പഴയ നിയമംMOV

യെശയ്യാവ് 47

1ബാബേൽപുത്രിയായ കന്യകേ, ഇറങ്ങി പൊടിയിൽ ഇരിക്ക; കല്ദയപുത്രീ, സിംഹാസനം കൂടാതെ നിലത്തിരിക്ക; നിന്നെ ഇനി തന്വംഗി എന്നും സുഖഭോഗിനി എന്നും വിളിക്കയില്ല.

2തിരികല്ല് എടുത്തു മാവു പൊടിക്ക; നിന്‍റെ മൂടുപടം നീക്കുക; വസ്ത്രാന്തം എടുത്തു കുത്തി തുട മറയ്ക്കാതെ നദികളെ കടക്ക.

3നിന്‍റെ നഗ്നത അനാവൃതമാകും; നിന്‍റെ നാണിടം കാണും; ഞാന്‍ ഒരു മനുഷ്യനെയും ആദരിക്കാതെ പ്രതികാരം നടത്തും.

4ഞങ്ങളുടെ വീണ്ടെടുപ്പുകാരനോ സൈന്യങ്ങളുടെ യഹോവ, യിസ്രായേലിന്‍റെ പരിശുദ്ധന്‍ എന്നാകുന്നു അവന്‍റെ നാമം.

5കല്ദയപുത്രീ, മിണ്ടാതെയിരിക്ക; ഇരുട്ടത്തു പോക; നിന്നെ ഇനി രാജ്യങ്ങളുടെ തമ്പുരാട്ടി എന്നു വിളിക്കയില്ല.

6ഞാന്‍ എന്‍റെ ജനത്തോടു ക്രുദ്ധിച്ചു, എന്‍റെ അവകാശത്തെ അശുദ്ധമാക്കി, അവരെ നിന്‍റെ കൈയിൽ ഏല്പിച്ചുതന്നു; നീ അവരോടു കനിവു കാണിക്കാതെ വൃദ്ധന്മാരുടെമേൽ പോലും നിന്‍റെ ഭാരമുള്ള നുകം വച്ചിരിക്കുന്നു.

7ഞാന്‍ എന്നേക്കും തമ്പുരാട്ടി ആയിരിക്കും എന്നു നീ പറഞ്ഞ് അതു കൂട്ടാക്കാതെയും അതിന്‍റെ അവസാനമോര്‍ക്കാതെയും ഇരുന്നു.

8ആകയാൽ: ഞാന്‍ മാത്രം; എനിക്കു തുല്യമായി മറ്റാരുമില്ല; ഞാന്‍ വിധവയായിരിക്കയില്ല; പുത്രനഷ്ടം അറികയുമില്ല എന്നു ഹൃദയത്തിൽ പറയുന്ന സുഖഭോഗിനിയും നിര്‍ഭയവാസിനിയും ആയുള്ളവളേ,

9ഇതു കേള്‍ക്ക: പുത്രനഷ്ടം, വൈധവ്യം ഇവ രണ്ടും പെട്ടെന്ന് ഒരു ദിവസത്തിൽ തന്നെ നിനക്കു ഭവിക്കും; നിന്‍റെ ക്ഷുദ്രപ്രയോഗങ്ങള്‍ എത്ര പെരുകിയിരുന്നാലും നിന്‍റെ ആഭിചാരങ്ങള്‍ എത്ര അധികമായിരുന്നാലും അവ നിനക്കു നിറപടിയായി ഭവിക്കാതിരിക്കയില്ല.

10നീ നിന്‍റെ ദുഷ്ടതയിൽ ആശ്രയിച്ചു, ആരും എന്നെ കാണുന്നില്ല എന്നു പറഞ്ഞുവല്ലോ; നിന്‍റെ ജ്ഞാനവും നിന്‍റെ വിദ്യയും നിന്നെ തെറ്റിച്ചുകളഞ്ഞു; ഞാന്‍ മാത്രം; എനിക്കു തുല്യമായി മറ്റാരും ഇല്ല എന്നു നീ നിന്‍റെ ഹൃദയത്തിൽ പറഞ്ഞു.

11അതുകൊണ്ടു മന്ത്രവാദത്താൽ നീക്കുവാന്‍ കഴിയാത്ത അനര്‍ഥം നിന്‍റെമേൽ വരും; നിന്നാൽ പരിഹരിപ്പാന്‍ കഴിയാത്ത ആപത്തു നിനക്കു ഭവിക്കും; നീ അറിയാത്തനാശം പെട്ടെന്നു നിന്‍റെമേൽ വരും.

12നീ ബാല്യം മുതൽ അധ്വാനിച്ചു ചെയ്യുന്ന നിന്‍റെ മന്ത്രവാദങ്ങള്‍കൊണ്ടും ക്ഷുദ്രപ്രയോഗങ്ങളുടെ പെരുപ്പം കൊണ്ടും ഇപ്പോള്‍ നിന്നുകൊള്‍ക; പക്ഷേ ഫലിക്കും; പക്ഷേ നീ പേടിപ്പിക്കും!

13നിന്‍റെ ആലോചനാബാഹുല്യംകൊണ്ടു നീ വലഞ്ഞിരിക്കുന്നു; ജ്യോതിഷക്കാരും നക്ഷത്രം നോക്കുന്നവരും നിനക്കു വരുവാനുള്ള മാസാന്തരം അറിയിക്കുന്നവരും ഇപ്പോള്‍ എഴുന്നേറ്റു നിന്നെ രക്ഷിക്കട്ടെ.

14ഇതാ, അവര്‍ താളടിപോലെ ആയി തീക്ക് ഇരയാകും; അവര്‍ അഗ്നിജ്വാലയിൽനിന്ന് തങ്ങളെത്തന്നെ വിടുവിക്കയില്ല; അതു കുളിര്‍ മാറ്റുവാന്‍ തക്ക കനലും കായുവാന്‍ തക്ക തീയും അല്ല.

15ഇങ്ങനെയാകും നീ അധ്വാനിച്ചിരിക്കുന്നത്; നിന്‍റെ ബാല്യംമുതൽ നിന്നോടുകൂടെ വ്യാപാരം ചെയ്തവര്‍ ഓരോരുത്തന്‍ താന്താന്‍റെ ദിക്കിലേക്ക് അലഞ്ഞുപോകും; ആരും നിന്നെ രക്ഷിക്കയില്ല.