പഴയ നിയമംMOV
1രക്ഷിപ്പാന്‍ കഴിയാതവണ്ണം യഹോവയുടെ കൈ കുറുകീട്ടില്ല; കേള്‍പ്പാന്‍ കഴിയാതവണ്ണം അവന്‍റെ ചെവി മന്ദമായിട്ടുമില്ല.
2നിങ്ങളുടെ അകൃത്യങ്ങള്‍ അത്രേ നിങ്ങളെയും നിങ്ങളുടെ ദൈവത്തെയും തമ്മിൽ ഭിന്നിപ്പിച്ചിരിക്കുന്നത്; നിങ്ങളുടെ പാപങ്ങള്‍ അത്രേ അവന്‍ കേള്‍ക്കാതവണ്ണം അവന്‍റെ മുഖത്തെ നിങ്ങള്‍ക്കു മറയ്ക്കുമാറാക്കിയത്.
3നിങ്ങളുടെ കൈകള്‍ രക്തംകൊണ്ടും നിങ്ങളുടെ വിരലുകള്‍ അകൃത്യം കൊണ്ടും മലിനമായിരിക്കുന്നു; നിങ്ങളുടെ അധരങ്ങള്‍ ഭോഷ്കു സംസാരിക്കുന്നു; നിങ്ങളുടെ നാവു നീതികേടു ജപിക്കുന്നു.
4ഒരുത്തനും നീതിയോടെ വ്യവഹരിക്കുന്നില്ല; ഒരുത്തനും സത്യത്തോടെ പ്രതിവാദിക്കുന്നില്ല; അവര്‍ വ്യാജത്തിൽ ആശ്രയിച്ചു ഭോഷ്കു സംസാരിക്കുന്നു; അവര്‍ കഷ്ടത്തെ ഗര്‍ഭംധരിച്ചു നീതികേടിനെ പ്രസവിക്കുന്നു.
5അവര്‍ അണലിമുട്ട പൊരുന്നുകയും ചിലന്തിവല നെയ്യുകയും ചെയ്യുന്നു; ആ മുട്ട തിന്നുന്നവന്‍ മരിക്കും; പൊട്ടിച്ചാൽ അണലി പുറത്തുവരുന്നു.
6അവര്‍ നെയ്തതു വസ്ത്രത്തിനു കൊള്ളുകയില്ല; അവരുടെ പണി അവര്‍ക്കു പുതപ്പാകയും ഇല്ല; അവരുടെ പ്രവൃത്തികള്‍ നീതികെട്ട പ്രവൃത്തികള്‍; സാഹസകര്‍മങ്ങള്‍ അവരുടെ കൈക്കൽ ഉണ്ട്.
7അവരുടെ കാൽ ദോഷത്തിനായി ഓടുന്നു; കുറ്റമില്ലാത്ത രക്തം ചിന്നുവാന്‍ അവര്‍ ബദ്ധപ്പെടുന്നു; അവരുടെ നിരൂപണങ്ങള്‍ അന്യായനിരൂപണങ്ങള്‍ ആകുന്നു; ശൂന്യവും നാശവും അവരുടെ പാതകളിൽ ഉണ്ട്.
8സമാധാനത്തിന്‍റെ വഴി അവര്‍ അറിയുന്നില്ല; അവരുടെ നടപ്പിൽ ന്യായവും ഇല്ല; അവര്‍ തങ്ങള്‍ക്കായി വളഞ്ഞ പാതകളെ ഉണ്ടാക്കിയിരിക്കുന്നു; അവയിൽ നടക്കുന്നവനൊരുത്തനും സമാധാനം അറികയില്ല.
9അതുകൊണ്ടു ന്യായം ഞങ്ങളോട് അകന്നു ദൂരമായിരിക്കുന്നു; നീതി ഞങ്ങളോട് എത്തിക്കൊള്ളുന്നതുമില്ല; ഞങ്ങള്‍ പ്രകാശത്തിനായിട്ടു കാത്തിരുന്നു; എന്നാൽ ഇതാ, ഇരുട്ട്; വെളിച്ചത്തിനായിട്ടു കാത്തിരുന്നു; എന്നാൽ ഇതാ അന്ധകാരത്തിൽ ഞങ്ങള്‍ നടക്കുന്നു.
10ഞങ്ങള്‍ കുരുടന്മാരെപ്പോലെ ചുവര്‍ തപ്പി നടക്കുന്നു; കണ്ണില്ലാത്തവരെപ്പോലെ തപ്പിത്തടഞ്ഞു നടക്കുന്നു; സന്ധ്യാസമയത്ത് എന്നപോലെ ഞങ്ങള്‍ മധ്യാഹ്നത്തിൽ ഇടറുന്നു; ആരോഗ്യമുള്ളവരുടെ മധ്യേ ഞങ്ങള്‍ മരിച്ചവരെപ്പോലെ ആകുന്നു.
11ഞങ്ങള്‍ എല്ലാവരും കരടികളെപ്പോലെ അലറുന്നു; പ്രാവുകളെപ്പോലെ ഏറ്റവും കുറുകുന്നു; ഞങ്ങള്‍ ന്യായത്തിനായി കാത്തിരിക്കുന്നു എങ്കിലും ഒട്ടുമില്ല; രക്ഷയ്ക്കായി കാത്തിരിക്കുന്നു; എന്നാൽ അതു ഞങ്ങളോട് അകന്നിരിക്കുന്നു.
12ഞങ്ങളുടെ അതിക്രമങ്ങള്‍ നിന്‍റെ മുമ്പാകെ പെരുകിയിരിക്കുന്നു; ഞങ്ങളുടെ പാപങ്ങള്‍ ഞങ്ങള്‍ക്കു വിരോധമായി സാക്ഷീകരിക്കുന്നു; ഞങ്ങളുടെ അതിക്രമങ്ങള്‍ ഞങ്ങള്‍ക്കു ബോധ്യമായിരിക്കുന്നു; ഞങ്ങളുടെ അകൃത്യങ്ങളെ ഞങ്ങള്‍ അറിയുന്നു.
13അതിക്രമം ചെയ്തു യഹോവയെ നിഷേധിക്കുക, ഞങ്ങളുടെ ദൈവത്തെ വിട്ടുമാറുക, പീഡനവും മത്സരവും സംസാരിക്കുക, വ്യാജവാക്കുകളെ ഗര്‍ഭം ധരിച്ചു ഹൃദയത്തിൽനിന്ന് ഉച്ചരിക്കുക എന്നിവ തന്നെ.
14അങ്ങനെ ന്യായം പിന്മാറി നീതി അകന്നുനില്ക്കുന്നു; സത്യം വീഥിയിൽ ഇടറുന്നു; നേരിനു കടപ്പാന്‍ കഴിയുന്നതുമില്ല.
15സത്യം കാണാതെയായി; ദോഷം വിട്ടകലുന്നവന്‍ കവര്‍ച്ചയായി ഭവിക്കുന്നു; യഹോവ അതു കണ്ടിട്ടു ന്യായം ഇല്ലായ്ക നിമിത്തം അവന് അനിഷ്ടം തോന്നുന്നു.
16ആരും ഇല്ലന്ന് അവന്‍ കണ്ടു പക്ഷവാദം ചെയ്‍വാന്‍ ആരും ഇല്ലായ്കയാൽ ആശ്ചര്യപ്പെട്ടു; അതുകൊണ്ട് അവന്‍റെ ഭുജം തന്നെ അവനു രക്ഷ വരുത്തി, അവന്‍റെ നീതി അവനെ താങ്ങി.
17അവന്‍ നീതി ഒരു കവചംപോലെ ധരിച്ചു രക്ഷ എന്ന തലക്കോരിക തലയിൽ ഇട്ടു; അവന്‍ പ്രതികാരവസ്ത്രങ്ങളെ ഉടുത്തു, തീക്ഷ്ണത ഒരു മേലങ്കിപോലെ പുതച്ചു.
18അവരുടെ ക്രിയകള്‍ക്കു തക്കവണ്ണം അവന്‍ പകരം ചെയ്യും; തന്‍റെ വൈരികള്‍ക്കു ക്രോധവും തന്‍റെ ശത്രുക്കള്‍ക്കു പ്രതികാരവും തന്നെ; ദ്വീപുവാസികളോട് അവന്‍ പ്രതിക്രിയ ചെയ്യും.
19അങ്ങനെ അവര്‍ പടിഞ്ഞാറ് യഹോവയുടെ നാമത്തെയും കിഴക്ക് അവന്‍റെ മഹത്ത്വത്തെയും ഭയപ്പെടും; കെട്ടിനിന്നതും യഹോവയുടെ ശ്വാസം തള്ളിപ്പായിക്കുന്നതുമായ ഒരു നദിപോലെ അവന്‍ വരും.
20എന്നാൽ സീയോനും യാക്കോബിൽ അതിക്രമം വിട്ടുതിരിയുന്നവര്‍ക്കും അവന്‍ വീണ്ടെടുപ്പുകാരനായി വരും എന്നു യഹോവയുടെ അരുളപ്പാട്.
21ഞാന്‍ അവരോടു ചെയ്തിരിക്കുന്ന നിയമമോ ഇതാകുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു: നിന്‍റെ മേലുള്ള എന്‍റെ ആത്മാവും നിന്‍റെ വായിൽ ഞാന്‍ തന്ന എന്‍റെ വചനങ്ങളും നിന്‍റെ വായിൽനിന്നും നിന്‍റെ സന്തതിയുടെ വായിൽനിന്നും നിന്‍റെ സന്തതിയുടെ സന്തതിയുടെ വായിൽനിന്നും ഇന്നുമുതൽ ഒരുനാളും വിട്ടുപോകയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു.