പഴയ നിയമംMOV

യിരെമ്യാവ് 3

1ഒരു പുരുഷന്‍ തന്‍റെ ഭാര്യയെ ഉപേക്ഷിക്കയും അവള്‍ അവനെ വിട്ടുപോയി മറ്റൊരു പുരുഷനു ഭാര്യയായിത്തീരുകയും ചെയ്തശേഷം അവന്‍ അവളുടെ അടുക്കൽ വീണ്ടും ചെല്ലുമോ? അങ്ങനെയുള്ള ദേശം മലിനമായിപ്പോകയില്ലയോ? നീയോ, പല ജാരന്മാരുമായി പരസംഗം ചെയ്തിരിക്കുന്നു; എന്നിട്ടും എന്‍റെ അടുക്കൽ മടങ്ങിവരുവാന്‍ നീ വിചാരിക്കുന്നുവോ എന്നു യഹോവയുടെ അരുളപ്പാട്.

2മൊട്ടക്കുന്നുകളിലേക്കു തലപൊക്കി നോക്കുക; നീ പരസംഗം ചെയ്യാത്ത സ്ഥലം ഏതുള്ളൂ? മരുഭൂമിയിൽ അരാബ്യര്‍ എന്നപോലെ നീ വഴികളിൽ അവര്‍ക്കായി പതിയിരുന്നു; നിന്‍റെ പരസംഗത്താലും വഷളത്തത്താലും ദേശത്തെ മലിനമാക്കിയിരിക്കുന്നു.

3അതുകൊണ്ടു മഴ നിന്നുപോയി; പിന്മഴ പെയ്തതുമില്ല; എന്നിട്ടും നീ വേശ്യയുടെ നെറ്റി കാണിച്ച്, നാണിക്കാതെയിരിക്കുന്നു.

4നീ ഇന്നുമുതൽ എന്നോട്: എന്‍റെ പിതാവേ, നീ എന്‍റെ യൗവനത്തിലെ സഖി എന്നു വിളിച്ചുപറകയില്ലയോ?

5അവന്‍ എന്നേക്കും കോപം സംഗ്രഹിക്കുമോ? അവന്‍ സദാകാലം ദ്വേഷം വച്ചുകൊണ്ടിരിക്കുമോ? എന്നിങ്ങനെ നീ പറഞ്ഞു ദുഷ്ടതകളെ പ്രവര്‍ത്തിച്ചു നിനക്കു സാധിച്ചുമിരിക്കുന്നു.

6യോശീയാരാജാവിന്‍റെ കാലത്തു യഹോവ എന്നോട് അരുളിച്ചെയ്തത്: വിശ്വാസത്യാഗിനിയായ യിസ്രായേൽ ചെയ്തിരിക്കുന്നതു നീ കണ്ടുവോ? അവള്‍ ഉയരമുള്ള എല്ലാ മലമുകളിലും എല്ലാ പച്ചമരത്തിന്‍കീഴിലും ചെന്ന് അവിടെ പരസംഗം ചെയ്തു.

7ഇതൊക്കെയും ചെയ്തശേഷം അവള്‍ എന്‍റെ അടുക്കൽ മടങ്ങിവരും എന്നു ഞാന്‍ വിചാരിച്ചു; എന്നാൽ അവള്‍ മടങ്ങിവന്നില്ല; വിശ്വാസപാതകിയായ യെഹൂദാ എന്ന അവളുടെ സഹോദരി അതു കണ്ടു.

8വിശ്വാസത്യാഗിനിയായ യിസ്രായേൽ വ്യഭിചാരം ചെയ്ത ഹേതുവാൽ തന്നെ ഞാന്‍ അവളെ ഉപേക്ഷിച്ച് ഉപേക്ഷണപത്രം കൊടുത്തത് വിശ്വാസപാതകിയായ യെഹൂദാ എന്ന അവളുടെ സഹോദരി കണ്ടിട്ടും ഭയപ്പെടാതെ അവളും ചെന്നു പരസംഗം ചെയ്തു.

