പഴയ നിയമംMOV
1എന്നെ ആഗ്രഹിക്കാത്തവര്‍ എന്നെ അന്വേഷിപ്പാന്‍ ഇടയായി; എന്നെ അന്വേഷിക്കാത്തവര്‍ക്ക് എന്നെ കണ്ടെത്തുവാന്‍ സംഗതി വന്നു; എന്‍റെ നാമം വിളിച്ചപേക്ഷിക്കാത്ത ജാതിയോട്: ഇതാ ഞാന്‍, ഇതാ ഞാന്‍ എന്നു ഞാന്‍ പറഞ്ഞു.
2സ്വന്തവിചാരങ്ങളെ അനുസരിച്ച് ആകാത്ത വഴിയിൽ നടക്കുന്ന മത്സരമുള്ള ജനത്തിങ്കലേക്കു ഞാന്‍ ഇടവിടാതെ കൈ നീട്ടുന്നു.
3അവര്‍ എന്‍റെ മുഖത്തു നോക്കി എല്ലായ്പോഴും എന്നെ കോപിപ്പിക്കുന്നോരു ജനമായി തോട്ടങ്ങളിൽ ബലികഴിക്കയും ഇഷ്‍ടികമേൽ ധൂപം കാണിക്കയും
4കല്ലറകളിൽ കുത്തിയിരിക്കയും ഗുഹകളിൽ രാപാര്‍ക്കയും പന്നിയിറച്ചി തിന്നുകയും പാത്രങ്ങളിൽ അറപ്പായ ചാറു നിറയ്ക്കയും
5മാറി നില്ക്ക; ഇങ്ങോട്ട് അടുക്കരുത്; ഞാന്‍ നിന്നെക്കാള്‍ ശുദ്ധന്‍ എന്നു പറകയും ചെയ്യുന്നു; അവര്‍ എന്‍റെ മൂക്കിൽ പുകയും ഇടവിടാതെ കത്തുന്ന തീയും ആകുന്നു.
6അത് എന്‍റെ മുമ്പാകെ എഴുതിവച്ചിരിക്കുന്നു; ഞാന്‍ പകരം വീട്ടിയല്ലാതെ അടങ്ങിയിരിക്കയില്ല; അവരുടെ മാര്‍വിടത്തിലേക്കു തന്നെ ഞാന്‍ പകരം വീട്ടും.
7നിങ്ങളുടെ അകൃത്യങ്ങള്‍ക്കും മലകളിന്മേൽ ധൂപം കാട്ടുകയും കുന്നുകളിന്മേൽ എന്നെ ദുഷിക്കയും ചെയ്തിട്ടുള്ള നിങ്ങളുടെ പിതാക്കന്മാരുടെ അകൃത്യങ്ങള്‍ക്കും കൂടെ പകരം വീട്ടും; ഞാന്‍ ആദ്യം അവരുടെ പ്രതിഫലം അവരുടെ മാര്‍വിടത്തിലേക്ക് അളന്നുകൊടുക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു.
8യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മുന്തിരിക്കുലയിൽ പുതുവീഞ്ഞു കണ്ടിട്ട്; നശിപ്പിക്കരുത്; ഒരനുഗ്രഹം അതിൽ ഉണ്ട് എന്നു പറയുന്നതുപോലെ ഞാന്‍ എന്‍റെ ദാസന്മാര്‍ നിമിത്തം പ്രവര്‍ത്തിക്കും; എല്ലാവരെയും നശിപ്പിക്കയില്ല.
9ഞാന്‍ യാക്കോബിൽനിന്ന് ഒരു സന്തതിയെയും യെഹൂദായിൽനിന്ന് എന്‍റെ പര്‍വതങ്ങള്‍ക്ക് ഒരു അവകാശിയെയും ഉദ്ഭവിപ്പിക്കും; എന്‍റെ വൃതന്മാര്‍ അതിനെ കൈവശമാക്കുകയും എന്‍റെ ദാസന്മാര്‍ അവിടെ വസിക്കയും ചെയ്യും.
10എന്നെ അന്വേഷിച്ചിട്ടുള്ള എന്‍റെ ജനത്തിനായി ശാരോന്‍ ആടുകള്‍ക്കു മേച്ചൽപ്പുറവും ആഖോര്‍ താഴ്വര കന്നുകാലികള്‍ക്കു കിടപ്പിടവും ആയിരിക്കും.
11എന്നാൽ യഹോവയെ ഉപേക്ഷിക്കയും എന്‍റെ വിശുദ്ധപര്‍വതത്തെ മറക്കയും ഗദ്‍ദേവന് ഒരു മേശ ഒരുക്കി മെനിദേവിക്കു വീഞ്ഞു കലര്‍ത്തി നിറച്ചുവയ്ക്കയും ചെയ്യുന്നവരേ,
12ഞാന്‍ വിളിച്ചപ്പോള്‍ നിങ്ങള്‍ ഉത്തരം പറയാതെയും ഞാന്‍ അരുളിച്ചെയ്തപ്പോള്‍ കേള്‍ക്കാതെയും എനിക്ക് അനിഷ്ടമായുള്ളതു പ്രവര്‍ത്തിച്ച് എനിക്കു പ്രസാദമല്ലാത്തതു തിരഞ്ഞെടുത്തതുകൊണ്ടു ഞാന്‍ നിങ്ങളെ വാളിനു നിയമിച്ചു കൊടുക്കും; നിങ്ങള്‍ എല്ലാവരും കൊലയ്ക്കു കുനിയേണ്ടിവരും.
13അതുകൊണ്ടു യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, എന്‍റെ ദാസന്മാര്‍ ഭക്ഷിക്കും; നിങ്ങളോ വിശന്നിരിക്കും; എന്‍റെ ദാസന്മാര്‍ പാനം ചെയ്യും; നിങ്ങളോ ദാഹിച്ചിരിക്കും; എന്‍റെ ദാസന്മാര്‍ സന്തോഷിക്കും; നിങ്ങളോ ലജ്ജിച്ചിരിക്കും.
14എന്‍റെ ദാസന്മാര്‍ ഹൃദയാനന്ദംകൊണ്ടു ഘോഷിക്കും; നിങ്ങളോ മനോവ്യസനംകൊണ്ടു നിലവിളിച്ചു മനോവ്യഥയാൽ മുറയിടും.
15നിങ്ങളുടെ പേര്‍ നിങ്ങള്‍ എന്‍റെ വൃതന്മാര്‍ക്ക് ഒരു ശാപവാക്കായി വച്ചേച്ചുപോകും; യഹോവയായ കര്‍ത്താവ് നിന്നെ കൊന്നുകളയും; തന്‍റെ ദാസന്മാര്‍ക്ക് അവന്‍ വേറൊരു പേര്‍ വിളിക്കും.
16മുമ്പിലത്തെ കഷ്ടങ്ങള്‍ മറന്നുപോകയും അവ എന്‍റെ കണ്ണിനു മറഞ്ഞിരിക്കയും ചെയ്കകൊണ്ടു ഭൂമിയിൽ തന്നെത്താന്‍ അനുഗ്രഹിക്കുന്നവന്‍ സത്യദൈവത്താൽ തന്നെത്താന്‍ അനുഗ്രഹിക്കും; ഭൂമിയിൽ സത്യം ചെയ്യുന്നവന്‍ സത്യദൈവത്തെച്ചൊല്ലി സത്യം ചെയ്യും.
17ഇതാ, ഞാന്‍ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്‍ടിക്കുന്നു; മുമ്പിലത്തവ ആരും ഓര്‍ക്കുകയില്ല; ആരുടെയും മനസ്സിൽ വരികയുമില്ല.
18ഞാന്‍ സൃഷ്‍ടിക്കുന്നതിനെക്കുറിച്ചു നിങ്ങള്‍ സന്തോഷിച്ച് എന്നേക്കും ഘോഷിച്ചുല്ലസിപ്പിന്‍; ഇതാ, ഞാന്‍ യെരൂശലേമിനെ ഉല്ലാസപ്രദമായും അതിലെ ജനത്തെ ആനന്ദപ്രദമായും സൃഷ്‍ടിക്കുന്നു.
19ഞാന്‍ യെരൂശലേമിനെക്കുറിച്ചു സന്തോഷിക്കയും എന്‍റെ ജനത്തെക്കുറിച്ചു ആനന്ദിക്കയും ചെയ്യും; കരച്ചലും നിലവിളിയും ഇനി അതിൽ കേള്‍ക്കയില്ല;
20കുറെ ദിവസം മാത്രം ജീവിക്കുന്ന കുട്ടിയും ആയുസ്സു തികയാത്ത വൃദ്ധനും അവിടെ ഇനി ഉണ്ടാകയില്ല; ബാലന്‍ നൂറു വയസ്സു പ്രായമുള്ളവനായി മരിക്കും; പാപിയോ നൂറു വയസ്സുള്ളവനായിരുന്നാലും ശപിക്കപ്പെട്ടവന്‍ എന്നേ വരൂ.
21അവര്‍ വീടുകളെ പണിതു പാര്‍ക്കും; അവര്‍ മുന്തിരിത്തോട്ടങ്ങളെ ഉണ്ടാക്കി അവയിലെ ഫലം അനുഭവിക്കും.
22അവര്‍ പണിക, മറ്റൊരുത്തന്‍ പാര്‍ക്ക എന്നു വരികയില്ല; അവര്‍ നടുക, മറ്റൊരുത്തന്‍ തിന്നുക എന്നും വരികയില്ല; എന്‍റെ ജനത്തിന്‍റെ ആയുസ്സു വൃക്ഷത്തിന്‍റെ ആയുസ്സുപോലെ ആകും; എന്‍റെ വൃതന്മാര്‍ തന്നെ തങ്ങളുടെ അധ്വാനഫലം അനുഭവിക്കും.
23അവര്‍ വൃഥാ അധ്വാനിക്കയില്ല; ആപത്തിനായിട്ടു പ്രസവിക്കയുമില്ല; അവര്‍ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവരുടെ സന്തതിയല്ലോ; അവരുടെ സന്താനം അവരോടുകൂടെ ഇരിക്കും.
24അവര്‍ വിളിക്കുന്നതിനുമുമ്പേ ഞാന്‍ ഉത്തരം അരുളും; അവര്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ ഞാന്‍ കേള്‍ക്കും.
25ചെന്നായും കുഞ്ഞാടും ഒരുമിച്ചു മേയും; സിംഹം കാള എന്നപോലെ വൈക്കോൽ തിന്നും; സര്‍പ്പത്തിനു പൊടി ആഹാരമായിരിക്കും; എന്‍റെ വിശുദ്ധപര്‍വതത്തിൽ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്കയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു.