പഴയ നിയമംMOV

ഇയ്യോബ് 18

1അതിനു ശൂഹ്യനായ ബിൽദാദ് ഉത്തരം പറഞ്ഞതെന്തെന്നാൽ:

2നിങ്ങള്‍ എത്രത്തോളം മൊഴികള്‍ക്കു കുടുക്കുവയ്ക്കും? ബുദ്ധി വയ്പിന്‍; പിന്നെ നമുക്കു സംസാരിക്കാം.

3ഞങ്ങളെ മൃഗങ്ങളായെണ്ണുന്നതും ഞങ്ങള്‍ നിങ്ങള്‍ക്ക് അശുദ്ധരായിത്തോന്നുന്നതും എന്ത്?

4കോപത്തിൽ തന്നെത്താന്‍ കടിച്ചു കീറുന്നവനേ, നിന്‍റെ നിമിത്തം ഭൂമി നിര്‍ജനമായിത്തീരേണമോ? പാറ അതിന്‍റെ സ്ഥലംവിട്ട് മാറേണമോ?

5ദുഷ്ടന്മാരുടെ വെളിച്ചം കെട്ടുപോകും; അവന്‍റെ അഗ്നിജ്വാല പ്രകാശിക്കയില്ല.

6അവന്‍റെ കൂടാരത്തിൽ വെളിച്ചം ഇരുണ്ടുപോകും; അവന്‍റെ ദീപം കെട്ടുപോകും.

7അവന്‍ ചുറുക്കോടെ കാലടി വയ്ക്കുന്ന സ്ഥലം ഇടുങ്ങിപ്പോകും; അവന്‍റെ സ്വന്ത ആലോചന അവനെ തള്ളിയിടും.

8അവന്‍റെ കാൽ വലയിൽ കുടുങ്ങിപ്പോകും; അവന്‍ കെണിയിന്മീതെ നടക്കും.

9പാശം അവന്‍റെ കുതികാലിനു പിടിക്കും; അവന്‍ കുടുക്കിൽ അകപ്പെടും.

10അവന് നിലത്തു കുരുക്കു മറച്ചുവയ്ക്കും; അവനെ പിടിപ്പാന്‍ പാതയിൽ വല ഒളിച്ചുവയ്ക്കും.

11ചുറ്റിലും ഘോരത്വങ്ങള്‍ അവനെ ഭ്രമിപ്പിക്കും; അവന്‍റെ കാലുകളെ തുടര്‍ന്ന് അവനെ വേട്ടയാടും.

12അവന്‍റെ അനര്‍ഥം വിശന്നിരിക്കുന്നു; വിപത്ത് അവന്‍റെ അരികെ ഒരുങ്ങി നില്ക്കുന്നു.

13അത് അവന്‍റെ ദേഹാംഗങ്ങളെ തിന്നുകളയും; മരണത്തിന്‍റെ കടിഞ്ഞൂൽ അവന്‍റെ അവയവങ്ങളെ തിന്നുകളയും.

14അവന്‍ ആശ്രയിച്ച കൂടാരത്തിൽനിന്ന് അവന്‍ വേര്‍ പറിഞ്ഞുപോകും; ഘോരരാജാവിന്‍റെ അടുക്കലേക്ക് അവനെ കൊണ്ടുപോകും.

15അവന് ഒന്നുമാകാത്തവര്‍ അവന്‍റെ കൂടാരത്തിൽ വസിക്കും; അവന്‍റെ നിവാസത്തിന്മേൽ ഗന്ധകം പെയ്യും.

16കീഴെ അവന്‍റെ വേരുണങ്ങിപ്പോകും; മേലെ അവന്‍റെ കൊമ്പു വാടിപ്പോകും.

17അവന്‍റെ ഓര്‍മ ഭൂമിയിൽനിന്നു നശിച്ചുപോകും; തെരുവീഥിയിൽ അവന്‍റെ പേര്‍ ഇല്ലാതാകും.

18അവനെ വെളിച്ചത്തുനിന്ന് ഇരുട്ടിലേക്കു തള്ളിയിടും; ഭൂതലത്തിൽനിന്ന് അവനെ ഓടിച്ചു കളയും.

19സ്വജനത്തിൽ അവനു പുത്രനോ പൗത്രനോ ഇല്ലാതിരിക്കും; അവന്‍റെ പാര്‍പ്പിടം അന്യനുപോകും.

20പശ്ചിമവാസികള്‍ അവന്‍റെ ദിവസം കണ്ടു വിസ്മയിക്കും; പൂര്‍വദിഗ്വാസികള്‍ക്കു നടുക്കം പിടിക്കും.

21നീതികെട്ടവന്‍റെ വാസസ്ഥലം ഇങ്ങനെയാകുന്നു. ദൈവത്തെ അറിയാത്തവന്‍റെ ഇടം ഇവ്വണ്ണം തന്നെ.