പഴയ നിയമംMOV

യിരെമ്യാവ് 44

1മിസ്രയീംദേശത്ത് മിഗ്ദോലിലും തഹ്പനേസിലും നോഫിലും പത്രോസ് ദേശത്തും പാര്‍ക്കുന്ന സകല യെഹൂദന്മാരെയും കുറിച്ചു യിരെമ്യാവിനുണ്ടായ അരുളപ്പാട് എന്തെന്നാൽ:

2യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ യെരൂശലേമിന്മേലും സകല യെഹൂദാപട്ടണങ്ങളിന്മേലും വരുത്തിയിരിക്കുന്ന അനര്‍ഥമൊക്കെയും നിങ്ങള്‍ കണ്ടിട്ടുണ്ടല്ലോ; അവ ശൂന്യമായിരിക്കുന്നു; ആരും അവയിൽ വസിക്കുന്നതുമില്ല.

3അത്, അവരോ നിങ്ങളോ നിങ്ങളുടെ പിതാക്കന്മാരോ അറിയാത്ത അന്യദേവന്മാര്‍ക്കു ധൂപംകാട്ടുവാനും അവയെ സേവിപ്പാനും ചെന്ന് എന്നെ കോപിപ്പിപ്പാന്‍ തക്കവണ്ണം അവര്‍ ചെയ്ത ദോഷം നിമിത്തമത്രേ.

4ഞാന്‍ ഇടവിടാതെ പ്രവാചകന്മാരായ എന്‍റെ ദാസന്മാരെയൊക്കെയും നിങ്ങളുടെ അടുക്കൽ അയച്ചു: ഞാന്‍ വെറുക്കുന്ന ഈ മ്ലേച്ഛകാര്യം നിങ്ങള്‍ ചെയ്യരുതെന്നു പറയിച്ചു.

5എന്നാൽ അവര്‍ അന്യദേവന്മാര്‍ക്കു ധൂപം കാട്ടാതവണ്ണം തങ്ങളുടെ ദോഷം വിട്ടുതിരിയേണ്ടതിനു ശ്രദ്ധിക്കാതെയും ചെവി ചായിക്കാതെയും ഇരുന്നു.

6അതുകൊണ്ട് എന്‍റെ ക്രോധവും കോപവും ചൊരിഞ്ഞു യെഹൂദാപട്ടണങ്ങളിലും യെരൂശലേംവീഥികളിലും ജ്വലിച്ചു; അവ ഇന്നു ശൂന്യവും നാശവും ആയി കിടക്കുന്നു.

7ആകയാൽ യിസ്രായേലിന്‍റെ ദൈവമായി സൈന്യങ്ങളുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങള്‍ക്കു ശേഷിപ്പായി ആരും ഇല്ലാതാകുംവണ്ണം യെഹൂദായുടെ മധ്യേനിന്ന് പുരുഷനെയും സ്ത്രീയെയും പൈതലിനെയും മുലകുടിക്കുന്ന കുഞ്ഞിനെയും ഛേദിച്ചുകളയേണ്ടതിനും

8നിങ്ങള്‍ വന്നു പാര്‍ക്കുന്ന മിസ്രയീംദേശത്തുവച്ച് അന്യദേവന്മാര്‍ക്കു ധൂപം കാണിച്ചു നിങ്ങളുടെ കൈകളുടെ പ്രവൃത്തികള്‍ കൊണ്ട് എന്നെ കോപിപ്പിക്കുന്നതിനാൽ നിങ്ങളെത്തന്നെ ഛേദിച്ചുകളഞ്ഞിട്ട് സകല ഭൂജാതികളുടെയും ഇടയിൽ നിങ്ങള്‍ ശാപവും നിന്ദയും ആയിത്തീരേണ്ടതിനും നിങ്ങളുടെ പ്രാണഹാനിക്കായി ഈ മഹാദോഷം ചെയ്യുന്നതെന്ത്?

