പഴയ നിയമംMOV
1യിസ്രായേലേ, നീ മനംതിരിയുമെങ്കിൽ എന്‍റെ അടുക്കലേക്കു മടങ്ങിവന്നുകൊള്‍ക എന്നു യഹോവയുടെ അരുളപ്പാട്; നിന്‍റെ മ്ലേച്ഛവിഗ്രഹങ്ങളെ എന്‍റെ മുമ്പിൽനിന്നു നീക്കിക്കളയുമെങ്കിൽ നീ അലഞ്ഞു നടക്കേണ്ടിവരികയില്ല.
2യഹോവയാണ എന്നു നീ പരമാര്‍ഥമായും ന്യായമായും നീതിയായും സത്യം ചെയ്കയും ജാതികള്‍ അവനിൽ തങ്ങളെത്തന്നെ അനുഗ്രഹിച്ച് അവനിൽ പുകഴുകയും ചെയ്യും.
3യെഹൂദാപുരുഷന്മാരോടും, യെരൂശലേമ്യരോടും യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങള്‍ മുള്ളുകളുടെ ഇടയിൽ വിതയ്ക്കാതെ തരിശ്ശുനിലം ഉഴുവിന്‍.
4യെഹൂദാപുരുഷന്മാരും യെരൂശലേംനിവാസികളും ആയുള്ളോരേ, നിങ്ങളുടെ ദുഷ്പ്രവൃത്തികള്‍ നിമിത്തം എന്‍റെ കോപം തീപോലെ ജ്വലിച്ച് ആര്‍ക്കും കെടുത്തുകൂടാതവണ്ണം കത്താതിരിക്കേണ്ടതിനു നിങ്ങളെത്തന്നെ യഹോവയ്ക്കായി പരിച്ഛേദന ചെയ്തു നിങ്ങളുടെ ഹൃദയത്തിന്‍റെ അഗ്രചര്‍മം നീക്കിക്കളവിന്‍.
5യെഹൂദായിൽ അറിയിച്ചു യെരൂശലേമിൽ പ്രസിദ്ധമാക്കി ദേശത്തു കാഹളം ഊതുവാന്‍ പറവിന്‍; കൂടിവരുവിന്‍; നമുക്ക് ഉറപ്പുള്ള പട്ടണങ്ങളിലേക്കു പോകാം എന്ന് ഉറക്കെ വിളിച്ചുപറവിന്‍.
6സീയോനു കൊടി ഉയര്‍ത്തുവിന്‍; നില്ക്കാതെ ഓടിപ്പോകുവിന്‍; ഞാന്‍ വടക്കുനിന്ന് അനര്‍ഥവും വലിയ നാശവും വരുത്തും.
7സിംഹം പള്ളക്കാട്ടിൽനിന്ന് ഇളകിയിരിക്കുന്നു; ജാതികളുടെ സംഹാരകന്‍ ഇതാ, നിന്‍റെ ദേശത്തെ ശൂന്യമാക്കുവാന്‍ തന്‍റെ സ്ഥലം വിട്ടു പുറപ്പെട്ടിരിക്കുന്നു; അവന്‍ നിന്‍റെ പട്ടണങ്ങളെ നിവാസികള്‍ ഇല്ലാതവണ്ണം നശിപ്പിക്കും.
8ഇതു നിമിത്തം രട്ടുടുപ്പിന്‍; വിലപിച്ചു മുറയിടുവിന്‍; യഹോവയുടെ ഉഗ്രകോപം നമ്മെ വിട്ടുമാറീട്ടില്ലല്ലോ.
9അന്നാളിൽ രാജാവിന്‍റെ ധൈര്യവും പ്രഭുക്കന്മാരുടെ ധൈര്യവും ക്ഷയിക്കും; പുരോഹിതന്മാര്‍ ഭ്രമിച്ചും പ്രവാചകന്മാര്‍ സ്തംഭിച്ചും പോകും എന്നു യഹോവയുടെ അരുളപ്പാട്.
10അതിനു ഞാന്‍: അയ്യോ, യഹോവയായ കര്‍ത്താവേ, പ്രാണനിൽ വാള്‍ കടന്നിരിക്കെ നിങ്ങള്‍ക്കു സമാധാനം എന്നു പറഞ്ഞു നീ ഈ ജനത്തെയും യെരൂശലേമിനെയും ഏറ്റവും വഞ്ചിച്ചുവല്ലോ എന്നു പറഞ്ഞു.
