പഴയ നിയമംMOV

യിരെമ്യാവ് 6

1ബെന്യാമീന്‍മക്കളേ, യെരൂശലേമിന്‍റെ നടുവിൽനിന്ന് ഓടിപ്പോകുവിന്‍; തെക്കോവയിൽ കാഹളം ഊതുവിന്‍; ബേത്ത്-ഹക്കേരെമിൽ ഒരു തീക്കുറി ഉയര്‍ത്തുവിന്‍; വടക്കുനിന്ന് അനര്‍ഥവും മഹാനാശവും കാണായ്‍വരുന്നു.

2സുന്ദരിയും സുഖഭോഗിനിയുമായ സീയോന്‍പുത്രിയെ ഞാന്‍ മുടിച്ചുകളയും.

3അവളുടെ അടുക്കൽ ഇടയന്മാര്‍ ആട്ടിന്‍കൂട്ടങ്ങളോടുകൂടെ വരും; അവര്‍ അവള്‍ക്കെതിരെ ചുറ്റിലും കൂടാരം അടിക്കും; അവര്‍ ഓരോരുത്തന്‍ താന്താന്‍റെ ഭാഗത്തു മേയിക്കും.

4അതിന്‍റെ നേരേ പടയൊരുക്കുവിന്‍! എഴുന്നേല്പിന്‍ ഉച്ചയ്ക്കു തന്നെ നമുക്കു കയറിച്ചെല്ലാം! അയ്യോ കഷ്ടം! നേരം വൈകി നിഴൽ നീണ്ടുപോയി.

5എഴുന്നേല്പിന്‍! രാത്രിയിൽ നാം കയറിച്ചെന്ന് അതിലെ അരമനകളെ നശിപ്പിക്കുക!

6സൈന്യങ്ങളുടെ യഹോവ ഇപ്രകാരം കല്പിക്കുന്നു: വൃക്ഷം മുറിപ്പിന്‍! യെരൂശലേമിനു നേരേ വാട കോരുവിന്‍! സന്ദര്‍ശിക്കപ്പെടുവാനുള്ള നഗരം ഇതു തന്നെ; അതിന്‍റെ അകം മുഴുവനും പീഡനം നിറഞ്ഞിരിക്കുന്നു.

7കിണറ്റിൽ പച്ചവെള്ളം നിറഞ്ഞിരിക്കുന്നതുപോലെ അതിൽ എപ്പോഴും പുതിയ ദുഷ്ടത സംഭവിക്കുന്നു; സാഹസവും കവര്‍ച്ചയുമേ അവിടെ കേള്‍പ്പാനുള്ളൂ; എന്‍റെ മുമ്പിൽ എപ്പോഴും ദീനവും മുറിവും മാത്രമേയുള്ളൂ.

8യെരൂശലേമേ, എന്‍റെ ഉള്ളം നിന്നെ വിട്ടുപിരിയാതെയും ഞാന്‍ നിന്നെ ശൂന്യവും നിര്‍ജനപ്രദേശവും ആക്കാതെയും ഇരിക്കേണ്ടതിന് ഉപദേശം കൈക്കൊള്‍ക.

9സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേലിന്‍റെ ശേഷിപ്പിനെ മുന്തിരിപ്പഴംപോലെ അരിച്ചു പറിക്കും; മുന്തിരിപ്പഴം പറിക്കുന്നവനെപ്പോലെ നിന്‍റെ കൈ വീണ്ടും വള്ളികളിലേക്കു നീട്ടുക.

10അവര്‍ കേള്‍പ്പാന്‍ തക്കവണ്ണം ഞാന്‍ ആരോടു സംസാരിച്ചു സാക്ഷീകരിക്കേണ്ടൂ? അവരുടെ ചെവിക്കു പരിച്ഛേദന ഇല്ലായ്കയാൽ ശ്രദ്ധിപ്പാന്‍ അവര്‍ക്കു കഴികയില്ല; യഹോവയുടെ വചനം അവര്‍ക്കു നിന്ദയായിരിക്കുന്നു; അവര്‍ക്ക് അതിൽ ഇഷ്ടമില്ല.

