പഴയ നിയമംMOV

യെശയ്യാവ് 44

1ഇപ്പോഴോ, എന്‍റെ ദാസനായ യാക്കോബേ, ഞാന്‍ തിരഞ്ഞെടുത്ത യിസ്രായേലേ, കേള്‍ക്ക.

2നിന്നെ ഉരുവാക്കിയവനും ഗര്‍ഭത്തിൽ നിന്നെ നിര്‍മ്മിച്ചവനും നിന്നെ സഹായിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്‍റെ ദാസനായ യാക്കോബേ, ഞാന്‍ തിരഞ്ഞെടുത്ത യെശൂരൂനേ, നീ ഭയപ്പെടേണ്ടാ.

3ദാഹിച്ചിരിക്കുന്നേടത്തു ഞാന്‍ വെള്ളവും വരണ്ട നിലത്തു നീരൊഴുക്കുകളും പകരും; നിന്‍റെ സന്തതിമേൽ എന്‍റെ ആത്മാവിനെയും നിന്‍റെ സന്താനത്തിന്മേൽ എന്‍റെ അനുഗ്രഹത്തെയും പകരും.

4അവര്‍ പുല്ലിന്‍റെ ഇടയിൽ നീര്‍ത്തോടുകള്‍ക്കരികെയുള്ള അലരികള്‍പോലെ മുളച്ചുവരും.

5ഞാന്‍ യഹോവയ്ക്കുള്ളവന്‍ എന്ന് ഒരുത്തന്‍ പറയും; മറ്റൊരുത്തന്‍ തനിക്കു യാക്കോബിന്‍റെ പേരെടുക്കും; വേറൊരുത്തന്‍ തന്‍റെ കൈമേൽ: യഹോവയ്ക്കുള്ളവന്‍ എന്ന് എഴുതി, യിസ്രായേൽ എന്നു മറുപേരെടുക്കും.

6യിസ്രായേലിന്‍റെ രാജാവായ യഹോവ, അവന്‍റെ വീണ്ടെടുപ്പുകാരനായ സൈന്യങ്ങളുടെ യഹോവ, ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ ആദ്യനും അന്ത്യനും ആകുന്നു; ഞാനല്ലാതെ ഒരു ദൈവവുമില്ല.

7ഞാന്‍ പുരാതനമായൊരു ജനത്തെ സ്ഥാപിച്ചതുമുതൽ ഞാന്‍ എന്നപോലെ വിളിച്ചുപറകയും പ്രസ്താവിക്കയും എനിക്കുവേണ്ടി ഒരുക്കിവയ്ക്കയും ചെയ്യുന്നവന്‍ ആര്‍? സംഭവിക്കുന്നതും സംഭവിപ്പാനുള്ളതും അവര്‍ പ്രസ്താവിക്കട്ടെ.

8നിങ്ങള്‍ ഭയപ്പെടേണ്ടാ; പേടിക്കയും വേണ്ടാ; പണ്ടു തന്നെ ഞാന്‍ നിന്നോടു പ്രസ്താവിച്ചു കേള്‍പ്പിച്ചിട്ടില്ലയോ? നിങ്ങള്‍ എന്‍റെ സാക്ഷികള്‍ ആകുന്നു; ഞാനല്ലാതെ ഒരു ദൈവം ഉണ്ടോ? ഒരു പാറയും ഇല്ല; ഞാന്‍ ഒരുത്തനെയും അറിയുന്നില്ല.

9വിഗ്രഹത്തെ നിര്‍മ്മിക്കുന്ന ഏവനും ശൂന്യം; അവരുടെ മനോഹരബിംബങ്ങള്‍ ഉപകരിക്കുന്നില്ല; അവയുടെ സാക്ഷികളോ ഒന്നും കാണുന്നില്ല, ഒന്നും അറിയുന്നതുമില്ല; ലജ്ജിച്ചുപോകുന്നതേയുള്ളൂ.

10ഒരു ദേവനെ നിര്‍മ്മിക്കയോ ഒന്നിനും കൊള്ളരുതാത്ത ഒരു വിഗ്രഹത്തെ വാര്‍ക്കയോ ചെയ്യുന്നവന്‍ ആര്‍?

11ഇതാ അവന്‍റെ കൂട്ടക്കാര്‍ എല്ലാവരും ലജ്ജിച്ചുപോകുന്നു; കൗശലപ്പണിക്കാരോ മനുഷ്യരത്രേ; അവര്‍ എല്ലാവരും ഒന്നിച്ചുകൂടി നില്ക്കട്ടെ; അവര്‍ ഒരുപോലെ വിറച്ചു ലജ്ജിച്ചുപോകും.

12കൊല്ലന്‍ ഉളിയെ മൂര്‍ച്ചയാക്കി തീക്കനലിൽ വേല ചെയ്തു ചുറ്റികകൊണ്ട് അടിച്ചു രൂപമാക്കി ബലമുള്ള ഭുജംകൊണ്ടു പണിതീര്‍ക്കുന്നു; അവന്‍ വിശന്നു ക്ഷീണിക്കുന്നു; വെള്ളംകുടിക്കാതെ തളര്‍ന്നുപോകുന്നു.

13ആശാരി തോതുപിടിച്ച് ഈയക്കോൽകൊണ്ട് അടയാളമിട്ടു ചീകുളികൊണ്ടു രൂപമാക്കുകയും വൃത്തയന്ത്രംകൊണ്ടു വരയ്ക്കയും ചെയ്യുന്നു; ഇങ്ങനെ അവന്‍ അതിനെ മനുഷ്യാകൃതിയിലും പുരുഷകോമളത്വത്തിലും തീര്‍ത്തു ക്ഷേത്രത്തിൽ വയ്ക്കുന്നു.

14ഒരുവന്‍ ദേവദാരുക്കളെ വെട്ടുകയും തേക്കും കരിവേലകവും എടുക്കയും കാട്ടിലെ വൃക്ഷങ്ങളിൽ അവയെ കണ്ട് ഉറപ്പിക്കയും ഒരു അശോകം നട്ടുപിടിപ്പിക്കയും, മഴ അതിനെ വളര്‍ത്തുകയും ചെയ്യുന്നു.

15പിന്നെ അതു മനുഷ്യനു തീ കത്തിപ്പാന്‍ ഉതകുന്നു; അവന്‍ അതിൽ കുറെ എടുത്തു തീകായുകയും അതു കത്തിച്ച് അപ്പം ചുടുകയും അതുകൊണ്ട് ഒരു ദേവനെ ഉണ്ടാക്കി നമസ്കരിക്കയും ഒരു വിഗ്രഹം തീര്‍ത്ത് അതിന്‍റെ മുമ്പിൽ സാഷ്ടാംഗം വീഴുകയും ചെയ്യുന്നു.

16അതിൽ ഒരംശംകൊണ്ട് അവന്‍ തീ കത്തിക്കുന്നു; ഒരംശംകൊണ്ട് ഇറച്ചി ചുട്ടുതിന്നുന്നു; അങ്ങനെ അവന്‍ ചുട്ടുതിന്നു തൃപ്തനാകുന്നു; അവന്‍ തീ കാഞ്ഞു: നല്ല തീ, കുളിര്‍ മാറി എന്നു പറയുന്നു.

17അതിന്‍റെ ശേഷിപ്പുകൊണ്ട് അവന്‍ ഒരു ദേവനെ, ഒരു വിഗ്രഹത്തെ തന്നെ, ഉണ്ടാക്കി അതിന്‍റെ മുമ്പിൽ സാഷ്ടാംഗം വീണു നമസ്കരിക്കയും അതിനോടു പ്രാര്‍ഥിച്ച്: എന്നെ രക്ഷിക്കേണമേ; നീ എന്‍റെ ദേവനല്ലോ എന്നു പറകയും ചെയ്യുന്നു.

18അവര്‍ അറിയുന്നില്ല, ഗ്രഹിക്കുന്നതുമില്ല; കാണാതവണ്ണം അവരുടെ കണ്ണുകളെയും ഗ്രഹിക്കാതവണ്ണം അവരുടെ ഹൃദയങ്ങളെയും അവന്‍ അടച്ചിരിക്കുന്നു.

19ഒരുത്തനും ഹൃദയത്തിൽ വിചാരിക്കുന്നില്ല: ഒരംശം ഞാന്‍ കത്തിച്ചു കനലിൽ അപ്പം ചുട്ട് ഇറച്ചിയും ചുട്ടുതിന്നു; ശേഷിപ്പുകൊണ്ടു ഞാന്‍ ഒരു മ്ലേച്ഛവിഗ്രഹം ഉണ്ടാക്കുമോ? ഒരു മരമുട്ടിയുടെ മുമ്പിൽ സാഷ്ടാംഗം വീഴുമോ? എന്നിങ്ങനെ പറവാന്‍ തക്കവണ്ണം ഒരുത്തനും അറിവും ഇല്ല, ബോധവുമില്ല.

20അവന്‍ വെണ്ണീര്‍ തിന്നുന്നു; വഞ്ചിക്കപ്പെട്ട അവന്‍റെ ഹൃദയം അവനെ തെറ്റിച്ചുകളയുന്നു; അവന്‍ തന്‍റെ പ്രാണനെ രക്ഷിക്കുന്നില്ല; എന്‍റെ വലംകൈയിൽ ഭോഷ്കില്ലയോ? എന്നു ചോദിക്കുന്നതുമില്ല.

21യാക്കോബേ, ഇത് ഓര്‍ത്തുകൊള്‍ക; യിസ്രായേലേ, നീ എന്‍റെ ദാസനല്ലോ; ഞാന്‍ നിന്നെ നിര്‍മ്മിച്ചു; നീ എന്‍റെ ദാസന്‍ തന്നെ; യിസ്രായേലേ, ഞാന്‍ നിന്നെ മറന്നുകളകയില്ല.

22ഞാന്‍ കാര്‍മുകിലിനെപ്പോലെ നിന്‍റെ ലംഘനങ്ങളെയും മേഘത്തെപ്പോലെ നിന്‍റെ പാപങ്ങളെയും മായിച്ചുകളയുന്നു; എങ്കലേക്കു തിരിഞ്ഞുകൊള്‍ക; ഞാന്‍ നിന്നെ വീണ്ടെടുത്തിരിക്കുന്നു.

23ആകാശമേ, ഘോഷിച്ചുല്ലസിക്ക; യഹോവ ഇതു ചെയ്തിരിക്കുന്നു. ഭൂമിയുടെ അധോഭാഗങ്ങളേ, ആര്‍ത്തുകൊള്‍വിന്‍; പര്‍വതങ്ങളും വനവും സകല വൃക്ഷങ്ങളും ആയുള്ളോവേ, പൊട്ടിയാര്‍ക്കുവിന്‍; യഹോവ യാക്കോബിനെ വീണ്ടെടുത്തു യിസ്രായേലിൽ തന്നെത്താന്‍ മഹത്ത്വപ്പെടുത്തുന്നു.

24നിന്‍റെ വീണ്ടെടുപ്പുകാരനും ഗര്‍ഭത്തിൽ നിന്നെ നിര്‍മ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയായ ഞാന്‍ സകലവും ഉണ്ടാക്കുന്നു; ഞാന്‍ തന്നെ ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആര്‍ എന്നോടുകൂടെ ഉണ്ടായിരുന്നു?

25ഞാന്‍ ജല്പകന്മാരുടെ ശകുനങ്ങളെ വ്യര്‍ഥമാക്കുകയും പ്രശ്നക്കാരെ ഭ്രാന്തന്മാരാക്കുകയും ജ്ഞാനികളെ മടക്കി അവരുടെ ജ്ഞാനത്തെ ഭോഷത്തമാക്കുകയും ചെയ്യുന്നു.

26ഞാന്‍ എന്‍റെ ദാസന്‍റെ വചനം നിവര്‍ത്തിച്ച് എന്‍റെ ദൂതന്മാരുടെ ആലോചന അനുഷ്ഠിക്കുന്നു; യെരൂശലേമിൽ നിവാസികള്‍ ഉണ്ടാകുമെന്നും യെഹൂദാനഗരങ്ങള്‍ പണിയപ്പെടും ഞാന്‍ അവയുടെ ഇടിവുകളെ നന്നാക്കും എന്നും കല്പിക്കുന്നു.

27ഞാന്‍ ആഴിയോട് ഉണങ്ങിപ്പോക; നിന്‍റെ നദികളെ ഞാന്‍ വറ്റിച്ചുകളയും എന്നു കല്പിക്കുന്നു.

28കോരെശ് എന്‍റെ ഇടയന്‍ അവന്‍ എന്‍റെ ഹിതമൊക്കെയും നിവര്‍ത്തിക്കും എന്നും യെരൂശലേം പണിയപ്പെടും, മന്ദിരത്തിന് അടിസ്ഥാനം ഇടും എന്നും ഞാന്‍ കല്പിക്കുന്നു.