11ആ കാലത്ത് ഈ ജനത്തോടും യെരൂശലേമിനോടും പറവാനുള്ളതെന്തെന്നാൽ: മരുഭൂമിയിലെ മൊട്ടക്കുന്നുകളിൽനിന്ന് ഒരു ഉഷ്ണക്കാറ്റു പേറ്റുവാനല്ല, കൊഴിപ്പാനുമല്ല എന്‍റെ ജനത്തിന്‍റെ പുത്രിക്കു നേരേ ഊതും.
12ഇതിലും കൊടുതായൊരു കാറ്റ് എന്‍റെ കല്പനയാൽ വരും; ഞാന്‍ ഇപ്പോള്‍തന്നെ അവരോടു ന്യായവാദം കഴിക്കും.
13ഇതാ, അവന്‍ മേഘങ്ങളെപ്പോലെ കയറിവരുന്നു; അവന്‍റെ രഥങ്ങള്‍ ചുഴലിക്കാറ്റുപോലെ ആകുന്നു; അവന്‍റെ കുതിരകള്‍ കഴുക്കളെക്കാളും വേഗതയുള്ളവ; അയ്യോ കഷ്ടം; നാം നശിച്ചല്ലോ.
14യെരൂശലേമേ, നീ രക്ഷിക്കപ്പെടേണ്ടതിനു നിന്‍റെ ഹൃദയത്തിന്‍റെ ദുഷ്ടതകഴുകിക്കളക; നിന്‍റെ ദുഷ്ടവിചാരങ്ങള്‍ എത്രത്തോളം നിന്‍റെ ഉള്ളിൽ ഇരിക്കും.
15ദാനിൽനിന്ന് ഉറക്കെ ഘോഷിക്കുന്നു; എഫ്രയീംമലയിൽനിന്ന് അനര്‍ഥത്തെ പ്രസിദ്ധമാക്കുന്നു.
16ജാതികളോടു പ്രസ്താവിപ്പിന്‍; ഇതാ, കോട്ട വളയുന്നവര്‍ ദൂരദേശത്തുനിന്നു വന്നു യെഹൂദാപട്ടണങ്ങള്‍ക്കു നേരേ ആര്‍പ്പുവിളിക്കുന്നു എന്നു യെരൂശലേമിനോട് അറിയിപ്പിന്‍.
17അവള്‍ എന്നോടു മത്സരിച്ചിരിക്കകൊണ്ട് അവര്‍ വയലിലെ കാവല്ക്കാരെപ്പോലെ അവളുടെ നേരേ വന്നു ചുറ്റും വളഞ്ഞിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാട്.
18നിന്‍റെ നടപ്പും പ്രവൃത്തികളും ഹേതുവായിട്ടത്രേ ഇവ നിനക്കു വന്നത്; ഇത്ര കയ്പായിരിപ്പാനും നിന്‍റെ ഹൃദയത്തിനു തട്ടുവാനും കാരണം നിന്‍റെ ദുഷ്ടത തന്നെ.
19അയ്യോ എന്‍റെ ഉദരം, എന്‍റെ ഉദരം! എനിക്കു നോവു കിട്ടിയിരിക്കുന്നു; അയ്യോ എന്‍റെ ഹൃദയഭിത്തികള്‍! എന്‍റെ നെഞ്ചിടിക്കുന്നു; എനിക്കു മിണ്ടാതെ ഇരുന്നുകൂടാ; എന്‍റെ ഉള്ളം കാഹളനാദവും യുദ്ധത്തിന്‍റെ ആര്‍പ്പുവിളിയും കേട്ടിരിക്കുന്നു.
20നാശത്തിന്മേൽ നാശം വിളിച്ചുപറയുന്നു; ദേശമൊക്കെയും ശൂന്യമായി. പെട്ടെന്ന് എന്‍റെ കൂടാരങ്ങളും ഒരു ക്ഷണത്തിൽ എന്‍റെ തിരശ്ശീലകളും കവര്‍ച്ചയായിപ്പോയി.