11ആകയാൽ ഞാന്‍ യഹോവയുടെ ക്രോധംകൊണ്ടു നിറഞ്ഞിരിക്കുന്നു; അത് അടക്കിവച്ചു ഞാന്‍ തളര്‍ന്നുപോയി; ഞാന്‍ അതു വീഥികളിലെ കുട്ടികളിന്മേലും യൗവനക്കാരുടെ സംഘത്തിന്മേലും ഒരുപോലെ ഒഴിച്ചു കളയും; ഭര്‍ത്താവും ഭാര്യയും വൃദ്ധനും വയോധികനുംകൂടെ പിടിപെടും.

12അവരുടെ വീടുകളും നിലങ്ങളും ഭാര്യമാരും എല്ലാം അന്യന്മാര്‍ക്ക് ആയിപ്പോകും; ഞാന്‍ എന്‍റെ കൈ ദേശത്തിലെ നിവാസികളുടെ നേരേ നീട്ടും എന്നു യഹോവയുടെ അരുളപ്പാട്.

13അവരൊക്കെയും ആബാലവൃദ്ധം ദ്രവ്യാഗ്രഹികള്‍ ആകുന്നു; പ്രവാചകന്മാരും പുരോഹിതന്മാരും ഒരുപോലെ വ്യാജം പ്രവര്‍ത്തിക്കുന്നു.

14സമാധാനം ഇല്ലാതിരിക്കെ, സമാധാനം സമാധാനം എന്ന് അവര്‍ പറഞ്ഞ് എന്‍റെ ജനത്തിന്‍റെ മുറിവിനു ലഘുവായി ചികിത്സിക്കുന്നു.

15മ്ലേച്ഛത പ്രവര്‍ത്തിച്ചതുകൊണ്ട് അവര്‍ ലജ്ജിക്കേണ്ടിവരും; അവര്‍ ലജ്ജിക്കയോ നാണം അറികയോ ചെയ്തിട്ടില്ല; അതുകൊണ്ടു വീഴുന്നവരുടെ ഇടയിൽ അവര്‍ വീണുപോകും; ഞാന്‍ അവരെ സന്ദര്‍ശിക്കുന്ന കാലത്ത് അവര്‍ ഇടറിവീഴും എന്നു യഹോവയുടെ അരുളപ്പാട്.

16യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങള്‍ വഴികളിൽ ചെന്നു നല്ല വഴി ഏതെന്നു പഴയ പാതകളെ നോക്കി ചോദിച്ച് അതിൽ നടപ്പിന്‍; എന്നാൽ നിങ്ങളുടെ മനസ്സിനു വിശ്രാമം ലഭിക്കും; അവരോ: ഞങ്ങള്‍ അതിൽ നടക്കയില്ല എന്നു പറഞ്ഞു.

17ഞാന്‍ നിങ്ങള്‍ക്കു കാവൽക്കാരെ ആക്കി: കാഹളനാദം ശ്രദ്ധിപ്പിന്‍ എന്നു കല്പിച്ചു; എന്നാൽ അവര്‍: ഞങ്ങള്‍ ശ്രദ്ധിക്കയില്ല എന്നു പറഞ്ഞു.

18അതുകൊണ്ടു ജാതികളേ, കേള്‍പ്പിന്‍; സഭയേ, അവരുടെ ഇടയിൽ നടക്കുന്നത് അറിഞ്ഞുകൊള്‍ക.

19ഭൂമിയേ, കേള്‍ക്ക; ഈ ജനം എന്‍റെ വചനങ്ങളെ ശ്രദ്ധിക്കാതെ എന്‍റെ ന്യായപ്രമാണത്തെ നിരസിച്ചുകളഞ്ഞതുകൊണ്ട്, ഞാന്‍ അവരുടെ വിചാരങ്ങളുടെ ഫലമായി അനര്‍ഥം അവരുടെമേൽ വരുത്തും.

