പഴയ നിയമംMOV
1യോശീയാവിന്‍റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്‍റെ കാലത്തു യിരെമ്യാവിനു യഹോവയിങ്കൽനിന്നുണ്ടായ അരുളപ്പാട് എന്തെന്നാൽ:
2നീ രേഖാബ്യഗൃഹത്തിന്‍റെ അടുക്കൽ ചെന്ന് അവരോടു സംസാരിച്ച് അവരെ യഹോവയുടെ ആലയത്തിന്‍റെ ഒരു മുറിയിൽ കൊണ്ടുവന്ന് അവര്‍ക്കു വീഞ്ഞു കുടിപ്പാന്‍ കൊടുക്ക.
3അങ്ങനെ ഞാന്‍ ഹബസിന്യാവിന്‍റെ മകനായ യിരെമ്യാവിന്‍റെ മകന്‍ യയസന്യാവെയും അവന്‍റെ സഹോദരന്മാരെയും അവന്‍റെ സകല പുത്രന്മാരെയും രേഖാബ്യഗൃഹം മുഴുവനെയും കൂട്ടി
4യഹോവയുടെ ആലയത്തിൽ പ്രഭുക്കന്മാരുടെ മുറിക്കരികെ ശല്ലൂമിന്‍റെ മകനായ വാതിൽകാവല്ക്കാരന്‍ മയസേയാവിന്‍റെ മുറിക്കുമീതെ ഇഗ്ദല്യാവിന്‍റെ മകനും ദൈവപുരുഷനുമായ ഹാനാന്‍റെ പുത്രന്മാരുടെ മുറിയിൽ കൊണ്ടുവന്നു.
5പിന്നെ ഞാന്‍, രേഖാബ്യഗൃഹക്കാരുടെ മുമ്പിൽ വീഞ്ഞു നിറച്ച കുടങ്ങളും പാനപാത്രങ്ങളും വച്ച് അവരോട്: വീഞ്ഞു കുടിപ്പിന്‍ എന്നു പറഞ്ഞു.
6അതിന് അവര്‍ പറഞ്ഞത്: ഞങ്ങള്‍ വീഞ്ഞു കുടിക്കയില്ല; രേഖാബിന്‍റെ മകനായി ഞങ്ങളുടെ പിതാവായ യോനാദാബ് ഞങ്ങളോട്: നിങ്ങള്‍ ചെന്നു പാര്‍ക്കുന്ന ദേശത്തു ദീര്‍ഘായുസ്സോടെ ഇരിക്കേണ്ടതിനു
7നിങ്ങളും നിങ്ങളുടെ മക്കളും ഒരിക്കലും വീഞ്ഞു കുടിക്കരുത്; വീടു പണിയരുത്; വിത്തു വിതയ്ക്കരുത്; മുന്തിരിത്തോട്ടം ഉണ്ടാക്കരുത്; ഈവക ഒന്നും നിങ്ങള്‍ക്കുണ്ടാകയുമരുത്; നിങ്ങള്‍ ജീവപര്യന്തം കൂടാരങ്ങളിൽ പാര്‍ക്കേണം എന്നിങ്ങനെ കല്പിച്ചിരിക്കുന്നു.
8അങ്ങനെ ഞങ്ങളും ഭാര്യമാരും പുത്രന്മാരും പുത്രിമാരും ഞങ്ങളുടെ ജീവകാലത്തൊരിക്കലും
9വീഞ്ഞുകുടിക്കയോ പാര്‍പ്പാന്‍ വീടു പണികയോ ചെയ്യാതെ രേഖാബിന്‍റെ മകനായി ഞങ്ങളുടെ പിതാവായ യോനാദാബ് ഞങ്ങളോടു കല്പിച്ച സകലത്തിലും അവന്‍റെ വാക്കു കേട്ടനുസരിച്ചു വരുന്നു; ഞങ്ങള്‍ക്കു മുന്തിരിത്തോട്ടവും വയലും വിത്തും ഇല്ല.
10ഞങ്ങള്‍ കൂടാരങ്ങളിൽ പാര്‍ത്തു, ഞങ്ങളുടെ പിതാവായ യോനാദാബ് ഞങ്ങളോടു കല്പിച്ചതുപോലെയൊക്കെയും അനുസരിച്ചു നടക്കുന്നു.
