പഴയ നിയമംMOV

യിരെമ്യാവ് 2

1യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:

2നീ ചെന്നു യെരൂശലേം കേള്‍ക്കെ വിളിച്ചുപറയേണ്ടത്; യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മരുഭൂമിയിൽ, വിതയ്ക്കാത്ത ദേശത്തു തന്നെ, നീ എന്നെ അനുഗമിച്ചു നടന്ന നിന്‍റെ യൗവനത്തിലെ ഭക്തിയും വിവാഹം നിശ്ചയിച്ച കാലത്തിലെ സ്നേഹവും ഞാന്‍ ഓര്‍ക്കുന്നു.

3യിസ്രായേൽ യഹോവയ്ക്ക് വിശുദ്ധവും അവന്‍റെ വിളവിന്‍റെ ആദ്യഫലവും ആകുന്നു; അവനെ തിന്നുകളയുന്നവരൊക്കെയും കുറ്റക്കാരായിത്തീരും; അവര്‍ക്കു ദോഷം വന്നു ഭവിക്കും എന്നായിരുന്നു യഹോവയുടെ അരുളപ്പാട്.

4യാക്കോബുഗൃഹവും യിസ്രായേൽഗൃഹത്തിലെ സകല വംശങ്ങളും ആയുള്ളോരേ, യഹോവയുടെ അരുളപ്പാടു കേട്ടുകൊള്‍വിന്‍.

5യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ പിതാക്കന്മാര്‍ എന്നെ വിട്ടകന്നു മിഥ്യാമൂര്‍ത്തികളോടു ചേര്‍ന്നു വ്യര്‍ഥന്മാര്‍ ആയിത്തീരുവാന്‍ തക്കവണ്ണം അവര്‍ എന്നിൽ എന്തൊരു അന്യായം കണ്ടു?

6ഞങ്ങളെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു, പാഴ്നിലവും കുഴികളും ഉള്ള ദേശമായി വരള്‍ച്ചയും കൂരിരുളും ഉള്ള ദേശമായി മനുഷ്യസഞ്ചാരമോ ആള്‍പ്പാര്‍പ്പോ ഇല്ലാത്ത ദേശമായ മരുഭൂമിയിൽകൂടി ഞങ്ങളെ നടത്തിക്കൊണ്ടുവന്ന യഹോവ എവിടെ എന്ന് അവര്‍ ചോദിച്ചില്ല.

7ഞാന്‍ നിങ്ങളെ ഫലവത്തായൊരു ദേശത്ത് അതിന്‍റെ ഫലവും ഗുണവും അനുഭവിപ്പാന്‍ കൂട്ടിക്കൊണ്ടു വന്നു; എന്നാൽ അവിടെ എത്തിയശേഷം നിങ്ങള്‍ എന്‍റെ ദേശത്തെ അശുദ്ധമാക്കി എന്‍റെ അവകാശത്തെ അറപ്പാക്കിക്കളഞ്ഞു.

8യഹോവ എവിടെ എന്നു പുരോഹിതന്മാര്‍ അന്വേഷിച്ചില്ല; ന്യായപ്രമാണജ്ഞന്മാര്‍ എന്നെ അറിഞ്ഞില്ല. ഇടയന്മാര്‍ എന്നോട് അതിക്രമം ചെയ്തു; പ്രവാചകന്മാര്‍ ബാൽ മുഖാന്തരം പ്രവചിച്ചു, പ്രയോജനമില്ലാത്തവയോടു ചേര്‍ന്നു നടന്നു.

9അതുകൊണ്ടു ഞാന്‍ ഇനിയും നിങ്ങളോടു വ്യവഹരിക്കും; നിങ്ങളുടെ മക്കളുടെ മക്കളോടും ഞാന്‍ വ്യവഹരിക്കും എന്നു യഹോവയുടെ അരുളപ്പാട്.