20ശേബയിൽനിന്ന് കുന്തുരുക്കവും ദൂരദേശത്തുനിന്നു വയമ്പും എനിക്കു കൊണ്ടുവരുന്നത് എന്തിന്? നിങ്ങളുടെ ഹോമയാഗങ്ങളിൽ എനിക്കു പ്രസാദമില്ല; നിങ്ങളുടെ ഹനനയാഗങ്ങളിൽ എനിക്ക് ഇഷ്ടവുമില്ല.

21ആകയാൽ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ ഈ ജനത്തിന്‍റെ മുമ്പിൽ ഇടര്‍ച്ചകളെ വയ്ക്കും; പിതാക്കന്മാരും പുത്രന്മാരും ഒരുപോലെ അതിന്മേൽ തട്ടിവീഴും; അയൽക്കാരനും കൂട്ടുകാരനും നശിച്ചു പോകും.

22യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, വടക്കുദേശത്തുനിന്ന് ഒരു ജാതി വരുന്നു; ഭൂമിയുടെ അറ്റങ്ങളിൽനിന്ന് ഒരു മഹാജാതി ഉണര്‍ന്നു വരും.

23അവര്‍ വില്ലും കുന്തവും എടുത്തിരിക്കുന്നു; അവര്‍ ക്രൂരന്മാര്‍; കരുണയില്ലാത്തവര്‍ തന്നെ; അവരുടെ ആരവം കടൽപോലെ ഇരയ്ക്കുന്നു; സീയോന്‍പുത്രീ, അവര്‍ നിന്‍റെ നേരേ യുദ്ധസന്നദ്ധരായി ഓരോരുത്തരും കുതിരപ്പുറത്തു കയറി അണിനിരന്നു നില്ക്കുന്നു.

24അതിന്‍റെ വര്‍ത്തമാനം കേട്ടിട്ടു ഞങ്ങളുടെ ധൈര്യം ക്ഷയിച്ചു; നോവു കിട്ടിയ സ്ത്രീയെപ്പോലെ മഹാവ്യസനവും അതിവേദനയും ഞങ്ങളെ പിടിച്ചിരിക്കുന്നു.

25നിങ്ങള്‍ വയലിലേക്കു ചെല്ലരുത്; വഴിയിൽ നടക്കയുമരുത്; അവിടെ ശത്രുവിന്‍റെ വാളും ചുറ്റും ഭയവും ഉണ്ട്.

26എന്‍റെ ജനത്തിന്‍റെ പുത്രീ, രട്ടുടുത്തു വെണ്ണീറിൽ ഉരുളുക; ഏകജാതനെക്കുറിച്ച് എന്നപോലെയുള്ള ദുഃഖവും കഠിനമായുള്ള വിലാപവും കഴിച്ചുകൊള്‍ക; സംഹാരകന്‍ പെട്ടെന്നു നമ്മുടെ നേരേ വരും.

27നീ എന്‍റെ ജനത്തിന്‍റെ നടപ്പു പരീക്ഷിച്ചറിയേണ്ടതിനു ഞാന്‍ നിന്നെ അവരുടെ ഇടയിൽ ഒരു പരീക്ഷകനും മാറ്റുനോക്കുന്നവനും ആക്കി വച്ചിരിക്കുന്നു.

28അവരെല്ലാവരും മഹാമത്സരികള്‍, നുണപറഞ്ഞു നടക്കുന്നവര്‍; ചെമ്പും ഇരുമ്പും അത്രേ; അവരെല്ലാവരും വഷളത്തം പ്രവര്‍ത്തിക്കുന്നു.

29തുരുത്തി ഊതുന്നു; തീയിൽനിന്നു വരുന്നത് ഈയമത്രേ; ഊതിക്കഴിക്കുന്ന പണി വെറുതേ; ദുഷ്ടന്മാര്‍ നീങ്ങിപ്പോകുന്നില്ലല്ലോ.

30യഹോവ അവരെ ത്യജിച്ചുകളഞ്ഞതുകൊണ്ട് അവര്‍ക്ക് കറക്കന്‍വെള്ളി എന്നു പേരാകും.