പഴയ നിയമംMOV
1യെഹൂദായുടെ പാപം ഇരുമ്പെഴുത്താണികൊണ്ടും വജ്രത്തിന്‍റെ മുനകൊണ്ടും എഴുതിവച്ചിരിക്കുന്നു; അത് അവരുടെ ഹൃദയത്തിന്‍റെ പലകയിലും നിങ്ങളുടെ ബലിപീഠത്തിന്‍റെ കൊമ്പുകളിലും കൊത്തിയിരിക്കുന്നു.
2ഉയര്‍ന്ന കുന്നുകളിൽ പച്ചമരങ്ങള്‍ക്കരികെയുള്ള അവരുടെ ബലിപീഠങ്ങളെയും അശേരാപ്രതിഷ്ഠകളെയും അവരുടെ മക്കള്‍ ഓര്‍ക്കുന്നുവല്ലോ.
3വയൽപ്രദേശത്തിലെ എന്‍റെ പര്‍വതമേ, നിന്‍റെ അതിര്‍ക്കകത്തൊക്കെയും ചെയ്ത പാപം നിമിത്തം ഞാന്‍ നിന്‍റെ സമ്പത്തും സകല നിക്ഷേപങ്ങളും പൂജാഗിരികളും കവര്‍ച്ചയ്ക്ക് ഏല്പിക്കും.
4ഞാന്‍ നിനക്കു തന്ന അവകാശം നീ ഒഴിഞ്ഞുപോകേണ്ടിവരും; നീ അറിയാത്ത ദേശത്തു ഞാന്‍ നിന്നെ നിന്‍റെ ശത്രുക്കളെ സേവിക്കുമാറാക്കും; നിങ്ങള്‍ എന്‍റെ കോപത്തിൽ തീ കത്തിച്ചിരിക്കുന്നു; അത് എന്നേക്കും കത്തിക്കൊണ്ടിരിക്കും.
5യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മനുഷ്യനിൽ ആശ്രയിച്ചു ജഡത്തെ തന്‍റെ ഭുജമാക്കി ഹൃദയംകൊണ്ടു യഹോവയെ വിട്ടുമാറുന്ന മനുഷ്യന്‍ ശപിക്കപ്പെട്ടവന്‍.
6അവന്‍ മരുഭൂമിയിലെ ചൂരച്ചെടിപോലെയാകും; നന്മ വരുമ്പോള്‍ അതിനെ കാണാതെ മരുഭൂമിയിലെ വരണ്ട പ്രദേശങ്ങളിലും നിവാസികളില്ലാത്ത ഉവര്‍നിലത്തിലും പാര്‍ക്കും.
7യഹോവയിൽ ആശ്രയിക്കയും യഹോവ തന്നെ ആശ്രയമായിരിക്കയും ചെയ്യുന്ന മനുഷ്യന്‍ ഭാഗ്യവാന്‍.
8അവന്‍ വെള്ളത്തിനരികെ നട്ടിരിക്കുന്നതും ആറ്റരികെ വേരൂന്നിയിരിക്കുന്നതുമായ വൃക്ഷംപോലെയാകും; ഉഷ്ണം തട്ടുമ്പോള്‍ അതു പേടിക്കയില്ല; അതിന്‍റെ ഇല പച്ചയായിരിക്കും; വരള്‍ച്ചയുള്ള കാലത്തും വാട്ടം തട്ടാതെ ഫലം കായിച്ചുകൊണ്ടിരിക്കും.
9ഹൃദയം എല്ലാറ്റിനെക്കാളും കപടവും വിഷമവുമുള്ളത്; അത് ആരാഞ്ഞറിയുന്നവന്‍ ആര്‍?
10യഹോവയായ ഞാന്‍ ഹൃദയത്തെ ശോധന ചെയ്ത് അന്തരംഗങ്ങളെ പരീക്ഷിച്ച് ഓരോരുത്തന് അവനവന്‍റെ നടപ്പിനും പ്രവൃത്തിയുടെ ഫലത്തിനും തക്കവണ്ണം കൊടുക്കുന്നു.
11ന്യായമായിട്ടല്ലാതെ ധനം സമ്പാദിക്കുന്നവന്‍, താന്‍ ഇടാത്ത മുട്ട പൊരുന്നിരിക്കുന്ന തിത്തിരിപക്ഷിയെപ്പോലെ ആകുന്നു; അവന്‍റെ മധ്യായുസ്സിങ്കൽ അത് അവനെ വിട്ടുപോകും; ഒടുക്കം അവന്‍ ഭോഷനായിരിക്കും.
12ആദിമുതൽ ഉന്നതമായി മഹത്ത്വമുള്ള സിംഹാസനമേ, ഞങ്ങളുടെ വിശുദ്ധമന്ദിരസ്ഥാനമേ,
13യിസ്രായേലിന്‍റെ പ്രത്യാശയായ യഹോവേ, നിന്നെ ഉപേക്ഷിക്കുന്ന ഏവരും ലജ്ജിച്ചുപോകും, എന്നെ വിട്ടുപോകുന്നവരെ മണ്ണിൽ എഴുതിവയ്ക്കും; അവര്‍ ജീവനുള്ള വെള്ളത്തിന്‍റെ ഉറവായ യഹോവയെ ഉപേക്ഷിച്ചുകളഞ്ഞുവല്ലോ.
14യഹോവേ, എന്നെ സൗഖ്യമാക്കേണമേ, എന്നാൽ എനിക്കു സൗഖ്യം വരും; എന്നെ രക്ഷിക്കേണമേ, എന്നാൽ ഞാന്‍ രക്ഷപെടും; നീ എന്‍റെ പുകഴ്ചയല്ലോ.
15അവര്‍ എന്നോട്: യഹോവയുടെ വചനം എവിടെ? അതു വരട്ടെ എന്നു പറയുന്നു.
16ഞാനോ ഇടയനായി നിന്നെ സേവിപ്പാന്‍ മടിച്ചില്ല; ദുര്‍ദിനം ഞാന്‍ ആഗ്രഹിച്ചതുമില്ല എന്നു നീ അറിയുന്നു; എന്‍റെ അധരങ്ങള്‍ ഉച്ചരിച്ചതു തിരുമുമ്പിൽ ഇരിക്കുന്നു.
17നീ എനിക്കു ഭയങ്കരനാകരുതേ; അനര്‍ഥദിവസത്തിൽ എന്‍റെ ശരണം നീയല്ലോ.
18എന്നെ ഉപദ്രവിക്കുന്നവന്‍ ലജ്ജിച്ചു പോകട്ടെ; ഞാന്‍ ലജ്ജിച്ചുപോകരുതേ; അവര്‍ ഭ്രമിച്ചുപോകട്ടെ; ഞാന്‍ ഭ്രമിച്ചുപോകരുതേ; അവര്‍ക്ക് അനര്‍ഥദിവസം വരുത്തി, അവരെ തകര്‍ത്തു തകര്‍ത്തു നശിപ്പിക്കേണമേ.
19യഹോവ എന്നോട് ഇപ്രകാരം അരുളിച്ചെയ്തു: നീ ചെന്നു, യെഹൂദാരാജാക്കന്മാര്‍ അകത്തു വരികയും പുറത്തു പോകയും ചെയ്യുന്ന ജനത്തിന്‍റെ വാതിൽക്കലും യെരൂശലേമിന്‍റെ എല്ലാ വാതിൽക്കലും നിന്നുകൊണ്ട് അവരോടു പറക:
20ഈ വാതിലുകളിൽക്കൂടി അകത്തു കടക്കുന്ന യെഹൂദാരാജാക്കന്മാരും എല്ലാ യെഹൂദന്മാരും യെരൂശലേമിലെ സര്‍വനിവാസികളും ആയുള്ളോരേ, യഹോവയുടെ അരുളപ്പാടു കേള്‍പ്പിന്‍!
21യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: സൂക്ഷിച്ചുകൊള്‍വിന്‍; ശബ്ബത്തുനാളിൽ യാതൊരു ചുമടും ചുമന്നു യെരൂശലേമിന്‍റെ വാതിലുകളിൽക്കൂടി അകത്തുകൊണ്ടുവരരുത്.
22ശബ്ബത്തുനാളിൽ നിങ്ങളുടെ വീടുകളിൽനിന്നു യാതൊരു ചുമടും പുറത്തു കൊണ്ടുപോകാതെയും യാതൊരു വേലയും ചെയ്യാതെയും ശബ്ബത്തുനാള്‍ വിശുദ്ധീകരിപ്പിന്‍; നിങ്ങളുടെ പിതാക്കന്മാരോടു ഞാന്‍ അങ്ങനെ കല്പിച്ചുവല്ലോ.
23എന്നാൽ അവര്‍ കേട്ടില്ല, ചെവി ചായിച്ചതുമില്ല; കേട്ടനുസരിക്കയോ ബുദ്ധ്യുപദേശം കൈക്കൊള്ളുകയോ ചെയ്യാതെ അവര്‍ ശാഠ്യം കാണിച്ചു.
24നിങ്ങളോ ശബ്ബത്തുനാളിൽ ഈ നഗരത്തിന്‍റെ വാതിലുകളിൽക്കൂടി യാതൊരു ചുമടും കൊണ്ടുവരാതെയും ശബ്ബത്തുനാളിൽ യാതൊരു വേലയും ചെയ്യാതെയും അതിനെ വിശുദ്ധീകരിക്കേണ്ടതിന് എന്‍റെ വാക്കു ജാഗ്രതയോടെ കേട്ടനുസരിക്കുമെങ്കിൽ
25ദാവീദിന്‍റെ സിംഹാസനത്തിൽ ഇരിക്കുന്നവരും രഥങ്ങളിലും കുതിരപ്പുറത്തും കയറുന്നവരുമായ രാജാക്കന്മാരും രാജകുമാരന്മാരും അവരുടെ പ്രഭുക്കന്മാരായ യെഹൂദാപുരുഷന്മാരും യെരൂശലേംനിവാസികളും ഈ നഗരത്തിന്‍റെ വാതിലുകളിൽക്കൂടി കടക്കയും ഈ നഗരം എന്നേക്കും നില്ക്കയും ചെയ്യും എന്നു യഹോവയുടെ അരുളപ്പാട്.
26യെഹൂദാപട്ടണങ്ങളിൽനിന്നും യെരൂശലേമിനു ചുറ്റും ഉള്ള പ്രദേശങ്ങളിൽനിന്നും ബെന്യാമീന്‍ദേശത്തുനിന്നും താഴ്വീതിയിൽനിന്നും മലനാടുകളിൽനിന്നും തെക്കേ ദിക്കിൽനിന്നും അവര്‍ ഹോമയാഗങ്ങളും ഹനനയാഗങ്ങളും ഭോജനയാഗങ്ങളും കുന്തുരുക്കവും കൊണ്ടുവരും; യഹോവയുടെ ആലയത്തിൽ അവര്‍ സ്തോത്രയാഗവും അര്‍പ്പിക്കും.
27എന്നാൽ ശബ്ബത്തുനാള്‍ വിശുദ്ധീകരിപ്പാനും ശബ്ബത്തുനാളിൽ യെരൂശലേമിന്‍റെ വാതിലുകളിൽക്കൂടി ചുമടു ചുമന്നു കൊണ്ടുപോകാതെ ഇരിപ്പാനും നിങ്ങള്‍ എന്‍റെ വാക്കു കേട്ടനുസരിക്കയില്ലങ്കിൽ ഞാന്‍ അതിന്‍റെ വാതിലുകളിൽ തീ കൊളുത്തും; അതു കെട്ടുപോകാതെ യെരൂശലേമിലെ അരമനകളെ ദഹിപ്പിക്കും.