പഴയ നിയമംMOV
1യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഈ നഗരത്തിൽ പാര്‍ക്കുന്നവന്‍ വാള്‍കൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മരിക്കും; കല്ദയരുടെ അടുക്കൽ ചെന്നു ചേരുന്നവനോ ജീവനോടെയിരിക്കും; അവന്‍റെ ജീവന്‍ അവനു കൊള്ളകിട്ടിയതുപോലെയിരിക്കും; അവന്‍ ജീവനോടെയിരിക്കും എന്നും യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
2ഈ നഗരം നിശ്ചയമായി ബാബേൽരാജാവിന്‍റെ സൈന്യത്തിന്‍റെ കൈയിൽ ഏല്പിക്കപ്പെടും, അവന്‍ അതിനെ പിടിക്കും എന്നും
3യിരെമ്യാവ് സകല ജനത്തോടും പ്രസ്താവിച്ച വചനങ്ങളെ മത്ഥാന്‍റെ മകനായ ശെഫത്യാവും പശ്ഹൂരിന്‍റെ മകനായ ഗെദല്യാവും ശെലെമ്യാവിന്‍റെ മകനായ യൂഖലും മല്ക്കീയാവിന്‍റെ മകനായ പശ്ഹൂരും കേട്ടിട്ട്
4പ്രഭുക്കന്മാര്‍ രാജാവിനോട്: ഈ മനുഷ്യന്‍ നഗരത്തിൽ ശേഷിച്ചിരിക്കുന്ന പടയാളികള്‍ക്കും സര്‍വജനത്തിനും ഇങ്ങനെയുള്ള വാക്ക് പറഞ്ഞ് ധൈര്യക്ഷയം വരുത്തുന്നതുകൊണ്ട് അവനെ കൊന്നുകളയേണമേ; ഈ മനുഷ്യന്‍ ഈ ജനത്തിന്‍റെ നന്മയല്ല തിന്മയത്രേ അന്വേഷിക്കുന്നത് എന്നു പറഞ്ഞു.
5സിദെക്കീയാരാജാവ്: ഇതാ, അവന്‍ നിങ്ങളുടെ കൈയിൽ ഇരിക്കുന്നു; നിങ്ങള്‍ക്ക് വിരോധമായി ഒന്നും ചെയ്‍വാന്‍ രാജാവിനു കഴിവില്ലല്ലോ എന്നു പറഞ്ഞു.
6അവര്‍ യിരെമ്യാവെ പിടിച്ച് കാവല്പുരമുറ്റത്ത് രാജകുമാരനായ മല്ക്കീയാവിനുള്ള കുഴിയിൽ ഇറക്കി; കയറുകൊണ്ടായിരുന്നു അവര്‍ യിരെമ്യാവെ ഇറക്കിയത്; കുഴിയിൽ ചെളിയല്ലാതെ വെള്ളമില്ലായിരുന്നു; യിരെമ്യാവു ചെളിയിൽ താണു.
7അവര്‍ യിരെമ്യാവെ കുഴിയിൽ ഇട്ടുകളഞ്ഞു എന്നു രാജഗൃഹത്തിൽ ഉണ്ടായിരുന്ന കൂശ്യനായ ഏബെദ്-മേലെക് എന്ന ഷണ്ഡന്‍ കേട്ടു; അന്നു രാജാവ് ബെന്യാമീന്‍ വാതിൽക്കൽ ഇരിക്കയായിരുന്നു.
8ഏബെദ്-മേലെക് രാജഗൃഹത്തിൽനിന്ന് ഇറങ്ങിച്ചെന്ന് രാജാവിനോടു സംസാരിച്ചു:
9യജമാനനായ രാജാവേ, ഈ മനുഷ്യര്‍ യിരെമ്യാപ്രവാചകനോടു ചെയ്തതൊക്കെയും അന്യായമത്രേ; അവര്‍ അവനെ കുഴിയിൽ ഇട്ടുകളഞ്ഞു; നഗരത്തിൽ അപ്പം ഇല്ലായ്കയാൽ അവന്‍ അവിടെ പട്ടിണി കിടന്നു ചാകേയുള്ളൂ എന്നു പറഞ്ഞു.
10രാജാവ് കൂശ്യനായ ഏബെദ്-മേലെക്കിനോട്: നീ ഇവിടെനിന്ന് മുപ്പത് ആളുകളെ കൂട്ടിക്കൊണ്ടുചെന്ന്, യിരെമ്യാപ്രവാചകന്‍ മരിക്കുംമുമ്പേ അവനെ കുഴിയിൽനിന്ന് കയറ്റിക്കൊള്‍ക എന്നു കല്പിച്ചു.
11അങ്ങനെ ഏബെദ്-മേലെക് ആയാളുകളെ കൂട്ടിക്കൊണ്ട് രാജഗൃഹത്തിൽ ഭണ്ഡാരമുറിക്ക് കീഴെ ചെന്ന് അവിടെനിന്ന് പഴന്തുണിയും കീറ്റുതുണിക്കണ്ടങ്ങളും എടുത്തു കുഴിയിൽ യിരെമ്യാവിന് കയറുവഴി ഇറക്കിക്കൊടുത്തു.
12കൂശ്യനായ ഏബെദ്-മേലെക് യിരെമ്യാവോട്: ഈ പഴന്തുണിയും കീറ്റുതുണിക്കണ്ടങ്ങളും നിന്‍റെ കക്ഷങ്ങളിൽ വച്ച് അതിനു പുറമേ കയറിട്ടുകൊള്‍ക എന്നു പറഞ്ഞു; യിരെമ്യാവ് അങ്ങനെ ചെയ്തു.
13അവര്‍ യിരെമ്യാവെ കയറുകൊണ്ടു കുഴിയിൽനിന്നു വലിച്ചു കയറ്റി; യിരെമ്യാവ് കാവല്പുരമുറ്റത്തു പാര്‍ത്തു.
14അതിന്‍റെശേഷം സിദെക്കീയാരാജാവ് ആളയച്ചു യിരെമ്യാപ്രവാചകനെ യഹോവയുടെ ആലയത്തിലെ മൂന്നാം പ്രവേശനത്തിങ്കൽ തന്‍റെ അടുക്കൽ വരുത്തി; രാജാവ് യിരെമ്യാവോട്: ഞാന്‍ നിന്നോട് ഒരു കാര്യം ചോദിക്കുന്നു; എന്നോട് ഒന്നും മറച്ചുവയ്ക്കരുത് എന്നു കല്പിച്ചു.
15അതിനു യിരെമ്യാവ് സിദെക്കീയാവോട്: ഞാന്‍ അതു ബോധിപ്പിച്ചാൽ എന്നെ കൊല്ലുകയില്ലയോ? ഞാന്‍ ഒരു ആലോചന പറഞ്ഞു തന്നാൽ എന്‍റെ വാക്കു കേള്‍ക്കയില്ലല്ലോ എന്നു പറഞ്ഞു.
16സിദെക്കീയാരാജാവ്: ഈ പ്രാണനെ സൃഷ്‍ടിച്ചുതന്ന യഹോവയാണ, ഞാന്‍ നിന്നെ കൊല്ലുകയില്ല; നിനക്കു പ്രാണഹാനി വരുത്തുവാന്‍ നോക്കുന്ന ഈ മനുഷ്യരുടെ കൈയിൽ ഞാന്‍ നിന്നെ ഏല്പിക്കയുമില്ല എന്നു യിരെമ്യാവോടു രഹസ്യമായി സത്യം ചെയ്തു.
17എന്നാറെ യിരെമ്യാവ് സിദെക്കീയാവോട്: യിസ്രായേലിന്‍റെ ദൈവമായി സൈന്യങ്ങളുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ബാബേൽരാജാവിന്‍റെ പ്രഭുക്കന്മാരുടെ അടുക്കൽ പുറത്തു ചെന്നാൽ നിനക്കു പ്രാണരക്ഷയുണ്ടാകും; ഈ നഗരത്തെ തീ വച്ചു ചുട്ടുകളകയുമില്ല; നീയും നിന്‍റെ ഗൃഹവും ജീവനോടെ ഇരിക്കും.
18നീ ബാബേൽരാജാവിന്‍റെ പ്രഭുക്കന്മാരുടെ അടുക്കൽ പുറത്തു ചെല്ലാഞ്ഞാലോ ഈ നഗരം കല്ദയരുടെ കൈയിൽ ഏല്പിക്കപ്പെടും; അവര്‍ അതിനെ തീ വച്ചു ചുട്ടുകളയും; നീ അവരുടെ കൈയിൽനിന്നു തെറ്റിയൊഴികയുമില്ല എന്നു പറഞ്ഞു.
19സിദെക്കീയാരാജാവ് യിരെമ്യാവോട്: കല്ദയര്‍ എന്നെ അവരുടെ പക്ഷം ചേര്‍ന്നിരിക്കുന്ന യെഹൂദന്മാരുടെ കൈയിൽ ഏല്പിക്കയും അവര്‍ എന്നെ അപമാനിക്കയും ചെയ്യുമെന്നു ഞാന്‍ ഭയപ്പെടുന്നു എന്നു പറഞ്ഞു.
20അതിനു യിരെമ്യാവ് പറഞ്ഞത്: അവര്‍ നിന്നെ ഏല്പിക്കയില്ല; ഞാന്‍ ബോധിപ്പിക്കുന്ന യഹോവയുടെ വചനം കേള്‍ക്കേണമേ; എന്നാൽ നിനക്കു നന്നായിരിക്കും; നിനക്കു പ്രാണരക്ഷയുണ്ടാകും.
21പുറത്തു ചെല്ലുവാന്‍ നിനക്കു മനസ്സില്ലങ്കിലോ, യഹോവ വെളിപ്പെടുത്തിത്തന്ന അരുളപ്പാടാവിത്:
22യെഹൂദാരാജാവിന്‍റെ അരമനയിൽ ശേഷിച്ചിരിക്കുന്ന സകല സ്ത്രീകളും പുറത്തു ബാബേൽരാജാവിന്‍റെ പ്രഭുക്കന്മാരുടെ അടുക്കൽ പോകേണ്ടിവരും; നിന്‍റെ ചങ്ങാതിമാര്‍ നിന്നെ വശീകരിച്ചു തോല്പിച്ചു; നിന്‍റെ കാൽ ചെളിയിൽ താണപ്പോള്‍ പിന്മാറിക്കളഞ്ഞു എന്ന് അവര്‍ പറയും.
23നിന്‍റെ സകല ഭാര്യമാരെയും മക്കളെയും പുറത്തു കല്ദയരുടെ അടുക്കൽ കൊണ്ടുപോകും; നീയും അവരുടെ കൈയിൽനിന്ന് ഒഴിഞ്ഞുപോകാതെ ബാബേൽരാജാവിന്‍റെ കൈയിൽ അകപ്പെടും; ഈ നഗരത്തെ തീ വച്ചു ചുട്ടുകളയുന്നതിനു നീ ഹേതുവാകും.
24സിദെക്കീയാവ് യിരെമ്യാവോടു പറഞ്ഞത്: ഈ കാര്യം ആരും അറിയരുത്: എന്നാൽ നീ മരിക്കയില്ല.
25ഞാന്‍ നിന്നോടു സംസാരിച്ചപ്രകാരം പ്രഭുക്കന്മാര്‍ കേട്ടിട്ടു നിന്‍റെ അടുക്കൽ വന്നു: നീ രാജാവിനോട് എന്തു സംസാരിച്ചു? ഞങ്ങളോടു പറക; ഒന്നും മറച്ചുവയ്ക്കരുത്; ഞങ്ങള്‍ നിന്നെ കൊല്ലുകയില്ല; രാജാവ് നിന്നോട് എന്തു സംസാരിച്ചു എന്നിങ്ങനെ ചോദിച്ചാൽ,
26നീ അവരോട്: യോനാഥാന്‍റെ വീട്ടിൽ കിടന്നു മരിക്കാതെ ഇരിക്കേണ്ടതിന് എന്നെ വീണ്ടും അവിടെ അയയ്ക്കരുതേ എന്നു ഞാന്‍ രാജസന്നിധിയിൽ സങ്കടം ബോധിപ്പിക്കയായിരുന്നുവെന്നു പറയേണം.
27സകല പ്രഭുക്കന്മാരും യിരെമ്യാവിന്‍റെ അടുക്കൽ വന്ന് അവനോടു ചോദിച്ചാറെ അവന്‍, രാജാവ് കല്പിച്ച ഈ വാക്കുപോലെയൊക്കെയും അവരോടു പറഞ്ഞു; അങ്ങനെ കാര്യം വെളിവാകാഞ്ഞതുകൊണ്ട് അവര്‍ ഒന്നും മിണ്ടാതെ അവനെ വിട്ടുപോയി.
28യെരൂശലേം പിടിച്ച നാള്‍വരെ യിരെമ്യാവ് കാവല്പുരമുറ്റത്തു പാര്‍ത്തു; യെരൂശലേം പിടിച്ചപ്പോഴും അവന്‍ അവിടെത്തന്നെ ആയിരുന്നു.