പഴയ നിയമംMOV

യെശയ്യാവ് 49

1ദ്വീപുകളേ, എന്‍റെ വാക്കു കേള്‍പ്പിന്‍; ദൂരത്തുള്ള വംശങ്ങളേ, ശ്രദ്ധിപ്പിന്‍; യഹോവ എന്നെ ഗര്‍ഭംമുതൽ വിളിച്ചു; എന്‍റെ അമ്മയുടെ ഉദരത്തിൽ ഇരിക്കയിൽ തന്നെ എന്‍റെ പേര്‍ പ്രസ്താവിച്ചിരിക്കുന്നു.

2അവന്‍ എന്‍റെ വായെ മൂര്‍ച്ചയുള്ള വാള്‍പോലെയാക്കി തന്‍റെ കൈയുടെ നിഴലിൽ എന്നെ ഒളിപ്പിച്ചു; അവന്‍ എന്നെ മിനുക്കിയ അമ്പാക്കി തന്‍റെ പൂണിയിൽ മറച്ചുവച്ചു,

3എന്നോട്: യിസ്രായേലേ, നീ എന്‍റെ ദാസന്‍; ഞാന്‍ നിന്നിൽ മഹത്ത്വീകരിക്കപ്പെടും എന്ന് അരുളിച്ചെയ്തു.

4ഞാനോ; ഞാന്‍ വെറുതേ അധ്വാനിച്ചു; എന്‍റെ ശക്തിയെ വ്യര്‍ഥമായും നിഷ്ഫലമായും ചെലവഴിച്ചിരിക്കുന്നു എന്നു പറഞ്ഞു; എങ്കിലും എന്‍റെ ന്യായം യഹോവയുടെ പക്കലും എന്‍റെ പ്രതിഫലം എന്‍റെ ദൈവത്തിന്‍റെ പക്കലും ഇരിക്കുന്നു.

5ഇപ്പോഴോ, യാക്കോബിനെ തന്‍റെ അടുക്കൽ തിരിച്ചുവരുത്തുവാനും യിസ്രായേലിനെ തനിക്കുവേണ്ടി ശേഖരിപ്പാനും എന്നെ ഗര്‍ഭത്തിൽ തന്‍റെ ദാസനായി നിര്‍മ്മിച്ചിട്ടുള്ള യഹോവ അരുളിച്ചെയ്യുന്നു- ഞാന്‍ യഹോവയ്ക്കു മാന്യനും എന്‍റെ ദൈവം എന്‍റെ ബലവും ആകുന്നു-:

6നീ യാക്കോബിന്‍റെ ഗോത്രങ്ങളെ എഴുന്നേല്പിക്കേണ്ടതിനും യിസ്രായേലിൽ സൂക്ഷിക്കപ്പെട്ടവരെ തിരിച്ചുവരുത്തേണ്ടതിനും എനിക്കു ദാസനായിരിക്കുന്നതു പോരാ; എന്‍റെ രക്ഷ ഭൂമിയുടെ അറ്റത്തോളം എത്തേണ്ടതിനു ഞാന്‍ നിന്നെ ജാതികള്‍ക്കു പ്രകാശമാക്കി വച്ചുമിരിക്കുന്നു എന്ന് അവന്‍ അരുളിച്ചെയ്യുന്നു.

7യിസ്രായേലിന്‍റെ വീണ്ടെടുപ്പുകാരനും അവന്‍റെ പരിശുദ്ധനുമായ യഹോവ, സര്‍വനിന്ദിതനും ജാതിക്കു വെറുപ്പുള്ളവനും അധിപതികളുടെ ദാസനുമായവനോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: വിശ്വസ്തനായ യഹോവ നിമിത്തവും നിന്നെ തിരഞ്ഞെടുത്ത യിസ്രായേലിന്‍ പരിശുദ്ധന്‍ നിമിത്തവും രാജാക്കന്മാര്‍ കണ്ട് എഴുന്നേല്ക്കയും പ്രഭുക്കന്മാര്‍ കണ്ടു നമസ്കരിക്കയും ചെയ്യും.

8യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: പ്രസാദകാലത്തു ഞാന്‍ നിനക്ക് ഉത്തരം അരുളി; രക്ഷാദിവസത്തിൽ ഞാന്‍ നിന്നെ സഹായിച്ചു; ദേശത്തെ ഉയര്‍ത്തുവാനും ശൂന്യമായി കിടക്കുന്ന അവകാശങ്ങളെ കൈവശമാക്കിക്കൊടുപ്പാനും ബന്ധിക്കപ്പെട്ടവരോട്: ഇറങ്ങി പൊയ്ക്കൊള്‍വിന്‍ എന്നും അന്ധകാരത്തിൽ ഇരിക്കുന്നവരോട്: വെളിയിൽ വരുവിന്‍ എന്നും പറവാനും ഞാന്‍ നിന്നെ കാത്തു,

9നിന്നെ ജനത്തിന്‍റെ നിയമമാക്കി വച്ചിരിക്കുന്നു. അവര്‍ വഴികളിൽ മേയും; എല്ലാ പാഴ്ക്കുന്നുകളിലും അവര്‍ക്കു മേച്ചലുണ്ടാകും.

10അവര്‍ക്കു വിശക്കയില്ല, ദാഹിക്കയുമില്ല; മരീചികയും വെയിലും അവരെ ബാധിക്കയില്ല; അവരോടു കരുണയുള്ളവന്‍ അവരെ വഴിനടത്തുകയും നീരുറവുകള്‍ക്കരികെ അവരെ കൊണ്ടുപോകയും ചെയ്യും.

11ഞാന്‍ എന്‍റെ മലകളെയൊക്കെയും വഴിയാക്കും; എന്‍റെ പെരുവഴികള്‍ പൊങ്ങിയിരിക്കും.

12ഇതാ, ഇവര്‍ ദൂരത്തുനിന്നും ഇവര്‍ വടക്കുനിന്നും പടിഞ്ഞാറുനിന്നും ഇവര്‍ സീനീംദേശത്തുനിന്നും വരുന്നു.

13ആകാശമേ, ഘോഷിച്ചുല്ലസിക്ക; ഭൂമിയേ, ആനന്ദിക്ക; പര്‍വതങ്ങളേ, പൊട്ടി ആര്‍ക്കുവിന്‍; യഹോവ തന്‍റെ ജനത്തെ ആശ്വസിപ്പിക്കുന്നു; തന്‍റെ അരിഷ്ടന്മാരോടു കരുണ കാണിക്കുന്നു.

14സീയോനോ: യഹോവ എന്നെ ഉപേക്ഷിച്ചു, കര്‍ത്താവ് എന്നെ മറന്നുകളഞ്ഞു എന്നു പറയുന്നു.

15ഒരു സ്ത്രീ തന്‍റെ കുഞ്ഞിനെ മറക്കുമോ? താന്‍ പ്രസവിച്ച മകനോടു കരുണ തോന്നാതിരിക്കുമോ? അവര്‍ മറന്നുകളഞ്ഞാലും ഞാന്‍ നിന്നെ മറക്കയില്ല.

16ഇതാ ഞാന്‍ നിന്നെ എന്‍റെ ഉള്ളംകൈയിൽ വരച്ചിരിക്കുന്നു; നിന്‍റെ മതിലുകള്‍ എല്ലായ്പോഴും എന്‍റെ മുമ്പിൽ ഇരിക്കുന്നു.

17നിന്‍റെ മക്കള്‍ ബദ്ധപ്പെട്ടു വരുന്നു; നിന്നെ നശിപ്പിച്ചവരും ശൂന്യമാക്കിയവരും നിന്നെ വിട്ടുപോകുന്നു.

18തലപൊക്കി ചുറ്റും നോക്കുക; ഇവര്‍ എല്ലാവരും നിന്‍റെ അടുക്കൽ വന്നുകൂടുന്നു. എന്നാണ, നീ അവരെയൊക്കെയും ആഭരണംപോലെ അണികയും ഒരു മണവാട്ടി എന്നപോലെ അവരെ അരയ്ക്കു കെട്ടുകയും ചെയ്യും എന്നു യഹോവ അരുളിച്ചെയ്യുന്നു.

19നിന്‍റെ ശൂന്യസ്ഥലങ്ങളും പാഴിടങ്ങളും നാശം ഭവിച്ച ദേശവുമോ ഇപ്പോള്‍ നിവാസികള്‍ക്കു പോരാതെ വരും; നിന്നെ വിഴുങ്ങിക്കളഞ്ഞവര്‍ ദൂരത്ത് അകന്നിരിക്കും.

20നിന്‍റെ പുത്രഹീനതയിലെ മക്കള്‍: സ്ഥലം പോരാതിരിക്കുന്നു; പാര്‍പ്പാന്‍ സ്ഥലം തരിക എന്നു നിന്നോടു പറയും.

21അപ്പോള്‍ നീ നിന്‍റെ ഹൃദയത്തിൽ: ഞാന്‍ പുത്രഹീനയും വന്ധ്യയും പ്രവാസിനിയും അലഞ്ഞുനടക്കുന്നവളും ആയിരിക്കെ ആര്‍ ഇവരെ പ്രസവിച്ചു വളര്‍ത്തിത്തന്നിരിക്കുന്നു? ഞാന്‍ ഏകാകിയായിരുന്നുവല്ലോ; ഇവര്‍ എവിടെ ആയിരുന്നു എന്നു പറയും.

22യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ ജാതികള്‍ക്ക് എന്‍റെ കൈ ഉയര്‍ത്തുകയും വംശങ്ങള്‍ക്ക് എന്‍റെ കൊടി കാണിക്കയും ചെയ്യും; അവര്‍ നിന്‍റെ പുത്രന്മാരെ തങ്ങളുടെ മാര്‍വിലണച്ചും പുത്രിമാരെ തോളിൽ എടുത്തും കൊണ്ടുവരും.

23രാജാക്കന്മാര്‍ നിന്‍റെ പോറ്റപ്പന്മാരും അവരുടെ രാജ്ഞികള്‍ നിന്‍റെ പോറ്റമ്മമാരും ആയിരിക്കും; അവര്‍ നിന്നെ സാഷ്ടാംഗം വണങ്ങി, നിന്‍റെ കാലിലെ പൊടി നക്കും; ഞാന്‍ യഹോവ എന്നും എനിക്കായി കാത്തിരിക്കുന്നവര്‍ ലജ്ജിച്ചുപോകയില്ല എന്നും നീ അറിയും.

24ബലവാനോട് അവന്‍റെ കവര്‍ച്ച എടുത്തുകളയാമോ? അല്ല, നിഷ്കണ്ടകന്‍റെ ബദ്ധന്മാരെ വിടുവിക്കാമോ?

25എന്നാൽ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ബലവാനോടു ബദ്ധന്മാരെ എടുത്തുകളയാം; നിഷ്കണ്ടകന്‍റെ കവര്‍ച്ചയെയും വിടുവിക്കാം; നിന്നോടു പോരാടുന്നവനോടു ഞാന്‍ പോരാടുകയും നിന്‍റെ മക്കളെ രക്ഷിക്കയും ചെയ്യും.

26നിന്നെ ഞെരുക്കുന്നവരെ ഞാന്‍ അവരുടെ സ്വന്തമാംസം തീറ്റും; വീഞ്ഞുപോലെ സ്വന്തരക്തം കുടിച്ച് അവര്‍ക്കു ലഹരി പിടിക്കും; യഹോവയായ ഞാന്‍ നിന്‍റെ രക്ഷിതാവും യാക്കോബിന്‍റെ വീരന്‍ നിന്‍റെ വീണ്ടെടുപ്പുകാരനും ആകുന്നു എന്നു സകല ജഡവും അറിയും.