പഴയ നിയമംMOV

ഇയ്യോബ് 15

1അതിനു തേമാന്യനായ എലീഫസ് ഉത്തരം പറഞ്ഞതെന്തെന്നാൽ:

2ജ്ഞാനിയായവന്‍ വ്യര്‍ഥജ്ഞാനം പ്രസ്താവിക്കുമോ? അവന്‍ കിഴക്കന്‍കാറ്റുകൊണ്ടു വയറു നിറയ്ക്കുമോ?

3അവന്‍ പ്രയോജനമില്ലാത്ത വാക്കുകളാലും ഉപകാരമില്ലാത്ത മൊഴികളാലും തര്‍ക്കിക്കുമോ?

4നീ ഭക്തി വെടിഞ്ഞു ദൈവസന്നിധിയിലെ ധ്യാനം മുടക്കിക്കളയുന്നു.

5നിന്‍റെ അകൃത്യം നിന്‍റെ വായെ പഠിപ്പിക്കുന്നു; ഉപായികളുടെ നാവു നീ തിരഞ്ഞെടുത്തിരിക്കുന്നു.

6ഞാനല്ല, നിന്‍റെ സ്വന്തവായ് നിന്നെ കുറ്റം വിധിക്കുന്നു; നിന്‍റെ അധരങ്ങള്‍ തന്നെ നിന്‍റെ നേരേ സാക്ഷീകരിക്കുന്നു.

7നീയോ ആദ്യം ജനിച്ച മനുഷ്യന്‍? ഗിരികള്‍ക്കുംമുമ്പേ നീ പിറന്നുവോ?

8നീ ദൈവത്തിന്‍റെ മന്ത്രിസഭയിൽ കൂടിയിട്ടുണ്ടോ? ജ്ഞാനത്തെ നീ കുത്തക പിടിച്ചിരിക്കുന്നുവോ?

9ഞങ്ങള്‍ അറിയാത്തതായി നീ എന്ത് അറിയുന്നു? ഞങ്ങള്‍ക്കു വശം ഇല്ലാത്തതായി എന്തൊന്നു നീ ഗ്രഹിച്ചിരിക്കുന്നു?

10ഞങ്ങളുടെ ഇടയിൽ നരച്ചവരും വൃദ്ധന്മാരും ഉണ്ട്; നിന്‍റെ അപ്പനെക്കാള്‍ പ്രായം ചെന്നവര്‍ തന്നെ.

11ദൈവത്തിന്‍റെ ആശ്വാസങ്ങളും സ്വന്തമായി പറഞ്ഞുതരുന്ന വാക്കും നിനക്കു പോരയോ?

12നിന്‍റെ ഹൃദയം നിന്നെ പതറിക്കുന്നതെന്ത്? നീ കണ്ണ് ഉരുട്ടുന്നതെന്ത്?

13നീ ദൈവത്തിന്‍റെ നേരേ ചീറുകയും നിന്‍റെ വായിൽനിന്നു മൊഴികളെ പുറപ്പെടുവിക്കയും ചെയ്യുന്നു.

14മര്‍ത്യന്‍ ശുദ്ധിമാനായിരിക്കുന്നതെങ്ങനെ? സ്ത്രീ പ്രസവിച്ചവന്‍ നീതിമാനായിരിക്കുന്നതെങ്ങനെ?

15തന്‍റെ വിശുദ്ധന്മാരിലും അവനു വിശ്വാസമില്ലല്ലോ; സ്വര്‍ഗവും തൃക്കണ്ണിനു നിര്‍മ്മലമല്ല.

16പിന്നെ മ്ലേച്ഛതയും വഷളത്തവുമുള്ളവനായി വെള്ളംപോലെ അകൃത്യം കുടിക്കുന്ന മനുഷ്യന്‍ എങ്ങനെ?

17ഞാന്‍ നിന്നെ ഉപദേശിക്കാം, കേട്ടുകൊള്‍ക; ഞാന്‍ കണ്ടിട്ടുള്ളതു വിവരിച്ചു പറയാം.

18ജ്ഞാനികള്‍ തങ്ങളുടെ പിതാക്കന്മാരോടു കേള്‍ക്കയും മറച്ചുവയ്ക്കാതെ അറിയിക്കയും ചെയ്തതുതന്നെ.

