പഴയ നിയമംMOV
1സീയോനേ, ഉണരുക, ഉണരുക; നിന്‍റെ ബലം ധരിച്ചുകൊള്‍ക; വിശുദ്ധനഗരമായ യെരൂശലേമേ, നിന്‍റെ അലങ്കാരവസ്ത്രം ധരിച്ചുകൊള്‍ക; ഇനിമേലാൽ അഗ്രചര്‍മിയും അശുദ്ധനും നിന്നിലേക്കു വരികയില്ല.
2പൊടി കുടഞ്ഞുകളക; യെരൂശലേമേ, എഴുന്നേറ്റ് ഇരിക്ക; ബദ്ധയായ സീയോന്‍പുത്രീ, നിന്‍റെ കഴുത്തിലെ ബന്ധനങ്ങളെ അഴിച്ചുകളക.
3യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: വിലവാങ്ങാതെ നിങ്ങളെ വിറ്റുകളഞ്ഞു; വിലകൊടുക്കാതെ നിങ്ങളെ വീണ്ടുകൊള്ളും.
4യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്‍റെ ജനം പണ്ടു പരദേശവാസം ചെയ്‍വാന്‍ മിസ്രയീമിലേക്ക് ഇറങ്ങിച്ചെന്നു; അശ്ശൂരും അവരെ വെറുതേ പീഡിപ്പിച്ചു.
5ഇപ്പോഴോ എന്‍റെ ജനത്തെ വെറുതേ പിടിച്ചു കൊണ്ടുപോയിരിക്കകൊണ്ടു ഞാന്‍ ഇവിടെ എന്തു ചെയ്യേണ്ടൂ എന്നു യഹോവ അരുളിച്ചെയ്യുന്നു; അവരുടെ അധിപതിമാര്‍ മുറയിടുന്നു; എന്‍റെ നാമം ഇടവിടാതെ എല്ലായ്പോഴും ദുഷിക്കപ്പെടുന്നു എന്നും യഹോവ അരുളിച്ചെയ്യുന്നു.
6അതുകൊണ്ട് എന്‍റെ ജനം എന്‍റെ നാമത്തെ അറിയും; അതുകൊണ്ടു ഞാന്‍, ഞാന്‍ തന്നെയാകുന്നു പ്രസ്താവിക്കുന്നവന്‍ എന്ന് അവര്‍ അന്ന് അറിയും.
7സമാധാനത്തെ ഘോഷിച്ചു നന്മയെ സുവിശേഷിക്കയും രക്ഷയെ പ്രസിദ്ധമാക്കുകയും സീയോനോട്: നിന്‍റെ ദൈവം വാഴുന്നു എന്നു പറകയും ചെയ്യുന്ന സുവാര്‍ത്താദൂതന്‍റെ കാൽ പര്‍വതങ്ങളിന്മേൽ എത്ര മനോഹരം!
8നിന്‍റെ കാവൽക്കാരുടെ ശബ്ദം കേട്ടുവോ? അവര്‍ ശബ്ദം ഉയര്‍ത്തി ഒരുപോലെ ഉല്ലസിച്ചു ഘോഷിക്കുന്നു; യഹോവ സീയോനിലേക്കു മടങ്ങിവരുമ്പോള്‍ അവര്‍ അഭിമുഖമായി കാണും.
9യെരൂശലേമിന്‍റെ ശൂന്യപ്രദേശങ്ങളേ, പൊട്ടി ആര്‍ത്തുകൊള്‍വിന്‍; യഹോവ തന്‍റെ ജനത്തെ ആശ്വസിപ്പിച്ച്, യെരൂശലേമിനെ വീണ്ടെടുത്തിരിക്കുന്നുവല്ലോ.
10സകല ജാതികളും കാണ്‍കെ യഹോവ തന്‍റെ വിശുദ്ധഭുജത്തെ നഗ്നമാക്കിയിരിക്കുന്നു; ഭൂമിയുടെ അറ്റങ്ങളൊക്കെയും നമ്മുടെ ദൈവത്തിന്‍റെ രക്ഷയെ കാണും.
11വിട്ടുപോരുവിന്‍; വിട്ടുപോരുവിന്‍; അവിടെനിന്നു പുറപ്പെട്ടു പോരുവിന്‍; അശുദ്ധമായതൊന്നും തൊടരുത്; അതിന്‍റെ നടുവിൽനിന്നും പുറപ്പെട്ടുപോരുവിന്‍; യഹോവയുടെ ഉപകരണങ്ങളെ ചുമക്കുന്നവരേ, നിങ്ങളെത്തന്നെ നിര്‍മ്മലീകരിപ്പിന്‍.
12നിങ്ങള്‍ ബദ്ധപ്പാടോടെ പോകയില്ല, ഓടിപ്പോകയുമില്ല; യഹോവ നിങ്ങള്‍ക്കു മുമ്പായി നടക്കും; യിസ്രായേലിന്‍റെ ദൈവം നിങ്ങള്‍ക്കു പിന്‍പട ആയിരിക്കും.
13എന്‍റെ ദാസന്‍ കൃതാര്‍ഥനാകും; അവന്‍ ഉയര്‍ന്നുപൊങ്ങി അത്യന്തം ഉന്നതന്‍ ആയിരിക്കും.
14അവന്‍റെ രൂപം കണ്ടാൽ ആളല്ല എന്നും അവന്‍റെ ആകൃതി കണ്ടാൽ മനുഷ്യനല്ല എന്നും തോന്നുമാറു വിരൂപമായിരിക്കകൊണ്ടു പലരും നിന്നെ കണ്ടു സ്തംഭിച്ചുപോയതുപോലെ,
15അവന്‍ പല ജാതികളെയും കുതിച്ചു ചാടുമാറാക്കും; രാജാക്കന്മാര്‍ അവനെ കണ്ടു വായ്പൊത്തി നില്ക്കും; അവര്‍ ഒരിക്കലും അറിഞ്ഞിട്ടില്ലാത്തതു കാണുകയും ഒരിക്കലും കേട്ടിട്ടില്ലാത്തതു ഗ്രഹിക്കയും ചെയ്യും.