില്ലതാനും.

10എന്നാൽ ഞാന്‍ നടക്കുന്ന വഴി അവന്‍ അറിയുന്നു; എന്നെ ശോധന കഴിച്ചാൽ ഞാന്‍ പൊന്നുപോലെ പുറത്തുവരും.

11എന്‍റെ കാലടി അവന്‍റെ ചുവടു തുടര്‍ന്നു ചെല്ലുന്നു; ഞാന്‍ വിട്ടുമാറാതെ അവന്‍റെ വഴി പ്രമാണിക്കുന്നു.

12ഞാന്‍ അവന്‍റെ അധരങ്ങളുടെ കല്പന വിട്ടു പിന്മാറിയിട്ടില്ല; അവന്‍റെ വായിലെ വചനങ്ങളെ എന്‍റെ ആഹാരത്തെക്കാള്‍ സൂക്ഷിച്ചിരിക്കുന്നു.

13അവനോ അനന്യന്‍; അവനെ തടുക്കുന്നത് ആര്‍? തിരുവുള്ളത്തിന്‍റെ താൽപര്യം അവന്‍ അനുഷ്ഠിക്കും.

14എനിക്കു നിയമിച്ചിരിക്കുന്നത് അവന്‍ നിവര്‍ത്തിക്കുന്നു; ഇങ്ങനെയുള്ള പലതും അവന്‍റെ പക്കൽ ഉണ്ട്.

15അതുകൊണ്ട് ഞാന്‍ അവന്‍റെ സാന്നിധ്യത്തിങ്കൽ ഭ്രമിക്കുന്നു; ഓര്‍ത്തുനോക്കുമ്പോള്‍ ഞാന്‍ അവനെ ഭയപ്പെടുന്നു.

16ദൈവം എനിക്കു ധൈര്യക്ഷയം വരുത്തി, സര്‍വശക്തന്‍ എന്നെ ഭ്രമിപ്പിച്ചിരിക്കുന്നു.

17ഞാന്‍ പരവശനായിരിക്കുന്നത് അന്ധകാരം നിമിത്തമല്ല, കൂരിരുട്ട് എന്‍റെ മുഖത്തെ മൂടുന്നതുകൊണ്ടുമല്ല.