പുതിയ നിയമംMOV

യാക്കോബ് 3

1സഹോദരന്മാരേ, അധികം ശിക്ഷാവിധി വരും എന്ന് അറിഞ്ഞു നിങ്ങളില്‍ അനേകര്‍ ഉപദേഷ്ടാക്കന്മാര്‍ ആകരുത്.

2നാം എല്ലാവരും പലതിലും തെറ്റിപ്പോകുന്നു; ഒരുത്തന്‍ വാക്കില്‍ തെറ്റാതിരുന്നാല്‍ അവന്‍ ശരീരത്തെ മുഴുവനും കടിഞ്ഞാണിട്ടു നടത്തുവാന്‍ ശക്തനായി സല്‍ഗുണപൂര്‍ത്തിയുള്ള പുരുഷന്‍ ആകുന്നു.

3കുതിരയെ അധീനമാക്കുവാന്‍ വായില്‍ കടിഞ്ഞാണ്‍ ഇട്ട് അതിന്‍റെ ശരീരം മുഴുവനും തിരിക്കുന്നുവല്ലോ.

4കപ്പലും എത്ര വലിയത് ആയാലും കൊടുങ്കാറ്റടിച്ച് ഓടുന്നതായാലും അമരക്കാരന്‍ ഏറ്റവും ചെറിയ ചുക്കാന്‍കൊണ്ടു തനിക്കു ബോധിച്ച ദിക്കിലേക്കു തിരിക്കുന്നു.

5അങ്ങനെതന്നെ നാവും ചെറിയ അവയവം എങ്കിലും വളരെ വമ്പു പറയുന്നു. കുറഞ്ഞ തീ എത്ര വലിയ കാടു കത്തിക്കുന്നു;

6നാവും ഒരു തീ തന്നെ; അതു നമ്മുടെ അംഗങ്ങളുടെ കൂട്ടത്തില്‍ അനീതി ലോകമായി ദേഹത്തെ മുഴുവന്‍ മലിനമാക്കി ജീവചക്രത്തിനു തീ കൊളുത്തുകയും നരകത്താല്‍ അതിനു തീ പിടിക്കയും ചെയ്യുന്നു.

7മൃഗം, പക്ഷി, ഇഴജാതി, ജലജന്തു ഈ വക എല്ലാം മനുഷ്യജാതിയോടു മെരുങ്ങുന്നു, മെരുങ്ങിയുമിരിക്കുന്നു.

8നാവിനെയോ മനുഷ്യര്‍ക്കാര്‍ക്കും മെരുക്കാവതല്ല; അത് അടങ്ങാത്ത ദോഷം; മരണകരമായ വിഷം നിറഞ്ഞത്.

9അതിനാല്‍ നാം കര്‍ത്താവും പിതാവുമായവനെ സ്തുതിക്കുന്നു; ദൈവത്തിന്‍റെ സാദൃശ്യത്തില്‍ ഉണ്ടായ മനുഷ്യരെ അതിനാല്‍ ശപിക്കുന്നു.

10ഒരു വായില്‍നിന്നു തന്നെ സ്തോത്രവും ശാപവും പുറപ്പെടുന്നു. സഹോദരന്മാരേ, ഇങ്ങനെ ആയിരിക്കുന്നതു യോഗ്യമല്ല.

11ഉറവിന്‍റെ ഒരേ ദ്വാരത്തില്‍നിന്നു മധുരവും കയ്പുമുള്ള വെള്ളം പുറപ്പെട്ടുവരുമോ?

12സഹോദരന്മാരേ, അത്തിവൃക്ഷം ഒലിവുപഴവും മുന്തിരിവള്ളി അത്തിപ്പഴവും കായ്ക്കുമോ? ഉപ്പുറവില്‍നിന്നു മധുരമുള്ള വെള്ളം പുറപ്പെടുകയുമില്ല.

13നിങ്ങളില്‍ ജ്ഞാനിയും വിവേകിയുമായവന്‍ ആര്‍? അവന്‍ ജ്ഞാനലക്ഷണമായ സൗമ്യതയോടെ നല്ല നടപ്പില്‍ തന്‍റെ പ്രവൃത്തികളെ കാണിക്കട്ടെ.

14എന്നാല്‍ നിങ്ങള്‍ക്കു ഹൃദയത്തില്‍ കയ്പുള്ള ഈര്‍ഷ്യയും ശാഠ്യവും ഉണ്ടെങ്കില്‍ സത്യത്തിനു വിരോധമായി പ്രശംസിക്കയും ഭോഷ്കു പറകയുമരുത്.

15ഇത് ഉയരത്തില്‍നിന്നു വരുന്ന ജ്ഞാനമല്ല, ഭൗമികവും പ്രാകൃതവും പൈശാചികവും ആയതത്രേ.

16ഈര്‍ഷ്യയും ശാഠ്യവും ഉള്ളേടത്തു കലക്കവും സകല ദുഷ്പ്രവൃത്തിയും ഉണ്ട്.

17ഉയരത്തില്‍നിന്നുള്ള ജ്ഞാനമോ ഒന്നാമതു നിര്‍മ്മലവും പിന്നെ സമാധാനവും ശാന്തതയും അനുസരണവുമുള്ളതും കരുണയും സല്‍ഫലവും നിറഞ്ഞതും പക്ഷപാതവും കപടവും ഇല്ലാത്തതുമാകുന്നു.

18എന്നാല്‍ സമാധാനം ഉണ്ടാക്കുന്നവര്‍ സമാധാനത്തില്‍ വിതച്ചു നീതി എന്ന ഫലം കൊയ്യും.