പഴയ നിയമംMOV

യിരെമ്യാവ് 14

1വരള്‍ച്ചയെക്കുറിച്ച് യിരെമ്യാവിനുണ്ടായ യഹോവയുടെ വചനം.

2യെഹൂദാ ദുഃഖിക്കുന്നു; അതിന്‍റെ പടിവാതിൽക്കൽ ഇരിക്കുന്നവന്‍ ക്ഷീണിച്ചിരിക്കുന്നു; അവര്‍ കറുപ്പ് ഉടുത്ത് നിലത്തിരിക്കുന്നു; യെരൂശലേമിന്‍റെ നിലവിളി പൊങ്ങുന്നു.

3അവരുടെ കുലീനന്മാര്‍ അടിയാരെ വെള്ളത്തിന് അയയ്ക്കുന്നു; അവര്‍ കുളങ്ങളുടെ അടുക്കൽ ചെന്നിട്ടു വെള്ളം കാണാതെ വെറുംപാത്രങ്ങളോടെ മടങ്ങിവരുന്നു; അവര്‍ ലജ്ജിച്ചു വിഷണ്ണരായി തല മൂടുന്നു.

4ദേശത്തു മഴയില്ലായ്കയാൽ നിലം ഉണങ്ങി വിണ്ടിരിക്കുന്നു; ഉഴവുകാര്‍ ലജ്ജിച്ചു തല മൂടുന്നു.

5മാന്‍പേട വയലിൽ പ്രസവിച്ചിട്ടു പുല്ലില്ലായ്കയാൽ കുട്ടിയെ ഉപേക്ഷിക്കുന്നു.

6കാട്ടുകഴുത മൊട്ടക്കുന്നിന്മേൽ നിന്നുകൊണ്ടു കുറുനരികളെപ്പോലെ കിഴയ്ക്കുന്നു; സസ്യങ്ങള്‍ ഇല്ലായ്കകൊണ്ട് അതിന്‍റെ കണ്ണ് മങ്ങിപ്പോകുന്നു.

7യഹോവേ, ഞങ്ങളുടെ അകൃത്യങ്ങള്‍ ഞങ്ങള്‍ക്കു വിരോധമായി സാക്ഷീകരിക്കുന്നു എങ്കിൽ നിന്‍റെ നാമം നിമിത്തം പ്രവര്‍ത്തിക്കേണമേ; ഞങ്ങളുടെ പിന്മാറ്റങ്ങള്‍ വളരെയാകുന്നു; ഞങ്ങള്‍ നിന്നോടു പാപം ചെയ്തിരിക്കുന്നു.

8യിസ്രായേലിന്‍റെ പ്രത്യാശയും കഷ്ടകാലത്ത് അവന്‍റെ രക്ഷിതാവും ആയുള്ളോവേ, നീ ദേശത്തു പരദേശിയെപ്പോലെയും ഒരു രാപാര്‍പ്പാന്‍ മാത്രം കൂടാരം അടിക്കുന്ന വഴിപോക്കനെപ്പോലെയും ആയിരിക്കുന്നതെന്ത്?

9ഭ്രമിച്ചുപോയ പുരുഷനെപ്പോലെയും രക്ഷിപ്പാന്‍ കഴിയാത്ത വീരനെപ്പോലെയും ആയിരിക്കുന്നതെന്ത്? എന്നാലും യഹോവേ, നീ ഞങ്ങളുടെ മധ്യേ ഉണ്ട്; നിന്‍റെ നാമം ഞങ്ങള്‍ക്കു വിളിച്ചിരിക്കുന്നു; ഞങ്ങളെ ഉപേക്ഷിക്കരുതേ.

10അവര്‍ ഇങ്ങനെ ഉഴന്നു നടപ്പാന്‍ ഇഷ്ടപ്പെട്ടു. കാൽ അടക്കിവച്ചതുമില്ല എന്നു യഹോവ ഈ ജനത്തെക്കുറിച്ച് അരുളിച്ചെയ്യുന്നു; അതുകൊണ്ടു യഹോവയ്ക്ക് അവരിൽ പ്രസാദമില്ല; അവന്‍ ഇപ്പോള്‍തന്നെ അവരുടെ അകൃത്യത്തെ ഓര്‍ത്ത് അവരുടെ പാപങ്ങളെ സന്ദര്‍ശിക്കും.

11യഹോവ എന്നോട്: നീ ഈ ജനത്തിനുവേണ്ടി അവരുടെ നന്മയ്ക്കായി പ്രാര്‍ഥിക്കരുത്;

12അവര്‍ ഉപവസിക്കുമ്പോള്‍ ഞാന്‍ അവരുടെ നിലവിളി കേള്‍ക്കയില്ല; അവര്‍ ഹോമയാഗവും ഭോജനയാഗവും അര്‍പ്പിക്കുമ്പോള്‍ ഞാന്‍ അവയിൽ പ്രസാദിക്കയില്ല; ഞാന്‍ അവരെ വാള്‍കൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മുടിച്ചുകളയും എന്ന് അരുളിച്ചെയ്തു.

13അതിനു ഞാന്‍: അയ്യോ, യഹോവയായ കര്‍ത്താവേ, നിങ്ങള്‍ വാള്‍ കാണുകയില്ല, നിങ്ങള്‍ക്കു ക്ഷാമം ഉണ്ടാകയില്ല, ഞാന്‍ ഈ സ്ഥലത്തു സ്ഥിരമായുള്ള സമാധാനം നിങ്ങള്‍ക്കു നല്കും എന്നു പ്രവാചകന്മാര്‍ അവരോടു പറയുന്നു എന്നു പറഞ്ഞു.

14യഹോവ എന്നോട് അരുളിച്ചെയ്തത്: പ്രവാചകന്മാര്‍ എന്‍റെ നാമത്തിൽ ഭോഷ്കു പ്രവചിക്കുന്നു; ഞാന്‍ അവരെ അയച്ചിട്ടില്ല, അവരോടു കല്പിച്ചിട്ടില്ല, അവരോടു സംസാരിച്ചിട്ടുമില്ല; അവര്‍ വ്യാജദര്‍ശനവും പ്രശ്നവാക്യവും ഇല്ലാത്ത കാര്യവും സ്വന്തഹൃദയത്തിലെ വഞ്ചനയും നിങ്ങളോടു പ്രവചിക്കുന്നു.

15അതുകൊണ്ടു യഹോവ: ഞാന്‍ അയയ്ക്കാതെ എന്‍റെ നാമത്തിൽ പ്രവചിക്കയും ഈ ദേശത്തു വാളും ക്ഷാമവും ഉണ്ടാകയില്ല എന്നു പറകയും ചെയ്യുന്ന പ്രവാചകന്മാരെക്കുറിച്ച് ഇപ്രകാരം അരുളിച്ചെയ്യുന്നു: വാള്‍കൊണ്ടും ക്ഷാമംകൊണ്ടും ആ പ്രവാചകന്മാര്‍ മുടിഞ്ഞുപോകും;

16അവരുടെ പ്രവചനം കേട്ട ജനമോ യെരൂശലേമിന്‍റെ വീഥികളിൽ ക്ഷാമവും വാളും ഹേതുവായിട്ടു വീണുകിടക്കും; അവരെയും അവരുടെ ഭാര്യമാരെയും പുത്രന്മാരെയും പുത്രിമാരെയും കുഴിച്ചിടുവാന്‍ ആരും ഉണ്ടാകയില്ല; ഇങ്ങനെ ഞാന്‍ അവരുടെ ദുഷ്ടത അവരുടെമേൽ പകരും.

17നീ ഈ വചനം അവരോടു പറയേണം: എന്‍റെ കണ്ണിൽനിന്നു രാവും പകലും ഇടവിടാതെ കണ്ണുനീര്‍ ഒഴുകട്ടെ; എന്‍റെ ജനത്തിന്‍റെ പുത്രിയായ കന്യക കഠിനമായി തകര്‍ന്നും വ്യസനകരമായി മുറിവേറ്റും ഇരിക്കുന്നു.

18വയലിൽ ചെന്നാൽ ഇതാ, വാള്‍കൊണ്ടു പട്ടുപോയവര്‍; പട്ടണത്തിൽ ചെന്നാൽ ഇതാ, ക്ഷാമംകൊണ്ടു പാടുപെടുന്നവര്‍; പ്രവാചകനും പുരോഹിതനും ഒരുപോലെ തങ്ങള്‍ അറിയാത്ത ദേശത്ത് അലഞ്ഞുനടക്കുന്നു.

19നീ യെഹൂദായെ കേവലം ത്യജിച്ചുകളഞ്ഞുവോ? നിനക്കു സീയോനോടു വെറുപ്പു തോന്നുന്നുവോ? പൊറുപ്പാകാതവണ്ണം നീ ഞങ്ങളെ മുറിവേല്പിച്ചതെന്തിന്? ഞങ്ങള്‍ സമാധാനത്തിനായി കാത്തിരുന്നു; ഒരു ഗുണവും വന്നില്ല! രോഗശമനത്തിനായി കാത്തിരുന്നു;

20എന്നാൽ ഇതാ, ഭീതി! യഹോവേ, ഞങ്ങള്‍ ഞങ്ങളുടെ ദുഷ്ടതയും ഞങ്ങളുടെ പിതാക്കന്മാരുടെ അകൃത്യവും അറിയുന്നു; ഞങ്ങള്‍ നിന്നോടു പാപം ചെയ്തിരിക്കുന്നു.

21നിന്‍റെ നാമം നിമിത്തം ഞങ്ങളെ തള്ളിക്കളയരുതേ; നിന്‍റെ മഹത്ത്വമുള്ള സിംഹാസനത്തിനു ഹീനത വരുത്തരുതേ; ഓര്‍ക്കേണമേ, ഞങ്ങളോടുള്ള നിന്‍റെ നിയമത്തിനു ഭംഗം വരുത്തരുതേ.

22ജാതികളുടെ മിഥ്യാമൂര്‍ത്തികളിൽ മഴ പെയ്യിക്കുന്നവര്‍ ഉണ്ടോ? അല്ല, ആകാശമോ വര്‍ഷം നല്കുന്നത്? ഞങ്ങളുടെ ദൈവമായ യഹോവേ, അതു നീ തന്നെ അല്ലയോ? നിനക്കായി ഞങ്ങള്‍ കാത്തിരിക്കുന്നു; ഇവയെയൊക്കെയും സൃഷ്‍ടിച്ചിരിക്കുന്നതു നീയല്ലോ.