പുതിയ നിയമംMOV

യാക്കോബ് 1

1ദൈവത്തിന്‍റെയും കര്‍ത്താവായ യേശുക്രിസ്തുവിന്‍റെയും ദാസനായ യാക്കോബ് എഴുതുന്നത്: ചിതറിപ്പാര്‍ക്കുന്ന പന്ത്രണ്ടു ഗോത്രങ്ങള്‍ക്കും വന്ദനം.

2എന്‍റെ സഹോദരന്മാരേ, നിങ്ങള്‍ വിവിധ പരീക്ഷകളില്‍ അകപ്പെടുമ്പോള്‍

3നിങ്ങളുടെ വിശ്വാസത്തിന്‍റെ പരിശോധന സ്ഥിരത ഉളവാക്കുന്നു എന്ന് അറിഞ്ഞ് അത് അശേഷം സന്തോഷം എന്ന് എണ്ണുവിന്‍.

4എന്നാല്‍ നിങ്ങള്‍ ഒന്നിലും കുറവില്ലാതെ തികഞ്ഞവരും സമ്പൂര്‍ണരും ആകേണ്ടതിനു സ്ഥിരതയ്ക്കു തികഞ്ഞ പ്രവൃത്തി ഉണ്ടാകട്ടെ.

5നിങ്ങളില്‍ ഒരുത്തനു ജ്ഞാനം കുറവാകുന്നു എങ്കില്‍ ഭര്‍ത്സിക്കാതെ എല്ലാവര്‍ക്കും ഔദാര്യമായി കൊടുക്കുന്നവനായ ദൈവത്തോടു യാചിക്കട്ടെ; അപ്പോള്‍ അവനു ലഭിക്കും.

6എന്നാല്‍ അവന്‍ ഒന്നും സംശയിക്കാതെ വിശ്വാസത്തോടെ യാചിക്കേണം: സംശയിക്കുന്നവന്‍ കാറ്റടിച്ച് അലയുന്ന കടല്‍ത്തിരയ്ക്കു സമന്‍.

7ഇങ്ങനെയുള്ള മനുഷ്യന്‍ കര്‍ത്താവിങ്കല്‍നിന്നു വല്ലതും ലഭിക്കും എന്നു നിരൂപിക്കരുത്.

8ഇരുമനസ്സുള്ള മനുഷ്യന്‍ തന്‍റെ വഴികളിലൊക്കെയും അസ്ഥിരന്‍ ആകുന്നു.

9എന്നാല്‍ എളിയ സഹോദരന്‍ തന്‍റെ ഉയര്‍ച്ചയിലും

10ധനവാനോ പുല്ലിന്‍റെ പൂപോലെ ഒഴിഞ്ഞുപോകുന്നവനാകയാല്‍ തന്‍റെ എളിമയിലും പ്രശംസിക്കട്ടെ.

11സൂര്യന്‍ ഉഷ്ണക്കാറ്റോടെ ഉദിച്ചിട്ടു പുല്ല് ഉണങ്ങി പൂവുതിര്‍ന്ന് അതിന്‍റെ രൂപഭംഗി കെട്ടുപോകുന്നു. അതുപോലെ ധനവാനും തന്‍റെ പ്രയത്നങ്ങളില്‍ വാടിപ്പോകും.

12പരീക്ഷ സഹിക്കുന്ന മനുഷ്യന്‍ ഭാഗ്യവാന്‍; അവന്‍ കൊള്ളാകുന്നവനായി തെളിഞ്ഞശേഷം കര്‍ത്താവ് തന്നെ സ്നേഹിക്കുന്നവര്‍ക്കു വാഗ്ദത്തം ചെയ്ത ജീവകിരീടം പ്രാപിക്കും.

13പരീക്ഷിക്കപ്പെടുമ്പോള്‍ ഞാന്‍ ദൈവത്താല്‍ പരീക്ഷിക്കപ്പെടുന്നു എന്ന് ആരും പറയരുത്. ദൈവം ദോഷങ്ങളാല്‍ പരീക്ഷിക്കപ്പെടാത്തവന്‍ ആകുന്നു; താന്‍ ആരെയും പരീക്ഷിക്കുന്നതുമില്ല.

14ഓരോരുത്തന്‍ പരീക്ഷിക്കപ്പെടുന്നതു സ്വന്തമോഹത്താല്‍ ആകര്‍ഷിച്ചു വശീകരിക്കപ്പെടുകയാല്‍ ആകുന്നു.

