പഴയ നിയമംMOV

യെശയ്യാവ് 43

1ഇപ്പോഴോ യാക്കോബേ, നിന്നെ സൃഷ്‍ടിച്ചവനും, യിസ്രായേലേ, നിന്നെ നിര്‍മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഭയപ്പെടേണ്ടാ, ഞാന്‍ നിന്നെ വീണ്ടെടുത്തിരിക്കുന്നു; ഞാന്‍ നിന്നെ പേര്‍ ചൊല്ലി വിളിച്ചിരിക്കുന്നു; നീ എനിക്കുള്ളവന്‍ തന്നെ.

2നീ വെള്ളത്തിൽക്കൂടി കടക്കുമ്പോള്‍ ഞാന്‍ നിന്നോടുകൂടി ഇരിക്കും; നീ നദികളിൽക്കൂടി കടക്കുമ്പോള്‍ അവ നിന്‍റെ മീതെ കവികയില്ല. നീ തീയിൽക്കൂടി നടന്നാൽ വെന്തുപോകയില്ല; അഗ്നിജ്വാല നിന്നെ ദഹിപ്പിക്കയുമില്ല.

3നിന്‍റെ ദൈവവും യിസ്രായേലിന്‍റെ പരിശുദ്ധനുമായ യഹോവ എന്ന ഞാന്‍ നിന്‍റെ രക്ഷകന്‍; നിന്‍റെ മറുവിലയായി ഞാന്‍ മിസ്രയീമിനെയും നിനക്കു പകരമായി കൂശിനെയും സെബയെയും കൊടുത്തിരിക്കുന്നു.

4നീ എനിക്കു വിലയേറിയവനും മാന്യനും ആയി ഞാന്‍ നിന്നെ സ്നേഹിച്ചിരിക്കയാൽ ഞാന്‍ നിനക്കു പകരം മനുഷ്യരെയും നിന്‍റെ ജീവനു പകരം ജാതികളെയും കൊടുക്കുന്നു.

5ഭയപ്പെടേണ്ടാ; ഞാന്‍ നിന്നോടുകൂടെ ഉണ്ട്; നിന്‍റെ സന്തതിയെ ഞാന്‍ കിഴക്കുനിന്നു വരുത്തുകയും പടിഞ്ഞാറുനിന്നു നിന്നെ ശേഖരിക്കയും ചെയ്യും.

6ഞാന്‍ വടക്കിനോട്: തരിക എന്നും തെക്കിനോട്: തടുത്തുവയ്ക്കരുതെന്നും കല്പിക്കും; ദൂരത്തുനിന്ന് എന്‍റെ പുത്രന്മാരെയും ഭൂമിയുടെ അറ്റത്തുനിന്ന് എന്‍റെ പുത്രിമാരെയും

7എന്‍റെ നാമത്തിൽ വിളിച്ചും എന്‍റെ മഹത്ത്വത്തിനായി സൃഷ്‍ടിച്ചു നിര്‍മിച്ചുണ്ടാക്കിയും ഇരിക്കുന്ന ഏവരെയും കൊണ്ടുവരിക എന്നു ഞാന്‍ കല്പിക്കും.

8കണ്ണുണ്ടായിട്ടും കുരുടന്മാരായും ചെവിയുണ്ടായിട്ടും ചെകിടന്മാരായും ഇരിക്കുന്ന ജനത്തെ പുറപ്പെടുവിച്ചു കൊണ്ടുവരുവിന്‍.

9സകല ജാതികളും ഒന്നിച്ചുകൂടട്ടെ, വംശങ്ങള്‍ ചേര്‍ന്നുവരട്ടെ; അവരിൽ ആര്‍ ഇതു പ്രസ്താവിക്കയും, പണ്ടു പ്രസ്താവിച്ചതു കേള്‍പ്പിച്ചു തരികയും ചെയ്യുന്നു? അവര്‍ നീതീകരിക്കപ്പെടേണ്ടതിനു സാക്ഷികളെ കൊണ്ടുവരട്ടെ; അവര്‍ കേട്ടിട്ടു സത്യം തന്നെ എന്നു പറയട്ടെ.

10നിങ്ങള്‍ അറിഞ്ഞ് എന്നെ വിശ്വസിക്കയും ഞാന്‍ ആകുന്നു എന്നു ഗ്രഹിക്കയും ചെയ്യേണ്ടതിനു നിങ്ങള്‍ എന്‍റെ സാക്ഷികളും ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്ന എന്‍റെ ദാസനും ആകുന്നു എന്നു യഹോവയുടെ അരുളപ്പാട്; എനിക്കുമുമ്പേ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്‍റെ ശേഷം ഉണ്ടാകയുമില്ല.

11ഞാന്‍, ഞാന്‍ തന്നെ, യഹോവ; ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല.

12നിങ്ങളുടെ ഇടയിൽ ഒരു അന്യദേവനല്ല, ഞാന്‍ തന്നെ പ്രസ്താവിക്കയും രക്ഷിക്കയും കേള്‍പ്പിക്കയും ചെയ്തത്; അതുകൊണ്ടു നിങ്ങള്‍ എന്‍റെ സാക്ഷികള്‍ എന്നു യഹോവയുടെ അരുളപ്പാട്; ഞാന്‍ ദൈവം തന്നെ.

13ഇന്നും ഞാന്‍ അനന്യന്‍ തന്നെ; എന്‍റെ കൈയിൽനിന്നു വിടുവിക്കുന്നവന്‍ ആരുമില്ല; ഞാന്‍ പ്രവര്‍ത്തിക്കും; ആര്‍ അതു തടുക്കും?

14നിങ്ങളുടെ വീണ്ടെടുപ്പുകാരനും യിസ്രായേലിന്‍റെ പരിശുദ്ധനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ നിമിത്തം ഞാന്‍ ബാബേലിലേക്ക് ആളയച്ചു, അവരെയൊക്കെയും, കല്ദയരെ തന്നെ, ഓടിപ്പോകുന്നവരായി അവര്‍ ഘോഷിച്ചുല്ലസിച്ചിരുന്ന കപ്പലുകളിൽ താഴോട്ട് ഓടുമാറാക്കും.

15ഞാന്‍ നിങ്ങളുടെ പരിശുദ്ധനായ യഹോവയും യിസ്രായേലിന്‍റെ സ്രഷ്ടാവും നിങ്ങളുടെ രാജാവും ആകുന്നു.

16സമുദ്രത്തിൽ വഴിയും പെരുവെള്ളത്തിൽ പാതയും ഉണ്ടാക്കുകയും

17രഥം, കുതിര, സൈന്യം, ബലം എന്നിവയെ പുറപ്പെടുവിക്കയും ചെയ്യുന്ന യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അവര്‍ ഒരുപോലെ കിടക്കുന്നു, എഴുന്നേല്ക്കയില്ല; അവര്‍ കെട്ടുപോകുന്നു; വിളക്കുതിരിപോലെ കെട്ടുപോകുന്നു.

18മുമ്പുള്ളവയെ നിങ്ങള്‍ ഓര്‍ക്കേണ്ടാ; പണ്ടുള്ളവയെ നിരൂപിക്കയും വേണ്ടാ.

19ഇതാ, ഞാന്‍ പുതിയതൊന്നു ചെയ്യുന്നു; അത് ഇപ്പോള്‍ ഉദ്ഭവിക്കും; നിങ്ങള്‍ അത് അറിയുന്നില്ലയോ? അതേ, ഞാന്‍ മരുഭൂമിയിൽ ഒരു വഴിയും നിര്‍ജനപ്രദേശത്തു നദികളും ഉണ്ടാക്കും.

20ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്ന എന്‍റെ ജനത്തിനു കുടിപ്പാന്‍ കൊടുക്കേണ്ടതിനു ഞാന്‍ മരുഭൂമിയിൽ വെള്ളവും നിര്‍ജനപ്രദേശത്തു നദികളും നല്കിയിരിക്കുന്നതുകൊണ്ടു കാട്ടുമൃഗങ്ങളും കുറുക്കന്മാരും ഒട്ടകപ്പക്ഷികളും എന്നെ ബഹുമാനിക്കും.

21ഞാന്‍ എനിക്കുവേണ്ടി നിര്‍മിച്ചിരിക്കുന്ന ജനം എന്‍റെ സ്തുതിയെ വിവരിക്കും.

22എന്നാൽ യാക്കോബേ, നീ എന്നെ വിളിച്ചപേക്ഷിച്ചിട്ടില്ല; യിസ്രായേലേ, നീ എന്‍റെ നിമിത്തം അധ്വാനിച്ചിട്ടുമില്ല.

23നിന്‍റെ ഹോമയാഗങ്ങളുടെ കുഞ്ഞാടുകളെ നീ എനിക്കു കൊണ്ടുവന്നിട്ടില്ല; നിന്‍റെ ഹനനയാഗങ്ങളാൽ നീ എന്നെ ബഹുമാനിച്ചിട്ടില്ല; ഭോജനയാഗങ്ങളാൽ ഞാന്‍ നിന്നെ ഭാരപ്പെടുത്തിയിട്ടില്ല; ധൂപനംകൊണ്ടു ഞാന്‍ നിന്നെ അധ്വാനിപ്പിച്ചിട്ടുമില്ല.

24നീ എനിക്കായി വയമ്പു വാങ്ങിയിട്ടില്ല; നിന്‍റെ ഹനനയാഗങ്ങളുടെ മേദസ്സുകൊണ്ട് എനിക്കു തൃപ്തിവരുത്തിയിട്ടുമില്ല; നിന്‍റെ പാപങ്ങള്‍കൊണ്ടു നീ എന്നെ അധ്വാനിപ്പിക്കയും നിന്‍റെ അകൃത്യങ്ങള്‍കൊണ്ട് എന്നെ കഷ്ടപ്പെടുത്തുകയും ചെയ്തു.

25എന്‍റെ നിമിത്തം ഞാന്‍, ഞാന്‍ തന്നെ, നിന്‍റെ അതിക്രമങ്ങളെ മായിച്ചുകളയുന്നു; നിന്‍റെ പാപങ്ങളെ ഞാന്‍ ഓര്‍ക്കയുമില്ല.

26എന്നെ ഓര്‍പ്പിക്ക; നാം തമ്മിൽ വ്യവഹരിക്ക; നീ നീതീകരിക്കപ്പെടേണ്ടതിനു വാദിച്ചുകൊള്‍ക.

27നിന്‍റെ ആദ്യപിതാവ് പാപം ചെയ്തു; നിന്‍റെ മധ്യസ്ഥന്മാര്‍ എന്നോടു ദ്രോഹം ചെയ്തു,

28അതുകൊണ്ടു ഞാന്‍ വിശുദ്ധമന്ദിരത്തിന്‍റെ പ്രഭുക്കന്മാരെ മലിനമാക്കി, യാക്കോബിനെ ഉന്മൂലനാശത്തിനും, യിസ്രായേലിനെ നിന്ദയ്ക്കും ഏല്പിച്ചിരിക്കുന്നു.