പുതിയ നിയമംMOV

യാക്കോബ് 4

1നിങ്ങളില്‍ ശണ്ഠയും കലഹവും എവിടെ നിന്ന്? നിങ്ങളുടെ അവയവങ്ങളില്‍ പോരാടുന്ന ഭോഗേച്ഛകളില്‍ നിന്നല്ലയോ?

2നിങ്ങള്‍ മോഹിച്ചിട്ടും പ്രാപിക്കുന്നില്ല; നിങ്ങള്‍ കൊല്ലുകയും അസൂയപ്പെടുകയും ചെയ്തിട്ടും ഒന്നും സാധിക്കുന്നില്ല; നിങ്ങള്‍ കലഹിക്കയും ശണ്ഠയിടുകയും ചെയ്തിട്ടും യാചിക്കായ്കകൊണ്ടു കിട്ടുന്നില്ല.

3നിങ്ങള്‍ യാചിക്കുന്നു എങ്കിലും നിങ്ങളുടെ ഭോഗങ്ങളില്‍ ചെലവിടേണ്ടതിനു വല്ലാതെ യാചിക്കകൊണ്ട് ഒന്നും ലഭിക്കുന്നില്ല.

4വ്യഭിചാരിണികളായുള്ളോരേ, ലോകസ്നേഹം ദൈവത്തോടു ശത്രുത്വം ആകുന്നു എന്നു നിങ്ങള്‍ അറിയുന്നില്ലയോ? ആകയാല്‍ ലോകത്തിന്‍റെ സ്നേഹിതന്‍ ആകുവാന്‍ ഇച്ഛിക്കുന്നവനെല്ലാം ദൈവത്തിന്‍റെ ശത്രുവായിത്തീരുന്നു.

5അല്ലെങ്കില്‍ തിരുവെഴുത്തു വെറുതെ സംസാരിക്കുന്നു എന്നുതോന്നുന്നുവോ? അവന്‍ നമ്മില്‍ വസിക്കുമാറാക്കിയ ആത്മാവ് അസൂയയ്ക്കായി കാംക്ഷിക്കുന്നുവോ?

6എന്നാല്‍ അവന്‍ അധികം കൃപ നല്കുന്നു; അതുകൊണ്ടു “ദൈവം നിഗളികളോട് എതിര്‍ത്തുനില്ക്കയും താഴ്മയുള്ളവര്‍ക്കു കൃപ നല്കുകയും ചെയ്യുന്നു” എന്നു പറഞ്ഞിരിക്കുന്നു.

7ആകയാല്‍ നിങ്ങള്‍ ദൈവത്തിനു കീഴടങ്ങുവിന്‍; പിശാചിനോട് എതിര്‍ത്തുനില്പിന്‍; എന്നാല്‍ അവന്‍ നിങ്ങളെ വിട്ട് ഓടിപ്പോകും.

8ദൈവത്തോട് അടുത്തു ചെല്ലുവിന്‍; എന്നാല്‍ അവന്‍ നിങ്ങളോട് അടുത്തുവരും. പാപികളേ, കൈകളെ വെടിപ്പാക്കുവിന്‍; ഇരുമനസ്സുള്ളവരേ, ഹൃദയങ്ങളെ ശുദ്ധീകരിപ്പിന്‍;

9സങ്കടപ്പെട്ടു ദുഃഖിച്ചു കരവിന്‍; നിങ്ങളുടെ ചിരി ദുഃഖമായും സന്തോഷം വിഷാദമായും തീരട്ടെ.

10കര്‍ത്താവിന്‍റെ സന്നിധിയില്‍ താഴുവിന്‍; എന്നാല്‍ അവന്‍ നിങ്ങളെ ഉയര്‍ത്തും.

11സഹോദരന്മാരേ, അന്യോന്യം ദുഷിക്കരുത്; തന്‍റെ സഹോദരനെ ദുഷിക്കയും വിധിക്കയും ചെയ്യുന്നവന്‍ ന്യായപ്രമാണത്തെ ദുഷിക്കയും ന്യായപ്രമാണത്തെ വിധിക്കയും ചെയ്യുന്നു. ന്യായപ്രമാണത്തെ വിധിക്കുന്നു എങ്കില്‍ നീ ന്യായപ്രമാണത്തെ അനുഷ്ഠിക്കുന്നവനല്ല, വിധിക്കുന്നവനത്രേ.

12ന്യായപ്രമാണകര്‍ത്താവും ന്യായാധിപതിയും ഒരുവനേയുള്ളൂ: രക്ഷിപ്പാനും നശിപ്പിപ്പാനും ശക്തനായവന്‍ തന്നെ; കൂട്ടുകാരനെ വിധിപ്പാന്‍ നീ ആര്‍?

13ഇന്നോ നാളെയോ ഞങ്ങള്‍ ഇന്ന പട്ടണത്തില്‍ പോയി അവിടെ ഒരാണ്ടു കഴിച്ചു വ്യാപാരം ചെയ്തു ലാഭം ഉണ്ടാക്കും എന്നു പറയുന്നവരേ, കേള്‍പ്പിന്‍:

14നാളത്തേതു നിങ്ങള്‍ അറിയുന്നില്ലല്ലോ; നിങ്ങളുടെ ജീവന്‍ എങ്ങനെയുള്ളത്? അല്പനേരത്തേക്കു കാണുന്നതും പിന്നെ മറഞ്ഞുപോകുന്നതുമായ ആവിയല്ലോ.

15കര്‍ത്താവിന് ഇഷ്ടമുണ്ടെങ്കില്‍ ഞങ്ങള്‍ ജീവിച്ചിരുന്ന് ഇന്നിന്നതു ചെയ്യും എന്നല്ലയോ പറയേണ്ടത്.

16നിങ്ങളോ വമ്പു പറഞ്ഞു പ്രശംസിക്കുന്നു; ഈവക പ്രശംസ എല്ലാം ദോഷം ആകുന്നു.

17നന്മ ചെയ്‍വാനറിഞ്ഞിട്ടും ചെയ്യാത്തവന് അതു പാപംതന്നെ.