പഴയ നിയമംMOV
1എദോമിൽനിന്നു, രക്താംബരം ധരിച്ചു കൊണ്ടു ബൊസ്രയിൽനിന്നു വരുന്നോരിവന്‍ ആര്‍? വസ്ത്രാലംകൃതനായി തന്‍റെ ശക്തി യുടെ മാഹാത്മ്യത്തിൽ നട കൊള്ളുന്നോരിവന്‍ ആര്‍? നീതിയെ അരുളിച്ചെയ്യുന്നവനും രക്ഷിപ്പാന്‍ വല്ലഭനുമായ ഞാന്‍ തന്നെ.
2നിന്‍റെ ഉടുപ്പു ചുവന്നിരിക്കുന്നതെന്ത്? നിന്‍റെ വസ്ത്രം മുന്തിരിച്ചക്കു ചവിട്ടുന്നവന്‍റേതുപോലെ ഇരിക്കുന്നതെന്ത്?
3ഞാന്‍ ഏകനായി മുന്തിരിച്ചക്കു ചവിട്ടി; ജാതികളിൽ ആരും എന്നോടുകൂടെ ഉണ്ടായിരുന്നില്ല; എന്‍റെ കോപത്തിൽ ഞാന്‍ അവരെ ചവിട്ടി, എന്‍റെ ക്രോധത്തിൽ അവരെ മെതിച്ചുകളഞ്ഞു; അവരുടെ രക്തം എന്‍റെ വസ്ത്രത്തിൽ തെറിച്ചു; എന്‍റെ ഉടുപ്പൊക്കെയും മലിനമായിരിക്കുന്നു.
4ഞാന്‍ ഒരു പ്രതികാരദിവസം കരുതിയിരുന്നു; എന്‍റെ വിമുക്തന്മാരുടെ സംവത്സരം വന്നിരുന്നു.
5ഞാന്‍ നോക്കി എങ്കിലും സഹായിപ്പാന്‍ ആരുമില്ലായിരുന്നു; ഞാന്‍ വിസ്മയിച്ചു നോക്കി എങ്കിലും തുണപ്പാന്‍ ആരെയും കണ്ടില്ല; അതുകൊണ്ട് എന്‍റെ ഭുജം തന്നെ എനിക്കു രക്ഷ വരുത്തി; എന്‍റെ ക്രോധം തന്നെ എനിക്കു തുണനിന്നു.
6ഞാന്‍ എന്‍റെ കോപത്തിൽ ജാതികളെ ചവിട്ടി, എന്‍റെ ക്രോധത്തിൽ അവരെ തകര്‍ത്തു, അവരുടെ രക്തത്തെ ഞാന്‍ നിലത്തു വീഴ്ത്തിക്കളഞ്ഞു.
7യഹോവ നമുക്കു നല്കിയതുപോലെയൊക്കെയും ഞാന്‍ യഹോവയുടെ പ്രീതിവാത്സല്യത്തെയും യഹോവയുടെ സ്തുതിയെയും അവന്‍റെ കരുണയ്ക്കും മഹാദയയ്ക്കും ഒത്തവണ്ണം അവന്‍ യിസ്രായേൽഗൃഹത്തിനു കാണിച്ച വലിയ നന്മയെയും കീര്‍ത്തിക്കും.
8അവര്‍ എന്‍റെ ജനം, കപടം കാണിക്കാത്ത മക്കള്‍ തന്നെ എന്നു പറഞ്ഞ് അവന്‍ അവര്‍ക്കു രക്ഷിതാവായിത്തീര്‍ന്നു.
9അവരുടെ കഷ്ടതയിലൊക്കെയും അവന്‍ കഷ്ടപ്പെട്ടു; അവന്‍റെ സമ്മുഖദൂതന്‍ അവരെ രക്ഷിച്ചു; തന്‍റെ സ്നേഹത്തിലും കനിവിലും അവന്‍ അവരെ വീണ്ടെടുത്തു; പുരാതനകാലത്തൊക്കെയും അവന്‍ അവരെ ചുമന്നുകൊണ്ടു നടന്നു.