21എത്രത്തോളം ഞാന്‍ കൊടി കണ്ടു കാഹളധ്വനി കേള്‍ക്കേണ്ടിവരും?
22എന്‍റെ ജനം ഭോഷന്മാര്‍; അവര്‍ എന്നെ അറിയുന്നില്ല; അവര്‍ ബുദ്ധികെട്ട മക്കള്‍; അവര്‍ക്ക് ഒട്ടും ബോധമില്ല; ദോഷം ചെയ്‍വാന്‍ അവര്‍ സമര്‍ഥന്മാര്‍; നന്മ ചെയ്‍വാനോ അവര്‍ക്ക് അറിഞ്ഞുകൂടാ.
23ഞാന്‍ ഭൂമിയെ നോക്കി അതിനെ പാഴും ശൂന്യവുമായി കണ്ടു; ഞാന്‍ ആകാശത്തെ നോക്കി;
24അതിനു പ്രകാശം ഇല്ലാതെയിരുന്നു. ഞാന്‍ പര്‍വതങ്ങളെ നോക്കി; അവ വിറയ്ക്കുന്നതു കണ്ടു; കുന്നുകള്‍ എല്ലാം ആടിക്കൊണ്ടിരുന്നു.
25ഞാന്‍ നോക്കി, ഒരു മനുഷ്യനെയും കണ്ടില്ല; ആകാശത്തിലെ പക്ഷികളൊക്കെയും പറന്നുപോയിരുന്നു.
26ഞാന്‍ നോക്കി ഉദ്യാനം മരുഭൂമിയായിത്തീര്‍ന്നിരിക്കുന്നതു കണ്ടു; അതിലെ പട്ടണങ്ങളൊക്കെയും യഹോവയാൽ അവന്‍റെ ഉഗ്രകോപം ഹേതുവായി ഇടിഞ്ഞുപോയിരിക്കുന്നു.
27യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ദേശമൊക്കെയും ശൂന്യമാകും; എങ്കിലും ഞാന്‍ മുഴുവനായി മുടിച്ചുകളകയില്ല.
28ഇതു നിമിത്തം ഭൂമി വിലപിക്കും; മീതെ ആകാശം കറുത്തുപോകും; ഞാന്‍ നിര്‍ണയിച്ച് അരുളിച്ചെയ്തിരിക്കുന്നു; ഞാന്‍ അനുതപിക്കയില്ല, പിന്മാറുകയുമില്ല.
29കുതിരച്ചേവകരുടെയും വില്ലാളികളുടെയും ആരവം ഹേതുവായി സകല നഗരവാസികളും ഓടിപ്പോകുന്നു; അവര്‍ പള്ളക്കാടുകളിൽ ചെന്ന് പാറകളിന്മേൽ കയറുന്നു; സകല നഗരവും ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു; ആരും അവിടെ പാര്‍ക്കുന്നതുമില്ല.
30ഇങ്ങനെ ശൂന്യമായിപ്പോകുമ്പോള്‍ നീ എന്തു ചെയ്യും? നീ രക്താംബരം ധരിച്ചാലും പൊന്നാഭരണം അണിഞ്ഞാലും നിന്‍റെ കണ്ണിൽ മഷി എഴുതിയാലും വ്യര്‍ഥമായി നിനക്കു സൗന്ദര്യം വരുത്തുന്നു; നിന്‍റെ ജാരന്മാര്‍ നിന്നെ നിരസിച്ചു നിനക്കു പ്രാണഹാനി വരുത്തുവാന്‍ നോക്കുന്നു.
31ഈറ്റുനോവു കിട്ടിയവളുടെ ഒച്ച പോലെയും കടിഞ്ഞൂൽകുട്ടിയെ പ്രസവിക്കുന്നവളുടെ ഞരക്കംപോലെയും ഒരു ശബ്ദം ഞാന്‍ കേട്ടു; നെടുവീര്‍പ്പിട്ടും കൈമലര്‍ത്തിയും കൊണ്ട്: അയ്യോ കഷ്ടം! എന്‍റെ പ്രാണന്‍ കൊലപാതകന്മാരുടെ മുമ്പിൽ ക്ഷയിച്ചുപോകുന്നു എന്നു പറയുന്ന സീയോന്‍പുത്രിയുടെ ശബ്ദം തന്നെ.