പഴയ നിയമംMOV
1യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ യെഹൂദാരാജാവിന്റെ അരമനയിൽ ചെന്ന്, അവിടെ ഈ വചനം പ്രസ്താവിക്ക:
2ദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കുന്ന യെഹൂദാരാജാവേ, നീയും നിന്റെ ഭൃത്യന്മാരും ഈ വാതിലുകളിൽക്കൂടി കടക്കുന്ന നിന്റെ ജനവും യഹോവയുടെ വചനം കേട്ടുകൊള്‍വിന്‍!
3യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങള്‍ നീതിയും ന്യായവും നടത്തി, കവര്‍ച്ചയായി ഭവിച്ചവനെ പീഡകന്റെ കൈയിൽനിന്നു വിടുവിപ്പിന്; പരദേശിയോടും അനാഥനോടും വിധവയോടും അന്യായവും ബലാൽക്കാരവും ചെയ്യരുത്; ഈ സ്ഥലത്തു കുറ്റമില്ലാത്ത രക്തം ചൊരികയും അരുത്.
4നിങ്ങള്‍ ഈ വചനം അനുഷ്ഠിച്ചാൽ ദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കുന്നവരും രഥങ്ങളിലും കുതിരപ്പുറത്തും കയറുന്നവരുമായ രാജാക്കന്മാരും അവരുടെ ഭൃത്യന്മാരും പ്രജകളും ഈ അരമനയുടെ വാതിലുകളിൽക്കൂടി കടക്കും.
5ഈ വചനം കേട്ടനുസരിക്കയില്ലങ്കിലോ, ഈ അരമന ശൂന്യമായിപ്പോകുമെന്നു ഞാന്‍ എന്നെ ചൊല്ലി സത്യം ചെയ്യുന്നു എന്നു യഹോവയുടെ അരുളപ്പാട്.
6യെഹൂദാരാജാവിന്റെ അരമനയോടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ ഗിലെയാദും ലെബാനോന്റെ ശിഖരവും ആകുന്നു; എങ്കിലും ഞാന്‍ നിന്നെ ഒരു മരുഭൂമിയും നിവാസികളില്ലാത്ത പട്ടണങ്ങളും ആക്കും.
7ഞാന്‍ ആയുധപാണികളായ സംഹാരകന്മാരെ നിന്റെ നേരേ സംഭരിക്കും; അവര്‍ നിന്റെ വിശിഷ്ടദേവദാരുക്കളെ വെട്ടി തീയിൽ ഇട്ടുകളയും.
8അനേകം ജാതികളും ഈ നഗരം വഴി കടന്നു പോകുമ്പോള്‍, ഓരോരുത്തന് താന്താന്റെ കൂട്ടുകാരനോട്: ഈ മഹാനഗരത്തോടു യഹോവ ഇങ്ങനെ ചെയ്തതെന്ത് എന്നു ചോദിക്കയും
9അവര്‍ തങ്ങളുടെ ദൈവമായ യഹോവയുടെ നിയമം ഉപേക്ഷിച്ച് അന്യദേവന്മാരെ നമസ്കരിച്ചു സേവിച്ചതുകൊണ്ടു തന്നെ എന്നുത്തരം പറകയും ചെയ്യും.
10മരിച്ചവനെക്കുറിച്ചു കരയേണ്ടാ, അവനെക്കുറിച്ചു വിലപിക്കയും വേണ്ടാ; നാടുവിട്ടു പോകേണ്ടിവരുന്നവനെക്കുറിച്ചു തന്നെ കരവിന്; അവന് മടങ്ങിവരികയില്ല; ജന്മദേശം ഇനി കാണുകയുമില്ല
11തന്റെ അപ്പനായ യോശീയാവിനു പകരം വാണിട്ട് ഈ സ്ഥലം വിട്ടുപോയവനായി യോശീയാവിന്റെ മകനും യെഹൂദാരാജാവുമായ ശല്ലൂമിനെക്കുറിച്ചു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അവന് ഇവിടേക്കു മടങ്ങിവരികയില്ല.
12അവനെ ബദ്ധനാക്കി കൊണ്ടുചെന്ന സ്ഥലത്തു വച്ചുതന്നെ അവന് മരിക്കും; ഈ ദേശം അവന് ഇനി കാണുകയുമില്ല.
13നീതികേടു കൊണ്ടു അരമനയും അന്യായംകൊണ്ടു മാളികയും പണിത്, കൂട്ടുകാരനെക്കൊണ്ടു വേല ചെയ്യിച്ചു കൂലി കൊടുക്കാതിരിക്കയും
14ഞാന്‍ വിസ്താരമുള്ള അരമനയും വിശാലമായ മാളികയും പണിയും എന്നു പറഞ്ഞു കിളിവാതിലുകളെ വീതിയിൽ തീര്‍ക്കയും ദേവദാരുകൊണ്ടു തട്ടിടുകയും ചായില്യംകൊണ്ടു ചായം ഇടുകയും ചെയ്യുന്നവന് അയ്യോ കഷ്ടം!
15ദേവദാരുകൊണ്ടു മികച്ചവനാകുവാന്‍ ശ്രമിക്കുന്നതിനാൽ നീ രാജാവായി വാഴുമോ? നിന്റെ അപ്പനും ഭക്ഷണപാനീയങ്ങള്‍ കഴിച്ചില്ലയോ? എന്നാൽ അവന് നീതിയും ന്യായവും നടത്താതിരുന്നില്ല; അന്ന് അവനു നന്നായിരുന്നു.
16അവന് എളിയവനും ദരിദ്രനും ന്യായം പാലിച്ചുകൊടുത്തു; അന്ന് അവനു നന്നായിരുന്നു; ഇതല്ലയോ എന്നെ അറിക എന്നുള്ളത്? എന്നു യഹോവയുടെ അരുളപ്പാട്.
17എന്നാൽ നിന്റെ കണ്ണും മനസ്സും അത്യാഗ്രഹം നിവര്‍ത്തിക്ക, കുറ്റമില്ലാത്ത രക്തം ചൊരിക, പീഡനവും സാഹസവും ചെയ്ക എന്നിവയിലേക്കല്ലാതെ മറ്റൊന്നിലേക്കും ചെല്ലുന്നില്ല.
18അതുകൊണ്ടു യഹോവ യോശീയാവിന്റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിനെക്കുറിച്ച് ഇപ്രകാരം അരുളിച്ചെയ്യുന്നു: അവനെക്കുറിച്ച് അവര്‍: അയ്യോ സഹോദരാ, അയ്യോ സഹോദരീ എന്നു ചൊല്ലി വിലപിക്കയില്ല; അവനെക്കുറിച്ച്: അയ്യോ തമ്പുരാനേ, അയ്യോ തിരുമേനീ എന്നു ചൊല്ലി വിലപിക്കയുമില്ല.
19യെരൂശലേമിന്റെ പടിവാതിലുകള്‍ക്കു പുറത്ത് അവനെ വലിച്ചെറിഞ്ഞ് ഒരു കഴുതയെ കുഴിച്ചിടുന്നതുപോലെ അവനെ കുഴിച്ചിടും.
20ലെബാനോനിൽ കയറിച്ചെന്നു നിലവിളിക്ക; ബാശാനിൽനിന്നു നിന്റെ ശബ്ദം ഉയര്‍ത്തുക; അബാരീമിൽനിന്നു നിലവിളിക്ക; നിന്റെ സകല സ്നേഹിതന്മാരും തകര്‍ന്നുകിടക്കുന്നുവല്ലോ.
21നിന്റെ ശുഭകാലത്തു ഞാന്‍ നിന്നോടു സംസാരിച്ചു; നീയോ: ഞാന്‍ കേള്‍ക്കയില്ല എന്നു പറഞ്ഞു; എന്റെ വാക്ക് അനുസരിക്കാതിരിക്കുന്നതു ബാല്യംമുതൽ നിനക്കുള്ള ശീലം.
22നിന്നെ മേയിക്കുന്നവരെയൊക്കെയും കൊടുങ്കാറ്റു മേയിക്കും; നിന്റെ സ്നേഹിതന്മാര് പ്രവാസത്തിലേക്കു പോകും. അപ്പോള്‍ നീ നിന്റെ സകല ദുഷ്ടതയും നിമിത്തം ലജ്ജിച്ച് അമ്പരന്നു പോകും.
23ദേവദാരുക്കളിന്മേൽ കൂടുവച്ചു ലെബാനോനിൽ വസിക്കുന്നവളേ, നിനക്കു വ്യസനവും നോവു കിട്ടിയവളെപ്പോലെ വേദനയും ഉണ്ടാകുമ്പോള്‍ നീ എത്ര ഞരങ്ങും.
24എന്നാണ, യെഹോയാക്കീമിന്റെ മകനായി യെഹൂദാരാജാവായ കൊന്യാവ് എന്റെ വലംകൈക്ക് ഒരു മുദ്രമോതിരം ആയിരുന്നാലും ഞാന്‍ നിന്നെ ഊരി എറിഞ്ഞുകളയും എന്നു യഹോവയുടെ അരുളപ്പാട്.
25ഞാന്‍ നിന്നെ നിനക്കു പ്രാണഹാനി വരുത്തുവാന്‍ നോക്കുന്നവരുടെ കൈയിലും നീ ഭയപ്പെടുന്നവരുടെ കൈയിലും ഏല്പിക്കും; ബാബേൽ രാജാവായ നെബൂഖദ്നേസരിന്റെ കൈയിലും കല്ദയരുടെ കൈയിലും തന്നെ.
26ഞാന്‍ നിന്നെയും നിന്നെ പ്രസവിച്ച അമ്മയെയും നിങ്ങള്‍ ജനിച്ചതല്ലാത്ത അന്യദേശത്തിലേക്കു തള്ളിക്കളയും; അവിടെവച്ചു നിങ്ങള്‍ മരിക്കും.
27അവര്‍ മടങ്ങിവരുവാന്‍ ആഗ്രഹിക്കുന്ന ദേശത്തേക്ക് അവര്‍ മടങ്ങിവരികയില്ല.
28കൊന്യാവ് എന്ന ഈ ആള്, സാരമില്ല എന്നു വച്ച് ഉടച്ചുകളഞ്ഞൊരു കലമോ? ആര്‍ക്കും ഇഷ്ടമില്ലാത്ത പാത്രമോ? അവനെയും അവന്റെ സന്തതിയെയും ത്യജിച്ച്, അവര്‍ അറിയാത്ത ദേശത്തേക്കു തള്ളിക്കളവാന്‍ സംഗതി എന്ത്?
29ദേശമേ, ദേശമേ, ദേശമേ, യഹോവയുടെ വചനം കേള്‍ക്ക!
30ഈ ആളെ മക്കളില്ലാത്തവന് എന്നും ആയുഷ്കാലത്ത് ഒരിക്കലും ശുഭംവരാത്തവന്‍ എന്നും എഴുതുവിന്‍; ഇനി ദാവീദിന്റെ സിംഹാസനത്തിൽ ഇരുന്നു യെഹൂദായിൽ വാഴുവാന്‍ അവന്റെ സന്തതിയിൽ യാതൊരുത്തനും ശുഭം വരികയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു.