പഴയ നിയമംMOV

യിരെമ്യാവ് 19

1യഹോവ ഇപ്രകാരം കല്പിച്ചു: നീ പോയി കുശവനോട് ഒരു മണ്‍കുടം വിലയ്ക്കു വാങ്ങി ജനത്തിന്‍റെ മൂപ്പന്മാരിലും പുരോഹിതന്മാരുടെ മൂപ്പന്മാരിലും ചിലരെ കൂട്ടിക്കൊണ്ടു

2ഹര്‍സീത്ത് (ഓട്ടുനുറുക്ക്) വാതിലിന്‍റെ പുറമേയുള്ള ബെന്‍-ഹിന്നോം താഴ്വരയിൽ ചെന്നു, ഞാന്‍ നിന്നോട് അരുളിച്ചെയ്യുന്ന വാക്കുകളെ അവിടെ പ്രസ്താവിച്ചു പറയേണ്ടത്:

3യെഹൂദാരാജാക്കന്മാരും യെരൂശലേംനിവാസികളുമായുള്ളോരേ, യഹോവയുടെ വചനം കേള്‍പ്പിന്‍! യിസ്രായേലിന്‍റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: കേള്‍ക്കുന്നവന്‍റെ ചെവി മുഴങ്ങത്തക്കവണ്ണം ഞാന്‍ ഈ സ്ഥലത്തിന് ഒരനര്‍ഥം വരുത്തും.

4അവര്‍ എന്നെ ഉപേക്ഷിച്ച്, ഈ സ്ഥലത്തെ വഷളാക്കി, തങ്ങളും തങ്ങളുടെ പിതാക്കന്മാരും യെഹൂദാരാജാക്കന്മാരും അറിഞ്ഞിട്ടില്ലാത്ത അന്യദേവന്മാര്‍ക്ക് അവിടെവച്ചു ധൂപംകാട്ടി ഈ സ്ഥലത്തെ കുറ്റമില്ലാത്തവരുടെ രക്തംകൊണ്ടു നിറയ്ക്കയും

5ബാലിനു ഹോമബലികളായി തങ്ങളുടെ പുത്രന്മാരെ തീയിൽ ഇട്ടു ദഹിപ്പിപ്പാന്‍ ബാലിനു പൂജാഗിരികളെ പണികയും ചെയ്തിരിക്കുന്നു. അതു ഞാന്‍ കല്പിച്ചിട്ടില്ല, അരുളിച്ചെയ്തിട്ടില്ല, എന്‍റെ മനസ്സിൽ വന്നിട്ടുമില്ല.

6അതുകൊണ്ട് ഈ സ്ഥലത്തിന് ഇനി തോഫെത്ത് എന്നും ബെന്‍-ഹിന്നോം താഴ്വര എന്നും പേരുപറയാതെ കൊലത്താഴ്വര എന്നു പേരുപറയുന്ന കാലം വരും എന്നു യഹോവയുടെ അരുളപ്പാട്.

7അങ്ങനെ ഞാന്‍ ഈ സ്ഥലത്തുവച്ചു യെഹൂദായുടെയും യെരൂശലേമിന്‍റെയും ആലോചനയെ നിഷ്ഫലമാക്കും; ഞാന്‍ അവരെ ശത്രുക്കളുടെ മുമ്പിൽ വാള്‍കൊണ്ടും അവര്‍ക്കു പ്രാണഹാനി വരുത്തുവാന്‍ നോക്കുന്നവരുടെ കൈകൊണ്ടും വീഴുമാറാക്കുകയും അവരുടെ ശവങ്ങളെ ആകാശത്തിലെ പക്ഷികള്‍ക്കും കാട്ടിലെ മൃഗങ്ങള്‍ക്കും ഇരയാക്കിക്കൊടുക്കയും ചെയ്യും.

8ഞാന്‍ ഈ നഗരത്തെ സ്തംഭനത്തിനും പരിഹാസത്തിനും വിഷയമാക്കിത്തീര്‍ക്കും; അതിനരികെ കടന്നുപോകുന്ന ഏവനും സ്തംഭിച്ച് അതിനു നേരിട്ട സകല ബാധകളും നിമിത്തം ചൂളകുത്തും.

9അവരുടെ ശത്രുക്കളും അവര്‍ക്കു പ്രാണഹാനി വരുത്തുവാന്‍ നോക്കുന്നവരും അവരെ ഞെരുക്കുന്ന ഞെരുക്കത്തിലും നിരോധത്തിലും ഞാന്‍ അവരെ സ്വന്തപുത്രന്മാരുടെ മാംസവും പുത്രിമാരുടെ മാംസവും തിന്നുമാറാക്കും; ഓരോരുത്തന്‍ താന്താന്‍റെ കൂട്ടുകാരന്‍റെ മാംസം തിന്നും.

10പിന്നെ നിന്നോടുകൂടെ പോന്ന പുരുഷന്മാര്‍ കാണ്‍കെ നീ ആ മണ്‍കുടം ഉടച്ച് അവരോടു പറയേണ്ടതെന്തെന്നാൽ:

11സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നന്നാക്കിക്കൂടാതവണ്ണം കുശവന്‍റെ പാത്രം ഉടച്ചുകളഞ്ഞതുപോലെ ഞാന്‍ ഈ ജനത്തെയും ഈ നഗരത്തെയും ഉടച്ചുകളയും. അടക്കംചെയ്‍വാന്‍ വേറേ സ്ഥലമില്ലായ്കകൊണ്ട് അവരെ തോഫെത്തിൽ അടക്കംചെയ്യും.

12ഇങ്ങനെ ഞാന്‍ ഈ സ്ഥലത്തോടും അതിലെ നിവാസികളോടും ചെയ്യും; ഞാന്‍ ഈ നഗരത്തെ തോഫെത്തിനു സമമാക്കും എന്നു യഹോവയുടെ അരുളപ്പാട്.

13മലിനമായിരിക്കുന്ന യെരൂശലേംവീടുകളും യെഹൂദാരാജാക്കന്മാരുടെ അരമനകളും അവര്‍ മേല്പുരകളിൽവച്ച് ആകാശത്തിലെ സര്‍വസൈന്യത്തിനും ധൂപം കാണിക്കയും അന്യദേവന്മാര്‍ക്കു പാനീയബലി പകരുകയും ചെയ്ത എല്ലാ വീടുകളുംതന്നെ തോഫെത്ത് എന്ന സ്ഥലംപോലെയാകും.

14അനന്തരം യിരെമ്യാവ് യഹോവ തന്നെ പ്രവചിപ്പാന്‍ അയച്ചിരുന്ന തോഫെത്തിൽനിന്നു വന്നു, യഹോവയുടെ ആലയത്തിന്‍റെ പ്രാകാരത്തിൽ നിന്നുകൊണ്ടു സകല ജനത്തോടും:

15യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അവര്‍ എന്‍റെ വചനങ്ങളെ കേള്‍ക്കാതെ ശാഠ്യംപിടിച്ചിരിക്കകൊണ്ടു ഞാന്‍ ഈ നഗരത്തിനു വിധിച്ചിരിക്കുന്ന അനര്‍ഥമൊക്കെയും അതിനും അതിനടുത്ത എല്ലാ പട്ടണങ്ങള്‍ക്കും വരുത്തും എന്നു പറഞ്ഞു.