പഴയ നിയമംMOV

യെശയ്യാവ് 40

1എന്‍റെ ജനത്തെ ആശ്വസിപ്പിപ്പിന്‍, ആശ്വസിപ്പിപ്പിന്‍ എന്നു നിങ്ങളുടെ ദൈവം അരുളിച്ചെയ്യുന്നു.

2യെരൂശലേമിനോട് ആദരവോടെ സംസാരിച്ചു; അവളുടെ യുദ്ധസേവ കഴിഞ്ഞും അവളുടെ അകൃത്യം മോചിക്കപ്പെട്ടും അവള്‍ തന്‍റെ സകല പാപങ്ങള്‍ക്കും പകരം യഹോവയുടെ കൈയിൽനിന്ന് ഇരട്ടിയായി പ്രാപിച്ചുമിരിക്കുന്നു എന്ന് അവളോടു വിളിച്ചുപറവിന്‍.

3കേട്ടോ ഒരുത്തന്‍ വിളിച്ചുപറയുന്നത്: മരുഭൂമിയിൽ യഹോവയ്ക്കു വഴി ഒരുക്കുവിന്‍; നിര്‍ജനപ്രദേശത്തു നമ്മുടെ ദൈവത്തിന് ഒരു പെരുവഴി നിരപ്പാക്കുവിന്‍.

4എല്ലാ താഴ്വരയും നികന്നും എല്ലാ മലയും കുന്നും താണും വരേണം; വളഞ്ഞതു ചൊവ്വായും ദുര്‍ഘടങ്ങള്‍ സമമായും തീരേണം.

5യഹോവയുടെ മഹത്ത്വം വെളിപ്പെടും, സകല ജഡവും ഒരുപോലെ അതിനെ കാണും; യഹോവയുടെ വായല്ലോ അരുളിച്ചെയ്തിരിക്കുന്നത്.

6കേട്ടോ, വിളിച്ചുപറക എന്ന് ഒരുത്തന്‍ പറയുന്നു; എന്തു വിളിച്ചുപറയേണ്ടൂ എന്നു ഞാന്‍ ചോദിച്ചു; സകല ജഡവും പുല്ലുപോലെയും അതിന്‍റെ ഭംഗിയെല്ലാം വയലിലെ പൂ പോലെയും ആകുന്നു.

7യഹോവയുടെ ശ്വാസം അതിന്മേൽ ഊതുകയാൽ പുല്ലുണങ്ങുന്നു. പൂ വാടുന്നു; അതേ ജനം പുല്ലു തന്നെ.

8പുല്ലുണങ്ങുന്നു, പൂ വാടുന്നു; നമ്മുടെ ദൈവത്തിന്‍റെ വചനമോ എന്നേക്കും നിലനില്ക്കും.

9സുവാര്‍ത്താദൂതിയായ സീയോനേ, നീ ഉയര്‍ന്ന പര്‍വതത്തിലേക്കു കയറിച്ചെല്ലുക; സുവാര്‍ത്താദൂതിയായ യെരൂശലേമേ, നിന്‍റെ ശബ്ദം ശക്തിയോടെ ഉയര്‍ത്തുക; ഭയപ്പെടാതെ ഉയര്‍ത്തുക; യെഹൂദാ നഗരങ്ങളോട്: ഇതാ, നിങ്ങളുടെ ദൈവം എന്നു പറക.

10ഇതാ, യഹോവയായ കര്‍ത്താവു ബലശാലിയായി വരുന്നു; അവന്‍റെ ഭുജം അവനുവേണ്ടി ഭരണം ചെയ്യുന്നു; ഇതാ, കൂലി അവന്‍റെ പക്കലും പ്രതിഫലം അവന്‍റെ കൈയിലും ഉണ്ട്.

11ഒരു ഇടയനെപ്പോലെ അവന്‍ തന്‍റെ ആട്ടിന്‍കൂട്ടത്തെ മേയിക്കയും കുഞ്ഞാടുകളെ ഭുജത്തിൽ എടുത്തു മാര്‍വിടത്തിൽ ചേര്‍ത്തു വഹിക്കയും തള്ളകളെ പതുക്കെ നടത്തുകയും ചെയ്യും.

12തന്‍റെ ഉള്ളംകൈകൊണ്ടു വെള്ളം അളക്കുകയും ചാണുകൊണ്ട് ആകാശത്തിന്‍റെ പരിമാണമെടുക്കയും ഭൂമിയുടെ പൊടി നാഴിയിൽ കൊള്ളിക്കയും പര്‍വതങ്ങള്‍ വെള്ളിക്കോൽകൊണ്ടും കുന്നുകള്‍ തുലാസിലും തൂക്കുകയും ചെയ്തവന്‍ ആര്‍?

13യഹോവയുടെ മനസ്സ് ആരാഞ്ഞറികയോ അവനു മന്ത്രിയായി അവനെ ഗ്രഹിപ്പിക്കയോ ചെയ്തവനാര്‍?

14അവനെ ഉപദേശിച്ചു ന്യായത്തിന്‍റെ പാതയെ പഠിപ്പിക്കയും അവനെ പരിജ്ഞാനം പഠിപ്പിച്ചു വിവേകത്തിന്‍റെ മാര്‍ഗം കാണിക്കയും ചെയ്തുകൊടുക്കേണ്ടതിന് അവന്‍ ആരോടാകുന്നു ആലോചന കഴിച്ചത്?

15ഇതാ ജാതികള്‍ തുലാക്കൊട്ടയിലെ ഒരു തുള്ളിപോലെയും, തുലാസിലെ ഒരു പൊടിപോലെയും അവനു തോന്നുന്നു; ഇതാ, അവന്‍ ദ്വീപുകളെ ഒരു മണൽത്തരിയെപ്പോലെ എടുത്തു പൊക്കുന്നു.

16ലെബാനോന്‍ വിറകിനു പോരാ; അതിലെ മൃഗങ്ങള്‍ ഹോമയാഗത്തിനു മതിയാകുന്നില്ല.

17സകല ജാതികളും അവന് ഏതുമില്ലാത്തതുപോലെ ഇരിക്കുന്നു; അവനു വെറുമയും ശൂന്യവുമായി തോന്നുന്നു.

18ആകയാൽ നിങ്ങള്‍ ദൈവത്തെ ആരോട് ഉപമിക്കും? ഏതു പ്രതിമയെ നിങ്ങള്‍ അവനോടു സദൃശമാക്കും? മൂശാരി വിഗ്രഹം വാര്‍ക്കുന്നു;

19തട്ടാന്‍ പൊന്നുകൊണ്ടു പൊതികയും അതിനു വെള്ളിച്ചങ്ങല തീര്‍ക്കുകയും ചെയ്യുന്നു.

20ഇങ്ങനെയുള്ള പ്രതിഷ്ഠയ്ക്കു വകയില്ലാത്തവന്‍ ദ്രവിച്ചുപോകാത്ത ഒരു മരക്കണ്ടം തിരഞ്ഞെടുക്കയും ഇളകാത്ത വിഗ്രഹം കൊത്തിയുണ്ടാക്കി നിര്‍ത്തുവാന്‍ ഒരു ശില്പിയെ അന്വേഷിക്കയും ചെയ്യുന്നു.

21നിങ്ങള്‍ക്ക് അറിഞ്ഞുകൂടയോ? നിങ്ങള്‍ കേട്ടിട്ടില്ലയോ? ആദിമുതൽ നിങ്ങളോട് അറിയിച്ചിട്ടില്ലയോ? ഭൂമിയുടെ അടിസ്ഥാനങ്ങളാൽ നിങ്ങള്‍ ഗ്രഹിച്ചിട്ടില്ലയോ?

22അവന്‍ ഭൂമണ്ഡലത്തിന്മീതെ അധിവസിക്കുന്നു; അതിലെ നിവാസികള്‍ വെട്ടുക്കിളികളെപ്പോലെ ഇരിക്കുന്നു; അവന്‍ ആകാശത്തെ ഒരു തിരശ്ശീലപോലെ നിവിര്‍ക്കുകയും പാര്‍പ്പാനുള്ള ഒരു കൂടാരത്തെപ്പോലെ വിരിക്കയും

23പ്രഭുക്കന്മാരെ ഇല്ലാതെയാക്കുകയും ഭൂമിയിലെ ന്യായാധിപന്മാരെ ശൂന്യമാക്കുകയും ചെയ്യുന്നു.

24അവരെ നട്ട ഉടനെ, അവരെ വിതച്ച ഉടനെ, അവര്‍ നിലത്തു വേരൂന്നിത്തുടങ്ങിയ ഉടനെ, അവന്‍ അവരുടെമേൽ ഊതി അവര്‍ വാടിപ്പോകയും ചുഴലിക്കാറ്റുകൊണ്ടു താളടിപോലെ പാറിപ്പോകയും ചെയ്യുന്നു.

25ആകയാൽ നിങ്ങള്‍ എന്നെ ആരോടു സദൃശമാക്കും? ഞാന്‍ ആരോടു തുല്യനാകും എന്നു പരിശുദ്ധനായവന്‍ അരുളിച്ചെയ്യുന്നു.

26നിങ്ങള്‍ കണ്ണ് മേലോട്ട് ഉയര്‍ത്തി നോക്കുവിന്‍; ഇവയെ സൃഷ്‍ടിച്ചതാര്‍? അവന്‍ അവയുടെ സൈന്യത്തെ സംഖ്യാക്രമത്തിൽ പുറപ്പെടുവിക്കയും അവയെ എല്ലാം പേര്‍ ചൊല്ലി വിളിക്കയും ചെയ്യുന്നു; അവന്‍റെ വീര്യമാഹാത്മ്യം നിമിത്തവും അവന്‍റെ ശക്തിയുടെ ആധിക്യംനിമിത്തവും അവയിൽ ഒന്നും കുറഞ്ഞുകാണുകയില്ല.

27എന്നാൽ എന്‍റെ വഴി യഹോവയ്ക്കു മറഞ്ഞിരിക്കുന്നു; എന്‍റെ ന്യായം എന്‍റെ ദൈവം കാണാതെ കടന്നുപോയിരിക്കുന്നു എന്ന്, യാക്കോബേ, നീ പറകയും യിസ്രായേലേ, നീ സംസാരിക്കയും ചെയ്യുന്നതെന്ത്?

28നിനക്കറിഞ്ഞുകൂടയോ? നീ കേട്ടിട്ടില്ലയോ? യഹോവ നിത്യദൈവം; ഭൂമിയുടെ അറുതികളെ സൃഷ്‍ടിച്ചവന്‍ തന്നെ; അവന്‍ ക്ഷീണിക്കുന്നില്ല, തളര്‍ന്നുപോകുന്നതുമില്ല; അവന്‍റെ ബുദ്ധി അപ്രമേയമത്രേ.

29അവന്‍ ക്ഷീണിച്ചിരിക്കുന്നവനു ശക്തി നല്കുന്നു; ബലമില്ലാത്തവനു ബലം വര്‍ധിപ്പിക്കുന്നു.

30ബാല്യക്കാര്‍ ക്ഷീണിച്ചു തളര്‍ന്നുപോകും; യൗവനക്കാരും ഇടറിവീഴും.

31എങ്കിലും യഹോവയെ കാത്തിരിക്കുന്നവര്‍ ശക്തിയെ പുതുക്കും; അവര്‍ കഴുകന്മാരെപ്പോലെ ചിറക് അടിച്ചു കയറും; അവര്‍ തളര്‍ന്നുപോകാതെ ഓടുകയും ക്ഷീണിച്ചുപോകാതെ നടക്കുകയും ചെയ്യും.