പഴയ നിയമംMOV

യിരെമ്യാവ് 42

1അനന്തരം എല്ലാ പടത്തലവന്മാരും കാരേഹിന്‍റെ മകനായ യോഹാനാനും ഹോശയ്യാവിന്‍റെ മകനായ യെസന്യാവും ആബാലവൃദ്ധം സര്‍വജനവും അടുത്തു വന്നു യിരെമ്യാപ്രവാചകനോട്:

2നിന്‍റെ ദൈവമായ യഹോവ ഞങ്ങള്‍ നടക്കേണ്ടുന്ന വഴിയും ഞങ്ങള്‍ ചെയ്യേണ്ടുന്ന കാര്യവും ഞങ്ങള്‍ക്ക് അറിയിച്ചുതരേണ്ടതിനു ശേഷിച്ചിരിക്കുന്ന ഈ സകല ജനവുമായ ഞങ്ങള്‍ക്കുവേണ്ടി നിന്‍റെ ദൈവമായ യഹോവയോടു പ്രാര്‍ഥിക്കേണം എന്നുള്ള ഞങ്ങളുടെ അപേക്ഷ അംഗീകരിക്കേണമേ.

3അസംഖ്യജനമായിരുന്ന ഞങ്ങളിൽ അല്പംപേര്‍ മാത്രമേ ശേഷിപ്പുള്ളൂ എന്നു നീ സ്വന്ത കണ്ണാൽ കാണുന്നുവല്ലോ എന്നു പറഞ്ഞു.

4യിരെമ്യാപ്രവാചകന്‍ അവരോട്: ഞാന്‍ നിങ്ങളുടെ അപേക്ഷ അംഗീകരിച്ചിരിക്കുന്നു; നിങ്ങള്‍ പറഞ്ഞതുപോലെ ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവയോടു പ്രാര്‍ഥിക്കും; യഹോവ നിങ്ങള്‍ക്ക് ഉത്തരമരുളുന്നതെല്ലാം ഞാന്‍ നിങ്ങളെ അറിയിക്കും; ഒന്നും മറച്ചുവയ്ക്കയില്ല എന്നു പറഞ്ഞു.

5അവര്‍ യിരെമ്യാവോട്: നീ മുഖാന്തരം നിന്‍റെ ദൈവമായ യഹോവ ഞങ്ങളോട് അരുളിച്ചെയ്യുന്നതുപോലെയൊക്കെയും ഞങ്ങള്‍ ചെയ്യാതെ ഇരുന്നാൽ, യഹോവ നമ്മുടെ മധ്യേ സത്യവും വിശ്വസ്തതയുമുള്ള സാക്ഷിയായിരിക്കട്ടെ.

6ഞങ്ങള്‍ നിന്നെ പറഞ്ഞയയ്ക്കുന്ന ഞങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിച്ചിട്ടു ഞങ്ങള്‍ക്കു ഗുണം വരേണ്ടതിനു നമ്മുടെ ദൈവമായ യഹോവയുടെ വാക്കു ഗുണമായാലും ദോഷമായാലും ഞങ്ങള്‍ കേട്ടനുസരിക്കും എന്നു പറഞ്ഞു.

7പത്തു ദിവസം കഴിഞ്ഞശേഷം യിരെമ്യാവിനു യഹോവയുടെ അരുളപ്പാടുണ്ടായി.

8അവന്‍ കാരേഹിന്‍റെ മകനായ യോഹാനാനെയും കൂടെ ഉണ്ടായിരുന്ന എല്ലാ പടത്തലവന്മാരെയും ആബാലവൃദ്ധം സകല ജനത്തെയും വിളിച്ച് അവരോടു പറഞ്ഞത്:

9നിങ്ങളുടെ അപേക്ഷ ബോധിപ്പിപ്പാന്‍ നിങ്ങള്‍ എന്നെ പറഞ്ഞയച്ച യിസ്രായേലിന്‍റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

10നിങ്ങള്‍ ഈ ദേശത്തു പാര്‍ത്തുകൊണ്ടിരിക്കുമെങ്കിൽ ഞാന്‍ നിങ്ങളെ പൊളിച്ചുകളയാതെ പണികയും നിങ്ങളെ പറിച്ചുകളയാതെ നടുകയും ചെയ്യും; നിങ്ങള്‍ക്കു വരുത്തിയ അനര്‍ഥത്തെക്കുറിച്ചു ഞാന്‍ അനുതപിക്കുന്നു.

11നിങ്ങള്‍ പേടിക്കുന്ന ബാബേൽരാജാവിനെ പേടിക്കേണ്ടാ; നിങ്ങളെ രക്ഷിപ്പാനും അവന്‍റെ കൈയിൽനിന്നു നിങ്ങളെ വിടുവിപ്പാനും ഞാന്‍ നിങ്ങളോടുകൂടെ ഉള്ളതുകൊണ്ട് അവനെ പേടിക്കേണ്ടാ എന്നു യഹോവയുടെ അരുളപ്പാട്.

12അവനു നിങ്ങളോടു കരുണ തോന്നുവാനും നിങ്ങളെ നിങ്ങളുടെ ദേശത്തേക്കു മടക്കി അയപ്പാനും തക്കവണ്ണം ഞാന്‍ നിങ്ങള്‍ക്കു കരുണ കാണിക്കും.

13എന്നാൽ നിങ്ങള്‍ നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്ക് അനുസരിക്കാതെ:

14ഞങ്ങള്‍ ഈ ദേശത്തു പാര്‍ക്കയില്ല; യുദ്ധം കാണ്‍മാനില്ലാത്തതും കാഹളനാദം കേള്‍പ്പാനില്ലാത്തതും ആഹാരത്തിനു മുട്ടില്ലാത്തതുമായ മിസ്രയീംദേശത്തു ചെന്നു പാര്‍ക്കും എന്നു പറയുന്നു

15എങ്കിൽ- യെഹൂദായിൽ ശേഷിപ്പുള്ളവരേ, ഇപ്പോള്‍ യഹോവയുടെ വചനം കേള്‍പ്പിന്‍! യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങള്‍ മിസ്രയീമിലേക്കു പോകുവാന്‍ മുഖംതിരിച്ച് അവിടെ ചെന്നു പാര്‍ക്കേണ്ടതിനു ഭാവിക്കുന്നു

16എങ്കിൽ-നിങ്ങള്‍ പേടിക്കുന്ന വാള്‍ അവിടെ മിസ്രയീംദേശത്തുവച്ച് നിങ്ങളെ പിടിക്കും; നിങ്ങള്‍ ഭയപ്പെടുന്ന ക്ഷാമം അവിടെ മിസ്രയീമിൽവച്ചു നിങ്ങളെ ബാധിക്കും; അവിടെവച്ച് നിങ്ങള്‍ മരിക്കും.

17മിസ്രയീമിൽ ചെന്നു പാര്‍ക്കേണ്ടതിന് അവിടെ പോകുവാന്‍ മുഖം തിരിച്ചിരിക്കുന്ന ഏവരും വാള്‍കൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മരിക്കും; ഞാന്‍ അവര്‍ക്കു വരുത്തുന്ന അനര്‍ഥത്തിൽ അകപ്പെടാതെ അവരിൽ ആരും ശേഷിക്കയോ ഒഴിഞ്ഞുപോകയോ ചെയ്കയില്ല.

18യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്‍റെ കോപവും എന്‍റെ ക്രോധവും യെരൂശലേംനിവാസികളുടെ മേൽ പകര്‍ന്നിരിക്കുന്നതുപോലെ തന്നെ, നിങ്ങള്‍ മിസ്രയീമിൽ ചെല്ലുമ്പോള്‍ എന്‍റെ ക്രോധം നിങ്ങളുടെ മേലും പകരും; നിങ്ങള്‍ പ്രാക്കിനും സ്തംഭനത്തിനും ശാപത്തിനും നിന്ദയ്ക്കും വിഷയമായിത്തീരും; ഈ സ്ഥലം നിങ്ങള്‍ ഇനി കാണുകയുമില്ല.

19യെഹൂദായിൽ ശേഷിപ്പുള്ളവരേ, നിങ്ങള്‍ മിസ്രയീമിൽ പോകരുത് എന്നു യഹോവ കല്പിക്കുന്നു; ഞാന്‍ അത് ഇന്നു നിങ്ങളോടു സാക്ഷീകരിച്ചിരിക്കുന്നു എന്നു നിങ്ങള്‍ അറിഞ്ഞുകൊള്‍വിന്‍.

20നീ ഞങ്ങളുടെ ദൈവമായ യഹോവയോടു ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കേണം; ഞങ്ങളുടെ ദൈവമായ യഹോവ കല്പിക്കുന്നതൊക്കെയും നീ ഞങ്ങളോട് അറിയിക്കേണം; ഞങ്ങള്‍ അതുപോലെ ചെയ്യും എന്നു പറഞ്ഞു നിങ്ങള്‍ എന്നെ നിങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കൽ അയച്ചു.

21ഞാന്‍ ഇന്ന് അതു നിങ്ങളോട് അറിയിക്കയും ചെയ്തു; നിങ്ങളോ നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്ക്, ഞാന്‍ മുഖാന്തരം അവന്‍ നിങ്ങളോട് അറിയിച്ച കാര്യം ഒന്നും അനുസരിച്ചിട്ടില്ല; ഇതിൽ നിങ്ങള്‍ നിങ്ങളെത്തന്നെ ചതിച്ചിരിക്കുന്നു.

22ആകയാൽ നിങ്ങള്‍ ഇപ്പോള്‍ ചെന്നു പാര്‍പ്പാന്‍ ആഗ്രഹിക്കുന്ന സ്ഥലത്തുവച്ച് നിങ്ങള്‍ വാള്‍കൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മരിക്കും എന്ന് അറിഞ്ഞുകൊള്‍വിന്‍.