9യെഹൂദാദേശത്തും യെരൂശലേമിന്‍റെ വീഥികളിലും നിങ്ങളുടെ പിതാക്കന്മാര്‍ ചെയ്ത ദോഷങ്ങളും യെഹൂദാരാജാക്കന്മാര്‍ ചെയ്ത ദോഷങ്ങളും അവരുടെ ഭാര്യമാര്‍ ചെയ്ത ദോഷങ്ങളും നിങ്ങള്‍ ചെയ്ത ദോഷങ്ങളും നിങ്ങളുടെ ഭാര്യമാര്‍ ചെയ്ത ദോഷങ്ങളും നിങ്ങള്‍ മറന്നുപോയോ?

10അവര്‍ ഇന്നുവരെയും തങ്ങളെത്തന്നെ താഴ്ത്തിയില്ല; അവര്‍ ഭയപ്പെടുകയോ ഞാന്‍ നിങ്ങളുടെ മുമ്പിലും നിങ്ങളുടെ പിതാക്കന്മാരുടെ മുമ്പിലും വച്ച ന്യായപ്രമാണവും ചട്ടങ്ങളും അനുസരിച്ചു നടക്കയോ ചെയ്തതുമില്ല.

11അതുകൊണ്ടു യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ അനര്‍ഥത്തിനായിട്ടു, യെഹൂദായെ മുഴുവനും ഛേദിച്ചുകളയുവാനായിട്ടു തന്നെ, എന്‍റെ മുഖം നിങ്ങള്‍ക്ക് എതിരായി വയ്ക്കുന്നു.

12മിസ്രയീംദേശത്തു ചെന്നു പാര്‍പ്പാന്‍ അവിടെ പോകേണ്ടതിനു മുഖംതിരിച്ചിരിക്കുന്ന യെഹൂദാശിഷ്ടത്തെ ഞാന്‍ പിടിക്കും; അവരെല്ലാവരും മുടിഞ്ഞുപോകും; മിസ്രയീംദേശത്ത് അവര്‍ വീഴും; വാള്‍കൊണ്ടും ക്ഷാമംകൊണ്ടും അവര്‍ മുടിഞ്ഞുപോകും; അവര്‍ ആബാലവൃദ്ധം വാള്‍കൊണ്ടും ക്ഷാമംകൊണ്ടും മരിക്കും; അവര്‍ പ്രാക്കിനും സ്തംഭനത്തിനും ശാപത്തിനും നിന്ദയ്ക്കും വിഷയമായിത്തീരും.

13ഞാന്‍ യെരൂശലേമിനെ സന്ദര്‍ശിച്ചതുപോലെ മിസ്രയീംദേശത്തു പാര്‍ക്കുന്നവരെയും വാള്‍കൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും സന്ദര്‍ശിക്കും.

14മിസ്രയീംദേശത്തു വന്നു പാര്‍ക്കുന്ന യെഹൂദാശിഷ്ടത്തിൽ ആരും അവര്‍ക്കു മടങ്ങിച്ചെന്നു പാര്‍പ്പാന്‍ ആഗ്രഹമുള്ള യെഹൂദാദേശത്തേക്കു മടങ്ങിപ്പോവാന്‍ തക്കവണ്ണം ചാടിപ്പോകയില്ല; ശേഷിക്കയുമില്ല, വഴുതിപ്പോകുന്ന ചിലരല്ലാതെ ആരും മടങ്ങിപ്പോകയില്ല.

15അതിനു തങ്ങളുടെ ഭാര്യമാര്‍ അന്യദേവന്മാര്‍ക്കു ധൂപം കാട്ടിയിട്ടുണ്ടെന്ന് അറിഞ്ഞ സകല പുരുഷന്മാരും മഹാസംഘമായി അരികെ നിന്ന സകല സ്ത്രീകളും മിസ്രയീംദേശത്തു പത്രോസിൽ പാര്‍ത്ത സകല ജനവും യിരെമ്യാവോട് ഉത്തരം പറഞ്ഞത്:

16നീ യഹോവയുടെ നാമത്തിൽ ഞങ്ങളോടു പറഞ്ഞിരിക്കുന്ന വചനം സംബന്ധിച്ചു ഞങ്ങള്‍ നിന്നെ കൂട്ടാക്കുകയില്ല.

17ആകാശരാജ്ഞിക്കു ധൂപം കാട്ടുകയും അവള്‍ക്കു പാനീയബലി പകരുകയും ചെയ്യും എന്നു ഞങ്ങള്‍ നേര്‍ന്നിരിക്കുന്ന നേര്‍ച്ചയൊക്കെയും ഞങ്ങള്‍ നിവര്‍ത്തിക്കും; ഞങ്ങളും ഞങ്ങളുടെ പിതാക്കന്മാരും രാജാക്കന്മാരും പ്രഭുക്കന്മാരും യെഹൂദാപട്ടണങ്ങളിലും യെരൂശലേംവീഥികളിലും ചെയ്തതുപോലെ തന്നെ; അന്നു ഞങ്ങള്‍ക്കു വേണ്ടുവോളം ആഹാരവും സുഖവും ഉണ്ടായിരുന്നു; ഒരു അനര്‍ഥവും നേരിട്ടിരുന്നില്ല.

18എന്നാൽ ഞങ്ങള്‍ ആകാശരാജ്ഞിക്കു ധൂപം കാട്ടുന്നതും പാനീയബലി പകരുന്നതും നിര്‍ത്തിയതുമുതൽ ഞങ്ങള്‍ക്ക് എല്ലാം ബുദ്ധിമുട്ടു തന്നെ; ഞങ്ങള്‍ വാള്‍കൊണ്ടും ക്ഷാമംകൊണ്ടും മുടിയുന്നു.

19ആകാശരാജ്ഞിക്കു ധൂപം കാട്ടുകയും പാനീയബലി പകരുകയും ചെയ്യുമ്പോള്‍, ഞങ്ങള്‍ അവളുടെ രൂപത്തിൽ അട ഉണ്ടാക്കുന്നതും അവള്‍ക്കു പാനീയബലി പകരുന്നതും ഞങ്ങളുടെ ഭര്‍ത്താക്കന്മാരെ കൂടാതെയോ?

20അപ്പോള്‍ യിരെമ്യാവ് സകല ജനത്തോടും, പുരുഷന്മാരും സ്ത്രീകളുമായി തന്നോട് ഉത്തരം പറഞ്ഞ സകല ജനത്തോടും തന്നെ, പറഞ്ഞതെന്തെന്നാൽ:

21യെഹൂദാപട്ടണങ്ങളിലും യെരൂശലേമിന്‍റെ വീഥികളിലും നിങ്ങളും നിങ്ങളുടെ പിതാക്കന്മാരും രാജാക്കന്മാരും പ്രഭുക്കന്മാരും ദേശത്തുള്ള ജനവും ധൂപം കാട്ടിയതു യഹോവ ഓര്‍ത്തില്ലയോ? അവന്‍റെ മനസ്സിൽ അതു വന്നില്ലയോ?

22നിങ്ങളുടെ ദുഷ്പ്രവൃത്തികള്‍ നിമിത്തവും നിങ്ങള്‍ പ്രവര്‍ത്തിച്ച മ്ലേച്ഛത നിമിത്തവും യഹോവയ്ക്കു സഹിപ്പാന്‍ വയ്യാതെയായി; അതുകൊണ്ട് നിങ്ങളുടെ ദേശം ഇന്നു നിവാസികള്‍ ഇല്ലാതെ ശൂന്യവും സ്തംഭനഹേതുവും ശാപവിഷയവും ആയിത്തീര്‍ന്നിരിക്കുന്നു.

23നിങ്ങള്‍ യഹോവയുടെ വാക്ക് അനുസരിക്കാതെയും അവന്‍റെ ന്യായപ്രമാണവും ചട്ടങ്ങളും സാക്ഷ്യങ്ങളും പ്രമാണിച്ചു നടക്കാതെയും ധൂപം കാട്ടി യഹോവയോടു പാപം ചെയ്കകൊണ്ട്, ഇന്ന് ഈ അനര്‍ഥം നിങ്ങള്‍ക്കു വന്നു ഭവിച്ചിരിക്കുന്നു.