19അവര്‍ക്കു മാത്രമല്ലോ ദേശം നല്കിയിരുന്നത്; അന്യന്‍ അവരുടെ ഇടയിൽ കടക്കുന്നതുമില്ല.

20ദുഷ്ടന്‍ ജീവപര്യന്തം അതിവേദനയോടെ ഇരിക്കുന്നു; നിഷ്ഠുരനു വച്ചിരിക്കുന്ന ആണ്ടുകള്‍ തികയുവോളം തന്നെ.

21ഘോരനാദം അവന്‍റെ ചെവിയിൽ മുഴങ്ങുന്നു; സുഖമായിരിക്കയിൽ കവര്‍ച്ചക്കാരന്‍ അവന്‍റെ നേരേ വരുന്നു.

22അന്ധകാരത്തിൽനിന്നു മടങ്ങിവരുമെന്ന് അവന്‍ വിശ്വസിക്കുന്നില്ല; അവന്‍ വാളിനിരയായി നിയമിക്കപ്പെട്ടിരിക്കുന്നു.

23അവന്‍ അപ്പം തെണ്ടിനടക്കുന്നു; അത് എവിടെ കിട്ടും? അനര്‍ഥദിവസം തനിക്ക് അടുത്തിരിക്കുന്നു എന്ന് അവന്‍ അറിയുന്നു.

24കഷ്ടവും വ്യാകുലവും അവനെ അരട്ടുന്നു; പടയ്ക്കൊരുങ്ങിയ രാജാവെന്നപോലെ അവനെ ആക്രമിക്കുന്നു.

25അവന്‍ ദൈവത്തിനു വിരോധമായി കൈ നീട്ടി, സര്‍വശക്തനോടു ധിക്കാരം കാട്ടിയതുകൊണ്ടുതന്നെ.

26തന്‍റെ പരിചകളുടെ തുടിച്ച മുഴകളോടുകൂടെ അവന്‍ ശാഠ്യംകാണിച്ച് അവന്‍റെ നേരേ പാഞ്ഞുചെല്ലുന്നു.

27അവന്‍ തന്‍റെ മുഖത്തെ മേദസ്സുകൊണ്ടു മൂടുന്നു; തന്‍റെ കടിപ്രദേശത്തു കൊഴുപ്പു കൂട്ടുന്നു.

28അവന്‍ ശൂന്യനഗരങ്ങളിലും ആരും പാര്‍ക്കാതെ കൽക്കൂമ്പാരങ്ങളായിത്തീരുവാനുള്ള വീടുകളിലും പാര്‍ക്കുന്നു.

29അവന്‍ ധനവാനാകയില്ല; അവന്‍റെ സമ്പത്തു നിലനില്ക്കയില്ല; അവരുടെ വിളവു നിലത്തേക്കു കുലച്ചുമറികയുമില്ല.

30ഇരുളിൽനിന്ന് അവന്‍ തെറ്റിപ്പോകയില്ല; അഗ്നിജ്വാല അവന്‍റെ കൊമ്പുകളെ ഉണക്കിക്കളയും; തിരുവായിലെ ശ്വാസംകൊണ്ട് അവന്‍ കെട്ടുപോകും.

31അവന്‍ വ്യാജത്തിൽ ആശ്രയിക്കരുത്; അതു സ്വയവഞ്ചനയത്രേ; അവന്‍റെ പ്രതിഫലം വ്യാജംതന്നെ ആയിരിക്കും.

32അവന്‍റെ ദിവസം വരുംമുമ്പേ അതു നിവൃത്തിയാകും; അവന്‍റെ പനമ്പട്ട പച്ചയായിരിക്കയില്ല.

33മുന്തിരിവള്ളിപോലെ അവന്‍ പിഞ്ച് ഉതിര്‍ക്കും; ഒലിവുവൃക്ഷംപോലെ പൂ പൊഴിക്കും

34വഷളന്മാരുടെ കൂട്ടം വന്ധ്യത പ്രാപിക്കും; കൈക്കൂലിയുടെ കൂടാരങ്ങള്‍ തീക്കിരയാകും.

35അവര്‍ കഷ്ടത്തെ ഗര്‍ഭം ധരിച്ച് അനര്‍ഥത്തെ പ്രസവിക്കുന്നു; അവരുടെ ഉദരം വഞ്ചനയെ ഉരുവാക്കുന്നു.