പഴയ നിയമംMOV

യിരെമ്യാവ് 37

1യെഹോയാക്കീമിന്‍റെ മകനായ കൊന്യാവിനു പകരം യോശീയാവിന്‍റെ മകനായ സിദെക്കീയാവ് രാജാവായി; അവനെ ബാബേൽരാജാവായ നെബൂഖദ്നേസര്‍ യെഹൂദാദേശത്തു രാജാവാക്കിയിരുന്നു.

2എന്നാൽ അവനാകട്ടെ അവന്‍റെ ഭൃത്യന്മാരാകട്ടെ ദേശത്തിലെ ജനമാകട്ടെ യിരെമ്യാപ്രവാചകന്‍ മുഖാന്തരം യഹോവ അരുളിച്ചെയ്ത വചനങ്ങളെ കേട്ടനുസരിച്ചില്ല.

3സിദെക്കീയാരാജാവ് ശെലെമ്യാവിന്‍റെ മകനായ യഹൂഖലിനെയും മയസെയാവിന്‍റെ മകനായ സെഫന്യാപുരോഹിതനെയും യിരെമ്യാപ്രവാചകന്‍റെ അടുക്കൽ അയച്ചു: നീ നമ്മുടെ ദൈവമായ യഹോവയോടു ഞങ്ങള്‍ക്കുവേണ്ടി പക്ഷവാദം കഴിക്കേണം എന്നു പറയിച്ചു.

4യിരെമ്യാവിനോ ജനത്തിന്‍റെ ഇടയിൽ വരത്തുപോക്കുണ്ടായിരുന്നു; അവനെ തടവിലാക്കിയിരുന്നില്ല.

5ഫറവോന്‍റെ സൈന്യം മിസ്രയീമിൽനിന്നു പുറപ്പെട്ടു എന്ന വര്‍ത്തമാനം യെരൂശലേമിനെ നിരോധിച്ചുപാര്‍ത്ത കല്ദയര്‍ കേട്ടപ്പോള്‍ അവര്‍ യെരൂശലേമിനെ വിട്ടുപോയി.

6അന്നു യിരെമ്യാപ്രവാചകനു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ:

7യിസ്രായേലിന്‍റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അരുളപ്പാട് ചോദിപ്പാന്‍ നിങ്ങളെ എന്‍റെ അടുക്കൽ അയച്ച യെഹൂദാരാജാവിനോടു നിങ്ങള്‍ പറയേണ്ടത്: നിങ്ങള്‍ക്കു സഹായത്തിനായി പുറപ്പെട്ടിരിക്കുന്ന ഫറവോന്‍റെ സൈന്യം തങ്ങളുടെ ദേശമായ മിസ്രയീമിലേക്കു മടങ്ങിപ്പോകും.

8കല്ദയരോ മടങ്ങിവന്ന് ഈ നഗരത്തോടു യുദ്ധം ചെയ്ത് അതിനെ പിടിച്ചു തീ വച്ചു ചുട്ടുകളയും. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

9കല്ദയര്‍ നിശ്ചയമായിട്ടു നമ്മെ വിട്ടുപോകും എന്നു പറഞ്ഞു നിങ്ങളെത്തന്നെ വഞ്ചിക്കരുത്; അവര്‍ വിട്ടുപോകയില്ല.

10നിങ്ങളോടു യുദ്ധം ചെയ്യുന്ന കല്ദയരുടെ സര്‍വസൈന്യത്തെയും നിങ്ങള്‍ തോല്പിച്ചിട്ട്, മുറിവേറ്റ ചിലര്‍ മാത്രം ശേഷിച്ചിരുന്നാലും അവര്‍ ഓരോരുത്തന്‍ താന്താന്‍റെ കൂടാരത്തിൽനിന്ന് എഴുന്നേറ്റുവന്ന് ഈ നഗരത്തെ തീവച്ചു ചുട്ടുകളയും.

11ഫറവോന്‍റെ സൈന്യം നിമിത്തം കല്ദയരുടെ സൈന്യം യെരൂശലേമിനെ വിട്ടുപോയപ്പോള്‍

12യിരെമ്യാവ് ബെന്യാമീന്‍ദേശത്തുചെന്ന് സ്വജനത്തിന്‍റെ ഇടയിൽ തന്‍റെ ഓഹരി വാങ്ങുവാന്‍ യെരൂശലേമിൽനിന്നു പുറപ്പെട്ടു.