15മോഹം ഗര്‍ഭംധരിച്ചു പാപത്തെ പ്രസവിക്കുന്നു; പാപം മുഴുത്തിട്ടു മരണത്തെ പെറുന്നു.

16എന്‍റെ പ്രിയസഹോദരന്മാരേ, വഞ്ചിക്കപ്പെടരുത്.

17എല്ലാ നല്ല ദാനവും തികഞ്ഞ വരമൊക്കെയും ഉയരത്തില്‍നിന്നു വെളിച്ചങ്ങളുടെ പിതാവിങ്കല്‍നിന്ന് ഇറങ്ങിവരുന്നു. അവനു വികാരമോ ഗതിഭേദത്താലുള്ള ആഛാദനമോ ഇല്ല.

18നാം അവന്‍റെ സൃഷ്ടികളില്‍ ഒരുവിധം ആദ്യഫലമാകേണ്ടതിന് അവന്‍ തന്‍റെ ഇഷ്ടം ഹേതുവായി സത്യത്തിന്‍റെ വചനത്താല്‍ നമ്മെ ജനിപ്പിച്ചിരിക്കുന്നു.

19പ്രിയ സഹോദരന്മാരേ, നിങ്ങള്‍ അത് അറിയുന്നുവല്ലോ. എന്നാല്‍ ഏതു മനുഷ്യനും കേള്‍പ്പാന്‍ വേഗതയും പറവാന്‍ താമസവും കോപത്തിനു താമസവുമുള്ളവന്‍ ആയിരിക്കട്ടെ.

20മനുഷ്യന്‍റെ കോപം ദൈവത്തിന്‍റെ നീതിയെ പ്രവര്‍ത്തിക്കുന്നില്ല.

21ആകയാല്‍ എല്ലാ അഴുക്കും ദുഷ്ടതയുടെ ആധിക്യവും വിട്ടു നിങ്ങളുടെ ആത്മാക്കളെ രക്ഷിപ്പാന്‍ ശക്തിയുള്ളതും ഉള്‍നട്ടതുമായ വചനം സൗമ്യതയോടെ കൈക്കൊള്‍വിന്‍.

22എങ്കിലും വചനം കേള്‍ക്ക മാത്രം ചെയ്തുകൊണ്ടു തങ്ങളെത്തന്നെ ചതിക്കാതെ അതിനെ ചെയ്യുന്നവരായും ഇരിപ്പിന്‍.

23ഒരുത്തന്‍ വചനം കേള്‍ക്കുന്നവന്‍ എങ്കിലും ചെയ്യാത്തവനായിരുന്നാല്‍ അവന്‍ തന്‍റെ സ്വാഭാവിക മുഖം കണ്ണാടിയില്‍ നോക്കുന്ന ആളോടൊക്കുന്നു.

24അവന്‍ തന്നെത്താന്‍ കണ്ടു പുറപ്പെട്ടു താന്‍ ഇന്ന രൂപം ആയിരുന്നു എന്ന് ഉടനെ മറന്നുപോകുന്നു.

25സ്വാതന്ത്ര്യത്തിന്‍റെ തികഞ്ഞ ന്യായപ്രമാണം ഉറ്റുനോക്കി അതില്‍ നിലനില്ക്കുന്നവനോ കേട്ടു മറക്കുന്നവനല്ല, പ്രവൃത്തി ചെയ്യുന്നവനായി താന്‍ ചെയ്യുന്നതില്‍ ഭാഗ്യവാന്‍ ആകും.

26നിങ്ങളില്‍ ഒരുവന്‍ തന്‍റെ നാവിനു കടിഞ്ഞാണിടാതെ തന്‍റെ ഹൃദയത്തെ വഞ്ചിച്ചുകൊണ്ടു താന്‍ ഭക്തന്‍ എന്നു നിരൂപിച്ചാല്‍ അവന്‍റെ ഭക്തി വ്യര്‍ഥം അത്രേ.

27പിതാവായ ദൈവത്തിന്‍റെ മുമ്പാകെ ശുദ്ധവും നിര്‍മ്മലവുമായുള്ള ഭക്തിയോ: അനാഥരെയും വിധവമാരെയും അവരുടെ സങ്കടത്തില്‍ ചെന്നു കാണുന്നതും, ലോകത്താലുള്ള കളങ്കം പറ്റാതവണ്ണം തന്നെത്താന്‍ കാത്തുകൊള്ളുന്നതും ആകുന്നു.