പഴയ നിയമംMOV

യെശയ്യാവ് 61

1എളിയവരോടു സദ്വര്‍ത്തമാനം ഘോഷിപ്പാന്‍ യഹോവ എന്നെ അഭിഷേകം ചെയ്തിരിക്കകൊണ്ടു യഹോവയായ കര്‍ത്താവിന്‍റെ ആത്മാവ് എന്‍റെമേൽ ഇരിക്കുന്നു; ഹൃദയം തകര്‍ന്നവരെ മുറി കെട്ടുവാനും തടവുകാര്‍ക്കുവിടുതലും ബദ്ധന്മാര്‍ക്കു സ്വാതന്ത്ര്യവും അറിയിപ്പാനും

2യഹോവയുടെ പ്രസാദവര്‍ഷവും നമ്മുടെ ദൈവത്തിന്‍റെ പ്രതികാരദിവസവും പ്രസിദ്ധമാക്കുവാനും ദുഃഖിതന്മാരെയൊക്കെയും ആശ്വസിപ്പിപ്പാനും

3സീയോനിലെ ദുഃഖിതന്മാര്‍ക്കു വെണ്ണീറിനു പകരം അലങ്കാരമാലയും ദുഃഖത്തിനു പകരം ആനന്ദതൈലവും വിഷണ്ണമനസ്സിനു പകരം സ്തുതി എന്ന മേലാടയും കൊടുപ്പാനും അവന്‍ എന്നെ അയച്ചിരിക്കുന്നു; അവന്‍ മഹത്ത്വീകരിക്കപ്പെടേണ്ടതിന് അവര്‍ക്കു നീതിവൃക്ഷങ്ങള്‍ എന്നും യഹോവയുടെ നടുതല എന്നും പേരാകും.

4അവര്‍ പുരാതനശൂന്യങ്ങളെ പണികയും പൂര്‍വന്മാരുടെ നിര്‍ജനസ്ഥലങ്ങളെ നന്നാക്കുകയും തലമുറതലമുറയായി നിര്‍ജനമായിരുന്ന ശൂന്യനഗരങ്ങളെ കേടുപോക്കുകയും ചെയ്യും.

5അന്യജാതിക്കാര്‍ നിന്നു നിങ്ങളുടെ ആട്ടിന്‍കൂട്ടങ്ങളെ മേയിക്കും; പരദേശക്കാര്‍ നിങ്ങള്‍ക്കു ഉഴവുകാരും മുന്തിരിത്തോട്ടക്കാരും ആയിരിക്കും.

6നിങ്ങളോ യഹോവയുടെ പുരോഹിതന്മാര്‍ എന്നു വിളിക്കപ്പെടും; നമ്മുടെ ദൈവത്തിന്‍റെ ശുശ്രൂഷകന്മാര്‍ എന്നും നിങ്ങള്‍ക്കു പേരാകും; നിങ്ങള്‍ ജാതികളുടെ സമ്പത്ത് അനുഭവിച്ചു, അവരുടെ മഹത്ത്വത്തിന് അവകാശികള്‍ ആയിത്തീരും.

7നാണത്തിനു പകരം നിങ്ങള്‍ക്ക് ഇരട്ടിയായി പ്രതിഫലം കിട്ടും; ലജ്ജയ്ക്കു പകരം അവര്‍ തങ്ങളുടെ ഓഹരിയിൽ സന്തോഷിക്കും; അങ്ങനെ അവര്‍ തങ്ങളുടെ ദേശത്ത് ഇരട്ടി അവകാശം പ്രാപിക്കും; നിത്യാനന്ദം അവര്‍ക്ക് ഉണ്ടാകും.

8യഹോവയായ ഞാന്‍ ന്യായത്തെ ഇഷ്ടപ്പെടുകയും അന്യായമായ കവര്‍ച്ചയെ വെറുക്കയും ചെയ്യുന്നു; ഞാന്‍ വിശ്വസ്തതയോടെ അവര്‍ക്കു പ്രതിഫലം കൊടുത്ത് അവരോടു ഒരു ശാശ്വതനിയമം ചെയ്യും.

9ജാതികളുടെ ഇടയിൽ അവരുടെ സന്തതിയെയും വംശങ്ങളുടെ മധ്യേ അവരുടെ പ്രജയെയും അറിയും; അവരെ കാണുന്നവരൊക്കെയും അവരെ യഹോവ അനുഗ്രഹിച്ച സന്തതി എന്ന് അറിയും.

10ഞാന്‍ യഹോവയിൽ ഏറ്റവും ആനന്ദിക്കും; എന്‍റെ ഉള്ളം എന്‍റെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും; മണവാളന്‍ തലപ്പാവ് അണിയുന്നതുപോലെയും മണവാട്ടി ആഭരണങ്ങളാൽ തന്നെത്താന്‍ അലങ്കരിക്കുന്നതുപോലെയും അവന്‍ എന്നെ രക്ഷാവസ്ത്രം ധരിപ്പിച്ചു നീതി എന്ന അങ്കി ഇടുവിച്ചിരിക്കുന്നു.

11ഭൂമി തൈകളെ മുളപ്പിക്കുന്നതുപോലെയും തോട്ടം അതിൽ വിതച്ച വിത്തിനെ കിളിര്‍പ്പിക്കുന്നതുപോലെയും യഹോവയായ കര്‍ത്താവ് സകല ജാതികളും കാണ്‍കെ നീതിയെയും സ്തുതിയെയും മുളപ്പിക്കും.