പഴയ നിയമംMOV

ഇയ്യോബ് 21

1അതിന് ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാൽ:

2എന്‍റെ വാക്ക് ശ്രദ്ധയോടെ കേള്‍പ്പിന്‍; അതു നിങ്ങള്‍ക്കു ആശ്വാസമായിരിക്കട്ടെ.

3നില്പിന്‍, ഞാനും സംസാരിക്കട്ടെ; ഞാന്‍ സംസാരിച്ചു കഴിഞ്ഞിട്ടു നിനക്കു പരിഹസിക്കാം.

4ഞാന്‍ സങ്കടം പറയുന്നതു മനുഷ്യനോടോ? എന്‍റെ ക്ഷമ അറ്റുപോകാതിരിക്കുന്നതെങ്ങനെ?

5എന്നെ നോക്കി ഭ്രമിച്ചു പോകുവിന്‍; കൈകൊണ്ടു വായ്പൊത്തിക്കൊള്‍വിന്‍.

6ഓര്‍ക്കുമ്പോള്‍ ഞാന്‍ ഞെട്ടിപ്പോകുന്നു; എന്‍റെ ദേഹത്തിനു വിറയൽ പിടിക്കുന്നു.

7ദുഷ്ടന്മാര്‍ ജീവിച്ചിരുന്നു വാര്‍ധക്യം പ്രാപിക്കയും അവര്‍ക്കു ബലം വര്‍ധിക്കയും ചെയ്യുന്നത് എന്ത്?

8അവരുടെ സന്താനം അവരോടുകൂടെ അവരുടെ മുമ്പിലും അവരുടെ വംശം അവര്‍ കാണ്‍കെയും ഉറച്ചു നില്ക്കുന്നു.

9അവരുടെ വീടുകള്‍ ഭയം കൂടാതെ സുഖമായിരിക്കുന്നു; ദൈവത്തിന്‍റെ വടി അവരുടെമേൽ വരുന്നതുമില്ല.

10അവരുടെ കാള ഇണചേരുന്നു, നിഷ്ഫലമാകുന്നില്ല; അവരുടെ പശു കിടാവിടുന്നു കരു അഴിയുന്നതുമില്ല.

11അവര്‍ കുഞ്ഞുങ്ങളെ ആട്ടിന്‍കൂട്ടത്തെപ്പോലെ പുറത്തയയ്ക്കുന്നു; അവരുടെ പൈതങ്ങള്‍ നൃത്തം ചെയ്യുന്നു.

12അവര്‍ തപ്പോടും കിന്നരത്തോടുംകൂടെ പാടുന്നു; കുഴലിന്‍റെ നാദത്തിങ്കൽ സന്തോഷിക്കുന്നു.

13അവര്‍ സുഖമായി നാള്‍ കഴിക്കുന്നു; മാത്രകൊണ്ടു പാതാളത്തിലേക്ക് ഇറങ്ങുന്നു.

14അവര്‍ ദൈവത്തോട്: ഞങ്ങളെ വിട്ടുപോക; നിന്‍റെ വഴികളെ അറിവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല;

15ഞങ്ങള്‍ സര്‍വശക്തനെ സേവിപ്പാന്‍ അവന്‍ ആര്‍? അവനോടു പ്രാര്‍ഥിച്ചാൽ എന്തു പ്രയോജനം എന്നു പറയുന്നു.

16എന്നാൽ അവരുടെ ഭാഗ്യം അവര്‍ക്കു കൈവശമല്ല; ദുഷ്ടന്മാരുടെ ആലോചന എന്നോട് അകന്നിരിക്കുന്നു.

17ദുഷ്ടന്മാരുടെ വിളക്ക് കെട്ടുപോകുന്നതും അവര്‍ക്ക് ആപത്തു വരുന്നതും ദൈവം കോപത്തിൽ കഷ്ടങ്ങളെ വിഭാഗിച്ചു കൊടുക്കുന്നതും എത്ര പ്രാവശ്യം!

18അവര്‍ കാറ്റിനു മുമ്പിൽ താളടിപോലെയും കൊടുങ്കാറ്റു പറപ്പിക്കുന്ന പതിര്‍പോലെയും ആകുന്നു.