10എന്നാൽ അവര്‍ മത്സരിച്ച് അവന്‍റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിച്ചു; അതുകൊണ്ട് അവന്‍ അവര്‍ക്കു ശത്രുവായിത്തീര്‍ന്നു താന്‍ തന്നെ അവരോടു യുദ്ധം ചെയ്തു.
11അപ്പോള്‍ അവന്‍റെ ജനം മോശെയുടെ കാലമായ പുരാതനകാലം ഓര്‍ത്തു പറഞ്ഞതു: അവരെ തന്‍റെ ആടുകളുടെ ഇടയനോടുകൂടെ സമുദ്രത്തിൽനിന്നു കരേറുമാറാക്കിയവന്‍ എവിടെ? അവരുടെ ഉള്ളിൽ തന്‍റെ പരിശുദ്ധാത്മാവിനെ കൊടുത്തവന്‍ എവിടെ?
12തന്‍റെ മഹത്ത്വമുള്ള ഭുജം മോശെയുടെ വലംകൈക്കൽ ചെല്ലുമാറാക്കി തനിക്ക് ഒരു ശാശ്വതനാമം ഉണ്ടാക്കേണ്ടതിന് അവരുടെ മുമ്പിൽ വെള്ളം വിഭാഗിക്കയും
13അവര്‍ ഇടറാതവണ്ണം മരുഭൂമിയിൽ ഒരു കുതിരയെപ്പോലെ അവരെ ആഴങ്ങളിൽകൂടി നടത്തുകയും ചെയ്തവന്‍ എവിടെ?
14താഴ്വരയിലേക്ക് ഇറങ്ങിച്ചെല്ലുന്ന കന്നുകാലികളെപ്പോലെ യഹോവയുടെ ആത്മാവ് അവരെ തഞ്ചുമാറാക്കി; അങ്ങനെ നീ നിനക്കു മഹത്ത്വമുള്ളോരു നാമം ഉണ്ടാക്കേണ്ടതിനു നിന്‍റെ ജനത്തെ നടത്തി.
15സ്വര്‍ഗത്തിൽനിന്നു നോക്കി, വിശുദ്ധിയും മഹത്ത്വവുമുള്ള നിന്‍റെ വാസസ്ഥലത്തുനിന്നു കടാക്ഷിക്കേണമേ! നിന്‍റെ തീക്ഷ്ണതയും വീര്യപ്രവൃത്തികളും എവിടെ? നിന്‍റെ മനസ്സലിവും കരുണയും എന്നോടു കാണിക്കാതവണ്ണം നീ അടക്കിവച്ചിരിക്കുന്നു.
16നീയല്ലോ ഞങ്ങളുടെ പിതാവ്; അബ്രാഹാം ഞങ്ങളെ അറിയുന്നില്ല; യിസ്രായേലിനു ഞങ്ങളെ തിരിയുന്നതുമില്ല; നീയോ യഹോവേ, ഞങ്ങളുടെ പിതാവാകുന്നു; യുഗാരംഭംമുതൽ ഞങ്ങളുടെ വീണ്ടെടുപ്പുകാരന്‍ എന്നാകുന്നു നിന്‍റെ നാമം.
17യഹോവേ, നീ ഞങ്ങളെ നിന്‍റെ വഴി വിട്ടു തെറ്റുമാറാക്കുന്നതും നിന്നെ ഭയപ്പെടാതവണ്ണം ഞങ്ങളുടെ ഹൃദയത്തെ കഠിനമാക്കുന്നതും എന്ത്? നിന്‍റെ അവകാശഗോത്രങ്ങളായ നിന്‍റെ ദാസന്മാര്‍ നിമിത്തം മടങ്ങിവരേണമേ.
18നിന്‍റെ വിശുദ്ധജനത്തിനു അല്പകാലത്തേക്കു മാത്രം കൈവശമായ ശേഷം നിന്‍റെ വിശുദ്ധമന്ദിരത്തെ ഞങ്ങളുടെ വൈരികള്‍ ചവിട്ടിക്കളഞ്ഞു.
19ഞങ്ങള്‍ ഇതാ, നീ ഒരിക്കലും വാണിട്ടില്ലാത്തവരും നിന്‍റെ നാമം വിളിക്കപ്പെട്ടിട്ടില്ലാത്ത വരും എന്നപോലെ ആയിത്തീര്‍ന്നിരിക്കുന്നു.