പഴയ നിയമംMOV

ഇയ്യോബ് 16

1അതിന് ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാൽ:

2ഞാന്‍ ഈ വക പലതും കേട്ടിട്ടുണ്ട്; നിങ്ങള്‍ എല്ലാവരും വ്യസനിപ്പിക്കുന്ന ആശ്വാസകന്മാര്‍.

3വ്യര്‍ഥവാക്കുകള്‍ക്ക് അവസാനം ഉണ്ടാകുമോ? അല്ല, പ്രതിവാദിപ്പാന്‍ നിന്നെ ചൊടിപ്പിക്കുന്നത് എന്ത്?

4നിങ്ങളെപ്പോലെ ഞാനും സംസാരിക്കാം; എനിക്കുള്ള അനുഭവം നിങ്ങള്‍ക്കുണ്ടായിരുന്നുവെങ്കിൽ എനിക്കും നിങ്ങളുടെ നേരേ മൊഴികളെ യോജിപ്പിക്കയും നിങ്ങളെക്കുറിച്ചു തല കുലുക്കുകയും ചെയ്യാമായിരുന്നു.

5ഞാന്‍ വായ്കൊണ്ടു നിങ്ങളെ ധൈര്യപ്പെടുത്തുകയും അധരസാന്ത്വനംകൊണ്ടു നിങ്ങളെ ആശ്വസിപ്പിക്കയും ചെയ്യുമായിരുന്നു.

6ഞാന്‍ സംസാരിച്ചാലും എന്‍റെ വേദന ശമിക്കുന്നില്ല; ഞാന്‍ അടങ്ങിയിരുന്നാലും എനിക്ക് എന്ത് ആശ്വാസമുള്ളൂ?

7ഇപ്പോഴോ അവന്‍ എന്നെ ക്ഷീണിപ്പിച്ചിരിക്കുന്നു; നീ എന്‍റെ ബന്ധുവര്‍ഗത്തെയൊക്കെയും ശൂന്യമാക്കിയിരിക്കുന്നു.

8നീ എന്നെ പിടിച്ചിരിക്കുന്നു; അത് എന്‍റെ നേരേ സാക്ഷ്യമായിരിക്കുന്നു; എന്‍റെ മെലിച്ചൽ എനിക്കു വിരോധമായെഴുന്നേറ്റ് എന്‍റെ മുഖത്തു നോക്കി സാക്ഷ്യം പറയുന്നു.

9അവന്‍ കോപത്തിൽ എന്നെ കീറി ഉപദ്രവിക്കുന്നു; അവന്‍ എന്‍റെ നേരേ പല്ലു കടിക്കുന്നു; ശത്രു എന്‍റെ നേരേ കണ്ണു കൂര്‍പ്പിക്കുന്നു.

10അവര്‍ എന്‍റെ നേരേ വായ് പിളര്‍ക്കുന്നു; നിന്ദയോടെ അവര്‍ എന്‍റെ ചെകിട്ടത്തടിക്കുന്നു; അവര്‍ എനിക്കു വിരോധമായി കൂട്ടം കൂടുന്നു.

11ദൈവം എന്നെ അഭക്തന്‍റെ പക്കൽ ഏല്പിക്കുന്നു; ദുഷ്ടന്മാരുടെ കൈയിൽ എന്നെ അകപ്പെടുത്തുന്നു.

12ഞാന്‍ സ്വൈരമായി വസിച്ചിരുന്നു; അവനോ എന്നെ ചതച്ചുകളഞ്ഞു; അവന്‍ എന്നെ പിടരിക്കു പിടിച്ചു തകര്‍ത്തുകളഞ്ഞു; എന്നെ തനിക്കു ലാക്കാക്കി നിര്‍ത്തിയിരിക്കുന്നു.

13അവന്‍റെ അസ്ത്രങ്ങള്‍ എന്‍റെ ചുറ്റും വീഴുന്നു; അവന്‍ ആദരിക്കാതെ എന്‍റെ അന്തര്‍ഭാഗങ്ങളെ പിളര്‍ക്കുന്നു; എന്‍റെ പിത്തത്തെ നിലത്ത് ഒഴിച്ചുകളയുന്നു.

14അവന്‍ എന്നെ ഇടിച്ചിടിച്ചു തകര്‍ക്കുന്നു; മല്ലനെപ്പോലെ എന്‍റെ നേരേ പായുന്നു.

15ഞാന്‍ രട്ട് എന്‍റെ ത്വക്കിന്മേൽ കൂട്ടിത്തുന്നി, എന്‍റെ കൊമ്പിനെ പൊടിയിൽ ഇട്ടിരിക്കുന്നു.

16കരഞ്ഞുകരഞ്ഞ് എന്‍റെ മുഖം ചുവന്നിരിക്കുന്നു; എന്‍റെ കണ്ണിന്മേൽ അന്ധതമസ്സു കിടക്കുന്നു.

17എങ്കിലും സാഹസം എന്‍റെ കൈകളിൽ ഇല്ല. എന്‍റെ പ്രാര്‍ഥന നിര്‍മ്മലമത്രേ.

18അയ്യോ ഭൂമിയേ, എന്‍റെ രക്തം മൂടരുതേ; എന്‍റെ നിലവിളി എങ്ങും തടഞ്ഞുപോകരുതേ.

19ഇപ്പോഴും എന്‍റെ സാക്ഷി സ്വര്‍ഗത്തിലും എന്‍റെ ജാമ്യക്കാരന്‍ ഉയരത്തിലും ഇരിക്കുന്നു.

20എന്‍റെ സ്നേഹിതന്മാര്‍ എന്നെ പരിഹസിക്കുന്നു; എന്‍റെ കണ്ണോ ദൈവത്തിങ്കലേക്കു കണ്ണുനീര്‍ പൊഴിക്കുന്നു.

21അവന്‍ മനുഷ്യനുവേണ്ടി ദൈവത്തോടും മനുഷ്യപുത്രനുവേണ്ടി അവന്‍റെ കൂട്ടുകാരനോടും ന്യായവാദം കഴിക്കും.

22ചില ആണ്ട് കഴിയുമ്പോഴേക്കു ഞാന്‍ മടങ്ങിവരാത്ത പാതയ്ക്കു പോകേണ്ടിവരുമല്ലോ.