19ദൈവം അവന്‍റെ അകൃത്യം അവന്‍റെ മക്കള്‍ക്കായി സംഗ്രഹിച്ചു വയ്ക്കുന്നു; അവന്‍ അത് അനുഭവിക്കേണ്ടതിന് അവനു തന്നെ പകരം കൊടുക്കട്ടെ.

20അവന്‍റെ സ്വന്ത കണ്ണ് അവന്‍റെ നാശം കാണട്ടെ; അവന്‍ തന്നെ സര്‍വശക്തന്‍റെ ക്രോധം കുടിക്കട്ടെ.

21അവന്‍റെ മാസങ്ങളുടെ സംഖ്യ അറ്റുപോയാൽ തന്‍റെശേഷം തന്‍റെ ഭവനത്തോട് അവനെന്തു താൽപര്യം?

22ആരെങ്കിലും ദൈവത്തിനു ബുദ്ധിയുപദേശിക്കുമോ? അവന്‍ ഉന്നതന്മാരെ ന്യായം വിധിക്കുന്നുവല്ലോ.

23ഒരുത്തന്‍ കേവലം സ്വൈരവും സ്വസ്ഥതയുമുള്ളവനായി തന്‍റെ പൂര്‍ണക്ഷേമത്തിൽ മരിക്കുന്നു.

24അവന്‍റെ തൊട്ടികള്‍ പാലുകൊണ്ടു നിറഞ്ഞിരിക്കുന്നു; അവന്‍റെ അസ്ഥികളിലെ മജ്ജ അയഞ്ഞിരിക്കുന്നു.

25മറ്റൊരുത്തന്‍ മനോവ്യസനത്തോടെ മരിക്കുന്നു; നന്മയൊന്നും അനുഭവിപ്പാന്‍ ഇടവരുന്നതുമില്ല.

26അവര്‍ ഒരുപോലെ പൊടിയിൽ കിടക്കുന്നു; കൃമി അവരെ മൂടുന്നു.

27ഞാന്‍ നിങ്ങളുടെ വിചാരങ്ങളെയും നിങ്ങള്‍ എന്‍റെ നേരേ നിരൂപിക്കുന്ന ഉപായങ്ങളെയും അറിയുന്നു.

28പ്രഭുവിന്‍റെ ഭവനം എവിടെ? ദുഷ്ടന്മാര്‍ പാര്‍ത്ത കൂടാരം എവിടെ എന്നല്ലോ നിങ്ങള്‍ പറയുന്നത്?

29വഴിപോക്കരോടു നിങ്ങള്‍ ചോദിച്ചിട്ടില്ലയോ? അവരുടെ അടയാളങ്ങളെ അറിയുന്നില്ലയോ?

30അനര്‍ഥദിവസത്തിൽ ദുഷ്ടന്‍ ഒഴിഞ്ഞുപോകുന്നു; ക്രോധദിവസത്തിൽ അവര്‍ക്കു വിടുതൽ കിട്ടുന്നു.

31അവന്‍റെ നടപ്പിനെക്കുറിച്ച് ആര്‍ അവന്‍റെ മുഖത്തു നോക്കിപറയും? അവന്‍ ചെയ്തതിനു തക്കവണ്ണം ആര്‍ അവനു പകരം വീട്ടും?

32എന്നാലും അവനെ ശ്മശാനത്തിലേക്കു കൊണ്ടുപോകുന്നു; അവന്‍ കല്ലറയ്ക്കൽ കാവൽ നില്ക്കുന്നു.

33താഴ്വരയിലെ കട്ട അവനു മധുരമായിരിക്കും; അവന്‍റെ പിന്നാലെ സകല മനുഷ്യരും ചെല്ലും; അവനു മുമ്പേ പോയവര്‍ക്ക് എണ്ണമില്ല.

34നിങ്ങള്‍ വൃഥാ എന്നെ ആശ്വസിപ്പിക്കുന്നത് എങ്ങനെ? നിങ്ങളുടെ ഉത്തരങ്ങളിൽ കപടം ഉണ്ടല്ലോ.