11എന്നാൽ ബാബേൽരാജാവായ നെബൂഖദ്നേസര്‍ ദേശത്തെ ആക്രമിച്ചപ്പോള്‍ ഞങ്ങള്‍: വരുവിന്‍ കല്ദയരുടെ സൈന്യത്തിന്‍റെയും അരാമ്യരുടെ സൈന്യത്തിന്‍റെയും മുമ്പിൽനിന്നു നമുക്ക് യെരൂശലേമിലേക്കു പോയ്ക്കളയാം എന്നു പറഞ്ഞു; അങ്ങനെ ഞങ്ങള്‍ യെരൂശലേമിൽ പാര്‍ത്തുവരുന്നു
12അപ്പോള്‍ യഹോവയുടെ അരുളപ്പാട് യിരെമ്യാവിനുണ്ടായതെന്തെന്നാൽ:
13യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ ചെന്നു യെഹൂദാപുരുഷന്മാരോടും യെരൂശലേംനിവാസികളോടും പറയേണ്ടത്: എന്‍റെ വചനങ്ങളെ അനുസരിക്കേണ്ടതിനു നിങ്ങള്‍ പ്രബോധനം കൈക്കൊള്ളുന്നില്ലയോ? എന്നു യഹോവയുടെ അരുളപ്പാട്.
14രേഖാബിന്‍റെ മകനായ യോനാദാബ് തന്‍റെ പുത്രന്മാരോടു വീഞ്ഞു കുടിക്കരുതെന്നു കല്പിച്ചത് അവര്‍ നിവര്‍ത്തിക്കുന്നു; അവര്‍ പിതാവിന്‍റെ കല്പന പ്രമാണിച്ച് ഇന്നുവരെ കുടിക്കാതെ ഇരിക്കുന്നു; എന്നാൽ ഞാന്‍ ഇടവിടാതെ നിങ്ങളോടു സംസാരിച്ചിട്ടും നിങ്ങള്‍ എന്നെ അനുസരിച്ചിട്ടില്ല.
15നിങ്ങള്‍ ഓരോരുത്തന്‍ താന്താന്‍റെ ദുര്‍മാര്‍ഗം വിട്ടുതിരിഞ്ഞു നിങ്ങളുടെ പ്രവൃത്തികളെ നന്നാക്കുവിന്‍; അന്യദേവന്മാരോടു ചേര്‍ന്ന് അവരെ സേവിക്കരുത്; അപ്പോള്‍ ഞാന്‍ നിങ്ങള്‍ക്കും നിങ്ങളുടെ പിതാക്കന്മാര്‍ക്കും തന്ന ദേശത്തു നിങ്ങള്‍ വസിക്കുമെന്നിങ്ങനെ പ്രവാചകന്മാരായ എന്‍റെ സകല ദാസന്മാരെയും ഞാന്‍ ഇടവിടാതെ നിങ്ങളുടെ അടുക്കൽ അയച്ചു പറയിച്ചിട്ടും നിങ്ങള്‍ ചെവി ചായിക്കയോ എന്‍റെ വാക്കു കേട്ടനുസരിക്കയോ ചെയ്തിട്ടില്ല.
16രേഖാബിന്‍റെ മകനായ യോനാദാബിന്‍റെ പുത്രന്മാര്‍ അവരുടെ പിതാവു കല്പിച്ച കല്പന പ്രമാണിച്ചിരിക്കുന്നു; ഈ ജനമോ, എന്‍റെ വാക്കു കേട്ടനുസരിച്ചിട്ടില്ല.
17അതുകൊണ്ടു യിസ്രായേലിന്‍റെ ദൈവമായി സൈന്യങ്ങളുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ പറഞ്ഞിട്ടും അവര്‍ കേള്‍ക്കയോ വിളിച്ചിട്ടും അവര്‍ ഉത്തരം പറകയോ ചെയ്യായ്കകൊണ്ടു, ഞാന്‍ യെഹൂദായുടെമേലും യെരൂശലേമിലെ സകല നിവാസികളുടെമേലും ഞാന്‍ അവര്‍ക്കു വിധിച്ചിരിക്കുന്ന അനര്‍ഥമൊക്കെയും വരുത്തും.
18പിന്നെ യിരെമ്യാവ് രേഖാബ്യഗൃഹത്തോടു പറഞ്ഞത്: യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങള്‍ നിങ്ങളുടെ പിതാവായ യോനാദാബിന്‍റെ കല്പന പ്രമാണിച്ച് അവന്‍റെ ആജ്ഞയൊക്കെയും അനുസരിച്ച് അവന്‍ കല്പിച്ചതുപോലെയൊക്കെയും ചെയ്തിരിക്കകൊണ്ട്,
19എന്‍റെ മുമ്പാകെ നില്പാന്‍ രേഖാബിന്‍റെ മകനായ യോനാദാബിന് ഒരു പുരുഷന്‍ ഒരിക്കലും ഇല്ലാതെ വരികയില്ല എന്നു യിസ്രായേലിന്‍റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു.