പഴയ നിയമംMOV

യെശയ്യാവ് 62

1സീയോനെക്കുറിച്ചു ഞാന്‍ മിണ്ടാതെ ഇരിക്കയില്ല, യെരൂശലേമിനെക്കുറിച്ചു ഞാന്‍ അടങ്ങിയിരിക്കയുമില്ല; അതിന്‍റെ നീതി പ്രകാശംപോലെയും അതിന്‍റെ രക്ഷ, കത്തുന്ന വിളക്കുപോലെയും വിളങ്ങിവരുവോളം തന്നെ.

2ജാതികള്‍ നിന്‍റെ നീതിയെയും സകല രാജാക്കന്മാരും നിന്‍റെ മഹത്ത്വത്തെയും കാണും; യഹോവയുടെ വായ് കല്പിക്കുന്ന പുതിയ പേര്‍ നിനക്കു വിളിക്കപ്പെടും.

3യഹോവയുടെ കൈയിൽ നീ ഭംഗിയുള്ള കിരീടവും നിന്‍റെ ദൈവത്തിന്‍റെ കൈയിൽ രാജമുടിയും ആയിരിക്കും.

4നിന്നെ ഇനി അസൂബാ (ത്യക്ത) എന്നു വിളിക്കയില്ല; നിന്‍റെ ദേശത്തെ ശെമാമാ (ശൂന്യം) എന്നു പറകയുമില്ല; നിനക്കു ഹെഫ്സീബാ (ഇഷ്ട) എന്നും നിന്‍റെ ദേശത്തിനു ബെയൂലാ (വിവാഹസ്ഥ) എന്നും പേര്‍ ആകും; യഹോവയ്ക്കു നിന്നോടു പ്രിയമുണ്ടല്ലോ; നിന്‍റെ ദേശത്തിനു വിവാഹം കഴിയും.

5യൗവനക്കാരന്‍ കന്യകയെ വിവാഹം ചെയ്യുന്നതുപോലെ നിന്‍റെ പുത്രന്മാര്‍ നിന്നെ വിവാഹം ചെയ്യും; മണവാളന്‍ മണവാട്ടിയിൽ സന്തോഷിക്കുന്നതുപോലെ നിന്‍റെ ദൈവം നിന്നിൽ സന്തോഷിക്കും.

6യെരൂശലേമേ, ഞാന്‍ നിന്‍റെ മതിലുകളിന്മേൽ കാവൽക്കാരെ ആക്കിയിരിക്കുന്നു; അവര്‍ രാവോ പകലോ ഒരിക്കലും മിണ്ടാതെയിരിക്കയില്ല; യഹോവയെ ഓര്‍പ്പിക്കുന്നവരേ, നിങ്ങള്‍ സ്വസ്ഥമായിരിക്കരുത്.

7അവന്‍ യെരൂശലേമിനെ യഥാസ്ഥാനപ്പെടുത്തുവോളവും ഭൂമിയിൽ അതിനെ പ്രശംസാവിഷയമാക്കുവോളവും അവനു സ്വസ്ഥത കൊടുക്കയുമരുത്.

8ഇനി ഞാന്‍ നിന്‍റെ ധാന്യം നിന്‍റെ ശത്രുക്കള്‍ക്ക് ആഹാരമായി കൊടുക്കയില്ല; നീ അധ്വാനിച്ചുണ്ടാക്കിയ വീഞ്ഞ് അന്യജാതിക്കാര്‍ കുടിച്ചുകളകയുമില്ല എന്നു യഹോവ തന്‍റെ വലംകൈയും തന്‍റെ ബലമുള്ള ഭുജവും തൊട്ടു സത്യം ചെയ്തിരിക്കുന്നു.

9അതിനെ ശേഖരിച്ചവര്‍ തന്നെ അതു ഭക്ഷിച്ചു യഹോവയെ സ്തുതിക്കും; അതിനെ സംഭരിച്ചവര്‍ തന്നെ എന്‍റെ വിശുദ്ധപ്രാകാരങ്ങളിൽവച്ച് അതു പാനം ചെയ്യും.

10കടപ്പിന്‍; വാതിലുകളിൽകൂടി കടപ്പിന്‍; ജനത്തിനു വഴി ഒരുക്കുവിന്‍; നികത്തുവിന്‍, പെരുവഴി നികത്തുവിന്‍; കല്ലു പെറുക്കിക്കളവിന്‍; ജാതികള്‍ക്കായിട്ട് ഒരു കൊടി ഉയര്‍ത്തുവിന്‍.

11ഇതാ, നിന്‍റെ രക്ഷ വരുന്നു; കൂലി അവന്‍റെ പക്കലും പ്രതിഫലം അവന്‍റെ കൈയിലും ഉണ്ട് എന്നു സീയോന്‍പുത്രിയോടു പറവിന്‍ എന്നിങ്ങനെ യഹോവ ഭൂമിയുടെ അറുതിയോളം ഘോഷിപ്പിച്ചിരിക്കുന്നു.

12അവര്‍ അവരെ വിശുദ്ധജനമെന്നും യഹോവയുടെ വിമുക്തന്മാരെന്നും വിളിക്കും; നിനക്കോ അന്വേഷിക്കപ്പെട്ടവള്‍ എന്നും ഉപേക്ഷിക്കപ്പെടാത്ത നഗരം എന്നും പേര്‍ ആകും.