9മനോലഘുത്വത്തോടെ ചെയ്ത അവളുടെ പരസംഗം ഹേതുവായി ദേശം മലിനമായിപ്പോയി; കല്ലിനോടും മരത്തോടും അവള്‍ വ്യഭിചാരം ചെയ്തു.

10ഇതെല്ലാമായിട്ടും വിശ്വാസപാതകിയായ സഹോദരി യെഹൂദാ കപടമായിട്ടല്ലാതെ പൂര്‍ണഹൃദയത്തോടെ എന്‍റെ അടുക്കലേക്കു മടങ്ങി വന്നിട്ടില്ല എന്നു യഹോവയുടെ അരുളപ്പാട്.

11വിശ്വാസത്യാഗിനിയായ യിസ്രായേൽ വിശ്വാസപാതകിയായ യെഹൂദായെക്കാള്‍ നീതിയുള്ളവളെന്നു യഹോവ എന്നോട് അരുളിച്ചെയ്തു.

12നീ ചെന്നു വടക്കോട്ടു നോക്കി ഈ വചനങ്ങളെ വിളിച്ചുപറക: വിശ്വാസത്യാഗിനിയായ യിസ്രായേലേ, മടങ്ങിവരിക എന്നു യഹോവയുടെ അരുളപ്പാട്. ഞാന്‍ നിങ്ങളോടു കോപം കാണിക്കയില്ല; ഞാന്‍ കരുണയുള്ളവന്‍; എന്നേക്കും കോപം സംഗ്രഹിക്കയുമില്ല എന്നു യഹോവയുടെ അരുളപ്പാട്.

13നിന്‍റെ ദൈവമായ യഹോവയോടു നീ ദ്രോഹം ചെയ്തു. പച്ചമരത്തിന്‍കീഴിലൊക്കെയും അന്യന്മാരോടു ദുര്‍മാര്‍ഗമായി നടന്നതും എന്‍റെ വാക്കു കേട്ടനുസരിക്കാതെ ഇരുന്നതുമായ നിന്‍റെ അകൃത്യം സമ്മതിക്കമാത്രം ചെയ്ക എന്നു യഹോവയുടെ അരുളപ്പാട്.

14വിശ്വാസത്യാഗികളായ മക്കളേ, മടങ്ങിവരുവിന്‍ എന്നു യഹോവയുടെ അരുളപ്പാട്; ഞാനല്ലോ നിങ്ങളുടെ ഭര്‍ത്താവ്; ഞാന്‍ നിങ്ങളെ പട്ടണത്തിൽ ഒരുത്തനെയും വംശത്തിൽ രണ്ടു പേരെയും വീതം എടുത്തു സീയോനിലേക്കു കൊണ്ടുവരും.

15ഞാന്‍ നിങ്ങള്‍ക്ക് എന്‍റെ മനസ്സിനൊത്ത ഇടയന്മാരെ നല്കും; അവര്‍ നിങ്ങളെ ജ്ഞാനത്തോടും ബുദ്ധിയോടും കൂടെ മേയ്ക്കും.

16അങ്ങനെ നിങ്ങള്‍ ദേശത്തു വര്‍ധിച്ചുപെരുകുമ്പോള്‍ ആ കാലത്തു: യഹോവയുടെ നിയമപെട്ടകം എന്ന് ഇനി പറകയില്ല. അതു മനസ്സിൽ വരികയില്ല, അതിനെ ഓര്‍ക്കയില്ല, ചെന്നു കാണുകയില്ല, ഇനി അത് ഉണ്ടാക്കുകയുമില്ല എന്നു യഹോവയുടെ അരുളപ്പാട്.

17ആ കാലത്തു യെരൂശലേമിനു യഹോവയുടെ സിംഹാസനം എന്നു പേരാകും; സകല ജാതികളും അവിടേക്ക്, യെരൂശലേമിലേക്കു തന്നെ, യഹോവയുടെ നാമം നിമിത്തം വന്നുചേരും; തങ്ങളുടെ ദുഷ്ടഹൃദയത്തിന്‍റെ ശാഠ്യപ്രകാരം ഇനി നടക്കയുമില്ല.

18ആ കാലത്ത് യെഹൂദാഗൃഹം യിസ്രായേൽഗൃഹത്തോടു ചേര്‍ന്ന്, അവര്‍ ഒന്നിച്ചു വടക്കേ ദിക്കിൽനിന്നു പുറപ്പെട്ടു, ഞാന്‍ നിങ്ങളുടെ പിതാക്കന്മാര്‍ക്ക് അവകാശമായി കൊടുത്ത ദേശത്തേക്കു വരും.

19ഞാനോ നിന്നെ ദത്തെടുത്തു, നിനക്കു ജാതികളുടെ അതിഭംഗിയുള്ള അവകാശമായ മനോഹരദേശം നല്കേണ്ടത് എങ്ങനെ എന്നു വിചാരിച്ചു; നീ എന്നെ: എന്‍റെ പിതാവേ എന്നു വിളിക്കും, എന്നെ വിട്ടുമാറുകയുമില്ല എന്നും ഞാന്‍ വിചാരിച്ചു.

20യിസ്രായേൽഗൃഹമേ, ഒരു ഭാര്യ ഭര്‍ത്താവിനോടു വിശ്വാസപാതകം ചെയ്ത് അവനെ വിട്ടുകളയുന്നതുപോലെ നിങ്ങള്‍ എന്നോടു വിശ്വാസപാതകം ചെയ്തിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാട്.

21യിസ്രായേൽമക്കള്‍ വളഞ്ഞ വഴികളിൽ നടന്നു തങ്ങളുടെ ദൈവമായ യഹോവയെ മറന്നുകളഞ്ഞതിനാൽ അവര്‍ മൊട്ടക്കുന്നുകളിന്മേൽ കരഞ്ഞു യാചിക്കുന്നതു കേള്‍ക്കുന്നു!

22വിശ്വാസത്യാഗികളായ മക്കളേ, മടങ്ങിവരുവിന്‍; ഞാന്‍ നിങ്ങളുടെ വിശ്വാസത്യാഗം മാറ്റിത്തരാം. ഇതാ, ഞങ്ങള്‍ നിന്‍റെ അടുക്കൽ വരുന്നു; നീ ഞങ്ങളുടെ ദൈവമായ യഹോവയല്ലോ.

23കുന്നുകളും പര്‍വതങ്ങളിലെ കോലാഹലവും വ്യര്‍ഥം; ഞങ്ങളുടെ ദൈവമായ യഹോവയിൽ മാത്രമേ യിസ്രായേലിനു രക്ഷയുള്ളൂ.

24ലജ്ജാവിഗ്രഹങ്ങളോ ഞങ്ങളുടെ യൗവനംമുതൽ ഞങ്ങളുടെ പിതാക്കന്മാരുടെ സമ്പാദ്യത്തെയും അവരുടെ ആടുകളെയും കന്നുകാലികളെയും അവരുടെ പുത്രന്മാരെയും പുത്രിമാരെയും തിന്നുകളഞ്ഞിരിക്കുന്നു.

25ഞങ്ങള്‍ ഞങ്ങളുടെ ലജ്ജയിൽ തന്നെ കിടക്കട്ടെ; ഞങ്ങളുടെ നാണം ഞങ്ങളെ മൂടട്ടെ; ഞങ്ങളും ഞങ്ങളുടെ പിതാക്കന്മാരും യൗവനംമുതൽ ഇന്നുവരെയും ഞങ്ങളുടെ ദൈവമായ യഹോവയോടു പാപം ചെയ്തിരിക്കുന്നു; ഞങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിച്ചിട്ടുമില്ല.