10നിങ്ങള്‍ കിത്തീയരുടെ ദ്വീപുകളിലേക്കു കടന്നുചെന്നു നോക്കുവിന്‍; കേദാരിലേക്ക് ആളയച്ചു നല്ലവണ്ണം അന്വേഷിച്ച്, ഇതുപോലെ സംഭവിച്ചിട്ടുണ്ടോ എന്നു നോക്കുവിന്‍.

11ഒരു ജാതി തന്‍റെ ദേവന്മാരെ മാറ്റിയിട്ടുണ്ടോ? അവ ദേവന്മാരല്ലതാനും; എന്നാൽ എന്‍റെ ജനം തന്‍റെ മഹത്ത്വമായവനെ പ്രയോജനമില്ലാത്തതിനു പകരം മാറ്റിക്കളഞ്ഞിരിക്കുന്നു.

12ആകാശമേ, ഇതിങ്കൽ വിസ്മയിച്ചു ഭ്രമിച്ച് ഏറ്റവും സ്തംഭിച്ചുപോക എന്നു യഹോവയുടെ അരുളപ്പാട്.

13എന്‍റെ ജനം രണ്ടു ദോഷം ചെയ്തിരിക്കുന്നു: അവര്‍ ജീവജലത്തിന്‍റെ ഉറവായ എന്നെ ഉപേക്ഷിച്ച്, വെള്ളമില്ലാത്ത കിണറുകളെ, പൊട്ടക്കിണറുകളെ തന്നെ, കുഴിച്ചിരിക്കുന്നു.

14യിസ്രായേൽ ദാസനോ? വീട്ടിൽ പിറന്ന അടിമയോ? അവന്‍ കവര്‍ച്ചയായി തീര്‍ന്നിരിക്കുന്നതെന്ത്?

15ബാലസിംഹങ്ങള്‍ അവന്‍റെ നേരേ അലറി നാദം കേള്‍പ്പിച്ച് അവന്‍റെ ദേശത്തെ ശൂന്യമാക്കി; അവന്‍റെ പട്ടണങ്ങള്‍ വെന്തു നിവാസികള്‍ ഇല്ലാതെയായിരിക്കുന്നു.

16നോഫ്യരും തഹ്പനേസ്യരും നിന്‍റെ നെറുകയെ തകര്‍ത്തുകളഞ്ഞിരിക്കുന്നു.

17നിന്‍റെ ദൈവമായ യഹോവ നിന്നെ വഴിനടത്തിയപ്പോള്‍ അവനെ ഉപേക്ഷിക്കകൊണ്ടല്ലയോ നീ ഇതു സമ്പാദിച്ചത്?

18ഇപ്പോഴോ, മിസ്രയീമിലേക്കുള്ള യാത്ര എന്തിന്? ശീഹോരിലെ വെള്ളം കുടിപ്പാനോ? അശ്ശൂരിലേക്കുള്ള യാത്ര എന്തിന്? ആ നദിയിലെ വെള്ളം കുടിപ്പാനോ?

19നിന്‍റെ ദുഷ്ടത തന്നെ നിനക്കു ശിക്ഷയും നിന്‍റെ വിശ്വാസത്യാഗങ്ങള്‍ നിനക്കു ദണ്ഡനവുമാകും; അതുകൊണ്ടു നീ നിന്‍റെ ദൈവമായ യഹോവയെ ഉപേക്ഷിച്ചതും എന്‍റെ ഭയം നിനക്ക് ഇല്ലാതിരിക്കുന്നതും എത്ര ദോഷവും കയ്പും ആയുള്ളതെന്ന് അറിഞ്ഞു കണ്ടുകൊള്‍ക എന്നു സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.

20പണ്ടു തന്നെ നീ നുകം തകര്‍ത്തു നിന്‍റെ കയറ് പൊട്ടിച്ചു: ഞാന്‍ അടിമവേല ചെയ്കയില്ല എന്നു പറഞ്ഞു; ഉയര്‍ന്ന കുന്നിന്മേലൊക്കെയും പച്ചയായ വൃക്ഷത്തിന്‍ കീഴൊക്കെയും നീ വേശ്യയായി കിടന്നു.

21ഞാന്‍ നിന്നെ വിശിഷ്ടമുന്തിരിവള്ളിയായി, നല്ല തൈയായിത്തന്നെ നട്ടിരിക്കെ നീ എനിക്കു കാട്ടുമുന്തിരിവള്ളിയുടെ തൈയായിത്തീര്‍ന്നത് എങ്ങനെ?

22നീ ധാരാളം ചവര്‍ക്കാരം തേച്ചു ചാരവെള്ളംകൊണ്ടു കഴുകിയാലും നിന്‍റെ അകൃത്യം എന്‍റെ മുമ്പിൽ മലിനമായിരിക്കുന്നു എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.

23ഞാന്‍ മലിനയായിട്ടില്ല; ഞാന്‍ ബാൽവിഗ്രഹങ്ങളോടു ചെന്നു ചേര്‍ന്നിട്ടില്ല എന്നു നിനക്ക് എങ്ങനെ പറയാം? താഴ്വരയിലെ നിന്‍റെ നടപ്പു വിചാരിക്ക; നീ ചെയ്തത് ഓര്‍ക്കുക; വഴിയിൽ അങ്ങോട്ടും ഇങ്ങോട്ടും വിരഞ്ഞോടുന്ന പെണ്ണൊട്ടകമല്ലയോ നീ?

24നീ മരുഭൂമി ശീലിച്ച് അതിമോഹം പൂണ്ടു കിഴയ്ക്കുന്ന കാട്ടുകഴുത തന്നെ; അതിന്‍റെ മദപ്പാടിൽ അതിനെ തടുക്കാകുന്നവന്‍ ആര്‍? ആരും അതിനെ അന്വേഷിച്ചു തളരുകയില്ല; അതിന്‍റെ മാസത്തിൽ അതിനെ കണ്ടെത്തും.

25ചെരുപ്പ് ഊരിപ്പോകാതവണ്ണം നിന്‍റെ കാലും വരണ്ടുപോകാതവണ്ണം തൊണ്ടയും സൂക്ഷിച്ചുകൊള്‍ക; നീയോ: അതു വെറുതേ; അങ്ങനെയല്ല; ഞാന്‍ അന്യന്മാരെ സ്നേഹിക്കുന്നു; അവരുടെ പിന്നാലെ ഞാന്‍ പോകും എന്നു പറഞ്ഞു.

26കള്ളനെ കണ്ടുപിടിക്കുമ്പോള്‍ അവന്‍ ലജ്ജിച്ചുപോകുന്നതുപോലെ യിസ്രായേൽഗൃഹം ലജ്ജിച്ചുപോകും; അവരും അവരുടെ രാജാക്കന്മാരും പ്രഭുക്കന്മാരും പുരോഹിതന്മാരും പ്രവാചകന്മാരും തന്നെ.

27അവര്‍ മരത്തോട്: നീ എന്‍റെ അപ്പന്‍ എന്നും കല്ലിനോട്: നീ എന്നെ പ്രസവിച്ചവള്‍ എന്നും പറയുന്നു; അവര്‍ മുഖമല്ല മുതുകത്രേ എങ്കലേക്കു തിരിച്ചിരിക്കുന്നത്; എന്നാൽ കഷ്ടകാലത്ത് അവര്‍: നീ എഴുന്നേറ്റു ഞങ്ങളെ രക്ഷിക്കേണമേ എന്നു പറയും.

28നീ ഉണ്ടാക്കിയിട്ടുള്ള നിന്‍റെ ദേവന്മാര്‍ എവിടെ? കഷ്ടകാലത്തു നിന്നെ രക്ഷിപ്പാന്‍ അവര്‍ക്കു കഴിവുണ്ടെങ്കിൽ അവര്‍ എഴുന്നേല്ക്കട്ടെ; അയ്യോ യെഹൂദായേ, നിന്‍റെ പട്ടണങ്ങളുടെ എണ്ണത്തോളം നിനക്കു ദേവന്മാരും ഉണ്ടല്ലോ!

29നിങ്ങള്‍ എന്നോടു വാദിക്കുന്നത് എന്ത്? നിങ്ങള്‍ എല്ലാവരും എന്നോടു ദ്രോഹിച്ചിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാട്.

30ഞാന്‍ നിങ്ങളുടെ മക്കളെ അടിച്ചതു വ്യര്‍ഥം; അവര്‍ ബുദ്ധി പഠിച്ചില്ല; നശിപ്പിക്കുന്ന സിംഹത്തെപ്പോലെ നിങ്ങളുടെ വാള്‍ തന്നെ നിങ്ങളുടെ പ്രവാചകന്മാരെ തിന്നുകളഞ്ഞു.

31ഇപ്പോഴത്തെ തലമുറയായുള്ളോവേ, യഹോവയുടെ അരുളപ്പാടു കേള്‍പ്പിന്‍; ഞാന്‍ യിസ്രായേലിന് ഒരു മരുഭൂമി ആയിരുന്നുവോ? അന്ധകാരപ്രദേശമായിരുന്നുവോ? ഞങ്ങള്‍ കെട്ടഴിഞ്ഞു നടക്കുന്നു; ഇനി നിന്‍റെ അടുക്കൽ വരികയില്ല എന്ന് എന്‍റെ ജനം പറയുന്നത് എന്ത്?

32ഒരു കന്യക തന്‍റെ ആഭരണങ്ങളും ഒരു മണവാട്ടി തന്‍റെ അരക്കച്ചയും മറക്കുമോ? എന്നാൽ എന്‍റെ ജനം എണ്ണമില്ലാത്ത നാളായി എന്നെ മറന്നിരിക്കുന്നു.

33പ്രേമം അന്വേഷിക്കേണ്ടതിനു നീ നിന്‍റെ വഴി എത്ര ചേലാക്കുന്നു! അതുകൊണ്ടു നീ ദുര്‍ന്നടപ്പുകാരത്തികളെയും നിന്‍റെ വഴികള്‍ അഭ്യസിപ്പിച്ചിരിക്കുന്നു.

34നിന്‍റെ ഉടുപ്പിന്‍റെ വിളുമ്പിലും കുറ്റമില്ലാത്ത സാധുക്കളുടെ രക്തം കാണുന്നു; ഭവനഭേദനത്തിലല്ല നീ അവരെ പിടിച്ചത്. ഇവയെക്കുറിച്ചൊക്കെയും ഞാന്‍ ന്യായവാദം കഴിക്കും.

35നീയോ: ഞാന്‍ കുറ്റമില്ലാത്തവള്‍; അവന്‍റെ കോപം എന്നെ വിട്ടുമാറിയിരിക്കുന്നു സത്യം എന്നു പറയുന്നു; ഞാന്‍ പാപം ചെയ്തിട്ടില്ല എന്നു നീ പറയുന്നതുകൊണ്ടു ഞാന്‍ നിന്നോടു വ്യവഹരിക്കും.

36നിന്‍റെ വഴിയെ മാറ്റേണ്ടതിനു നീ ഇത്ര തെണ്ടിനടക്കുന്നതെന്ത്? അശ്ശൂരിങ്കൽ നീ ലജ്ജിച്ചതുപോലെ മിസ്രയീമിങ്കലും ലജ്ജിച്ചുപോകും.

37അവിടെനിന്നും നീ തലയിൽ കൈ വച്ചുംകൊണ്ട് ഇറങ്ങിപ്പോരേണ്ടി വരും; നീ ആശ്രയിച്ചവരെ യഹോവ തള്ളിക്കളഞ്ഞിരിക്കുന്നു; അവരെക്കൊണ്ടു നിനക്ക് ഒരു ഗുണവും വരികയില്ല.