പഴയ നിയമംMOV

ഇയ്യോബ് 1

1ഊസ്ദേശത്ത് ഇയ്യോബ് എന്നു പേരുള്ളൊരു പുരുഷന്‍ ഉണ്ടായിരുന്നു; അവന്‍ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ആയിരുന്നു.

2അവന് ഏഴു പുത്രന്മാരും മൂന്നു പുത്രിമാരും ജനിച്ചു.

3അവന് ഏഴായിരം ആടും മൂവായിരം ഒട്ടകവും അഞ്ഞൂറ് ഏര്‍ കാളയും അഞ്ഞൂറു പെണ്‍കഴുതയുമായ മൃഗസമ്പത്തും ഏറ്റവും വളരെ ദാസജനവും ഉണ്ടായിരുന്നു; അങ്ങനെ അവന്‍ സകല പൂര്‍വദിഗ്വാസികളിലും മഹാനായിരുന്നു.

4അവന്‍റെ പുത്രന്മാര്‍ ഓരോരുത്തന്‍ താന്താന്‍റെ ദിവസത്തിൽ താന്താന്‍റെ വീട്ടിൽ വിരുന്നു കഴിക്കയും തങ്ങളോടുകൂടെ ഭക്ഷിച്ചു പാനം ചെയ്‍വാന്‍ തങ്ങളുടെ മൂന്നു സഹോദരിമാരെയും ആളയച്ചു വിളിപ്പിക്കയും ചെയ്ക പതിവായിരുന്നു.

5എന്നാൽ വിരുന്നു നാളുകള്‍ വട്ടം തികയുമ്പോള്‍ ഇയ്യോബ് പക്ഷേ എന്‍റെ പുത്രന്മാര്‍ പാപം ചെയ്തു ദൈവത്തെ ഹൃദയംകൊണ്ടു ത്യജിച്ചുപോയിരിക്കും എന്നു പറഞ്ഞ് ആളയച്ച് അവരെ വരുത്തി ശുദ്ധീകരിക്കയും നന്നാ രാവിലെ എഴുന്നേറ്റ് അവരുടെ സംഖ്യക്ക് ഒത്തവണ്ണം ഹോമയാഗങ്ങളെ കഴിക്കയും ചെയ്യും. ഇങ്ങനെ ഇയ്യോബ് എല്ലായ്പോഴും ചെയ്തുപോന്നു.

6ഒരു ദിവസം ദൈവപുത്രന്മാര്‍ യഹോവയുടെ സന്നിധിയിൽ നില്പാന്‍ ചെന്നു; അവരുടെ കൂട്ടത്തിൽ സാത്താനും ചെന്നു.

7യഹോവ സാത്താനോട്: നീ എവിടെനിന്നു വരുന്നു എന്ന് ചോദിച്ചതിന് സാത്താന്‍ യഹോവയോട്: ഞാന്‍ ഭൂമിയിൽ ഊടാടി സഞ്ചരിച്ചിട്ട് വരുന്നു എന്ന് ഉത്തരം പറഞ്ഞു.

8യഹോവ സാത്താനോട്: എന്‍റെ ദാസനായ ഇയ്യോബിന്മേൽ നീ ദൃഷ്‍ടി വച്ചുവോ? അവനെപ്പോലെ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ഭൂമിയിൽ ആരും ഇല്ലല്ലോ എന്ന് അരുളിച്ചെയ്തു.

9അതിനു സാത്താന്‍ യഹോവയോട്: വെറുതെയോ ഇയ്യോബ് ദൈവഭക്തനായിരിക്കുന്നത്?

10നീ അവനും അവന്‍റെ വീട്ടിനും അവനുള്ള സകലത്തിനും ചുറ്റും വേലികെട്ടിയിട്ടില്ലയോ? നീ അവന്‍റെ പ്രവൃത്തിയെ അനുഗ്രഹിച്ചിരിക്കുന്നു; അവന്‍റെ മൃഗസമ്പത്തു ദേശത്തു പെരുകിയിരിക്കുന്നു.

11തൃക്കൈ നീട്ടി അവനുള്ളതൊക്കെയും ഒന്നു തൊടുക; അവന്‍ നിന്നെ മുഖത്തു നോക്കി ത്യജിച്ചുപറയും എന്ന് ഉത്തരം പറഞ്ഞു.

12ദൈവം സാത്താനോട്: ഇതാ, അവനുള്ളതൊക്കെയും നിന്‍റെ കൈയിൽ ഇരിക്കുന്നു; അവന്‍റെമേൽ മാത്രം കൈയേറ്റം ചെയ്യരുത് എന്നു കല്പിച്ചു. അങ്ങനെ സാത്താന്‍ യഹോവയുടെ സന്നിധി വിട്ടു പുറപ്പെട്ടുപോയി.

13ഒരു ദിവസം ഇയ്യോബിന്‍റെ പുത്രന്മാരും പുത്രിമാരും മൂത്തജ്യേഷ്ഠന്‍റെ വീട്ടിൽ തിന്നുകയും വീഞ്ഞു കുടിക്കയും ചെയ്തുകൊണ്ടിരിക്കുമ്പോള്‍

14ഒരു ദൂതന്‍ അവന്‍റെ അടുക്കൽ വന്നു: കാളകളെ പൂട്ടുകയും പെണ്‍കഴുതകള്‍ അരികെ മേഞ്ഞുകൊണ്ടിരിക്കയും ആയിരുന്നു;

15പെട്ടെന്നു ശെബായര്‍ വന്ന് അവയെ പിടിച്ചുകൊണ്ടു പോകയും വേലക്കാരെ വാളിന്‍റെ വായ്ത്തലയാൽ വെട്ടിക്കൊല്ലുകയും ചെയ്തു; വിവരം നിന്നെ അറിയിപ്പാന്‍ ഞാന്‍ ഒരുത്തന്‍ മാത്രം വഴുതിപ്പോന്നു എന്നു പറഞ്ഞു.

16അവന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍തന്നെ വേറൊരുത്തന്‍ വന്നു; ദൈവത്തിന്‍റെ തീ ആകാശത്തുനിന്നു വീണു കത്തി, ആടുകളും വേലക്കാരും അതിന് ഇരയായിപ്പോയി; വിവരം നിന്നെ അറിയിപ്പാന്‍ ഞാന്‍ ഒരുത്തന്‍ മാത്രം വഴുതിപ്പോന്നു എന്നു പറഞ്ഞു.

17അവന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍തന്നെ മറ്റൊരുത്തന്‍ വന്നു: പെട്ടെന്നു കല്ദയര്‍ മൂന്നു കൂട്ടമായി വന്ന് ഒട്ടകങ്ങളെ പിടിച്ചുകൊണ്ടു പോകയും വേലക്കാരെ വാളിന്‍റെ വായ്ത്തലയാൽ വെട്ടിക്കൊല്ലുകയും ചെയ്തു; വിവരം നിന്നെ അറിയിപ്പാന്‍ ഞാന്‍ ഒരുത്തന്‍മാത്രം വഴുതിപ്പോന്നു എന്നു പറഞ്ഞു.

18അവന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ മറ്റൊരുത്തന്‍ വന്നു; നിന്‍റെ പുത്രന്മാരും പുത്രിമാരും മൂത്ത ജ്യേഷ്ഠന്‍റെ വീട്ടിൽ തിന്നുകയും വീഞ്ഞു കുടിക്കയും ചെയ്തുകൊണ്ടിരുന്നു.

19പെട്ടെന്നു മരുഭൂമിയിൽനിന്ന് ഒരു കൊടുങ്കാറ്റു വന്നു വീട്ടിന്‍റെ നാലു മൂലയ്ക്കും അടിച്ചു: അതു യൗവനക്കാരുടെമേൽ വീണു; അവര്‍ മരിച്ചുപോയി; വിവരം നിന്നെ അറിയിപ്പാന്‍ ഞാനൊരുത്തന്‍ മാത്രം വഴുതിപ്പോന്നു എന്നു പറഞ്ഞു.

20അപ്പോള്‍ ഇയ്യോബ് എഴുന്നേറ്റു വസ്ത്രം കീറി തല ചിരച്ചു സാഷ്ടാംഗം വീണു നമസ്കരിച്ചു:

21നഗ്നനായി ഞാന്‍ എന്‍റെ അമ്മയുടെ ഗര്‍ഭത്തിൽനിന്നു പുറപ്പെട്ടുവന്നു, നഗ്നനായിത്തന്നെ മടങ്ങിപ്പോകും. യഹോവ തന്നു, യഹോവ എടുത്തു, യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ എന്നു പറഞ്ഞു.

22ഇതിലൊന്നിലും ഇയ്യോബ് പാപം ചെയ്കയോ ദൈവത്തിനു ഭോഷത്തം ആരോപിക്കയോ ചെയ്തില്ല.