13അവന്‍ ബെന്യാമീന്‍വാതിൽക്കൽ എത്തിയപ്പോള്‍, അവിടത്തെ കാവല്ക്കാരുടെ അധിപതിയായി ഹനന്യാവിന്‍റെ മകനായ ശെലെമ്യാവിന്‍റെ മകന്‍ യിരീയാവ് എന്നു പേരുള്ളവന്‍ യിരെമ്യാപ്രവാചകനെ പിടിച്ചു: നീ കല്ദയരുടെ പക്ഷം ചേരുവാന്‍ പോകുന്നു എന്നു പറഞ്ഞു.

14അതിനു യിരെമ്യാവ്: അതു നേരല്ല, ഞാന്‍ കല്ദയരുടെ പക്ഷം ചേരുവാനല്ല പോകുന്നത് എന്നു പറഞ്ഞു; യിരീയാവ് അതു കൂട്ടാക്കാതെ യിരെമ്യാവെ പിടിച്ചു പ്രഭുക്കന്മാരുടെ അടുക്കൽ കൊണ്ടുചെന്നു.

15പ്രഭുക്കന്മാര്‍ യിരെമ്യാവോടു കോപിച്ച് അവനെ അടിച്ചു രായസക്കാരനായ യോനാഥാന്‍റെ വീട്ടിൽ തടവിൽ വച്ചു; അതിനെ അവര്‍ കാരാഗൃഹമാക്കിയിരുന്നു.

16അങ്ങനെ യിരെമ്യാവ് കുണ്ടറയിലെ നിലവറകളിൽ ആയി അവിടെ ഏറെനാള്‍ പാര്‍ക്കേണ്ടിവന്നു.

17അനന്തരം സിദെക്കീയാരാജാവ് ആളയച്ച് അവനെ വരുത്തി: യഹോവയിങ്കൽനിന്നു വല്ല അരുളപ്പാടും ഉണ്ടോ എന്നു രാജാവ് അരമനയിൽവച്ച് അവനോടു രഹസ്യമായി ചോദിച്ചു; അതിനു യിരെമ്യാവ്: ഉണ്ട്; നീ ബാബേൽരാജാവിന്‍റെ കൈയിൽ ഏല്പിക്കപ്പെടും എന്നു പറഞ്ഞു.

18പിന്നെ യിരെമ്യാവ് സിദെക്കീയാരാജാവിനോടു പറഞ്ഞത്: നിങ്ങള്‍ എന്നെ കാരാഗൃഹത്തിൽ ആക്കുവാന്‍ തക്കവണ്ണം ഞാന്‍ നിന്നോടോ നിന്‍റെ ഭൃത്യന്മാരോടോ ഈ ജനത്തോടോ എന്തു കുറ്റം ചെയ്തു?

19ബാബേൽരാജാവ് നിങ്ങളുടെ നേരേയും ഈ ദേശത്തിന്‍റെ നേരേയും വരികയില്ല എന്നു നിങ്ങളോടു പ്രവചിച്ച നിങ്ങളുടെ പ്രവാചകന്മാര്‍ ഇപ്പോള്‍ എവിടെ?

20ആകയാൽ യജമാനനായ രാജാവേ, കേള്‍ക്കേണമേ! എന്‍റെ അപേക്ഷ തിരുമനസ്സുകൊണ്ടു കൈക്കൊള്ളേണമേ! ഞാന്‍ രായസക്കാരനായ യോനാഥാന്‍റെ വീട്ടിൽ കിടന്നു മരിക്കാതെയിരിക്കേണ്ടതിന് എന്നെ വീണ്ടും അവിടെ അയയ്ക്കരുതേ.

21അപ്പോള്‍ സിദെക്കീയാരാജാവ്: യിരെമ്യാവെ കാവല്പുരമുറ്റത്ത് ഏല്പിപ്പാനും നഗരത്തിൽ ആഹാരം തീരെ ഇല്ലാതാകുംവരെ അപ്പക്കാരുടെ തെരുവിൽനിന്ന് ദിവസംപ്രതി ഒരു അപ്പം അവനു കൊടുപ്പാനും കല്പിച്ചു. അങ്ങനെ യിരെമ്യാവ് കാവല്പുരമുറ്റത്തു പാര്‍ത്തു.