പഴയ നിയമംMOV

യെശയ്യാവ് 48

1യിസ്രായേൽ എന്ന പേര്‍ വിളിക്കപ്പെട്ടവരും യെഹൂദായുടെ വെള്ളത്തിൽനിന്ന് ഉദ്ഭവിച്ചിരിക്കുന്നവരും യഹോവയുടെ നാമത്തിൽ സത്യം ചെയ്യുന്നവരും സത്യത്തോടും നീതിയോടും കൂടെയല്ലങ്കിലും യിസ്രായേലിന്‍റെ ദൈവത്തെ കീര്‍ത്തിക്കുന്നവരും ആയ യാക്കോബ്ഗൃഹമേ, ഇതു കേട്ടുകൊള്‍വിന്‍.

2അവര്‍ തങ്ങളെത്തന്നെ വിശുദ്ധനഗരം എന്നു വിളിച്ചു യിസ്രായേലിന്‍റെ ദൈവത്തിൽ ആശ്രയിക്കുന്നുവല്ലോ; അവന്‍റെ നാമം സൈന്യങ്ങളുടെ യഹോവ എന്നാകുന്നു.

3പൂര്‍വകാര്യങ്ങളെ ഞാന്‍ പണ്ടുതന്നെ പ്രസ്താവിച്ചു; അവ എന്‍റെ വായിൽനിന്നു പുറപ്പെട്ടു; ഞാന്‍ അവയെ കേള്‍പ്പിച്ചു; പെട്ടെന്നു ഞാന്‍ പ്രവര്‍ത്തിച്ചു; അവ സംഭവിച്ചുമിരിക്കുന്നു.

4നീ കഠിനന്‍ എന്നും നിന്‍റെ കഴുത്ത് ഇരുമ്പുഞരമ്പുള്ളതെന്നും നിന്‍റെ നെറ്റി താമ്രം എന്നും ഞാന്‍ അറികകൊണ്ടു

5ഞാന്‍ പണ്ടുതന്നെ നിന്നോടു പ്രസ്താവിച്ചു; എന്‍റെ വിഗ്രഹം അവയെ ചെയ്തു എന്നും എന്‍റെ വിഗ്രഹവും ബിംബവും അവയെ കല്പിച്ചു എന്നും നീ പറയാതെ ഇരിക്കേണ്ടതിന് അവ സംഭവിക്കും മുമ്പേ ഞാന്‍ നിന്നെ കേള്‍പ്പിച്ചുമിരിക്കുന്നു.

6നീ കേട്ടിട്ടുണ്ട്; ഇപ്പോള്‍ എല്ലാം കണ്ടുകൊള്‍ക; നിങ്ങള്‍ തന്നെ അതു പ്രസ്താവിക്കയില്ലയോ? ഇന്നുമുതൽ ഞാന്‍ പുതിയത്, നീ അറിയാതെ മറഞ്ഞിരിക്കുന്നതു തന്നെ നിന്നെ കേള്‍പ്പിക്കുന്നു.

7ഞാന്‍ അത് അറിഞ്ഞുവല്ലോ എന്നു നീ പറയാതെ ഇരിക്കേണ്ടതിന് അതു പണ്ടല്ല, ഇപ്പോള്‍ത്തന്നെ സൃഷ്‍ടിക്കപ്പെട്ടിരിക്കുന്നു; ഇന്നേദിവസത്തിനു മുമ്പ് നീ അതിനെക്കുറിച്ച് ഒന്നും കേട്ടിട്ടില്ല.

8നീ കേള്‍ക്കയോ അറികയോ നിന്‍റെ ചെവി അന്നു തുറക്കപ്പെടുകയോ ചെയ്തിട്ടില്ല. നീ വളരെ ദ്രോഹം ചെയ്തു, ഗര്‍ഭംമുതൽ വിശ്വാസവഞ്ചകന്‍ എന്നു വിളിക്കപ്പെട്ടിരിക്കുന്നു എന്നു ഞാന്‍ അറിഞ്ഞു.

9എന്‍റെ നാമംനിമിത്തം ഞാന്‍ എന്‍റെ കോപത്തെ താമസിപ്പിക്കുന്നു; നിന്നെ സംഹരിക്കേണ്ടതിന് എന്‍റെ സ്തുതിനിമിത്തം ഞാന്‍ അടങ്ങിയിരിക്കുന്നു.

10ഇതാ, ഞാന്‍ നിന്നെ ഊതിക്കഴിച്ചിരിക്കുന്നു, വെള്ളിയെപ്പോലെ അല്ലതാനും; ഞാന്‍ നിന്നെ കഷ്ടതയുടെ ചൂളയിൽ ആകുന്നു ശോധന കഴിച്ചത്.

11എന്‍റെ നിമിത്തം, എന്‍റെ നിമിത്തം തന്നെ, ഞാന്‍ അതു ചെയ്യും; എന്‍റെ നാമം അശുദ്ധമായിത്തീരുന്നതെങ്ങനെ? ഞാന്‍ എന്‍റെ മഹത്ത്വം മറ്റൊരുത്തനും കൊടുക്കയില്ല.

12യാക്കോബേ, ഞാന്‍ വിളിച്ചിരിക്കുന്ന യിസ്രായേലേ, എന്‍റെവാക്കു കേള്‍ക്ക; ഞാന്‍ അനന്യന്‍; ഞാന്‍ ആദ്യനും ഞാന്‍ അന്ത്യനും ആകുന്നു.

13എന്‍റെ കൈ ഭൂമിക്ക് അടിസ്ഥാനമിട്ടു എന്‍റെ വലംകൈ ആകാശത്തെ വിരിച്ചു; ഞാന്‍ വിളിക്കുമ്പോള്‍ അവയൊക്കെയും ഉളവായിവരുന്നു.

14നിങ്ങള്‍ എല്ലാവരും കൂടിവന്നു കേട്ടുകൊള്‍വിന്‍; അവരിൽ ആര്‍ ഇതു പ്രസ്താവിച്ചു? യഹോവ സ്നേഹിക്കുന്നവന്‍ ബാബേലിനോട് അവന്‍റെ ഹിതവും കല്ദയരോട് അവന്‍റെ ഭുജബലവും അനുഷ്ഠിക്കും.

15ഞാന്‍, ഞാന്‍ തന്നെ പ്രസ്താവിക്കുന്നു; ഞാന്‍ അവനെ വിളിച്ചുവരുത്തിയിരിക്കുന്നു;

16അവന്‍റെ വഴി സാധ്യമാകും. നിങ്ങള്‍ അടുത്തുവന്ന് ഇതു കേള്‍പ്പിന്‍; ഞാന്‍ ആദിമുതൽ രഹസ്യത്തിലല്ല പ്രസ്താവിച്ചിട്ടുള്ളത്; അതിന്‍റെ ഉദ്ഭവകാലംമുതൽ ഞാന്‍ അവിടെ ഉണ്ട്; ഇപ്പോഴോ യഹോവയായ കര്‍ത്താവ് എന്നെയും തന്‍റെ ആത്മാവിനെയും അയച്ചിരിക്കുന്നു.

17യിസ്രായേലിന്‍റെ പരിശുദ്ധനും നിന്‍റെ വീണ്ടെടുപ്പുകാരനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ശുഭകരമായി പ്രവര്‍ത്തിപ്പാന്‍ നിന്നെ അഭ്യസിപ്പിക്കയും നീ പോകേണ്ടുന്ന വഴിയിൽ നിന്നെ നടത്തുകയും ചെയ്യുന്ന നിന്‍റെ ദൈവമായ യഹോവ ഞാന്‍ തന്നെ.

18അയ്യോ, നീ എന്‍റെ കല്പനകളെ കേട്ടനുസരിച്ചെങ്കിൽ കൊള്ളായിരുന്നു! എന്നാൽ നിന്‍റെ സമാധാനം നദിപോലെയും നിന്‍റെ നീതി സമുദ്രത്തിലെ തിരപോലെയും ആകുമായിരുന്നു.

19നിന്‍റെ സന്തതി മണൽപോലെയും നിന്‍റെ ഗര്‍ഭഫലം മണൽത്തരിപോലെയും ആകുമായിരുന്നു. നിന്‍റെ പേര്‍ എന്‍റെ മുമ്പിൽനിന്നു ഛേദിക്കപ്പെടുകയോ നശിച്ചുപോകയോ ചെയ്കയില്ലായിരുന്നു.

20ബാബേലിൽനിന്ന് പുറപ്പെടുവിന്‍; ഉല്ലാസഘോഷത്തോടെ കല്ദയരെ വിട്ട് ഓടിപ്പോകുവിന്‍: ഇതു പ്രസ്താവിച്ചു കേള്‍പ്പിപ്പിന്‍; ഭൂമിയുടെ അറ്റത്തോളം ഇതു പ്രസിദ്ധമാക്കുവിന്‍; യഹോവ തന്‍റെ ദാസനായ യാക്കോബിനെ വീണ്ടെടുത്തിരിക്കുന്നു എന്നു പറവിന്‍.

21അവന്‍ അവരെ ശൂന്യപ്രദേശങ്ങളിൽക്കൂടി നടത്തിയപ്പോള്‍ അവര്‍ക്കു ദാഹിച്ചില്ല; അവന്‍ അവര്‍ക്കുവേണ്ടി പാറയിൽനിന്നു വെള്ളം ഒഴുകുമാറാക്കി; അവന്‍ പാറ പിളര്‍ന്നപ്പോള്‍ വെള്ളം ചാടി പുറപ്പെട്ടു.

22ദുഷ്ടന്മാര്‍ക്കു സമാധാനം ഇല്ല എന്നു യഹോവ അരുളിച്ചെയ്യുന്നു.