പഴയ നിയമംMOV

യെശയ്യാവ് 3

1സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവ് യെരൂശലേമിൽനിന്നും യെഹൂദായിൽനിന്നും ആധാരവും ആശ്രയവും, അപ്പം എന്ന ആധാരമൊക്കെയും വെള്ളം എന്ന ആധാരമൊക്കെയും

2വീരന്‍, യോദ്ധാവ്, ന്യായാധിപതി, പ്രവാചകന്‍, പ്രശ്നക്കാരന്‍, മൂപ്പന്‍,

3അമ്പതുപേര്‍ക്ക് അധിപതി, മാന്യന്‍, മന്ത്രി, കൗശലപ്പണിക്കാരന്‍, മന്ത്രവാദി എന്നിവരെയും നീക്കിക്കളയും.

4ഞാന്‍ ബാലന്മാരെ അവര്‍ക്കു പ്രഭുക്കന്മാരാക്കി വയ്ക്കും; ശിശുക്കള്‍ അവരെ വാഴും.

5ഒരുത്തന്‍ മറ്റൊരുവനെയും ഒരാള്‍ തന്‍റെ കൂട്ടുകാരനെയും ഇങ്ങനെ ജനം അന്യോന്യം പീഡിപ്പിക്കും; ബാലന്‍ വൃദ്ധനോടും നീചന്‍ മാന്യനോടും കയര്‍ക്കും.

6ഒരുത്തന്‍ തന്‍റെ പിതൃഭവനത്തിലെ സഹോദരനെ പിടിച്ചു: നിനക്കു മേലങ്കിയുണ്ട്; നീ ഞങ്ങളുടെ അധിപതി ആയിരിക്ക; ഈ ശൂന്യശിഷ്ടം നിന്‍റെ കൈവശം ഇരിക്കട്ടെ എന്നു പറയും.

7അവന്‍ അന്നു കൈ ഉയര്‍ത്തിക്കൊണ്ട്: വൈദ്യനായിരിപ്പാന്‍ എനിക്കു മനസ്സില്ല; എന്‍റെ വീട്ടിൽ ആഹാരവുമില്ല, വസ്ത്രവുമില്ല; എന്നെ ജനത്തിന് അധിപതിയാക്കരുത് എന്നു പറയും.

8യഹോവയുടെ തേജസ്സുള്ള കണ്ണിനു വെറുപ്പുതോന്നുവാന്‍ തക്കവണ്ണം അവരുടെ നാവുകളും പ്രവൃത്തികളും അവനു വിരോധമായിരിക്കയാൽ യെരൂശലേം ഇടിഞ്ഞുപോകും; യെഹൂദാ വീണുപോകും.

9അവരുടെ മുഖഭാവം അവര്‍ക്കു വിരോധമായി സാക്ഷീകരിക്കുന്നു; അവര്‍ സൊദോംപോലെ തങ്ങളുടെ പാപത്തെ പരസ്യമാക്കുന്നു; അതിനെ മറയ്ക്കുന്നതുമില്ല; അവര്‍ക്ക് അയ്യോ കഷ്ടം! അവര്‍ തങ്ങള്‍ക്കു തന്നെ ദോഷം വരുത്തുന്നു.

10നീതിമാനെക്കുറിച്ച്: അവനു നന്മവരും എന്നു പറവിന്‍; തങ്ങളുടെ പ്രവൃത്തികളുടെ ഫലം അവര്‍ അനുഭവിക്കും.

11ദുഷ്ടന് അയ്യോ കഷ്ടം! അവനു ദോഷം വരും; അവന്‍റെ പ്രവൃത്തികളുടെ ഫലം അവനും അനുഭവിക്കും.

12എന്‍റെ ജനമോ, കുട്ടികള്‍ അവരെ പീഡിപ്പിക്കുന്നു; സ്ത്രീകള്‍ അവരെ വാഴുന്നു; എന്‍റെ ജനമേ, നിന്നെ നടത്തുന്നവര്‍ നിന്നെ വഴിതെറ്റിക്കുന്നു; നീ നടക്കേണ്ടുന്ന വഴി അവര്‍ നശിപ്പിക്കുന്നു.

13യഹോവ വ്യവഹരിപ്പാന്‍ എഴുന്നേറ്റു വംശങ്ങളെ വിധിപ്പാന്‍ നില്ക്കുന്നു.

14യഹോവ തന്‍റെ ജനത്തിന്‍റെ മൂപ്പന്മാരോടും പ്രഭുക്കന്മാരോടും ന്യായവിസ്താരത്തിൽ പ്രവേശിക്കും; നിങ്ങള്‍ മുന്തിരിത്തോട്ടം തിന്നുകളഞ്ഞു; എളിയവരോടു കവര്‍ന്നെടുത്തതു നിങ്ങളുടെ വീടുകളിൽ ഉണ്ട്;

15എന്‍റെ ജനത്തെ തകര്‍ത്തുകളവാനും എളിയവരെ ദുഃഖിപ്പിപ്പാനും നിങ്ങള്‍ക്ക് എന്തു കാര്യം എന്നു സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.

16യഹോവ പിന്നെയും അരുളിച്ചെയ്തതെന്തെന്നാൽ: സീയോന്‍പുത്രിമാര്‍ നിഗളിച്ചു കഴുത്തു നീട്ടിയും എറികണ്ണിട്ടുംകൊണ്ടു സഞ്ചരിക്കയും തത്തിത്തത്തി നടക്കയും കാൽകൊണ്ടു ചിലമ്പൊലി കേള്‍പ്പിക്കുകയും ചെയ്യുന്നു.

17ഇതുനിമിത്തം യഹോവ സീയോന്‍പുത്രിമാരുടെ നെറുകയ്ക്കു ചൊറിപിടിപ്പിക്കും; യഹോവ അവരുടെ ഗുഹ്യപ്രദേശങ്ങളെ നഗ്നമാക്കും.

18അന്നു കര്‍ത്താവ് അവരുടെ കാൽച്ചിലമ്പുകളുടെ അലങ്കാരം,

19അവരുടെ നെറ്റിപ്പട്ടം, ചന്ദ്രക്കല, കാതില, കടകം,

20കവണി, തലപ്പാവ്, കാൽത്തള, പട്ടുകച്ച, പരിമളപ്പെട്ടി, തകിട്ടുകൂട്,

21മോതിരം, മൂക്കുത്തി,

22ഉത്സവവസ്ത്രം, മേലാട, ശാല്വാ, ചെറുസഞ്ചി,

23ദര്‍പ്പണം, ക്ഷോമപടം, കല്ലാവ്, മൂടുപടം എന്നിവ നീക്കിക്കളയും.

24അപ്പോള്‍ സുഗന്ധത്തിനുപകരം ദുര്‍ഗന്ധവും അരക്കച്ചയ്ക്കു പകരം കയറും പുരികുഴലിനു പകരംകഷണ്ടിയും ഉടയാടയ്ക്കു പകരം രട്ടും സൗന്ദര്യത്തിനു പകരം കരിവാളിപ്പും ഉണ്ടാകും.

25നിന്‍റെ പുരുഷന്മാര്‍ വാളിനാലും നിന്‍റെ വീരന്മാര്‍ യുദ്ധത്തിലും വീഴും.

26അതിന്‍റെ വാതിലുകള്‍ വിലപിച്ചു ദുഃഖിക്കും; അതു ശൂന്യമായി നിലത്തു കിടക്കും.