24പിന്നെയും യിരെമ്യാവ് സകല ജനത്തോടും സകല സ്ത്രീകളോടും പറഞ്ഞത്: മിസ്രയീംദേശത്തിരിക്കുന്ന യെഹൂദന്മാരായ നിങ്ങള്‍ എല്ലാവരും യഹോവയുടെ വചനം കേള്‍പ്പിന്‍!

25യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ആകാശരാജ്ഞിക്കു ധൂപം കാട്ടുവാനും പാനീയബലി പകരുവാനും നേര്‍ന്നിരിക്കുന്ന നേര്‍ച്ചകളെ ഞങ്ങള്‍ നിവര്‍ത്തിക്കും എന്നു നിങ്ങളും നിങ്ങളുടെ ഭാര്യമാരും വായ്കൊണ്ടു പറകയും കൈകൊണ്ട് അനുഷ്ഠിക്കുകയും ചെയ്തിരിക്കുന്നു; നിങ്ങളുടെ നേര്‍ച്ചകളെ ഉറപ്പാക്കിക്കൊള്‍വിന്‍! നിങ്ങളുടെ നേര്‍ച്ചകളെ അനുഷ്ഠിച്ചുകൊള്‍വിന്‍!

26അതുകൊണ്ട് മിസ്രയീംദേശത്തു പാര്‍ക്കുന്ന സകല യെഹൂദന്മാരുമായുള്ളോരേ, യഹോവയുടെ വചനം കേള്‍പ്പിന്‍! മിസ്രയീംദേശത്തെ ഒരു യെഹൂദനും വായെടുത്തു: യഹോവയായ കര്‍ത്താവാണ എന്നിങ്ങനെ എന്‍റെ നാമം ഇനി ഉച്ചരിക്കയില്ല എന്നു ഞാന്‍ എന്‍റെ മഹത്തായ നാമം ചൊല്ലി സത്യം ചെയ്യുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു.

27ഞാന്‍ അവരുടെ നന്മയ്ക്കായിട്ടല്ല, തിന്മയ്ക്കായിട്ടത്രേ ജാഗരിച്ചിരിക്കും; മിസ്രയീംദേശത്തിലെ എല്ലാ യെഹൂദന്മാരും വാള്‍കൊണ്ടും ക്ഷാമംകൊണ്ടും നശിച്ചു മുടിഞ്ഞുപോകും.

28എന്നാൽ വാളിനു തെറ്റി ഒഴിയുന്ന ഏതാനുംപേര്‍ മിസ്രയീംദേശത്തുനിന്നു യെഹൂദാദേശത്തേക്കു മടങ്ങിവരും; മിസ്രയീംദേശത്തു വന്നു പാര്‍ക്കുന്ന ശേഷം യെഹൂദന്മാരൊക്കെയും എന്‍റെ വചനമോ അവരുടേതോ ഏതു നിവൃത്തിയായി എന്നറിയും.

29എന്‍റെ വചനം നിങ്ങളുടെ തിന്മയ്ക്കായിട്ടു നിവര്‍ത്തിയായിവരുമെന്നു നിങ്ങള്‍ അറിയേണ്ടതിനു ഞാന്‍ ഈ സ്ഥലത്തുവച്ച് നിങ്ങളെ സന്ദര്‍ശിക്കും എന്നതു നിങ്ങള്‍ക്ക് ഒരു അടയാളം ആകും എന്നു യഹോവയുടെ അരുളപ്പാട്.

30ഞാന്‍ യെഹൂദാരാജാവായ സിദെക്കീയാവെ അവന്‍റെ ശത്രുവും അവനു പ്രാണഹാനി വരുത്തുവാന്‍ നോക്കിയവനുമായ നെബൂഖദ്നേസര്‍ എന്ന ബാബേൽരാജാവിന്‍റെ കൈയിൽ ഏല്പിച്ചതുപോലെ ഞാന്‍ മിസ്രയീംരാജാവായ ഫറവോന്‍-ഹോഫ്രയെയും അവന്‍റെ ശത്രുക്കളുടെ കൈയിലും അവനു പ്രാണഹാനി വരുത്തുവാന്‍ നോക്കുന്നവരുടെ കൈയിലും ഏല്പിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു.